വയറുവേദനയുമായി എത്തിയ സ്ത്രീയുടെ വയറ്റിൽ ആറ് സെന്റിമീറ്റർ നീളമുള്ള മീൻമുള്ള്
വയറുവേദനയുമായി എത്തിയ സ്ത്രീയുടെ വയറ്റിൽ നിന്നു കണ്ടെത്തിയത് ആറ് സെന്റിമീറ്റർ നീളമുള്ള മീൻമുള്ള്. കോട്ടയം തൃക്കൊടിത്താനം സ്വദേശി വൽസമ്മ ബാബുവിന്റെ വയറ്റിലാണ് മീൻമുള്ള് കുടുങ്ങിയത്. ഇതാകട്ടെ, ആമാശയം തുരന്ന് കരളിൽ തറച്ച നിലയിലായിരുന്നു.
ഏകദേശം ഒരു മാസം മുൻപാണ് ഇവർ വയറുവേദനയുമായി കോട്ടയം ഭാരത് ആശുപത്രിയിലെത്തിയത്. ക്ലിനിക്കൽ പരിശോധനയ്ക്കു ശേഷം നടത്തിയ എൻഡോസ്കോപ്പിയിൽ ഗ്യാസ്ട്രൈറ്റിസ് ആയിക്കണ്ടു. ഗ്യാസ്ട്രൈറ്റിസിനുള്ള ചികിത്സ നടത്തിയിട്ടും രോഗിക്ക് വയറുവേദനയിൽ കുറവുണ്ടായില്ല. അതിനാൽത്തന്നെ സിടി സ്കാൻ നിർദ്ദേശിച്ചു. സ്കാനിങ്ങിൽ എന്തോ തടഞ്ഞതായി മനസ്സിലായി. തുടർന്ന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ മീൻമുള്ള് പുറത്തെടുക്കുകയായിരുന്നെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാരിലൊരാളായ ഡോ.ബിബിൻ പി. മാത്യു പറഞ്ഞു.
നാലരമാസം മുൻപ് ബൈപാസ് ശസ്ത്രക്രിയ ഇവർക്കു നടത്തിയിരുന്നു. ഹൈപ്പർ തൈറോയ്ഡിസവുമുണ്ട്. അതിനാൽത്തന്നെ വിശപ്പ് കൂടുതലാണ്. ആഹാരം ചവച്ചു കഴിക്കാതെ ഒറ്റയടിക്ക് വിഴുങ്ങുകയാണ് ഇവർ ചെയ്യുന്നത്. വറ്റ മീൻ കഴിച്ചതായി ഇവർ പറഞ്ഞിരുന്നു. എന്നാൽ മീൻമുള്ള് അകത്തുപോയത് രോഗി അറിഞ്ഞിരുന്നില്ല. വിഴുങ്ങിയതിനിടയിൽ വെർട്ടിക്കലി ഇറങ്ങിപ്പോയതാകാനാണ് സാധ്യത.
ശസ്ത്രക്രിയയ്ക്കു ഡോ.ബിബിൻ പി. മാത്യു, ഡോ. കെ. കിരൺ, ഡോ. മുരളീകൃഷ്ണൻ, ഡോ. അനൂപ് സി.ഹരിദാസ്, ഡോ.ജ്യോതിഷ് ജോർജ്, ഡോ.രാജി കൃഷ്ണ എന്നിവർ നേതൃത്വം നൽകിയെന്നു ഭാരത് ആശുപത്രി ഡയറക്ടർ ഡോ.വിനോദ് വിശ്വനാഥൻ പറഞ്ഞു.