നിപ്പയുടെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?
ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം 2019 ൽ നിപ്പ വീണ്ടും എറണാകുളത്ത് എത്തിയപ്പോൾ വളരെ ഭീതിയോടെയാണ് നാം ആദ്യം അതിനെ നേരിട്ടത്. യഥാസമയം ചികിത്സ തേടിയതു കൊണ്ടും മതിയായ മുൻകരുതലുകൾ സ്വീകരിച്ചതു കൊണ്ടും രോഗം മറ്റാരിലേക്കും വ്യാപിക്കാതെ നിപ്പയെ പിടിച്ചു കെട്ടാൻ നമുക്കു കഴിഞ്ഞു. പക്ഷേ, നിപ്പ വീണ്ടും അടുത്തവർഷം തിരിച്ചുവരാൻ സാധ്യതയുണ്ടത്രേ! അതുകൊണ്ടുതന്നെ നിപ്പയുടെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. എല്ലാവരിലും ലക്ഷണങ്ങൾ ഒരുപോലെ ആയിരിക്കില്ലെന്നു മാത്രമല്ല ഓരോ വർഷവും നിപ്പ ഉണ്ടാവുമ്പോഴും ലക്ഷണങ്ങളിലും മാറ്റം വരാം.
നിപ്പ വൈറസ് ഒരാളിൽ പ്രവേശിച്ചാൽ സാധാരണ 5–14 ദിവസം വരെയാണ് ഇൻക്യുബേഷൻ പീരിയഡ്. രോഗലക്ഷണങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെടുന്ന സമയത്തെയാണ് ഇത് കാണിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് വളർന്ന്, വിഘടിച്ച് വംശവർധനവ് നടത്തുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. മറ്റ് വൈറൽ പനികൾക്ക് ഉണ്ടാവുന്ന സമാനലക്ഷണങ്ങളാണ് ആരംഭത്തിൽ നിപ്പയ്ക്കും ഉണ്ടാവുക. ചിലരിൽ ലക്ഷണങ്ങൾ അത്ര പ്രകടമാകണമെന്നില്ല. മറ്റു ചിലരിൽ വളരെ ഗൗരവസ്വഭാവമുള്ളവയും ഉണ്ടാവുന്നു.
പ്രാരംഭലക്ഷണങ്ങൾ
പനിതന്നെയാണ് പ്രധാന ലക്ഷണം. ചെറിയ പനിയിൽ തുടങ്ങി ഏതാനും ദിവസം കൊണ്ടു തന്നെ പനിശക്തമാകുന്നു. തലവേദന, ദേഹത്തു വേദന, തൊണ്ടയ്ക്കു വേദന, ഛർദ്ദി എന്നിവയും ഉണ്ടാവാം. ചുമ, വയറുവേദന, മനംപിരട്ടൽ, കാഴ്ചമങ്ങൽ എന്നിവയും ചിലരിൽ ഉണ്ടാവാം.
ഗൗരവസ്വഭാവം ഉള്ള ലക്ഷണങ്ങൾ
ശരീരത്തിൽ വൈറസുകളുടെ എണ്ണം പെരുകി രക്തത്തിലൂടെ തലച്ചോറിലും ശ്വാസകോശത്തിലും പ്രവേശിക്കുമ്പോഴാണ് ഇവ ഉണ്ടാവുന്നത്. വൈറസിന് ഇഷ്ടപ്പെട്ട കോശങ്ങൾ ഇവിടെയുള്ളതുകൊണ്ട് അവയിൽ വാസം ഉറപ്പിക്കുന്നു. അവയവങ്ങളുടെ പ്രവർത്തനം താറുമാറാവുന്നു. ലക്ഷണങ്ങളിൽ അതനുസരിച്ച് മാറ്റങ്ങൾ വരുന്നു.
തലച്ചോറിനെ ബാധിക്കുന്നു
നിപ്പ തലച്ചോറിനെ ബാധിക്കുമ്പോൾ എൻസഫലൈറ്റിസ് (encephalits) ഉണ്ടാവുന്നു. ഇതുണ്ടാവുമ്പോൾ പനി മൂർച്ഛിക്കുന്നു. തലവേദന ശക്തമാവുന്നു. അതിയായ ക്ഷീണം അനുഭവപ്പെടുന്നു. മയക്കം, പിച്ചും പേയും പറയുക, അപസ്മാരലക്ഷണങ്ങൾ ഉണ്ടാവുന്നു, ബോധം നഷ്ടപ്പെട്ട് കോമ അവസ്ഥയിലെത്തുന്നു. മരണം സംഭവിക്കാം.
ശ്വാസകോശത്തെ ബാധിക്കുമ്പോൾ
ശക്തമായ പനിയ്ക്കൊപ്പം ചുമയും ശ്വാസംമുട്ടലും കൂടുന്നു. ന്യൂമോണിയ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാവുന്നു. ശ്വാസ കോശങ്ങളുടെ പ്രവർത്തനം ക്രമേണ നിലയ്ക്കാം. കഴിഞ്ഞ വർഷം കോഴിക്കോട് നിപ്പ മൂലം മരിച്ചവരിൽ ചിലർക്ക് Acute Respiratory Distress Syndrome (ARDS) ഉണ്ടായി മരണമടഞ്ഞു. ഇതായിരുന്നു അവരുടെ പ്രധാന ലക്ഷണം.
രോഗം തലച്ചോറിനെയോ ശ്വാസകോശത്തെയോ ബാധിച്ചു കഴിഞ്ഞാൽ പെട്ടെന്ന് അതായത് 24–48 മണിക്കൂർ കൊണ്ട് മൂർച്ഛിച്ച് രോഗി മരണമടയാം.
(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)