ഡെങ്കിപ്പനി സംബന്ധിച്ച് ഏറ്റവും പ്രധാനകാര്യം അതിന്‍റെ ലക്ഷണങ്ങളെപ്പറ്റി വളരെ വ്യക്തമായി അറിഞ്ഞിരിക്കുകയെന്നതാണ്. സാധാരണ വൈറല്‍ പനിയുടെ സമാനമായ ലക്ഷണമാണ് ആരംഭത്തില്‍ ഉണ്ടാവുകയെന്നതുകൊണ്ട് വൈറല്‍ പനിയെന്നു കരുതി രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കുന്നത്. പലപ്പോഴും അപകടമുണ്ടാക്കുന്നു.

ഡെങ്കിപ്പനി മിക്കവരിലും വലിയ ലക്ഷണങ്ങള്‍ കാണിക്കാറില്ല. ചെറിയ പനി മാത്രമായിരിക്കും ലക്ഷണം. 5 ശതമാനം ആള്‍ക്കാരില്‍ അപകടകരമായ ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. ലക്ഷണങ്ങളെ രണ്ടായിതിരിക്കാം. സാധാരണ ലക്ഷണങ്ങളും സങ്കീര്‍ണതകള്‍ സൂചിപ്പിക്കുന്ന ലക്ഷണങ്ങളും.

സാധാരണ ലക്ഷണങ്ങള്‍

∙ പെട്ടെന്നുണ്ടാവുന്ന പനി, ചിലരില്‍ കഠിനമായി പനി ഉണ്ടാവുന്നു

∙ശക്തമായ തലവേദന

∙ ശക്തമായ ശരീരവേദന (പേശികള്‍ക്കും സന്ധികള്‍ക്കും) നട്ടെല്ലിന്‍റെ ഭാഗത്ത് അതി കഠിനമായ വേദന ഉണ്ടാവുന്നതിനാല്‍ ബാക് ബോണ്‍ ഫീവര്‍ എല്ലു മുറിയുന്ന പനി (Break bone fever) എന്നും ഡെങ്കിപ്പനിക്ക് പേരുണ്ട്.

∙ കണ്ണിന്‍റെ പിന്‍ ഭാഗത്ത് വേദന പ്രത്യേകിച്ച് കണ്ണ് ചലിപ്പിക്കുമ്പോള്‍

∙ വെളിച്ചത്ത് നോക്കാന്‍ ബുദ്ധിമുട്ട് (Photophobia)

∙ ചര്‍മത്തില്‍ ചുവന്ന പാടുകള്‍ (Rashes)

പനി തുടങ്ങി 3-5 ദിവസം കഴിയുമ്പോഴാണ് സാധാരണ ഇത് ഉണ്ടാവുക. ഡെങ്കിപ്പനിവന്ന എല്ലാവരിലും മുകളില്‍ സൂചിപ്പിച്ച എല്ലാ ലക്ഷണങ്ങളും കാണണമെന്നില്ല. ചിലരില്‍ ചെറിയ പനി മാത്രമാവും. ശക്തമായ പനിക്കൊപ്പം ദേഹവേദനയും അതിയായ ക്ഷീണവും  ചര്‍മത്തില്‍  ചുവന്നപാടുകളും ഉണ്ടാവുകയാണെങ്കില്‍, പ്രത്യേകിച്ച് നാട്ടില്‍ ഡെങ്കിപ്പനി അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഇതും ഡെങ്കിപ്പനി ആണോ എന്ന് ബലമായി സംശയിക്കണം. എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കണ്ട് രക്തം പരിശോധിച്ച് രോഗനിര്‍ണയം നടത്തി ചികിത്സിക്കണം.

അപകടകരമായ ലക്ഷണങ്ങള്‍

രോഗിയില്‍ വന്നെത്തുന്ന ചില ലക്ഷണങ്ങള്‍ രോഗം അപകടകരമാണെന്ന് സൂചിപ്പിക്കുന്നു. വിദഗ്ധ ചികിത്സപെട്ടെന്നു തന്നെ ലഭ്യമാക്കണം.

∙ ചര്‍മത്തിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ചുവന്ന പാടുകള്‍

∙ രക്തം ഛര്‍ദിക്കുക

∙ മോണയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള രക്തസ്രാവം.

∙ മലം കറുത്ത നിറത്തില്‍ പോവുക

∙ സ്വഭാവവ്യതിയാനങ്ങള്‍, ബോധക്കേട്

∙ ശക്തമായ വയറുവേദന, വിശപ്പില്ലായ്മ

∙ തുടര്‍ച്ചയായ ഛര്‍ദ്ദി

∙ ശ്വാസം മുട്ടല്‍

ചിലര്‍ക്ക് ഷോക്ക് (Dengu Shock  Syndrome) ഉണ്ടാവുന്നു. രക്തസമ്മര്‍ദം ക്രമാതീതമായി കുറയുന്നു. ശരീരം വല്ലാതെ തണുക്കുകയും അമിതമായ ക്ഷീണം ഉണ്ടാവുകയും ചെയ്യുന്നു. പെട്ടെന്ന് മരണം സംഭവിക്കാം.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)