ഇടയ്ക്കിടെ കൈകൾ വിറയ്ക്കുകയോ ശബ്ദമിടറുകയോ ചെയ്യാറുണ്ടോ? പേടി കൊണ്ടോ സങ്കോചം കൊണ്ടോ സഭാകമ്പം കൊണ്ടോ ഒക്കെ വിറയൽ വരാം. പക്ഷേ അതല്ലാതെ ഇടയ്ക്കിടെ വിറയൽ അലട്ടുന്നുണ്ടെങ്കിൽ അതു നിസ്സാരമായി തള്ളിക്കളയല്ലേ. ചിലപ്പോൾ ഏതെങ്കിലും ഗുരുതര രോഗങ്ങളുടെ മുന്നോടിയായി ശരീരം തരുന്ന ചില സൂചനകളായിരിക്കുമത്. ദൈനംദിന

ഇടയ്ക്കിടെ കൈകൾ വിറയ്ക്കുകയോ ശബ്ദമിടറുകയോ ചെയ്യാറുണ്ടോ? പേടി കൊണ്ടോ സങ്കോചം കൊണ്ടോ സഭാകമ്പം കൊണ്ടോ ഒക്കെ വിറയൽ വരാം. പക്ഷേ അതല്ലാതെ ഇടയ്ക്കിടെ വിറയൽ അലട്ടുന്നുണ്ടെങ്കിൽ അതു നിസ്സാരമായി തള്ളിക്കളയല്ലേ. ചിലപ്പോൾ ഏതെങ്കിലും ഗുരുതര രോഗങ്ങളുടെ മുന്നോടിയായി ശരീരം തരുന്ന ചില സൂചനകളായിരിക്കുമത്. ദൈനംദിന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടയ്ക്കിടെ കൈകൾ വിറയ്ക്കുകയോ ശബ്ദമിടറുകയോ ചെയ്യാറുണ്ടോ? പേടി കൊണ്ടോ സങ്കോചം കൊണ്ടോ സഭാകമ്പം കൊണ്ടോ ഒക്കെ വിറയൽ വരാം. പക്ഷേ അതല്ലാതെ ഇടയ്ക്കിടെ വിറയൽ അലട്ടുന്നുണ്ടെങ്കിൽ അതു നിസ്സാരമായി തള്ളിക്കളയല്ലേ. ചിലപ്പോൾ ഏതെങ്കിലും ഗുരുതര രോഗങ്ങളുടെ മുന്നോടിയായി ശരീരം തരുന്ന ചില സൂചനകളായിരിക്കുമത്. ദൈനംദിന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടയ്ക്കിടെ കൈകൾ വിറയ്ക്കുകയോ ശബ്ദമിടറുകയോ ചെയ്യാറുണ്ടോ? പേടി കൊണ്ടോ സങ്കോചം കൊണ്ടോ സഭാകമ്പം കൊണ്ടോ ഒക്കെ വിറയൽ വരാം. പക്ഷേ അതല്ലാതെ ഇടയ്ക്കിടെ വിറയൽ അലട്ടുന്നുണ്ടെങ്കിൽ അതു നിസ്സാരമായി തള്ളിക്കളയല്ലേ. ചിലപ്പോൾ ഏതെങ്കിലും ഗുരുതര രോഗങ്ങളുടെ മുന്നോടിയായി ശരീരം തരുന്ന ചില സൂചനകളായിരിക്കുമത്. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ വിറയൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണാൻ മടിക്കരുതെന്ന് ഓർമപ്പെടുത്തുകയാണ് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. കൃഷ്ണശ്രീ കെ.എസ്. വിറയൽ രോഗത്തെക്കുറിച്ചും അതു വന്നാൽ തേടേണ്ട ചികിൽസാരീതികളെക്കുറിച്ചും  ഡോ. കൃഷ്ണശ്രീ സംസാരിക്കുന്നു.

1. എന്താണ് വിറയൽ രോഗം?

ADVERTISEMENT

നാഡീവ്യവസ്ഥയിലെ ചില തകരാറുകൾ മൂലമുണ്ടാകുന്ന ചലന രോഗമാണ് വിറയൽ രോഗം. ശരീരത്തിന്റെ ഏതു ഭാഗത്തെയും ഇതു ബാധിക്കാം. തലയുടെ വിറയൽ, കൈകാലുകളുടെ വിറയൽ, സംസാരിക്കുമ്പോഴുണ്ടാകുന്ന വിറയൽ അങ്ങനെ പലതരം വിറയലുകളുണ്ട്. ശരീരഭാഗങ്ങളുടെ താളാത്മകമായിട്ടുള്ള ഒരു ചലനമാണിത്. മസ്തിഷ്കത്തിലെ ചലനശേഷി നിയന്ത്രിക്കുന്ന ചില ഭാഗങ്ങളായ ബേസൽ ഗാങ്ഗ്ലിയ (Basal ganglia), ബാലൻസിനെ നിയന്ത്രിക്കുന്ന സെറിബെല്ലം ഇവ തമ്മിലുള്ള ബന്ധത്തിന്റെ തകരാറുകളിൽ നിന്നാണ് വിറയൽ രോഗം ഉണ്ടാകുന്നത്.

2. ഏതൊക്കെയാണ് വിറയൽ രോഗങ്ങൾ?

പലതരം വിറയൽ രോഗങ്ങളുണ്ട്. അതിൽ ഒന്നാണ് റസ്റ്റിങ് ട്രമർ (Resting tremor). വെറുതെയിരിക്കുമ്പോൾ മാത്രം വിറയൽ അനുഭവപ്പെടും. തുടങ്ങുന്നത് ഒരു കൈയിലാണ്. കാലക്രമേണ മറുകൈയിലും ബാധിക്കും. ഇത്തരം വിറയൽ പ്രായംകൂടുന്തോറും അധികരിക്കുകയാണ് പതിവ്. ഇത് അധികവും കാണുന്നത് പാർക്കിൻസൺസ് രോഗത്തിലാണ്. അതിനെ പിൽ റോളിങ് ട്രമർ (pill rolling tremor) എന്നും പറയും. ഈ രോഗികൾ ഗുളിക എടുത്തു കറക്കുന്നതുപോലെയുള്ള ആക്‌ഷൻ കൈകൾ കൊണ്ടു ചെയ്യാറുണ്ട്. ഒരു കൈയുടെ വിറയൽ മറയ്ക്കാനായി മറുകൈകൊണ്ട് പിടിക്കുക, കാലുകൾ ക്രോസ് ആയി വയ്ക്കുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്.

Photo Credit : Vitalii Vodolazskyi / Shutterstock

∙ എസ്സൻഷ്യൽ ട്രമർ (Essential Tremor)

ADVERTISEMENT

ശരീര ഭാഗം ചലിപ്പിക്കുമ്പോഴുണ്ടാകുന്ന വിറയലിൽ ഏറ്റവും പ്രധാനമാണ് എസ്സൻഷ്യൽ ട്രമർ (Essential Tremor). ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു വിറയൽ രോഗമാണിത്. ഈ അസുഖം വരുന്ന 50 ശതമാനം ആളുകളിലും രോഗത്തിന് പാരമ്പര്യ ബന്ധമുണ്ടാകും. കൈകാലുകളിലോ തലയിലോ ആണ് വിറയൽ  അനുഭവപ്പെടുക. കൂടുതലായും കൈകളിലാണ് കാണുന്നത്. കാലുകളിൽ വിരളമായാണ് ഉണ്ടാകുക.  ഈ അവസ്ഥയിലുള്ള രോഗികളിൽ വിറയൽ കാരണം കൈയക്ഷരം മോശമാകാം. ഈ ലക്ഷണത്തിലൂടെയാകും ഒരു പക്ഷേ രോഗമുണ്ടെന്ന് അവർ ആദ്യം തിരിച്ചറിയുന്നത്. സാധനങ്ങൾ പിടിക്കുമ്പോൾ കൈകൾക്ക് വിറയൽ അനുഭവപ്പെടാം. ഈ രോഗത്തിന്റെ ലക്ഷണങ്ങളുള്ളവർക്ക് മാനസിക സമ്മർദ്ദം, ആകാംക്ഷ, ടെൻഷൻ, സ്ട്രസ്സ് എന്നിവ വർധിക്കുമ്പോഴും സ്റ്റേജിൽ കയറേണ്ടി വരുമ്പോഴും എക്സാം ഹാളിൽ കയറാൻ പോകുമ്പോഴുമൊക്കെ വിറയൽ കൂടുതലായി അനുഭവപ്പെടാറുണ്ട്. എസ്സൻഷ്യൽ ട്രമറിൽ ശബ്ദത്തിന് വിറയൽ വരികയും സംസാരിക്കുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യാറുണ്ട്.

Photo Credit : Sruilk / Shutterstock

∙ ഇന്റൻഷൻ ട്രമർ (Intention Tremor)

മറ്റൊരു വിറയൽ രോഗമാണ് ഇന്റൻഷൻ ട്രമർ (Intention Tremor). ഉദാഹരണമായി പറഞ്ഞാൽ ഒരു ഗ്ലാസ് എടുക്കാൻ ശ്രമിക്കുമ്പോൾ ഗ്ലാസിന്റെ അടുത്തെത്തുമ്പോൾ വിറയൽ വരും. അങ്ങനെ വരുമ്പോൾ എടുക്കാൻ ഉദ്ദേശിക്കുന്ന വസ്തു മിസ്സ് ആകും. ഷർട്ടിന്റെ ബട്ടൻസ് ഇടാൻ കഴിയാതെ വരുക, സൂചിയിൽ നൂൽ കൊരുക്കാൻ കഴിയാതെ വരുക എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഈ രോഗം വരാനുള്ള കാരണം തലച്ചോറിന്റെ പിൻഭാഗത്തെ സെറിബല്ലത്തിനുണ്ടാകുന്ന തകരാറുകളാണ്. പലകാരണങ്ങൾ കൊണ്ടും അങ്ങനെ സംഭവിക്കാം. പക്ഷാഘാതം, മൾട്ടിപ്പിൾ സ്ക്ലിറോസിസ് തുടങ്ങിയവയും ജനിതക രോഗമായ സ്പൈനോ സെറിബെല്ലാർ അറ്റക്സിയ തുടങ്ങിയവയും മൂലം ഈ ലക്ഷണങ്ങൾ പ്രകടമാകാം.

∙ ആൽക്കഹോൾ വിത്ഡ്രോവൽ ട്രമർ ( Alcohol Withdrawal Tremor )

ADVERTISEMENT

സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന ഒരാൾക്ക് ഒന്നോ രണ്ടോ ദിവസം മദ്യം ഉപയോഗിച്ചില്ലെങ്കിൽ കൈകൾക്ക് വിറയൽ വരും. അങ്ങനെയുള്ള ആളുകൾക്ക് മരുന്നുകൾ കൊടുത്തും ഡീ അഡിക്‌ഷൻ ട്രീറ്റ്മെന്റ് വഴിയും മറ്റും ചികിൽസ നൽകാൻ കഴിയും. ചിലർക്ക് ഈ സമയത്ത് മദ്യപാനം പുനരാരംഭിക്കാനുള്ള തോന്നലുണ്ടാകും. പക്ഷേ വീണ്ടും മദ്യപാനത്തിലേക്ക് പോകാതെ തന്നെ വിറയലിനെ നിയന്ത്രിക്കാൻ കഴിയും.

മറ്റൊരു വിറയൽ രോഗമാണ് ഓർത്തോ സ്റ്റാറ്റിക് ട്രമർ (Orthostatic Tremor). നിൽക്കുമ്പോൾ കാലുകൾക്ക് വിറയൽ വരുന്ന അവസ്ഥയാണിത്. പിന്നെയുള്ളത് എഴുതുമ്പോൾ കൈകൾക്കു വരുന്ന വിറയലാണ് (Writing Tremor). ന്യൂറോപതിക് ട്രമർ (Neuropathic Tremor) ഞരമ്പിനെ സംബന്ധിക്കുന്ന അസുഖങ്ങൾക്ക് വിറയൽ വരുന്ന അവസ്ഥയാണിത്. 

3. വിറയൽ രോഗമുണ്ടാകാനുള്ള കാരണങ്ങൾ

ചില മരുന്നുകളുടെ ഉപയോഗം, ഷുഗറിന്റെ അളവ് ശരീരത്തിൽ കുറയുക, ആസ്തമയ്ക്ക് ഉപയോഗിക്കുന്ന ഇൻഹെയ്‌ലേഴ്സിന്റെ അളവ് കൂടുക തുടങ്ങിയവ മൂലവും അപസ്മാരത്തിന് ഉപയോഗിക്കുന്ന സോഡിയം വാൽപ്രൊവേറ്റ്, മാനസിക അസ്വാസ്ഥ്യത്തിന് ഉപയോഗിക്കുന്ന ലിഥിയം (Lithium) , മനഃപ്രയാസത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകൾ, തൈറോയിഡ് ഗുളിക തുടങ്ങിയവ അമിതമായാലും ആൽക്കഹോൾ വിത്ഡ്രോവൽ ട്രമർ കാരണവും ഒക്കെ വിറയലുണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ, സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന ഡോക്ടറെ സമീപിച്ച് മരുന്നുകളുടെ ഡോസ് ക്രമീകരിച്ച് വിറയലിനെ നിയന്ത്രണത്തിലാക്കാം.

4. വിറയൽ രോഗലക്ഷണങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞാൽ ഏതു ഡോക്ടറെയാണ് കാണേണ്ടത്?

മസ്തിഷ്കവുമായി ബന്ധപ്പെട്ട അസുഖമായതുകൊണ്ട്  ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ന്യൂറോളജിസ്റ്റിനെയാണ് കാണേണ്ടത്. ഒരു കുഴപ്പവുമില്ലാത്ത ഒരാൾക്ക് പെട്ടന്ന് ഒരു ഭാഗത്തു മാത്രമായി വിറയൽ വന്നാൽ അത് പക്ഷാഘാതത്തിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്. വിറയലിനൊപ്പം ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക, തലകറക്കം അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം. തലച്ചോറിലെ സെറിബല്ലത്തിനുണ്ടാകുന്ന തകരാർ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ആൽക്കഹോൾ വിത്‌ഡ്രോവൽ ട്രമർ, എസൻഷ്യൽ ട്രമർ എന്നിവ മൂലം ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാകുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്. പാർക്കിൻസൺസ് രോഗം ഉള്ളവർക്ക് മരുന്നിന്റെ അളവിൽ ക്രമീകരണം വേണമെങ്കിൽ ന്യൂറോളജിസ്റ്റിനെയാണ് സമീപിക്കേണ്ടത്. ഇന്റൻഷൻ ട്രമർ സെറിബല്ലത്തിന്റെ തകരാറായതുകൊണ്ട് ന്യൂറോളജിസ്റ്റിനെ സമീപിക്കാം.

Poto Credit : Pixel-Shot / Shutterstock

5. പാർക്കിൻസൺ രോഗവുമായി ഇതിന് ബന്ധമുണ്ടോ?

പാർക്കിൻസൺ രോഗം കമ്പവാദം എന്നാണ് പരക്കെ അറിയപ്പെടുന്നത്. വിറയൽ അതിന്റെ ഒരു പ്രധാന ലക്ഷണമാണ്. മറ്റു ലക്ഷണങ്ങൾ ബ്രാഡികൈനേഷ്യ (Bradykinesia) അതായത് ചലനശേഷിക്കുറവ് അനുഭവപ്പെടൽ, വെറുതെയിരിക്കുമ്പോഴുണ്ടാകുന്ന റസ്റ്റിങ് ട്രമർ (പിൽറോളിങ് ട്രമർ), സ്റ്റിഫ്നസ് അനുഭവപ്പെടുക, ബാലൻസ് നഷ്ടപ്പെടുക എന്നിവയാണ്. കൂനി നടക്കുക, മുഖത്തുള്ള എക്സ്പ്രഷൻസ് കുറയുക, ഉമിനീര് കുറയുക, കണ്ണിമ ചിമ്മുന്നത് കുറയുക എന്നീ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ഈ 

ലക്ഷണങ്ങളിലൂടെ, പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട വിറയലാണോ അനുഭവപ്പെടുന്നത് എന്നു  മനസ്സിലാക്കാം, എല്ലാ വിറയലും പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളാവില്ല. പാർക്കിൻസൺസ് മൂലമുള്ള വിറയലാണെങ്കിൽ മുകളിൽ പറഞ്ഞ പല ലക്ഷണങ്ങളും ഉണ്ടാകണം.

6. ഏതുപ്രായത്തിലാണ് പാർക്കിൻസൺസ് രോഗലക്ഷണം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്?

പാർക്കിൻസൺസ് മൂലമുള്ള വിറയൽ സാധാരണയായി 65 വയസ്സിനുമേൽ പ്രായമുള്ളവരിലാണ് കാണപ്പെടുന്നത്. 30–40 വയസ്സുള്ളവരിലും പാർക്കിൻസൺസ് രോഗം വരാറുണ്ട്. അതിന് കാരണം ജനിതക കാരണങ്ങളാണ്. പ്രായമായവരിൽ പാർക്കിസൺസ് രോഗം വരാനുള്ള കാരണങ്ങളിലൊന്ന്  തലയ്ക്കുണ്ടാകുന്ന ആഘാതമാണ്. ഉദാഹരണമായി. പ്രശസ്ത ബോക്സർ ആയിരുന്ന മുഹമ്മദ് അലി ഈ പ്രശ്നം അനുഭവിച്ചിരുന്നു. അദ്ദേഹത്തിന് ബോക്സിങ്ങിനിടെ തുടർച്ചയായി തലയ്ക്കേറ്റ ആഘാതമാണ് അതിനുകാരണം. ഈ രോഗം മൂലം അദ്ദേഹം ഒരുപാടു ബുദ്ധിമുട്ടിയിരുന്നു.

 കാർബൺ മോണോക്സൈഡ്, കാർബൺഡൈ സൾഫേറ്റ്, കീടനാശിനികളിലും വളങ്ങളിലുമുള്ള ഓർഗാനിക് ഫോസ്ഫറസ് ഇവയുമായൊക്കെ നിരന്തര സമ്പർക്കം ഇവയൊക്കെയാണ് പാർക്കിസൺസ് രോഗമുണ്ടാകാനുള്ള മറ്റു കാരണങ്ങൾ. മാനസികാസ്വാസ്ഥ്യത്തിനുള്ള മരുന്നുകൾ ദീർഘകാലം ഉപയോഗിച്ചാലും തലച്ചോറിലെ ബേസൽ ഗ്ലാങ്‌ഗ്ലിയയിലെ രക്തക്കുറവു മൂലവും ബേസൽ ഗ്ലാങ്‌ഗ്ലിയയ്ക്ക് സ്ട്രോക്ക് വന്നാലും ഒക്കെ ഈ രോഗം വരാം.

7. ഷോൾഡറിനു ചെരിവു തോന്നുന്ന ലക്ഷണങ്ങളൊക്കെ വിറയൽ രോഗത്തിന്റെ ഭാഗമാണോ?

എറ്റിപിക്കൽ പാർക്കിസോണിസം (Atypical Parkinsonism) എന്നൊരു കണ്ടീഷനുണ്ട്. സാധാരണ ഇഡിയോപതിക് പാർക്കിൻസൺസ് രോഗങ്ങൾ (Idiopathic Parkinson's Disease) 10 മുതൽ 20 വർഷം വരെ വലിയ കുഴപ്പമില്ലാതെ പോകും. പക്ഷേ എറ്റിപിക്കൽ പാർക്കിസോണിസം രോഗമാണെങ്കിൽ അഞ്ചു വർഷത്തിനകം സ്ഥിതി വളരെ മോശമാകും. രോഗി വീൽചെയറിലൊക്കെ ആകുന്ന അവസ്ഥയുണ്ടാകും. അതിലൊരു വിഭാഗമാണ് സിബിജിഡി (Cortical Basal Ganglionic Degeneration).  തല, ശരീരം മുതലായവ ഒരു വശത്തേക്ക് ചരിഞ്ഞിരിക്കും. ഈ അവസ്ഥയ്ക്ക് ഡിസ്റ്റോണിയ (Dystonia) എന്നാണ് പറയുന്നത്. സാധാരണ വിറയൽ രോഗത്തിന്റെ ഫലമായി ഷോൾഡറിന് ചെരിവ് വരാറില്ല.

8. മറ്റേതെങ്കിലും ഗുരുതരമായ രോഗങ്ങളുടെ മുന്നോടിയായി വിറയൽ രോഗം വരുമോ?

ഏതു വിഭാഗത്തിൽപ്പെട്ട വിറയലാണെന്ന് ആദ്യം തന്നെ കണ്ടുപിടിച്ചാലേ ഏതു രോഗത്തിന്റെ ലക്ഷണമാണെന്ന് പറയാൻ കഴിയൂ. റസ്റ്റിങ് പൊസിഷനിലാണെങ്കിൽ അത് പാർക്കിൻസൺസ് രോഗത്തിന്റെ മുന്നോടിയായിരിക്കും. തലച്ചോറിലെ മിഡ്ബ്രെയിനിൽ ഉണ്ടാകുന്ന പ്രശ്നം റൂബ്രൽ ട്രമർ എന്നു പറയും.  വിൽസൺ ഡിസീസിന്റെ ഭാഗമായി ട്രമർ കാണാറുണ്ട്. സെറിബല്ലത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ  കാരണമാണ് ശരീരം ചലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പോസ്ച്ചറൽ ട്രമറുണ്ടാകുന്നത്.  പെരിഫറൽ ന്യൂറോളജി ഉള്ളവർക്ക് ന്യൂറോപ്പതിക് ട്രമർ ഉണ്ടാകാം. അത് ഞരമ്പുകൾക്ക് ഉണ്ടാകുന്ന തകരാർ മൂലമുള്ള വിറയലാണ്. മെർക്കുറി, ലെഡ് എന്നിവ മൂലമുണ്ടാകുന്ന പോയിസൺ ശരീരത്തിലുണ്ടെങ്കിൽ വിറയൽ വരും. സെറിബെല്ലത്തിന് തകരാർ ഉണ്ടാക്കുന്ന അസുഖങ്ങളായ ജനിതക രോഗമായ  സ്പൈനോ സെറിബെല്ലാർ അറ്റാക്സിയ, പക്ഷാഘാതം, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവ കാരണം വരുന്ന വിറയൽ  ഇൻറ്റൻഷൻ ട്രമർ മൂലമുള്ള വിറയലാണ്.

9. ഈ രോഗം പൂർണ്ണമായും ചികിൽസിച്ച് ഭേദമാക്കാൻ കഴിയുമോ?

തീർച്ചയായും ഒരുവിധപ്പെട്ട വിറയൽ രോഗങ്ങളെല്ലാം പൂർണ്ണമായും ചികിൽസിച്ചു ഭേദമാക്കാം. അതിനായി ആദ്യം വിറയൽ രോഗം ഉണ്ടാകാനുള്ള യഥാർഥ കാരണം കണ്ടെത്തണം. പിന്നെ കൃത്യമായ ഹിസ്റ്ററിയെടുക്കണം. എങ്ങനെയാണ് വരുന്നത്, എത്രനേരം നീണ്ടു നിൽക്കും, ഉറക്കത്തിൽ വരാറുണ്ടോ, മറ്റെന്തെങ്കിലും തരത്തിലുള്ള പോരായ്മകളുണ്ടോ, ബാലൻസ് ഇല്ലായ്മയുണ്ടോ, സ്റ്റിഫ്നസ് ഉണ്ടോ, ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ, വീട്ടിൽ മറ്റാർക്കെങ്കിലുമുണ്ടോ എന്നെല്ലാം കൃത്യമായി ചോദിച്ചു മനസ്സിലാക്കും.

ശരിയായ രീതിയിൽ ഹിസ്റ്ററിയെടുത്ത്, കൃത്യമായ പരിശോധന നടത്തിയാൽ കൃത്യമായ രോഗനിർണ്ണയം സാധ്യമാകും. സാധാരണയായി രക്തപരിശോധനയിലൂടെയും സ്കാനിങ്ങിലൂടെയുമൊക്കെയാണ് രോഗനിർണയം നടത്തുക. തൈറോയിഡ്, ഷുഗർ, ലിവർ ഫങ്ഷൻ ടെസ്റ്റ് അങ്ങനെയുള്ള ടെസ്റ്റുകൾ നടത്തും. മരുന്നുകൾ കാരണമാണ് വിറയൽ വരുന്നതെന്നു കണ്ടെത്തിയാൽ മരുന്നു മാറ്റും. പക്ഷാഘാതമാണോ വിറയലിന് കാരണമെന്ന് സ്കാനിങ്ങിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഇനി മൾട്ടിപ്പിൾ സ്ക്ലിറോസിസ് ആണ് കാരണമെങ്കിൽ അതിനുള്ള ചികിൽസ നൽകും. ഞരമ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെങ്കിൽ അതിനുള്ള ചികിൽസ ചെയ്യും. ശരീരത്തിൽ കോപ്പർ കൂടുന്നതിന്റെ ഭാഗമായി വരുന്ന വിൽസൺസ് ഡിസീസ് ആണ് കാരണമെങ്കിൽ അതിനുവേണ്ടുന്ന ചികിൽസ സ്വീകരിക്കാം.

സാധാരണ വിറയൽ രോഗമാണെങ്കിൽ ബീറ്റാബ്ലോക്കേഴ്സ് അടങ്ങിയ മരുന്നുകൾ നൽകും. വിറയൽ പൂർണ്ണമായും ഭേദമാക്കാൻ ചിലപ്പോൾ സർജറി വേണ്ടിവന്നേക്കാം. തലച്ചോറിൽ ഇലക്ട്രിക് ആക്റ്റിവിറ്റി കൊടുത്ത് സ്റ്റിമുലേറ്റ് ചെയ്യുന്ന രീതിയാണത്. കൃത്യമായ കാരണം കണ്ടുപിടിച്ച് ചികിൽസിക്കുകയാണെങ്കിൽ മരുന്നുകൊണ്ടു മാത്രം മിക്കവാറും വിറയൽ രോഗങ്ങൾ ഭേദമാക്കാനാകും.

10.ശരീരത്തിന്റെ ഏതൊക്കെ ഭാഗത്തെയാണ് പ്രധാനമായും ഈ രോഗം ബാധിക്കുക?

തല, കൈകാലുകൾ, ശരീരത്തിന്റെ ഏതെങ്കിലും ഭാഗം, ശബ്ദം എന്നിവയ്ക്ക് വിറയൽ വരാം. ചില ചോദ്യങ്ങൾക്ക് മറുപടിയായി, ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന അർഥത്തിൽ തലയാട്ടുന്നതുപോലെയുള്ള ആക്ഷനിൽ ഈ അസുഖമുള്ളവരുടെ തല വിറയ്ക്കാറുണ്ട്.  അതും എസൻഷ്യൽ ട്രമർ എന്ന രോഗത്തിന്റെ ലക്ഷണമാണ്. താടിയെല്ലിനുണ്ടാകുന്ന വിറയലും വെറുതെയിരിക്കുമ്പോഴുണ്ടാകുന്ന വിറയലും പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ വളരെ അപൂർവമായി മാത്രമേ എസൻഷ്യൽ ട്രമറിൽ കാണാൻ കഴിയൂ. ശരീരത്തിന്റെ ഒരു വശത്തു മാത്രമുണ്ടാകുന്ന വിറയൽ പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണമാകാം.

English Summary : Tremors; symptoms, Treatment and causes