നെഞ്ചിനുള്ളിലെ അസ്വാസ്ഥ്യം ദുസ്സഹമാകുമ്പോഴാണ് നെഞ്ചു വേദന അനുഭവപ്പെടുന്നത്. നെഞ്ചിലെ വിവിധ അവയവങ്ങൾക്കേൽക്കുന്ന ആഘാതം തീവ്രമാകുന്നതാണ് നെഞ്ചുവേദനയുടെ ഉത്ഭവം. വിവിധതരം രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരിൽ പന്ത്രണ്ട് ശതമാനത്തിലധികം ആളുകളിൽ നെഞ്ചുവേദനയുള്ളതായിക്കാണാം. 

അത്യാഹിത വിഭാഗങ്ങളിലെത്തുന്നവരിൽ പത്തുശതമാനം പേർക്ക്  നെഞ്ചിൽ അസ്വാസ്ഥ്യമുള്ളതായി പരാതിപ്പെടാറുണ്ട്. നെഞ്ചവേദനയുമായി എത്തുന്നവരിൽ ഏതാണ്ട് എൺപത് ശതമാനം പേർ വിവിധ പരിശോധനകൾക്ക് വിധേയരാകുമെങ്കിലും അതിൽ മൂന്നിലൊന്ന് പേർക്ക് മാത്രമാണ് ഹാർട്ടറ്റാക്ക് ഉണ്ടെന്ന് രോഗനിർണയം ചെയ്യപ്പെടുന്നത്. 

ഹൃദയാഘാതമുണ്ടായ ഒന്ന് മുതൽ എട്ടുശതമാനം ആളുകളെ തെറ്റായ രോഗനിർണയത്തോടെ വീട്ടിൽ വിടുകയാണ് പതിവ്. 

രോഗനിർണയത്തിലെ പ്രഥമ പ്രധാനമായ ഘടകം രോഗാവസ്ഥയെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കുകതന്നെ. ഹൃദ്രോഗാനന്തരമുണ്ടാകുന്ന നെഞ്ചുവേദന അഥവാ അൻജൈനയുടെ സവിശേഷതകൾ താഴെപ്പറയുന്നവയാണ്. 

∙ഈ വിഭാഗത്തിലുള്ള രോഗികൾക്ക്  ഹൃദ്രോഗത്തിലേക്ക്  നയിക്കുന്ന അപകടഘടകങ്ങൾ (പുകവലി, പ്രമേഹം, രക്താതിമർദം, കൊളസ്ട്രോൾ, ദുർമ്മേദസ്, വ്യായാമരാഹിത്യം, മനോസംഘർഷം, പാരമ്പര്യം) കൂടുതലായി കാണുന്നു. 

∙നെഞ്ചുവേദന അനുഭവപ്പെടുന്ന ഭാഗങ്ങൾ : അകംനെഞ്ചിലെ അസ്ഥികൾക്ക് ഉള്ളിൽ ശക്തിയായ വേദന, അത് ഇരുകരങ്ങളിലേക്കും താടിയിലേക്കും തൊണ്ടയിലേക്കും മുകൾ വയറ്റിലേക്കും പുറത്തേക്കും പടരുന്നു.

∙നെഞ്ചുവേദന എത്ര തരത്തിൽ?: നെഞ്ചിനെ വിരിഞ്ഞു മുറുക്കുന്ന പ്രതീതി, നെഞ്ചിന്റെയുള്ളിൽ ഭാരം, അകം പൊള്ളുന്നതുപോലെ, എരിച്ചിൽ, നെഞ്ചിന് ഭാരം കൂടുന്നതുപോലെ. 

∙വേദനയുടെ സമയദൈർഘ്യം: മിനിറ്റുകളോളം, ചിലപ്പോൾ മണിക്കൂറുകളോളം.

∙നെഞ്ചുവേദനയെ ഉദ്ദീപിപ്പിക്കുന്ന ഘടകങ്ങൾ: ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങളും സ്ട്രെസും.

∙വേദന കുറയുന്നത്: വിശ്രമിക്കുമ്പോഴും സവിശേഷതരം ഔഷധങ്ങളുടെ സഹായത്താലും.

വ്യക്തമായ രോഗവിവരണം ശരിയായ രോഗനിർണയത്തിലേക്കുള്ള ആദ്യപടിയാണെങ്കിലും രോഗനിർണയത്തിന്റെ പൂർത്തീകരണത്തിനായി പ്രത്യേക പരിശോധനാസംവിധാനങ്ങളെ ആശ്രയിക്കേണ്ടതായിട്ടുണ്ട്. 

പ്രധാനമായി രണ്ടുതരം പരിശോധനകളെ എടുത്തു പറയേണ്ടിയിരിക്കുന്നു. ഒന്ന്, ‘ഇസിജി’യും മറ്റേത് ‘എക്കോ കാർഡിയോഗ്രാഫി’യും.

നെഞ്ചുവേദനയുമായെത്തുന്ന ഏതാണ്ട് അമ്പത് ശതമാനം രോഗികളിലും ഇ.സി.ജി. പ്രകടമായ വ്യതിയാനങ്ങൾ കാണിച്ചെന്ന് വരില്ല. അതുകൊണ്ടുതന്നെ ഇ.സി.ജി.െയ മാത്രമാശ്രയിച്ചുകൊണ്ട് രോഗനിർണയത്തിലെത്തുന്ന പ്രവണത ശരിയായെന്നു വരില്ല.

സാധാരണ നെഞ്ചുവേദനയുണ്ടാകുമ്പോൾ പകുതിയിലേറെ ആളുകളിലും ഇ.സി.ജിയിൽ വ്യതിയാനങ്ങളുണ്ടാകാറുണ്ട്. ഹൃദയസ്പന്ദന വേഗത ക്രമാതീതമാകുക, അല്ലെങ്കിൽ ബ്ലോക്കുകൾ പ്രകടമാകുക, ഹൃദയപേശിയിലെ രക്തദാരിദ്ര്യത്തെ പ്രതിഫലിപ്പിക്കുന്ന സവിശേഷതരം പരിവർത്തനങ്ങളുണ്ടാകുക എന്നിവ ‘ഇലക്ട്രോകാർഡിയോഗ്രാമി’ൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. 

ഹൃദയപേശികളുടെ സങ്കോച– വികാസപ്രക്രിയയെ വ്യക്തമായി കണ്ട് വിലയിരുത്താൻ സാധിക്കുന്ന ഒരു അത്യാധുനിക പരിശോധനാസംവിധാനമാണ് ‘എക്കോകാർഡിയോഗ്രാഫി’. നെഞ്ചുവേദനയുമായെത്തുന്ന രോഗിയിലെടുക്കുന്ന ഇ.സി.ജി. യിൽ‍ സ്പഷ്ടമായ വ്യതിയാനങ്ങളുണ്ടാകാത്ത അവസ്ഥയിൽ രോഗനിർണയത്തിനായി ‘എക്കോകാർഡിയോഗ്രാഫി’ പരിശോധനയെ അഭയം പ്രാപിക്കാവുന്നതാണ്. 

ഹൃദയകോശങ്ങൾക്ക് വിവിധ കാരണങ്ങളാൽ പ്രാണവായു അടങ്ങുന്ന രക്തം ആവശ്യാനുസൃതം ലഭിക്കാതെ വരുമ്പോഴാണ് നെഞ്ചുവേദനയുണ്ടാകുന്നത്.

രക്തദാരിദ്ര്യമുണ്ടാകുമ്പോൾ ഹൃദയപേശികളിലെ വൈവിധ്യമേറിയ ഉപാപചയപ്രക്രിയകൾക്കെല്ലാം പാളിച്ച സംഭവിക്കുന്നു. ആ സമയത്ത് കോശങ്ങളിൽ ‘ലാക്റ്റിക് അമ്ല’വും മറ്റ് രാസപദാർത്ഥങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നു. ഈ രാസപരിവർത്തനങ്ങളാണ് നെഞ്ചുവേദനയുണ്ടാകുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത്. രക്തദാരിദ്ര്യമുണ്ടാകുന്ന ഹൃദയപേശിയിൽ സങ്കോചനക്ഷമത സാരമായി കുറയുകയാണുണ്ടാകുന്നത്.

എക്കോകാര്‍ഡിയോഗ്രാം പരിശോധന ചെയ്യുക വഴി ഹൃദയ പേശികളുടെ ചലനമാന്ദ്യമോ ചരനരാഹിത്യമോ വ്യക്തമായി കാണുവാൻ പറ്റും. ഈ ഭാഗങ്ങളിൽ ഹാർട്ടറ്റാക്കുണ്ടായതായി വിലയിരുത്തുവാൻ സാധിക്കുന്നതാണ്.

കൂടാതെ ഹൃദയപേശീനാശത്തെ വ്യക്തമാക്കുന്ന വിവിധതരം  ലബോറട്ടറി പരിശോധനകൾ (Troponin, C.K-M.B., Myoglobin) മുഖേനയും രോഗനിർണയം പൂർത്തീകരിക്കാവുന്നതാണ്.

അപ്പോൾ വിശദമായ രോഗവിവരണം, രോഗീപരിശോധന, മറ്റ് ടെസ്റ്റുകൾ എന്നിവയിലൂടെ ഹൃദ്രോഗ സംബന്ധമായ നെഞ്ചു വേദനയാണോ ഒരാൾക്കുള്ളത് എന്നതിനെപ്പറ്റി വ്യക്തമായ ധാരണയിലെത്തിച്ചേരുവാൻ സാധിക്കും.

ശ്രദ്ധിക്കുക

∙ഹാർട്ടറ്റാക്കിന്റെ മുഖമുദ്രയാണ് നെഞ്ചുവേദന.

∙നെഞ്ചുവേദനയുമായി കാഷ്വാലിറ്റിയിൽ എത്തുന്ന മൂന്നിലൊന്ന് പേർക്ക് മാത്രമാണ് ഹാർട്ടറ്റാക്ക് ഉണ്ടെന്ന് രോഗനിർണയം ചെയ്യപ്പെടുന്നത്. 

∙നെഞ്ചുവേദന ഹൃദ്രോഗ സംബന്ധിയാണോയെന്ന് തിട്ടപ്പെടുത്തുവാൻ ഇ.സി.ജി, എക്കോകാർഡിയോഗ്രാം തുടങ്ങിയ പരിശോധനകൾ സഹായിക്കും. 

∙ഹൃദയകോശങ്ങളുടെ നാശത്തെ കണ്ടുപിടിക്കുവാൻ പ്രത്യേക രക്തപരിശോധനകൾ (Troponin, C.K-M.B., Myoglobin) സഹായകരമാകും.

∙നെഞ്ചുവേദയനുഭവപ്പെടാതെയും ഹാർട്ടറ്റാക്കുണ്ടാകും. 

∙മനോസംഘർഷത്തോടനുബന്ധിച്ച നെഞ്ചുവേദന (പാനിക് അറ്റാക്ക്) രോഗനിർണയം ചെയ്യാൻ അത്ര എളുപ്പമല്ല. ആയാസ നിലവാരവുമായി ബന്ധപ്പെടാതെ വർധിച്ച ശ്വാസഗതിയോടു കൂടിയുണ്ടാകുന്ന നെഞ്ചിലെ ഭാരമാണത്. പലപ്പോഴും 30മിനിറ്റിൽ കൂടുതലായി അസ്വാസ്ഥ്യം ദീർഘിക്കാം. 

∙നെഞ്ചിലെ വാരിയെല്ലുകളെയും മാംസപേശികളെയും ബാധിക്കുന്ന വീക്കം, ചതവ് കഠിനതരമായ നെഞ്ചുവേദനയുളവാക്കുന്നു. ഇത് പലപ്പോഴും ഹാർട്ടറ്റാക്കായി രോഗികൾ തെറ്റിദ്ധരിക്കാറുണ്ട്.