‘ഒരു സിടി സ്കാൻ 300 എക്സ്റേക്ക് തുല്യം; കാൻസർ പോലും വരാം’: മുന്നറിയിപ്പ്
Mail This Article
ഡോക്ടറുടെ നിർദേശമില്ലാതെ, നേരിയ കോവിഡ് ബാധയുള്ളവർ പോലും അനാവശ്യമായി സിടി സ്കാൻ എടുക്കുന്നതും ബയോമാർക്കർ തോതു പരിശോധനകളെ ആശ്രയിക്കുന്നതും അപകടകരമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം.
ഒരു തവണ സിടി സ്കാൻ എടുക്കുന്നത് 300 തവണ നെഞ്ചിന്റെ എക്സ്റേ എടുക്കുന്നതിനു തുല്യമാണ്. ചെറുപ്രായത്തിൽ തുടരെ സിടി സ്കാൻ എടുക്കുന്നതു കടുത്ത റേഡിയേഷനും ഭാവിയിൽ കാൻസറിനും കാരണമാകാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മാധ്യമ സമ്മേളനത്തിൽ എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ പറഞ്ഞു.
നേരിയ കോവിഡ് ബാധയുള്ളവരുടെ സിടി സ്കാൻ ഗുണകരമല്ല. സ്കാനിൽ എന്തെങ്കിലും കണ്ടെത്തിയാൽ തന്നെ അതു എളുപ്പം ഭേദമാകുന്നതാണ്. രക്തത്തിൽ സിആർപി, ഡിഡയമർ, എൽഡിഎച്ച് തുടങ്ങിയ ബയോമാർക്കറുകളുടെ തോതു കണ്ടെത്താനുള്ള പരിശോധനകളും ഡോക്ടർ നിർദേശിച്ചാൽ മാത്രമേ നടത്താവൂ എന്നും ഡോ. ഗുലേറിയ പറഞ്ഞു.
English Summary : Frequent CT scan can increase the risk of cancer