കൃത്യമായ ചികിത്സയില്ല, സാവധാനം മരണകാരണവുമാകും... ഇതാണ് അൽസ്ഹൈമേഴ്സ് അഥവാ മറവിരോഗം. അതേസമയം ഈ രോഗത്തെ നമുക്ക് ആരോഗ്യ ശീലങ്ങളിലൂടെ പ്രതിരോധിക്കാനാവും. ഇന്നു വീണ്ടുമൊരു അൽസ്ഹൈമേഴ്സ് ദിനമെത്തുമ്പോൾ നമുക്ക് ഓർക്കാൻ ഏറെയുണ്ട്.  2011ൽ 1.5 ലക്ഷം അൽസ്ഹൈമേഴ്സ് രോഗികളുണ്ടായിരുന്ന കേരളത്തിൽ 2021ആയപ്പോൾ 2 ലക്ഷത്തിലേറെ പേർക്ക്  ഈ രോഗം ബാധിച്ചതായാണ് ആരോഗ്യ വിദഗ്ധരുടെ അനുമാനം. അനുകമ്പയും സമർപ്പണ ബോധവും ചേർന്ന പരിചരണമാണ് ഇത്തരം രോഗികൾ നമ്മിൽനിന്നു തേടുന്നത്. 

രോഗകാരണത്തെപ്പറ്റി വ്യക്തത ഇനിയും കൈവന്നിട്ടില്ല. 65 വയസ്സിനു മേലെയുള്ള ആളുകളിലാണു അൽസ്ഹൈമേഴ്‌സ് കൂടുതൽ കണ്ടുവരുന്നത്. സമീപകാല ഓർമ നഷ്ടപ്പെടലാണ് പലപ്പോഴും രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നീടു ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ശേഷി, കാര്യകാരണശേഷി, ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, സങ്കൽപിക്കാനുള്ള കഴിവ് എന്നിവയിലും ബുദ്ധിമുട്ടുകൾ കണ്ടുവരുന്നു. ഇതോടൊപ്പം ഒരേ കാര്യം ആവർത്തിച്ചു ചെയ്യൽ, സ്ഥലകാല ബോധം നഷ്ടപ്പെടൽ, വിഷാദം, ഉത്കണ്ഠ, അടിക്കടി ഭാവമാറ്റം, മറ്റുള്ളവരെ സംശയിക്കൽ, മിഥ്യാധാരണകൾ, പെട്ടെന്നു ദേഷ്യപ്പെടൽ മുതലായ രോഗലക്ഷണങ്ങളും കാണാറുണ്ട്.  അവസാനഘട്ടങ്ങളിൽ  സംസാരിക്കാനും പ്രതികരിക്കാനുമുള്ള കഴിവു നഷ്ടപ്പെടൽ, ദൈനംദിനചര്യകൾക്കു പരസഹായം വേണ്ടിവരൽ എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും പതിയെ രോഗിയുടെ അന്ത്യം സംഭവിക്കുകയും ചെയ്യും. 

ഈ രോഗലക്ഷണങ്ങളിൽ ചിലതു മറ്റു രോഗങ്ങളോടൊപ്പവും കാണാറുള്ളതുകൊണ്ട് കൃത്യമായ പരിശോധനയ്ക്കുശേഷം മാത്രമാണു രോഗം അൽസ്ഹൈമേഴ്‌സ്  ആണെന്ന് ഉറപ്പാക്കാൻ പറ്റൂ എന്നു ലൂർദ് ഹോസ്പിറ്റലിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് പി.ജെ. പ്രതീഷ് പറയുന്നു. നാഡീശാസ്ത്രപരവും ശരീരശാസ്ത്രപരവുമായ വൈദ്യശാസ്ത്ര നിരീക്ഷണങ്ങൾ സിടി, എംആർഐ, സ്‌പെക്റ്റ് സ്‌കാൻ മുതലായ പരിശോധനകൾ വഴി സമാനമായ ലക്ഷണങ്ങളുള്ള മറ്റു രോഗങ്ങളുടെ അഭാവം ഉറപ്പിക്കൽ എന്നിവ രോഗനിർണയം നടത്താൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധിക്കാം

പതിവായ വ്യായാമം, ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തൽ, രക്തസമ്മർദം, അമിത കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ ഉണ്ടെങ്കിൽ അതു മരുന്നു കഴിച്ച് കൃത്യമായി നിയന്ത്രിക്കൽ, വായന, എഴുത്ത്, നല്ല സൗഹൃദങ്ങൾ, നല്ല ഉറക്കം എന്നിവ വഴി രോഗം വരുന്നതു പ്രതിരോധിക്കാനും രോഗബാധ വൈകിപ്പിക്കാനും കഴിയും. രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. അൽസ്ഹൈമേഴ്സ് രോഗികളിൽ കണ്ടുവരുന്ന അനുചിത ലൈംഗിക ചേഷ്ടകൾക്കും മരുന്നുകളും പെരുമാറ്റ ചികിത്സകളും ലഭ്യം.

സ്‌നേഹവും പരിപാലനവും

രോഗിയുടെ കുടുംബാംഗങ്ങളുടെ ഇടപെടലുകളാണ് ഏറ്റവും പ്രധാനം. അവർ രോഗികൾക്ക് അളവറ്റ സ്‌നേഹവും സഹായവും മാർഗനിർദേശവും നൽകുന്നതിനൊപ്പം അവരുടെ കാര്യനിർവഹണശേഷി വർധിപ്പിച്ചെടുക്കാനും ശ്രമിക്കണം. സമയമെടുത്തു രോഗിയെ പരിശീലിപ്പിച്ച് എന്തു കാര്യവും ദിനചര്യപോലെയാക്കണം. പ്രവർത്തനക്ഷമമാകാനുളള അവസരം നൽകി, ഓരോ ദിവസത്തെയും പെരുമാറ്റം ശ്രദ്ധിച്ച് അതിലെ അപാകതകൾ മാറ്റി മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണം.

രോഗിയുടെ പരിപാലകൻ ശരാശരി 16 മണിക്കൂറെങ്കിലും ഒരു ദിവസം രോഗശുശ്രൂഷയ്ക്കായി മാറ്റിവയ്ക്കേണ്ടിവരും. അൽസ്ഹൈമേഴ്‌സ് രോഗികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന വ്യത്യാസം, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ ശുശ്രൂഷകരിൽ വെല്ലുവിളി ഉയർത്തുന്നു. അതുകൊണ്ടുതന്നെ കൃത്യമായ അറിവ്, പിന്തുണ എന്നിവ ഇല്ലെങ്കിൽ ശുശ്രൂഷകരിൽ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇവരെ ഇത്തരം ജോലികൾക്കു പ്രോത്സാഹനം നൽകുന്ന സംഘടനകളുടെ അംഗങ്ങളാകാൻ പ്രേരിപ്പിക്കണം.