വായിലെ ശുചിത്വക്കുറവും ലിവര്‍ കാന്‍സര്‍ സാധ്യതയും
വായിലെ ശുചിത്വം കുറയുന്നതുവഴി ലിവര്‍ കാന്‍സറിനുള്ള സാധ്യത 75 % വര്‍ധിക്കുമെന്നു പഠനം. ബെല്‍ഫാസ്റ്റിലെ ക്വീന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍ നടത്തിയത്. വായിലെ ശുചിത്വക്കുറവു മൂലം ഒരാള്‍ ഒരേസമയം പലതരം രോഗങ്ങളുടെ മുള്‍മുനയിലാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോക്ടര്‍ ഹൈഡി പറയുന്നു. കരള്‍, കോളന്‍, പാൻക്രിയാറ്റിക് കാന്‍സര്‍ സാധ്യതകളും ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം എന്നിവയുമെല്ലാം ഇതിലുണ്ട്. യുകെയില്‍ 469,628 ആളുകളിലായിരുന്നു പഠനം. ഇതിൽ 4,069 പേര്‍ക്ക് ആറുവര്‍ഷത്തിനിടയില്‍ ഗാസ്ട്രോഇന്റെസ്റ്റെനല്‍ കാന്‍സര്‍ കണ്ടെത്തിയിരുന്നു.
പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നതിന്റെ അളവ് നന്നേ കുറയുന്നതും ഓറല്‍ ഹെല്‍ത്തിനെ ബാധിക്കാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് ലിവര്‍ കാന്‍സര്‍ ഉണ്ടാക്കുന്നതെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ശരീരത്തിലെ വിഷാംശം പിന്തള്ളുന്ന അവയവമാണ് കരള്‍. കരളിനു രോഗം വന്നാല്‍ അത് ശരീരത്തെ മൊത്തം ബാധിക്കും. ഓറല്‍ ക്യാവിറ്റിയില്‍ കാണപ്പെടുന്ന Fusobacterium nucleatum എന്ന ബാക്ടീരിയ ലിവര്‍ കാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ടോ എന്ന് ഗവേഷകര്‍ സംശയിക്കുന്നു. ആരോഗ്യകരമല്ലാത്ത ആഹാരശീലങ്ങളും ലിവര്‍ കാന്‍സര്‍ ഉണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്നാണ്.