ADVERTISEMENT

കോവിഡ് 19 കാരണം വിദേശത്തുകുടുങ്ങിയ പ്രവാസികൾ ഇന്നു മുതൽ ജന്മനാട്ടിലേക്ക് തിരിച്ചുവരികയാണ്. കുവൈത്ത് യുദ്ധകാലത്താണ് ഇത്തരമൊരു ആശങ്കയിലൂടെ ഗൾഫ് നാടുകളിലെ ഇന്ത്യക്കാർ കടന്നുപോയത്. കുവൈത്ത് യുദ്ധകാലത്ത് പ്രവാസികളെ തിരികെയെത്തിക്കാൻ മുൻകയ്യെടുത്ത കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്നു നേരിട്ട വെല്ലുവിളികൾ വിവരിക്കുന്നു:

‘ അന്നത്തെ പ്രവാസികളുടെ തിരിച്ചുവരവും ഇന്നത്തെ മടക്കയാത്രയും രണ്ടു പശ്ചാത്തലത്തിലാണ്.  ഇറാഖ് കുവൈറ്റിനെ ആക്രമിച്ചതാണ് അന്നു നേരിട്ട ആശങ്ക. കുവൈറ്റിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതിൽ മലയാളികളായിരുന്നു കൂടുതൽ. 

ഇന്ന് ലോകമാകെ മഹാമാരിയുടെ പിടിയിലാവുന്നു എന്നതാണ്പ്രശ്നം. ഒരു രാജ്യത്തെയോ ഏതാനും രാജ്യങ്ങളെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. എല്ലാ വൻകരകളെയും വിഴുങ്ങാൻ ഒരുങ്ങി നിൽക്കുകയാണ് കോവിഡ്. എന്നാൽ അന്ന് കുവൈറ്റിലെ മാത്രം പ്രശ്നമാണ് നമ്മൾ പരിഹരിച്ചത്.

യുദ്ധ സാഹചര്യത്തിൽനിന്ന് പ്രവാസികളെ എങ്ങനെ തിരിച്ചുകൊണ്ടുവരും എന്നതായിരുന്നു ആശങ്ക.  വൻതുക ചെലവിട്ട് പ്രവാസികളെ തിരികെകൊണ്ടുവരണോ എന്നായിരുന്നു ഭൂരിപക്ഷം ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരും ചോദിച്ചത്. എന്നാൽ പ്രവാസികളെ തിരികെ കൊണ്ടുവരണമെന്നായിരുന്നു എല്ലാ രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി വി.പി.സിങ് ഈ വിഷയത്തിൽ അറിവുള്ളയാളെന്ന നിലയ്ക്ക് ഞാനുമായി ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു.  കുവൈറ്റ് യുദ്ധം ഇന്ത്യക്കാരുടെ ജീവൻമരണ പ്രശ്നമായി മാറിക്കഴിഞ്ഞതിനാൽ കാശല്ല, അവരുടെ ജീവനാണ് വലുതെന്ന നിലപാടാണ് ഞാൻ ഉന്നയിച്ചത്. 

തുടർന്ന് കുവൈത്തിലെ സ്ഥിതി പഠിക്കാൻ അന്നത്തെ വിദേശകാര്യ മന്ത്രി ഇന്ദർ ഗുജറാളിനെ അയച്ചു. അദ്ദേഹം അവിടെപ്പോയി ഒരു നിലപാട് സ്വീകരിച്ചു. എന്നാൽ ഈ നിലപാട് പലർക്കും സ്വീകാര്യമായില്ല. തുടർന്ന് പ്രശ്നം പഠിക്കാൻ എന്നെ പറഞ്ഞയയ്ക്കുകയായിരുന്നു. ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈനെ പോയി കാണാൻ അനുമതി തേടി. അദ്ദേഹത്തെ ഇന്ത്യയുടെ നിലപാട് പറഞ്ഞു മനസിലാക്കി. ജനങ്ങൾക്ക് തിരികെ വരാൻ താൽപര്യമുണ്ടെന്ന് മനസിലാക്കിയ അദ്ദേഹം പക്ഷേ ഒരുകാര്യം മുന്നോട്ടുവച്ചു. ഇന്ത്യക്കാരെ കൊണ്ടുപോവുന്നതിൽ വിരോധമില്ലെങ്കിലും അതു നമ്മൾ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞു. കപ്പലിലോ വിമാനത്തിലോ കൊണ്ടുപോവാം.

പക്ഷേ ഇതിനിടയ്ക്ക് ആയിരക്കണക്കിനു ഇന്ത്യക്കാർ മരുഭൂമിയിലേക്ക് പ്രയാണം തുടങ്ങിയിരുന്നു. ഇത് സ്ഥിതി കൂടുതൽ സങ്കീർണമാക്കി. യുദ്ധത്തിന്റെ വെല്ലുവിളിക്കൊപ്പം ഈ പ്രശ്നം കൂടി പരിഹരിക്കേണ്ടിവന്നു.

അതേസമയം വിമാനം വാങ്ങിയതുമായി ബന്ധപ്പെട്ട് ഗവൺമെന്റിനുനേരെ  അന്വേഷണം നേരിടുകയായിരുന്നു. എല്ലാ വിമാനങ്ങളും പിൻവലിച്ചിരുന്നു. അന്വേഷണം നടക്കുന്ന കാലഘട്ടം മുഴുവൻ വിമാനങ്ങൾ അടച്ചുപൂട്ടിയിടുന്നത് അസംബന്ധമാണെന്ന എന്റെ അഭിപ്രായം കാബിനറ്റ് സ്വീകരിച്ചു. ഇതോടെ പ്രവാസികളെ തിരികെ കൊണ്ടുവരാൻ വിമാനങ്ങൾ‍ ലഭിച്ചു. തുടർന്നാണ് ജോർദാൻ മരുഭൂമിയിൽനിന്ന് പ്രവാസികളെ അമ്മാൻ വഴി ദുബായിലേക്കും അവടെനിന്ന് മുംബൈയിലേക്കും കൊണ്ടുവന്നത്.  ഒന്നര ലക്ഷത്തോളം പേരെ തിരികെ എത്തിക്കാൻ കഴിഞ്ഞത് അക്കാലത്ത് വലിയ നേട്ടമായിരുന്നു. യുഎൻ സെക്രട്ടറി ജനറൽ ഗവൺമെന്റിനെയും എന്നെയും അഭിനന്ദിച്ച് കത്തെഴുതിയത് ഏറെ അഭിമാനത്തോടെയാണ് ഞാൻ കാണുന്നത്. ആ സാഹചര്യം ഇന്നത്തെ രോഗ സാഹചര്യവുമായി താരതമ്യപ്പെടുത്താൻ കഴിയില്ല. രോഗം പടരാതെ സൂക്ഷിക്കുകയും അതേസമയം പ്രവാസികളെ ഒറ്റപ്പെടുത്താതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. ’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com