മൃഗങ്ങളിൽ നിന്നു മനുഷ്യരിൽ രോഗമുണ്ടാക്കുന്നവയിൽ (zoonotic disease) ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എലിപ്പനി. വൈദ്യശാസ്ത്രത്തില്‍ ലെപ്റ്റോസ് പൈറോസിസ് (leptospirosis) എന്നു വിളിക്കുന്ന ഇത് ലെപ്റ്റൊസ് പൈറ ജനുസിൽപെട്ട ഒരു ബാക്ടീരിയ (leptospira ictero haemaragica) ആണ് രോഗമുണ്ടാക്കുന്നത്. പ്രളയബാധിത മേഖലകളിൽ ഉണ്ടാവാൻ സാധ്യതയുള്ള പകർച്ചപ്പനികളിൽ ഏറ്റവും പ്രധാനമായിട്ടുള്ള ഇത് പലപ്പോഴും മാരകമാവുന്നു.

രോഗാണുവാഹകർ

എലിയാണ് പ്രധാന രോഗാണുവാഹകർ, ഇവയെ കൂടാതെ അണ്ണാൻ, നായ്, ആടുമാടുകൾ, പന്നി, മറ്റ് കാട്ടുജന്തുക്കൾ എന്നിവയും ചില സന്ദർഭങ്ങളിൽ രോഗാണുവാഹകരാവാം. ഇവയുടെ വൃക്കകളിലാണ് രോഗാണുക്കൾ വളർന്നു പെരുകുന്നത്. പക്ഷേ എലികളിൽ ഇവ രോഗമുണ്ടാക്കുന്നില്ല. ഇവയുടെ മൂത്രത്തിൽ കൂടി രോഗാണുക്കൾ ധാരാളമായി വിസർജ്ജിക്കപ്പെടുന്നു. ഒരു മില്ലിലീറ്റർ മൂത്രത്തിൽപ്പോലും കോടിക്കണക്കിന് രോഗാണുക്കൾ ഉണ്ടാവാം. രോഗാണു ഉള്ള എലി മൂത്രമോ അവയുടെ വിസർജ്ജ്യമോ മണ്ണിൽ പതിച്ച് മഴ പെയ്യുമ്പോൾ ഒലിച്ച് കെട്ടികിടക്കുന്ന ജലത്തിലും ഓടയിലും കനാലുകളിലും കൃഷിസ്ഥലങ്ങളിലും പാടത്തും മറ്റും എത്തിച്ചേരുന്നു. 

ഇതുകൂടാതെ മഴക്കാലത്ത് വെള്ളം പൊങ്ങുമ്പോൾ എലി മാളങ്ങളിൽ വെള്ളം കയറി എലികൾ പുറത്തു ചാടാനും വെള്ളം വ്യാപകമായി എലിമൂത്രം കൊണ്ട് മലിനമാകാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് മഴക്കാലത്തും പ്രളയാനന്തരവും എലിപ്പനി വ്യാപകമാവുന്നത്. കെട്ടികിടക്കുന്ന ജലത്തിലും ഈർപ്പമുള്ള മണ്ണിലും ആഴ്ചകളോളമോ മാസങ്ങളോളമോ രോഗാണുക്കൾ സജീവമായി നിലകൊള്ളും. ഈ രോഗാണുക്കൾ അവിടെനിന്നും മൃഗങ്ങളിലേക്ക് കടന്നുകൂടാം. നായ്ക്കളിലും ഇത് രോഗമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

രോഗാണുക്കൾ കലർന്ന മലിനജലത്തിൽ ചവിട്ടുകയോ പണിയെടുക്കുകയോ കുളിക്കുകയോ കളിക്കുകയോ മുഖം കഴുകുകയോ ഒക്കെ ചെയ്യുമ്പോൾ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. ശരീരത്തിൽ മുറിവുകളോ വ്രണങ്ങളോ ഉണ്ടെങ്കിൽ രോഗാണുപ്രവേശനം സുഗമമാണ്. ഇനി മുറിവുകൾ ഒന്നും ഇല്ലെങ്കിലും ദീർഘനേരം മലിനജലവുമായി സമ്പർക്കമുണ്ടാവുമ്പോൾ ത്വക്കില്‍ കൂടി രോഗാണു ശരീരത്തിൽ പ്രവേശിക്കാം. വളരെ നേരം വെള്ളത്തിൽ മുങ്ങിയിരിക്കുന്ന ശരീരഭാഗത്തിലെ ത്വക്ക് മൃദുലമാവുന്നതാണ് കാരണം. 

ഇതുകൂടാതെ വായ്, മൂക്ക്, കണ്ണ്, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചർമത്തിൽ (ശ്ലേഷ്മസ്തരം) കൂടിയും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. രോഗാണു കലർന്ന ജലം കുടിക്കുന്നതിലൂടെയും ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം വരാം. ക്ലോറിനേഷൻ ചെയ്യാത്ത വെള്ളത്തിൽ എലിമൂത്രം കലർന്നാൽ രോഗാണുക്കൾ സജീവമായി നിലകൊള്ളും. കൃഷി ചെയ്യുന്നവരിൽ മണ്ണിൽ നിന്നോ എലിമൂത്രം പറ്റിപ്പിടിച്ചിരിക്കുന്ന ചെടികളിൽ നിന്നോ അണുബാധ ഉണ്ടാവാം. രോഗമുള്ള മൃഗങ്ങളുടെ മാംസം കൈകാര്യം ചെയ്യുമ്പോഴും രോഗാണുബാധ ഉണ്ടാവാം. രോഗമുള്ള ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗാണുക്കൾ പ്രവേശിക്കുകയില്ല.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT