പകർച്ചവ്യാധിയിൽനിന്നു രക്ഷ തേടാൻ
മഴക്കാലമെത്തുന്നതോടെ ഓരോരോ പകർച്ചവ്യാധികളും പിടിമുറുക്കുകയായി. രോഗങ്ങളില്ലാതെ ഒരു മഴക്കാലവും കടന്നു പോകാത്ത അവസ്ഥയാണുള്ളത്. രോഗങ്ങളിൽ നിന്നു രക്ഷ നേടാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
∙ ശുദ്ധജല സ്രോതസ്സുകൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു ക്ലോറിനേറ്റ് ചെയ്യുക.
∙ പരിസര ശുചിത്വം ഉറപ്പുവരുത്തുക.
∙ കൊതുകുവല ഉപയോഗിച്ചാൽ കൊതുകുജന്യ രോഗങ്ങളെ ഒരു പരിധിവരെ അകറ്റാം.
∙ കൊതുകിന്റെ ഉറവിടം നശിപ്പിക്കുക.
∙ കിണറ്റിൻകരയിൽ അലക്കും കുളിയും മൃഗങ്ങളെ കുളിപ്പിക്കുന്നതും ഒഴിവാക്കണം.
∙ ഭക്ഷ്യവസ്തുക്കൾ ചെറുചൂടോടെ ഉപയോഗിക്കുക. പഴകിയ ഭക്ഷണം ഉപേക്ഷിക്കുക.
∙ പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുക.
∙ മൽസ്യ, മാംസങ്ങൾ നന്നായി വേവിച്ച് ഉപയോഗിക്കുക.
∙ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക.
∙ വയറിളക്കമുണ്ടായാൽ പാനീയ ചികിൽസ ആരംഭിക്കുക.
∙ വെള്ളം ശേഖരിച്ചുവച്ച പാത്രങ്ങളും ടാങ്കുകളും ആഴ്ചയിൽ ഒരിക്കൽ വെള്ളം ഒഴുക്കി വൃത്തിയാക്കുക.
∙ ഉപയോഗശൂന്യമായ ടിൻ, ടയർ, കുപ്പി, ചിരട്ട തുടങ്ങിയവയിൽ വെള്ളം കെട്ടിനിന്നു കൊതുകു പെരുകാതെ സൂക്ഷിക്കുക.
∙ വെള്ളം കെട്ടിനിന്നാൽ അതിൽ അൽപം വേപ്പെണ്ണ തളിക്കുക.
∙ മഴക്കാലത്ത് വഴിയരികിൽനിന്നു ഭക്ഷണം വാങ്ങി കഴിക്കുന്ന ശീലം ഒഴിവാക്കണം. സ്വന്തം വീട്ടിൽ ശുചിത്വപൂർണമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന ഭക്ഷണസാധനം കഴിവതും ചൂടാറും മുൻപു കഴിക്കാൻ ശ്രദ്ധിക്കണം. പെട്ടെന്നു പൂപ്പൽ പിടിക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം പാകംചെയ്യാൻ ഉപയോഗിക്കുന്ന കറിക്കൂട്ടുകൾ കാറ്റ് കയറാത്ത പാത്രങ്ങളിലാക്കി അടച്ചുസൂക്ഷിക്കണം. പെട്ടെന്നു ദഹിക്കുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതുമായ ഭക്ഷണം തിരഞ്ഞെടുക്കണം.