കോവിഡ്കാലത്ത് വായിലൂടെ ആരോഗ്യം നഷ്ടമാകാം; വേണം അതീവശ്രദ്ധ
അനേകായിരം ബാക്ടീരിയകളുടെ കോളനിയാണു നമ്മുടെയെല്ലാം വായ. കുഴപ്പക്കാരായ ബാക്ടീരിയകൾ പ്രതിരോധശേഷിയുടെ മെച്ചംകൊണ്ടു നിശ്ശബ്ദരാകുന്നുവെന്നു മാത്രം. ഇതിനിടെയാണു മനുഷ്യന്റെ പ്രതിരോധ സംവിധാനത്തെ പിടിച്ചുലയ്ക്കുന്ന കൊറോണ വൈറസ് കളംപിടിക്കുന്നത്. കോവിഡ് വന്നുപോയവരും ബാധിച്ചിട്ടില്ലാത്തവരുമെല്ലാം ചില ‘അധിക
അനേകായിരം ബാക്ടീരിയകളുടെ കോളനിയാണു നമ്മുടെയെല്ലാം വായ. കുഴപ്പക്കാരായ ബാക്ടീരിയകൾ പ്രതിരോധശേഷിയുടെ മെച്ചംകൊണ്ടു നിശ്ശബ്ദരാകുന്നുവെന്നു മാത്രം. ഇതിനിടെയാണു മനുഷ്യന്റെ പ്രതിരോധ സംവിധാനത്തെ പിടിച്ചുലയ്ക്കുന്ന കൊറോണ വൈറസ് കളംപിടിക്കുന്നത്. കോവിഡ് വന്നുപോയവരും ബാധിച്ചിട്ടില്ലാത്തവരുമെല്ലാം ചില ‘അധിക
അനേകായിരം ബാക്ടീരിയകളുടെ കോളനിയാണു നമ്മുടെയെല്ലാം വായ. കുഴപ്പക്കാരായ ബാക്ടീരിയകൾ പ്രതിരോധശേഷിയുടെ മെച്ചംകൊണ്ടു നിശ്ശബ്ദരാകുന്നുവെന്നു മാത്രം. ഇതിനിടെയാണു മനുഷ്യന്റെ പ്രതിരോധ സംവിധാനത്തെ പിടിച്ചുലയ്ക്കുന്ന കൊറോണ വൈറസ് കളംപിടിക്കുന്നത്. കോവിഡ് വന്നുപോയവരും ബാധിച്ചിട്ടില്ലാത്തവരുമെല്ലാം ചില ‘അധിക
അനേകായിരം ബാക്ടീരിയകളുടെ കോളനിയാണു നമ്മുടെയെല്ലാം വായ. കുഴപ്പക്കാരായ ബാക്ടീരിയകൾ പ്രതിരോധശേഷിയുടെ മെച്ചംകൊണ്ടു നിശ്ശബ്ദരാകുന്നുവെന്നു മാത്രം. ഇതിനിടെയാണു മനുഷ്യന്റെ പ്രതിരോധ സംവിധാനത്തെ പിടിച്ചുലയ്ക്കുന്ന കൊറോണ വൈറസ് കളംപിടിക്കുന്നത്. കോവിഡ് വന്നുപോയവരും ബാധിച്ചിട്ടില്ലാത്തവരുമെല്ലാം ചില ‘അധിക കാര്യങ്ങൾ’ ശീലമാക്കേണ്ട സമയമാണിത്.
കോവിഡ് വരുമ്പോൾ
കൊറോണ വൈറസ് ബാധയെത്തുടർന്നു പ്രതിരോധശേഷി കുറയുന്ന സാഹചര്യം വായ്ക്കുള്ളിൽ നിശ്ശബ്ദരായി കഴിയുന്ന ബാക്ടീരിയകൾ മുതലെടുത്തേക്കാം. മോണവീക്കം, പല്ലിനു ബലക്ഷയം തുടങ്ങിയ പ്രശ്നങ്ങൾ കോവിഡ് കാലത്തു നമ്മെ വരിഞ്ഞുമുറുക്കാം. കടുത്ത മോണരോഗമുള്ളവരിൽ ദോഷകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായിരിക്കും. ഇവരിൽ കോവിഡിനോട് അനുബന്ധിച്ചുണ്ടാകുന്ന ന്യുമോണിയ, രക്തത്തിലെ അണുബാധ, മറ്റു ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയുമേറെ.
കോവിഡ് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കിടയിൽ ദന്താരോഗ്യവുമായി ബന്ധപ്പെട്ടവ നിസ്സാരമായി കാണുന്നവരുണ്ട്. ഈ അവഗണനയുടെ ഫലമായി ഹൃദയാഘാതവും പക്ഷാഘാതവും പോലുള്ള ഗുരുതര പ്രശ്നങ്ങൾ അപൂർവമായെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രമേഹവും കാൻസറും രക്തസമ്മർദവും പോലുള്ള പ്രശ്നങ്ങളുടെ തീവ്രത വർധിപ്പിക്കാനും ഇതു കാരണമാകും.
കോവിഡ്കാലത്തു കൂടുതലായി കാണുന്ന മറ്റൊരു പ്രവണതയാണ് ചികിത്സ നീണ്ടിക്കൊണ്ടുപോകൽ. പണച്ചെലവും കോവിഡ് പേടിയുമൊക്കെ കാരണമാകാം ഇത്. സങ്കീർണ ചികിത്സകൾ ഒഴിവാക്കാൻ അമിതമായി ആന്റിബയോട്ടിക്കുകളെ ആശ്രയിക്കുകയാണു പലരും. ഇതു ശരിയല്ല. ദീർഘനാളത്തേക്ക് ആന്റിബയോട്ടിക് ഉപയോഗിച്ചു താൽക്കാലിക ആശ്വാസം നേടുമ്പോൾ, ഈ മരുന്നുകളെ പതിയെ ചെറുക്കാൻ ബാക്ടീരിയകൾ ശീലിക്കും. ദീർഘനാൾ വേദനസംഹാരികൾ കഴിക്കുന്നതും ജീവൻരക്ഷയ്ക്കായി സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നതും ഇതിനു സമാനമാണ്. വയറിലുണ്ടാകുന്ന അൾസർ, കരൾവീക്കം, വൃക്ക തകരാർ തുടങ്ങിയവ വേദനസംഹാരിയുടെ ദൂഷ്യവശങ്ങളാണ്. സ്റ്റിറോയ്ഡുകളുടെ ദീർഘനാൾ ഉപയോഗം പ്രതിരോധശേഷി കുറയ്ക്കും; പല്ലിലെ ചെറിയ അണുബാധപോലും താടിയെല്ലിലെ മജ്ജയിലേക്കു പടർന്നു സങ്കീർണമാകും. അസഹനീയവും ഏറ്റവും കാഠിന്യമേറിയതുമായ വേദനകളിലൊന്നാണു പല്ലുവേദന. ഈ പ്രശ്നത്തിനു പരിഹാരം കാണാതിരിക്കുന്നതു ഭാവിയിൽ ചികിത്സച്ചെലവേറിയ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം.
കോവിഡ് വന്നുപോയാലും
കോവിഡ് മുക്തി നേടിയാലും ചില പ്രശ്നങ്ങൾ പിന്തുടരാം. മോണയ്ക്കുണ്ടാകുന്ന ബലക്ഷയം മുതൽ ഇനാമലിനു തേയ്മാനം വരെയുള്ള പ്രശ്നങ്ങൾ കോവിഡിനു പിന്നാലെ ഉണ്ടാകാമെന്നു ക്ലിനിക്കൽ പഠനങ്ങളുണ്ട്. ദന്തക്ഷയം, പല്ലു നഷ്ടപ്പെടൽ എന്നിവ പോലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കോവിഡ് രക്തചംക്രമണത്തെ ബാധിക്കാറുണ്ട്. ഒരുപക്ഷേ, ഇതിന്റെ തുടർച്ചയാകാം പല്ലിനുണ്ടാകുന്ന പ്രശ്നങ്ങൾ. മോണയ്ക്കുണ്ടാകുന്ന വീക്കം, രക്തസ്രാവം, പല്ലിനെ മോണയിൽ ഉറപ്പിച്ചു നിർത്തുന്ന തരുണാസ്ഥിക്കു സംഭവിക്കുന്ന ബലക്ഷയം എന്നിങ്ങനെ മോണരോഗമുള്ളവരിൽ കോവിഡ് കടുക്കാം. ഇവയ്ക്കു കാരണമാകുന്ന ബാക്ടീരിയയ്ക്കെതിരെ ശരീരം ഇന്റർലൂക്കിൻ പ്രോട്ടീൻ ഉൽപാദിപ്പിക്കാറുണ്ട്. ഇതു വൻതോതിൽ ഉൽപാദിപ്പിക്കപ്പെടുന്നത് ‘സൈറ്റോകൈൻ സ്റ്റോം’ എന്ന അവസ്ഥയ്ക്കു കാരണമാകാം. വൈറസ് ബാധിതരിൽ ഇതു രോഗം ഗുരുതരമാക്കും.
മാസ്ക്കും മൗത്തും
വൈറസിന്റെ പ്രസരണം കുറയ്ക്കുകയെന്ന സുപ്രധാന ദൗത്യമാണ് മാസ്ക് നിർവഹിക്കുന്നത്. ഇക്കാര്യത്തിൽ വിജയിക്കുമ്പോഴും മാസ്ക് വരുത്തുന്ന ചില വിനകളുണ്ട്. അതിൽ പ്രധാനമാണ് മാസ്ക് മൗത്ത് സിൻഡ്രോം.
മാസ്ക്കിന്റെ തുടർച്ചയായ ഉപയോഗം, അശാസ്ത്രീയമായി ധരിക്കുന്നത് തുടങ്ങിയവ ഇതിനു കാരണമാകാം. അമിതമായ വായ്‌വരൾച്ച, വായ്നാറ്റം, പെട്ടെന്നു പല്ലു കേടാകൽ, മോണരോഗങ്ങൾ, നിർജലീകരണം, പൂപ്പൽബാധ എന്നിവയാണു ലക്ഷണങ്ങൾ.
ഇതുവഴി പല്ലും മോണയും പെട്ടെന്നു രോഗാതുരമായി അനന്തര ഫലങ്ങളുണ്ടാകാം. രണ്ടുനേരമുള്ള പല്ലുതേപ്പ് കർശനമായി തുടരണം. വായിലും തൊണ്ടയിലും പ്രശ്നങ്ങൾ കൂട്ടുമെന്നതിനാൽ ഒരേ മാസ്ക് തന്നെ ദീർഘനേരത്തേക്ക് ഉപയോഗിക്കരുത്. ആഹാരശേഷം മൗത്ത് വാഷോ ഉപ്പുവെള്ളമോ ഉപയോഗിച്ചു വായ കഴുകാം. ഇടവിട്ടു വെള്ളം കുടിച്ചു നിർജലീകരണം ഒഴിവാക്കണം. നാര് അടങ്ങിയ പദാർഥങ്ങൾ ചവച്ചരച്ചു കഴിക്കുന്നതും പല്ലിന്റെ വൃത്തിക്കു സഹായകമാണ്.
കോവിഡ് ടങ്
വായ്ക്കുള്ളിൽ അസ്വസ്ഥതയുണ്ടാകുന്ന ഒന്നാണ് കോവിഡ് ടങ്. കോവിഡ് ബാധിതരിലും വന്നുപോയവരിലുമെല്ലാം നാക്കിലുണ്ടാകുന്ന നിറവ്യത്യാസം, വീക്കം, പാട കെട്ടുന്ന അവസ്ഥ, നാക്കിലുണ്ടാകുന്ന ചെറിയ അൾസർ എന്നിവയെ ഈ വിഭാഗത്തിൽപെടുത്തുന്നു. വായ്ക്കുള്ളിൽ അൾസറുണ്ടാകുന്ന അവസ്ഥയും കോവിഡ്കാലത്തു കൂടി. പ്രതിരോധശേഷിയിലെ മാറ്റവും മാനസിക സംഘർഷവും ഇതിനു കാരണങ്ങളാണ്.
കോവിഡ് ബാധിതരിൽ ഏതാണ്ട് ഒരു മാസത്തോളം ഉമിനീർ ഗ്രന്ഥിയിലെ നാളിയിൽ (Wharton's duct) വീക്കമുണ്ടാകുന്നുവെന്ന പുതിയ പഠനവും ഇതിനോടു ചേർത്തുവായിക്കണം. കോവിഡ് ബാധയെത്തുടർന്നുള്ള ആന്റിബോഡികളുടെ സാന്നിധ്യമാണ് ഇതിനു കാരണം. ഭാവിയിൽ കോവിഡ് തിരിച്ചറിയാനുള്ള മാർഗമായിപ്പോലും ഇതു പരിണമിക്കാം. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ് – കോവിഡ്കാലത്തു വായയുടെ ആരോഗ്യം ഗൗരവമേറിയ ശ്രദ്ധ ആവശ്യപ്പെടുന്നു.
(സംസ്ഥാന ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിലെ ഡപ്യൂട്ടി ഡയറക്ടറും (ഡെന്റൽ) നാഷനൽ ഓറൽ ഹെൽത്ത് പ്രോഗ്രാം സ്റ്റേറ്റ് നോഡൽ ഓഫിസറുമാണ് ലേഖകൻ)
English Summary : COVID- 19 and mouth care