അമ്മയ്ക്ക്  എന്തെങ്കിലും അപകടം പറ്റിയാലോയെന്ന പേടിയാണ് പത്തു വയസ്സുള്ള പെൺകുട്ടിക്ക്. അവളുടെ ഒരു സഹപാഠി ആറു മാസം മുൻപ് റോഡപകടത്തിൽ പെട്ട് മരിച്ചതിനുശേഷം തുടങ്ങിയതാണ് ഈ ഭയം. അമ്മയെ വിട്ടു പള്ളിക്കൂടത്തിൽ പോകാൻ പോലും മടിയാണ്. നിർബന്ധിച്ചാൽ പോകും. സ്കൂളിലും ഉത്സാഹക്കുറവുണ്ടെന്ന് ടീച്ചർ പറയുന്നു. വീട്ടിലെത്തിയാൽ ഉഷാറായി. എന്നാലും അമ്മ കൂടെ വേണം. ഇത് പ്രശ്നമാണോയെന്നതാണ് മാതാപിതാക്കളുടെ ചോദ്യം. 

പ്രിയപ്പെട്ടവർക്ക് അപകടം സംഭവിക്കുമെന്ന ഒരു ഭീതി സഹ പാഠിയുടെ ആകസ്മിക മരണം ഈ കുട്ടിയുടെ മനസ്സിൽ സൃഷ്ടിച്ചിട്ടുണ്ട്. അത്തരം ഒരു സ്ഥാനം നേടിയിട്ടുള്ള അമ്മയ്ക്ക് അത് സംഭവിക്കുമോയെന്നതാണ് ഇവളുടെ ആശങ്ക. അവളുടെ സാന്നിധ്യം കൊണ്ട് ആ സാധ്യത ഇല്ലാതാകുമെന്ന മാജിക്കൽ ചിന്തയാകും ഇളം മനസ്സിൽ അതു കൊണ്ട് അമ്മയെ വേർപെട്ടു നിൽക്കുന്നത് അവളിൽ ആധിയുണ്ടാ ക്കുന്നു. എല്ലായിപ്പോഴും കൂട്ടിരുന്ന് കുട്ടിയുടെ പേടിക്ക് അയവു വരുത്താൻ ശ്രമിക്കരുത്. അത് ഈ വേർപിരിയൽ ആധിക്ക് വളം വച്ചു കൊടുക്കും. ഈ പേടിയെ കൈകാര്യം ചെയ്യാൻ ഇവളെ പ്രാപ്തയാക്കണം. അമ്മയിൽ നിന്ന് വേണ്ട സന്ദർഭങ്ങളിൽ മാറ്റി നിർത്തി തന്നെ ഈ അകാരണ ആശങ്കയെ കൈകാര്യം ചെയ്യുവാൻ ശക്തി നൽകണം. അവളുടെ വിചാരങ്ങളെ പരിഹസിച്ചു തള്ളാതെ അത് ഉൾക്കൊള്ളണം. പക്ഷേ അത് ദൂരീകരിക്കേണ്ടവയാണെന്നു അവൾക്കു മനസ്സി ലാകുന്ന വിധത്തിൽ പറഞ്ഞു കൊടുക്കണം. താൽക്കാലിക ആശ്വാസത്തിനായി അതിനൊത്തു തുള്ളുന്നത് പേടിയുടെ പിടി മുറുക്കും. അത് അകന്നു പോവുകയില്ല. ചിലപ്പോൾ അത് ആകാംക്ഷ രോഗത്തിന്റെ വിത്തിടുകയും ചെയ്യും. 

കുട്ടികൾക്ക് ആകാംക്ഷാരോഗം ഉണ്ടാകുമോയെന്ന സംശയം തോന്നാം. സഭാകമ്പം ആളുകളുമായി ഇടപെടാനുള്ള വൈമന സ്യം, പരീക്ഷപ്പേടി, രോഗം വരുമോയെന്ന ഭയം, ഫോബിയ അഥവാ അകാരണ പേടികൾ– ഇവയെല്ലാം കുട്ടികളിൽ സാധാരണയായി കാണുന്ന ആധിയുടെ വകഭേദങ്ങളാണ്.

തനിയെ മാറിക്കോളുമെന്ന നിലപാടാണ് മുതിര്‍ന്നവർ സ്വീകരി ക്കാറുള്ളത്. ഒരു വിഭാഗത്തിന്റെ പതിയെ മാറുമെന്നത് ശരിയാണ്. പക്ഷേ അത് സ്ഥിരമായി നിലനിൽക്കുകയും കുട്ടിയുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുമ്പോൾ വിദഗ്ധ സഹായം നൽകണം. വെറുമൊരു കുട്ടിപ്പേടിയെന്ന നിലയിൽ നിസ്സാരമാക്കരുത്. അങ്ങനെ ചെയ്തില്ലെങ്കിൽ  വളർന്നു വരുമ്പോൾ ഈ ആധികൾ വലിയ പരാധീനതയു ണ്ടാക്കും. 

അമ്മയെ വേർപിരിയുമ്പോഴുള്ള പേടിയുമായി ഇവൾ വളർ ന്നാൽ വീട് വിട്ടുള്ള എല്ലാ പഠിപ്പുകളും വിദ്യഭ്യാസേതര അനുഭവങ്ങളും കുഴപ്പത്തിലാകില്ലേ? സ്വയം നിൽക്കാനും സ്വതന്ത്രമായി എവിടെയും പോകാനുമുള്ള വൈഭവത്തെ തുരങ്കം വയ്ക്കുന്ന ഈ കുട്ടി കരുതൽ ചില അമ്മമാർ സ്നഹ ത്തിന്റെ കൂടുതലായി കണക്കാക്കിയേക്കും വിട്ടു പിരിയാൻ പറ്റാത്ത വിധത്തിലുള്ള ഒരു പേടിയിലൂടെയല്ല അടുപ്പം സൃഷ്ടിക്കേണ്ടത്.

സ്വയം പറക്കാനുള്ള കരുത്തല്ലേ കുട്ടികൾക്ക് ഉണ്ടാകേണ്ടത്? അതിന് അമ്മയ്ക്ക് അപകടം പറ്റുമോയെന്ന യുക്തിരഹിത വിചാരവും വേർപിരിയൽ ഭീതിയും തടസ്സമാകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT