പ്ലാസ്റ്റിക് സർജറി ചെയ്താൽ പൊള്ളലേറ്റ പാട് മാറുമോ?
എനിക്ക് 28 വയസ്സുണ്ട്. സൗദി അറേബ്യയിലാണു ജോലി. അടുത്തു തന്നെ നാട്ടിൽ പോയി വിവാഹം കഴിക്കണമെന്നുണ്ട്. എനിക്കു രണ്ടു വയസ്സുള്ളപ്പോൾ എന്റെ നെഞ്ചു ഭാഗത്തും വലതു കയ്യിലും തീപ്പൊള്ളലേറ്റു വലിയ പാടുകളുണ്ട്. ഇതു മാറാൻ എന്തെങ്കിലും ചികിത്സയുണ്ടോ? പ്ലാസ്റ്റിക് സർജറിയിലൂടെ മാറുമോ?
ഉത്തരം: മനുഷ്യരുടെ ശരീരത്തിൽ വ്രണം വന്നാലും പൊള്ളലേറ്റാലും വ്യാപ്തിയും ആഴവും അനുസരിച്ച് അവിടെ പാടു വന്നു കൂടും. അതിന്റെ ഉഗ്രതയനുസരിച്ച് പാട് ക്രമേണ ചുരുങ്ങിച്ചുരുങ്ങി വരാനും സാധ്യതയുണ്ട്. നെഞ്ചിൽ ആഴത്തിൽ പൊള്ളലേറ്റാൽ നെഞ്ച് വികസിച്ച് ശ്വാസം വേണ്ടത്ര ലഭിക്കാതാകാൻ സാധ്യതയുണ്ട്.
നിങ്ങൾക്ക് രണ്ടു വയസ്സു മുതൽ ഇതുവരെ ശ്വാസംമുട്ടൽ വന്നതായി എഴുത്തിൽ കാണാത്തതിനാൽ ശ്വാസകോശം വികസിക്കാതിരിക്കാൻ മാത്രം കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ചർമത്തിൽ, ആഴത്തിൽ പൊള്ളലേറ്റാൽ തൊലി ചുളിഞ്ഞ് ചുരുണ്ടുകൂടി നിറം മാറി വരാറുണ്ട്. പ്ലാസ്റ്റിക് സർജറിയായിരിക്കും ഏറ്റവും അനുയോജ്യമായ ചികിത്സ.
ശരീരത്തിന്റെ വേറെ ഏതെങ്കിലും ഭാഗത്തു നിന്ന് തൊലി എടുത്ത് പൊള്ളലേറ്റ ഭാഗത്തു വച്ചു പിടിപ്പിക്കുകയാണു ചെയ്യുന്നത്. ചർമം തികയാതെ വരികയാണെങ്കിൽ അതിനായി കുറച്ചു ചർമകോശം കൾച്ചർ ചെയ്തു വികസിപ്പിച്ച് വേണ്ടത്ര ഭാഗം മൂടുവാൻ ചർമം ലഭ്യമായേക്കാം. ഇന്ന് എല്ലാ ആശുപത്രികളിലും പ്ലാസ്റ്റിക് സർജറി ചികിത്സ ലഭ്യമാണ്.