ജോലി കഴിഞ്ഞു ക്ഷീണിച്ചെത്തി വീട് തുറക്കാൻ നേരമായിരിക്കും ചിലപ്പോൾ താക്കോൽ കാണാതാവുകയും വച്ച ഇടം ഓർമയില്ലാതിരിക്കുകയും ചെയ്യുക. വല്ലാത്തൊരു അവസ്ഥയാണതെന്ന് അനുഭവിച്ചവർക്കറിയാം. ഒന്നും വേണ്ട, രാവിലെ പകുതി വായിച്ചു നിർത്തിയ പത്രമോ ടിവി റിമോട്ടോ  പുറത്തിറങ്ങാൻ നേരം മുടി ചീകുന്ന ചീർപ്പൊ നോട്ടു പുസ്തകമോ കാണാതാകുകയും, അത് എവിടെയാണ് വച്ചത് എന്ന് എത്ര ഓർത്തിട്ടും പിടികിട്ടാതിരിക്കുകയും ചെയ്താൽ ഉള്ള അസ്വസ്ഥതതന്നെ പലർക്കും താങാൻ സാധിക്കില്ല. മറന്നു വച്ച ഇടം ഓർമയിൽ തെളിയുന്നതുവരെ കൂട്ടിലിട്ട വെരുകിനെ പോലെ ഓടിനടക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും .

മറവിയെക്കുറിച്ചും സ്‌മൃതി നാശത്തെക്കുറിച്ചുമൊക്കെ പറയുമ്പോൾ മനസ്സിൽ വരുന്ന പേര് അൽസ്ഹൈമേഴ്‌സ് ഡിസീസ് എന്നതാണ്. 2005 ഇൽ പുറത്തിറങ്ങിയ 'തന്മാത്ര' എന്ന മലയാള സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച അൽസ്ഹൈമേഴ്‌സ് രോഗബാധിതനായ കഥാപാത്രത്തെ പലരും ഓർക്കുന്നുണ്ടാകും .

ഇന്ന് സെപ്തംബർ 21, ലോക അൽസ്ഹൈമേഴ്‌സ് ദിനം. എല്ലാ വർഷവും സെപ്തംബർ 21 ലോക അൽസ്ഹൈമേഴ്‌സ് ദിനമായി ആചരിക്കുന്നു. അൽസ്ഹൈമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട്, സമൂഹത്തിൽ അവബോധം വളർത്തുക, അൽസ്ഹൈമേഴ്‌സ് രോഗികളുടെ ആരോഗ്യപ്രശങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുക എന്നിവയാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത് .

1906 ൽ, ജർമൻകാരനായ ഡോ.അലിയാസ് അൽഷിമർ ആണ് അൽസ്ഹൈമേഴ്‌സ് രോഗത്തെക്കുറിച്ചു ആദ്യമായി പഠനങ്ങൾ നടത്തി അവതരിപ്പിക്കുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് 'അൽസ്ഹൈമേഴ്‌സ് രോഗ' ത്തിന് ആ പേരു വന്നിരിക്കുന്നത് .

തലച്ചോറിനെ ബാധിക്കുന്ന, സ്‌മൃതിനാശത്തിനു കാരണമാകുന്ന ഒരു പ്രധാന രോഗമാണ് അൽസ്ഹൈമേഴ്‌സ് ( alzheimers disease). അറുപത് വയസ്സിനു മുകളിൽ ഉള്ളവരിലാണ് കൂടുതലായും ഈ അസുഖം കണ്ടുവരുന്നതെങ്കിലും, നാല്പത്തഞ്ചു വയസു മുതൽ ഉള്ളവരിൽ അൽസ്ഹൈമേഴ്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള സംവേദനം നടക്കാതെ വരികയും  ക്രമേണ മസ്തിഷ്കം ചുരുങ്ങിപ്പോകുന്ന ഒരു അവസ്ഥ വരികയുമാണ്‌ അൽസ്ഹൈമേഴ്‌സ് രോഗിയിൽ സംഭവിക്കുന്നത്. ജനിതക പാരിസ്ഥിതിക ഘടകങ്ങൾ ഇതിന് ആക്കം കൂട്ടുന്നു .

ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം കുറെ നല്ല ഓർമകളാണ് എന്നു തോന്നിയിട്ടുണ്ട്. ഓർത്തെടുക്കുന്ന, ഒട്ടിച്ചേർന്നു നിൽക്കുന്ന കുറെ നല്ല ജീവിത മുഹൂർത്തങ്ങളായിരിക്കും പലപ്പോഴും നമ്മുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്. ഓർമകൾ ഇല്ലാത്ത ഒരവസ്ഥയെക്കുറിച്ചു, ചിന്തകൾ ശൂന്യമായ ഒരു വെള്ളക്കടലാസു പോലെ ആവുന്ന അവസ്ഥയെക്കുറിച്ച് ഓർത്തു നോക്കിയിട്ടുണ്ടോ?

അപ്പോൾ പറഞ്ഞു വന്നത്, പഴയതും പുതിയതുമായ ഓർമകൾ ഒക്കെയും അപ്രത്യക്ഷമായവരുടെ ജീവിതത്തെക്കുറിച്ചു എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ എന്നാണ്. എത്ര ഭീകരമായിരിക്കും അത്? ഒരു വ്യക്തിയെ വ്യക്തിയായി നില നിർത്തുന്നത്, അയാളുടെ ഓർമകളും ചിന്തകളുമാണ്. അൽസ്ഹൈമേഴ്‌സ് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണം ഈ സ്‌മൃതി നാശമാണ്. കഴിഞ്ഞ കാര്യങ്ങൾ ഓർക്കാൻ കഴിയാതെ വരുന്ന ഒരവസ്ഥയുണ്ടാകുന്നു. പുതിയതും പഴയതുമായ കാര്യങ്ങൾ ഒക്കെയും മറക്കുന്നു. ക്രമേണ ഓർമ ശക്തി പൂർണമായും നഷ്ടമാകുന്നതാണ് അൽസ്ഹൈമേഴ്‌സ് രോഗത്തിൽ സംഭവിക്കുന്നത്. വസ്തുക്കൾ സ്ഥാനം തെറ്റിച്ചു വയ്ക്കുക, സ്ഥലകാല ബോധം നഷ്ടമാവുക എന്നിവയാണ് പലപ്പോഴും ആദ്യ ലക്ഷണങ്ങളുടെ തുടർച്ചയായി സംഭവിക്കുന്നത്. തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനങ്ങളിൽ ഇടപെടുന്ന രോഗം, രോഗിയുടെ ചലനങ്ങൾ, സംസാരം എന്നിവയെ സാരമായി ബാധിക്കുന്നു. നടക്കാനും ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇത് കാരണം രോഗിക്ക് ദൈനം ദിന കാര്യങ്ങൾ പരസഹായമില്ലാതെ ചെയ്യാൻ സാധിക്കാതെ വരുന്നു. ഇത് പലപ്പോഴും അന്തർമുഖത്വത്തിനും വിഷാദ രോഗത്തിനും കാരണമാകുന്നു.

പലപ്പോഴും അൽസ്ഹൈമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങൾ വാർധക്യ സഹജമായ മാറ്റങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട് .

അൽസ്ഹൈമേഴ്‌സ് തിരിച്ചറിയുന്നതെങ്ങനെ ?

രക്തപരിശോധനകൾ വഴിയോ സ്കാനിങ് വഴിയോ പ്രത്യക്ഷത്തിൽ അൽസ്ഹൈമേഴ്‌സ് തിരിച്ചറിയാൻ സാധിക്കില്ല. മറിച്ചു

ലക്ഷണങ്ങൾ പരിശോധിച്ചും  മറ്റു പരിശോധനകൾ (ഉദാ : സി ടി സ്കാൻ പോലുള്ളവ ) നടത്തി സമാനലക്ഷണങ്ങൾ കാണിക്കുന്ന സ്‌മൃതിനാശത്തിന്റെ മറ്റു കാരണങ്ങൾ ഒഴിവാക്കിക്കൊണ്ടും  ഡോക്ടറുടെ സഹായത്തോടെ അൽസ്ഹൈമേഴ്‌സ് രോഗം സ്ഥിരീകരിക്കാം .

അൽസ്ഹൈമേഴ്‌സ് രോഗം പൂർണമായി ഭേദമാക്കാനോ പൂർണമായി തടയാനോ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുകയില്ല . അതിനുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും രോഗത്തിന്റെ വേഗത കുറയ്ക്കാനും സാധിക്കുന്ന മരുന്നുകളാണ് ഇന്ന് നൽകുന്നത്.

മരുന്നുകളോടൊപ്പംതന്നെ ആവശ്യമായ ശ്രദ്ധയും പരിചരണവും സ്നേഹവും രോഗിയ്ക്കു ലഭിക്കണം. അസുഖത്തിന്റെ പ്രത്യേകതകൾ അറിഞ്ഞു കൊണ്ടുള്ള രോഗീപരിചരണമാണ് ആവശ്യം. അൽസ്ഹൈമേഴ്‌സ് രോഗീ പരിചരണവുമായി ബന്ധപ്പെട്ട് ഒട്ടനവധി കൂട്ടായ്മകളും കൗൺസിലിങ് തുടങ്ങിയവയും ഇന്ന് സമൂഹ്യമാധ്യമങ്ങളിലും ഇന്റർനെറ്റിലും ലഭ്യമാണ്. കൂടാതെ ജീവിതശൈലീ രോഗങ്ങളായ രക്തസമ്മർദം, ഷുഗർ, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രണ വിധേയമാക്കുക, വ്യായാമം ചെയ്യുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

എത്രയും നേരത്തെ തിരിച്ചറിഞ്ഞു ചികിത്സ ആരംഭിക്കുക, രോഗിക്ക് ഏറ്റവും നല്ല കരുതലും പരിചരണവും സ്നേഹവും നൽകുക . ഓർമകളുടെ നഷ്ടങ്ങളോട് മനുഷ്യ ബന്ധങ്ങളുടെ ആഴങ്ങൾ കൊണ്ട് നമുക്ക് പടപൊരുതാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT