പാരസെറ്റാമോളിൽ മാച്ചുപോ വൈറസോ; സത്യാവസഥ നിങ്ങൾ അറിയണം
പനിയുടെ ഒരു ലക്ഷണം കണ്ടാൽ ഓടിപ്പോയി പാരസെറ്റാമോൾ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഒരു രണ്ടു ദിവസമെങ്കിലും കഴിച്ചുനോക്കി കുറവില്ലെന്നു കണ്ടാൽ മാത്രമാണ് ഡോക്ടറുടെ അടുത്തെത്തി ചികിത്സ തേടുക. ഏതെങ്കിലും ഒരു മരുന്നിന്റെ പേരു പറയാൻ ആവശ്യപ്പെട്ടാൽ ആദ്യം വരുന്നതും പാരസെറ്റമോൾ തന്നെയാകും. അത്രയുമുണ്ട് ഓരോരുത്തർക്കും പാരസെറ്റമോളുമായുള്ള ബന്ധം. എന്നാൽ ഈ അടുത്തകാലത്തായി പാരസെറ്റമോളിനെക്കുറിച്ച് പല പ്രചരണങ്ങളും നടക്കുന്നുണ്ട്. P/500 എന്നെഴുതിയിരിക്കുന്ന വെള്ള നിറത്തിലുള്ള പാരസെറ്റാമോൾ ഗുളികയിൽ മാച്ചുപോ വൈറസ് അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നുഎന്ന രീതിയിലാണ് പുതിയ കുപ്രചരണം. ഇത് ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് ആണെന്നും ഇത് മരണനിരക്ക് കൂട്ടുന്നുണ്ടെന്നും സന്ദേശത്തിലുണ്ട്. ഒരിക്കലും ഇത്തരത്തിലുള്ള വ്യാജപ്രചപരണങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നു പറയുകയാണ് ഡോ. ഷിംന അസീസ്. സാരമായ പാർശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളികയാണിതെന്നും സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പിലൂടെ ഡോക്ടർ വ്യക്തമാക്കുന്നു. കുറിപ്പ് വായിക്കാം.
പാരസെറ്റമോൾ/അസെറ്റമിനോഫെൻ അല്ലെങ്കിൽ C8H9NO2 എന്ന രാസവസ്‌തുവിന് വൈറസിനെ കൊണ്ടു നടക്കൽ അല്ല ജോലി...അത് മാരകരോഗമോ കൊടൂര സൈഡ് ഇഫക്‌ടുകളോ ഉണ്ടാക്കില്ല. ടാബ്ലെറ്റ് പോലൊരു വരണ്ടുണങ്ങിയ വസ്‌തുവിൽ വൈറസിന് ജീവിക്കാൻ കഴിയില്ല.A ntipyretic (പനിക്കെതിരെ പ്രവർത്തിക്കുന്നത്) and Analgesic (വേദനക്കെതിരെ പ്രവർത്തിക്കുന്നത്) ആണ് പാരസെറ്റമോൾ...
സാരമായ പാർശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളിക. തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന ഈ മുറിയൻ മെസേജുകൾ ഇല്ലാതാക്കുന്നത് വൈറൽ പനി മുതൽ കാൻസർ രോഗിക്ക് പനിക്കുമ്പോൾ വരെ സർവസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്...
ഈ മെസേജിന്റെ മലയാളം വേർഷനിലെ 'അപകടമായീടും' വൈറസിന് പേരുമില്ല, അഡ്രസ്സുമില്ല...എന്തിന് പറയുന്നു..എഴുതിയുണ്ടാക്കിയ വിദഗ്‌ധന് മര്യാദക്ക് ഒരു മെസേജ് അക്ഷരതെറ്റില്ലാതെ എഴുതാൻ പോലുമറിയില്ല...
എന്നിട്ടും 'Dolo കുഴപ്പമുണ്ടോ...Panadol കുഴപ്പമുണ്ടോ...Calpol കുഴപ്പമുണ്ടോ' എന്നൊക്കെ മെസേജുകൾ വന്നു കൊണ്ടേ ഇരിക്കുന്നു...
അതായത്, ഈ ബ്രാൻഡ് പ്രശ്‌നമാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടത് പോലെയുള്ള പ്രതികരണങ്ങൾ...
അക്ഷരങ്ങളോ സാരാംശമോ പ്രശ്‌നമല്ല...പാരസെറ്റമോൾ എന്ന് മുതലാണ് ജീവന് ഹാനിയായിത്തുടങ്ങിയതെന്ന് തിരിച്ച് ചിന്തിക്കാൻ ഒരാളുമില്ല....ചുരുങ്ങിയത് മെസേജിന്റെ നിലവാരമെങ്കിലും വരികൾക്കിടയിലൂടെ വായിക്കപ്പെടണം...വിശകലനം ചെയ്യണം..സംശയം ചോദിക്കണം...
ഡോക്‌ടർമാർ പഠിച്ചെഴുതി പല കുറി വെട്ടിത്തിരുത്തി കുറ്റമറ്റതാക്കി ഒടുക്കം പ്രസിദ്ധീകരിച്ച കുറിപ്പുകൾ ഇത്ര വായിക്കപ്പെടുന്നില്ല...ഇത്തരം കുറിപ്പുകൾ തൊണ്ട തൊടാതെ വിഴുങ്ങപ്പെടുന്നു...
ഈ ഒരു സാധനം കൊണ്ട് വാട്ട്‌സാപ്പും മെസഞ്ചറും നിറഞ്ഞിരിക്കുന്നു... ചോദ്യത്തോട് ചോദ്യം.
വിവരമില്ലായ്‌മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടച്ച് ഒരു ക്ലിക്കിൽ ഒന്നിലേറെ പേർക്ക് ഫോർവാർഡ് ചെയ്യുമ്പോൾ, വിശേഷബുദ്ധി എന്നൊന്ന് നമ്മൾ പണയം വെക്കുകയാണോ? പ്രബുദ്ധമലയാളി സമൂഹം ഇതെങ്ങോട്ടാണ് ?