ടൈപ്പ് 2 പ്രമേഹചികിത്സയിലെ ഒരു പ്രധാനപ്പെട്ട കാര്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള രോഗിയുടെ കഴിവാണ്. അതിനു സഹായിക്കുന്ന ഒരു ഭക്ഷണരീതിയെപ്പറ്റിയാണ് ഡയബറ്റോളോജിയ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

കാർബോഹൈഡ്രേറ്റ് കുറഞ്ഞ, പ്രോട്ടീനും ഫാറ്റും കൂടിയ ഭക്ഷണം കഴിക്കുന്നത് പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അന്നജം കുറഞ്ഞ ഇത്തരത്തിലുള്ള ഭക്ഷണം, കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും കൊഴുപ്പിന്റെ ഉപാപചയ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യും.

യുഎസിലെ ബിസ്പെബ്ജെർഗ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ തുരെ ക്രാരൂപിന്റെ നേതൃത്വത്തിൽ ഒരു പഠനം നടത്തി. ടൈപ്പ് 2 പ്രമേഹം ബാധിച്ച 28 പേരിൽ 12 ആഴ്ചക്കാലം നടത്തിയ പഠനത്തിൽ ആദ്യത്തെ ആറാഴ്ച പ്രമേഹരോഗികൾക്ക് സാധാരണ നൽകുന്ന ഭക്ഷണങ്ങൾ നൽകി. അടുത്ത ആറാഴ്ച അന്നജം കുറഞ്ഞതും എന്നാല്‍ ഉയർന്ന പ്രോട്ടീൻ ഉള്ളതും കൊഴുപ്പ് അൽപ്പം കൂടിയതുമായ ഭക്ഷണമാണ് നൽകിയത്.

അന്നജം കുറഞ്ഞതും ഉയർന്ന പ്രോട്ടീൻ അടങ്ങിയതും മിതമായ കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണം, പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് (Glycemic control) മെച്ചപ്പെടുത്തുന്നുവെന്നു കണ്ടു. ഭക്ഷണശേഷമുള്ള ബ്ലഡ് ഷുഗറും ലോങ് ടേം ബ്ലഡ് ഷുഗറും കുറയ്ക്കുക വഴിയാണ് ഇത് സാധ്യമാകുന്നത്. മാത്രമല്ല കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഈ ഡയറ്റ് സഹായിക്കുന്നു. ഇത് പ്രമേഹരോഗികളിൽ ശരീരഭാരം കുറയാതിരിക്കാനും സഹായിക്കും.

ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ടൈപ്പ് 2 പ്രമേഹരോഗികളുടെ ഭക്ഷണനിർദേശങ്ങളിൽ (dietary guidelines) പുനരാലോചന നടത്തേണ്ടതാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.