പ്രോസ്റ്റേറ്റ് കാൻസറിനു പിന്നിലെ കാരണങ്ങൾ അറിഞ്ഞ് രോഗം പ്രതിരോധിക്കാം
പുരുഷൻമാരിൽ മാത്രം മൂത്രാശയത്തിന്റെ താഴെയായി കാണുന്ന വാൽനട്ടിന്റെ വലുപ്പമുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. പുരുഷൻമാരിൽ കാൻസര്‍ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. 65 വയസ്സു പിന്നിട്ടവരിലാണ് കൂടുതലും പ്രോസ്റ്റേറ്റ് കാൻസർ കാണപ്പെടുന്നത്. പ്രായം കൂടുന്തോറും ഈ രോഗസാധ്യതയും കൂടും.
രോഗം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്ന ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെന്നതാണു പ്രത്യേകത. വളരെയധികം വ്യാപിച്ചതിനു ശേഷമേ ലക്ഷണങ്ങളായി പുറത്തു വരാറുള്ളു. വളരെ നേരത്തേതന്നെ രോഗം കണ്ടുപിടിക്കാൻ രക്തത്തിലെ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ (PSA) എന്ന പ്രോട്ടീന്റെ അളവു സഹായിക്കും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങൾ ഉൽപാദിപ്പിക്കുന്നതാണ് ഈ പ്രോട്ടീൻ. പിഎസ്എയുടെ അളവ് കൂടിയിരുന്നാൽ ബയോപ്സി പരിശോധന നടത്തേണ്ടി വരും. ഇതുവഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
പാരമ്പര്യ ഘടകങ്ങൾ പ്രോസ്റ്റേറ്റ് കാൻസറിനു കാരണമാകാറുണ്ട്. അച്ഛനോ സഹോദരങ്ങൾക്കോ പ്രോസ്റ്റേറ്റ് കാൻസറുണ്ടെങ്കിൽ കാൻസറിന്റെ സാധ്യത കൂടുതലാകും. അടുത്ത ബന്ധുക്കളിലെ പ്രോസ്റ്റേറ്റ് കാൻസറും സാധ്യത വർധിപ്പിക്കുന്നു.
പുകവലി ഈ രോഗത്തിന്റെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുന്നുണ്ട്. പുകയിലയിലെ കാഡ്മിയവും പുകവലി മൂലമുള്ള ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും മറ്റു വ്യത്യാസങ്ങളുമാണ് ഇതിനു കാരണം. ലൈംഗിക അച്ചടക്കമില്ലായ്മയും ധാരാളം പങ്കാളികളുണ്ടാകുന്നതും അണുബാധയ്ക്കു കാരണമാകുകയും കാൻസറിലേക്കു വഴിതെളിക്കുകയും ചെയ്യും. പൊണ്ണത്തടി ഈ കാൻസറിന്റെ സങ്കീർണതയും വ്യാപനവും കൂട്ടും.
അമേരിക്കക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ ഈ രോഗസാധ്യത കുറവാണ്. രോഗത്തിന്റെ ഗ്രേഡനുസരിച്ച് അതിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. കുറഞ്ഞ ഗ്രേഡിലുള്ള കാൻസറുകൾ വലിയ അപകടകാരികളല്ല. ഉയർന്ന ഗ്രേഡിലുള്ളവ വലിയ അപകടമുണ്ടാക്കുന്നു.