തുമ്മൽ രണ്ടു വിധം : ഒന്ന് അലർജികൊണ്ടുള്ള തുമ്മൽ, രണ്ട് മറ്റ് രോഗങ്ങളോട് അനുബന്ധിച്ചുള്ള തുമ്മൽ. മഞ്ഞ്, തണുപ്പ്, പൊടി, പുക, പൂമ്പൊടി, സ്പ്രേ, പെയിന്റ് തുടങ്ങിയവയുടെ കണങ്ങൾ അലർജി മൂലമുള്ള തുമ്മലിനു കാരണമാകും. വളർത്തു മൃഗങ്ങളുടെ രോമം, വസ്ത്രങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള പൊടി, മാറാലകളും അതിൽ തങ്ങി നിൽക്കുന്ന പൊടികളും പലർക്കും തുമ്മലുണ്ടാക്കും. 

വിവിധ തരം പനികൾ, മൂക്കിൽ ദശയോ മുഴയോ വളരൽ, മൂക്കിന്റെ പാലത്തിനുള്ള വളവ്, നെറ്റിയിലെ കഫക്കെട്ട്, ടോൺസലൈറ്റ്സ്, ആസ്മ, വിവിധ ഇനം ചുമകൾ എന്നിവ മൂലമുണ്ടാകുന്നതാണു രണ്ടാമത്തെ ഇനം തുമ്മൽ. രോഗപ്രതിരോധ ശക്തി കുറഞ്ഞവർക്കാണു സാധാരണമായി അതിശക്തമായ തുമ്മൽ കണ്ടു വരുന്നത്.  

അധികകാലമായി പ്രമേഹമുള്ളവർക്കും ഇങ്ങനെ തുമ്മൽ വരാം. പ്രമേഹം, രോഗപ്രതിരോധ ശക്തി കുറയ്ക്കുന്നതു കൊണ്ടാണ് ചിലരിൽ ഇത്തരം തുമ്മൽ കാണാറുള്ളത്. ചൂടുള്ള ഭക്ഷണം ശീലമാക്കുക. പ്രാണായാമം പോലുള്ള യോഗാസനം നിർബന്ധമാക്കുക. ഫാനും എസിയും നിയന്ത്രിക്കുക എന്നിവയിലൂടെ തുമ്മൽ ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്.