ഹൃദയസ്തംഭനം അഥവാ മയോകാർഡിയൽ ഇൻഫാർക്ഷൻ ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തംഎത്തിക്കുന്ന ആർട്ടറികളിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ്. ഇത് സംഭവിക്കുമ്പോൾ ആ ആർട്ടറിയിൽ നിന്നും രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിലാക്കുന്നു. എത്ര കൂടുതൽ സമയം ആർട്ടറി ബ്ലോക്ക് ആകുന്നോ അത്രയും വലിയ ഹൃദയ സ്തംഭനം ആകുന്നു അത്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആർട്ടറീസിനെ കൊറോണറി ആർട്ടറി എന്നുപറയുന്നു.

കൊറോണറി ഹാർട്ട് ഡിസീസ് അഥവാ കൊറോണറി ആർട്ടറി ഡിസീസ് എന്ന അവസ്ഥയെ ആണ് ഹാർട്ട് അറ്റാക്ക് എന്ന്പറയുന്നത്. ഈ അസുഖം, കൊറോണറി ആർട്ടറിയുടെ അകത്തെ ഭിത്തിയിൽ കൊഴുപ്പ് (ഫാറ്റ്) അടിഞ്ഞുകൂടി പ്ളേക് ഉണ്ടാകുന്നു. ഈ പ്ളേക് ചിലപ്പോൾ രക്തം കട്ടപിടിക്കാൻ കാരണമാകുന്നു. ഈ ബ്ലോക്ക് രക്തം ആർട്ടറിയിൽകൂടെ ഹൃദയത്തിൽ എത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെയാണ് സാധാരണയായി ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

ഹാർട്ട് അറ്റാക്ക് വരുന്ന സമയത്ത് ആളുകൾക്ക് സാധാരണ അനുഭവപ്പെടുന്നത് നെഞ്ചിൽ വേദന, ഭാരം കയറ്റിവച്ച പോലെ തോന്നുക, അസ്വസ്ഥത, അരയ്ക്കു മുകളിൽ ഉള്ള മറ്റുഭാഗങ്ങളിൽ അതായത് കൈകളിൽ, പുറത്ത്, കഴുത്തിൽ, താടിയെല്ലിൽ അല്ലെങ്കിൽ വയറ്റിൽ വേദന, തുടിപ്പ്, അല്ലെങ്കിൽ അസ്വസ്ഥത, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ഛർദ്ദിക്കാൻ തോന്നുക, ഛർദ്ദിക്കുക, ഏമ്പക്കം വിടുക, അല്ലെങ്കിൽ നെഞ്ചെരിച്ചിൽ, വിയർക്കുകയോ തണുപ്പ് തോന്നുകയോ ചെയ്യുക, ഈർപ്പമുള്ള ചർമം, വേഗത്തിലുള്ളതോ ക്രമം തെറ്റിയതോ ആയ ഹൃദയ സ്പന്ദനം, തല കറക്കം അല്ലെങ്കിൽ ഒരു മന്ദത അനുഭവപ്പെടൽ.

ഹാർട്ട് അറ്റാക്ക് ആണെന്ന് ഉറപ്പിക്കാൻ പരിശോധനാമാർഗങ്ങൾ

ഹാർട്ട് അറ്റാക്ക് ആണെന്ന് ഉറപ്പിക്കാൻ പരിശോധനാമാർഗങ്ങളുണ്ട്. ഹാർട്ട് അറ്റാക്ക് ആണെന്നു ഡോക്ർക്കു തോന്നുകയാണെങ്കിൽ ഇലക്ട്രോ കാർഡിയോഗ്രാം നടത്താൻ അദ്ദേഹം ആവശ്യപ്പെടാം. ഈ ടെസ്റ്റ് നിങ്ങളുടെ ഹൃദയത്തിന്റെ ഇലക്ട്രിക്കൽ പ്രവർത്തന രീതി മനസ്സിലാക്കാൻ ഉപയോഗിക്കുന്നു.

രക്ത പരിശോധന

ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ ഹാർട്ട് ചില കെമിക്കൽസ് പുറംതള്ളാറുണ്ട്. ഇത് നിങ്ങളുടെ രക്തത്തിൽ കലർന്നിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ടെന്ന് മനസിലാക്കാം.

എക്കോ കാർഡിയോഗ്രാം

ഈ ടെസ്റ്റിൽ ശബ്ദവീചികൾ ഉപയോഗിച്ച് ഹൃദയം പമ്പു ചെയ്യുന്ന ചിത്രം ഉണ്ടാക്കുന്നു. ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിലെ എല്ലാ ഭാഗങ്ങളും ഒരുപോലെ രക്തം പമ്പ് ചെയ്യുകയില്ല.

ആൻജിയോഗ്രാം

ഈ ടെസ്റ്റിനിടയിൽ ഡോക്ടർ ഒരു നേർത്ത കുഴൽ നിങ്ങളുടെ കൈയിലെയോ കാലിലെയോ ഞരമ്പിലൂടെ കയറ്റി പതുക്കെ ഹൃദയത്തിനടുത്തേക്കു നീക്കുന്നു. എക്സ്-റേ കടന്നുപോകുമ്പോൾ തെളിഞ്ഞു കാണാനായി ഒരു ഡൈ ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിനെ കൊറോണറി ആൻജിയോഗ്രാഫി എന്നുപറയുന്നു. ഏതെങ്കിലും ആർട്ടറിയിൽ രക്തചംക്രമണം തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ ഇതുമൂലം അറിയാൻ കഴിയും.

ഹാർട്ട് അറ്റാക്ക് ചികിത്സ?

ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ ആശുപത്രിയിൽ പോയാൽ ഡോക്ടർമാരും നഴ്സുമാരും താഴെപ്പറയുന്ന ചില കാര്യങ്ങൾചെയ്യും.

∙ നിങ്ങൾക്ക് മാസ്ക് വഴിയോ ട്യൂബ് വഴിയോ ഓക്സിജൻ മൂക്കിലേക്ക് നൽകും. ഇത് ഹാർട്ട് അറ്റാക്ക് വഴിയുണ്ടാവാൻ സാധ്യതയുള്ള ഹൃദയത്തിന്റെ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കും.

∙ വേദനാസംഹാരികൾ നൽകും. ഇത് നെഞ്ചുവേദനയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും. ചിലപ്പോൾ പിരിമുറുക്കം കുറയ്ക്കുവാനുള്ള മരുന്നുകളും നൽകിയേക്കാം.

∙ കൂടുതൽ രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകൾ നൽകിയേക്കാം.

∙ നിങ്ങളുടെ ഹൃദയത്തിന്റെ ഓക്സിജന്റെ ആവശ്യം കുറയ്ക്കാനായി ബീറ്റ ബ്ലോക്കർ എന്ന മരുന്ന് നൽകിയേക്കാം. ഇതും ഹാർട്ട്അറ്റാക്ക് മൂലമുള്ള ഹൃദയത്തിന്റെ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കും.

∙ അടഞ്ഞ ആർട്ടറിയിലൂടെ വീണ്ടും രക്തം പ്രവഹിപ്പിക്കാൻ നോക്കും. അതിനായി രണ്ടു വഴികളിൽ ഏതെങ്കിലും ഒന്ന് ചെയ്തുനോക്കും.

ഹൃദയത്തിലെ ബ്ലോക്ക് അലിയിച്ചു കളയാനായി ഞരമ്പിലൂടെ (ഐ.വി.) ക്ലോട്ട് ബസ്റ്റെർസ് എന്ന മരുന്ന് കയറ്റിവിടും.

സ്റ്റെന്റിങ് എന്ന പേരിലുള്ള ചികിത്സാരീതിയാണ് മറ്റൊന്ന്. ഒരു ചെറിയ മെറ്റൽ ട്യൂബ് ബ്ലോക്ക് ആയ അർട്ടറിയിലേക്കു കടത്തി അതിനെ തുറന്നുവയ്ക്കുന്ന രീതി.

∙ സ്റ്റെന്റ് സമയത്ത് ലഭിക്കാതെ വരുകയോ അല്ലെങ്കിൽ ശരിയായി പ്രവർത്തിക്കാതെ വരുകയോ ചെയ്യുകയാണെങ്കിൽ ഡോക്ടർ ഓപ്പൺ ഹാർട്ട് സർജറി നിർദ്ദേശിക്കാം. കൊറോണറി ആർട്ടറി ബെപാസ്സ്‌ ഗ്രാഫ്റ്റിങ് അല്ലെങ്കിൽ ബെപാസ്സ്‌ സർജറി എന്നപേരിലും ഈ സർജറിയെ വിളിക്കാറുണ്ട് . ഈ സർജറി ചെയ്യുമ്പോൾ ഡോക്ടർ നിങ്ങളുടെ തന്നെ ആർട്ടറിയും ഞരമ്പുകളും ഉപയോഗിച്ച് അർട്ടറിയിലെ തടസ്സമുള്ള സ്ഥലത്തുനിന്ന് രക്തം വഴിമാറ്റി സഞ്ചരിപ്പിക്കാൻ പുതിയ പാത ഉണ്ടാക്കുന്നു.

∙ സങ്കീർണമല്ലാത്ത ഒരു ഹാർട്ട് അറ്റാക്ക് ആണ് സംഭവിച്ചതെങ്കിൽ രോഗിക്ക് 3 തൊട്ടു 5 ദിവസം മാത്രമേ ആശുപത്രിയിൽ കഴിയേണ്ടിവരികയുള്ളൂ.

ഹാർട്ട് അറ്റാക്കിനു ശേഷമുള്ള ജീവിതം?

ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടായതിനു ശേഷം താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

മുമ്പത്തേതിനേക്കാൾ കൂടുതൽ മരുന്നുകൾ ഉപയോഗിക്കേണ്ടി വരും. ഡോക്ടർ നിർദ്ദേശിച്ചപോലെ കൃത്യമായി മരുന്നുകൾകഴിക്കാൻ ശ്രദ്ധിക്കണം. ഒരിക്കൽ ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ടുള്ളവർക്ക് കൊടുക്കുന്ന മരുന്നുകൾ വീണ്ടും ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നു.. അങ്ങനെ പക്ഷാഘാതമോ മരണമോ ഉണ്ടാകുന്നതിന്റെയും സാധ്യത കുറയ്ക്കുന്നു. നിങ്ങൾക്ക് മരുന്നിന്റെ വില താങ്ങാൻ കഴിയില്ല എങ്കിലും തരുന്ന മരുന്നുകൾ എന്തെങ്കിലും പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു എങ്കിലും ഡോക്ടറോട് പറയാൻ മടിക്കരുത്. തീർച്ചയായും മറ്റു വഴികൾ ഉണ്ടാകും.

ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ വേണം

∙ കൊഴുപ്പ്കൂ ടുതൽ അടങ്ങിയ ഭക്ഷണവും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കുക. റെഡ് മീറ്റ് അധികം കഴിക്കാതെ ശ്രദ്ധിക്കുക. പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൊഴുപ്പു കുറഞ്ഞ പാലുൽപ്പന്നങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് .

∙ ഭാരക്കൂടുതൽ ഉണ്ടെങ്കിൽ ശരീരഭാരം കുറയ്‌ക്കുക

∙ ശരീരഭാരം കുറയ്ക്കുന്നത് അടുത്ത ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഒപ്പം നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കുന്നു.

∙ കൂടുതൽ ആക്റ്റീവായിരിക്കാൻ ശ്രദ്ധിക്കുക.

∙ നടത്തം, പൂത്തോട്ട പരിപാലനം, അതല്ലെങ്കിൽ മനസ്സിനും ശരീരത്തിനും സന്തോഷവും ഉന്മേഷവും നൽകുന്ന പ്രവർത്തികളിൽ ഏർപ്പെടുക. അങ്ങനെയുള്ള ജീവിതരീതിയും അപകട സാധ്യത കുറയ്ക്കുന്നു.