വായ് വൃത്തിയാക്കാൻ മൗത്ത് വാഷ് ഉപയോഗിക്കുന്ന ശീലമുണ്ടോ? ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ ദുർഗന്ധം മാറി ഫ്രഷ് ആയ ഫീൽ ലഭിക്കുമെന്നതു സത്യംതന്നെ. ഇതെന്തുകൊണ്ടാണെന്നറിയാമോ? വായിലെ ഓറൽ ബാക്ടീരിയകളെ മുഴുവൻ നശിപ്പിക്കുകയാണ് മൗത്ത് വാഷിന്റെ ജോലി. എന്നാൽ ഈ ഓറൽ ബാക്ടീരിയകളിൽ ചിലത് അപകടകാരികളല്ലെന്നു മാത്രമല്ല ശരീരത്തിനു ഗുണം ചെയ്യുന്നവരുമാണത്രേ. പ്രത്യേകിച്ചും നിങ്ങളുടെ രക്തസമ്മർദം ആരോഗ്യകരമായ അളവിൽ നിലിനിർത്തുന്നതിൽ ഇവയ്ക്ക് കാര്യമായ പങ്കുവഹിക്കാനാകുമെന്നാണ് പഠനങ്ങൾ അവകാശപ്പെടുന്നത്.

വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന നൈട്രിക് ഓക്സൈഡിൽനിന്ന് നൈട്രൈറ്റ് ആഗിരണം ചെയ്തെടുക്കുന്നത് ഈ ഓറൽ ബാക്ടീരിയ ആണ്. ഓറൽ ബാക്ടീരിയ നശിച്ചാൽ നൈട്രൈറ്റ് ആഗിരണം ശരിയായ രീതിയിൽ നടക്കില്ല. നൈട്രേറ്റ് ആഗിരണം നടന്നാൽ മാത്രമേ രക്തക്കുഴലുകളിലൂടെ സുഗമമായ രക്തപ്രവാഹം സാധ്യമാകുകയുള്ളു. അത് സാധ്യമാകാതെ വന്നാൽ രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കപ്പെടുകയും ധമനികളിലെ സമ്മർദം വർധിക്കുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകൾ പൊട്ടുകയും ഹൃദയത്തിന്റെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കുകയും ചെയ്യുന്നു. 

ഇത്രയും ഭയങ്കരമായ കാര്യങ്ങളൊന്നും വെറുമൊരു മൗത്ത് വാഷ് ഉപയോഗിക്കുമ്പോൾ സംഭവിക്കുമെന്ന് പേടിക്കേണ്ട. വ്യായാമം ചെയ്ത ഉടനെ മൗത്ത് വാഷ് ഉപയോഗിച്ചാലേ കുഴപ്പമുള്ളൂ. ഹൃദയത്തിന്റെ ആരോഗ്യവും ഓറൽ ബാക്ടീരിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലണ്ടനിലെ ഡോക്ടർമാർ നടത്തിയ ഗവേഷണത്തിൽനിന്നാണ് ഈ കണ്ടെത്തൽ. ഏകദേശം 30 ചെറുപ്പക്കാരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇവരോട് അരമണിക്കൂർ തുടർച്ചയായി ട്രെഡ്മിൽ വ്യായാമം ചെയ്യാൻ ആവശ്യപ്പെട്ടു. അതു കഴിഞ്ഞ് അവരിൽ ഒരു വിഭാഗത്തോട് മൗത്ത് വാഷ് ഉപയോഗിച്ച് വായ് വൃത്തിയാക്കാൻ പറഞ്ഞു. രണ്ടാമത്തെ സംഘത്തോട് മിന്റ് ഫ്ലേവർ മാത്രമടങ്ങിയ ലിക്വിഡ് കൊണ്ട് വായ് വൃത്തിയാക്കാൻ പറഞ്ഞു. ഒന്നര മണിക്കൂർ ശേഷം ഇവരുടെ രക്തസമ്മർദം പ്രത്യേകം പരിശോധിച്ചപ്പോഴാണ് ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് രക്തസമ്മർദം വർധിപ്പിക്കുന്നതായി കണ്ടെത്തിയത്. രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം ശരിയായ രീതിയിൽ തുടരണമെങ്കിൽ ഓറൽ ബാക്ടീരിയകളെ പൂർണമായും നശിപ്പിക്കരുതെന്നു ചുരുക്കം.