ശരീരകോശങ്ങൾ കറുത്തു നശിക്കും; നിങ്ങളുടെ തൊട്ടടുത്തുണ്ട് ഭീതിയുടെ ബ്ലാക്ക് ഫംഗസ്, പക്ഷേ...
മ്യൂക്കർമൈക്കോസിസിനെ എന്തുകൊണ്ടാണു ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്നത്? ഈ ഫംഗസിന്റെ നിറം കറുപ്പാണോ? വെള്ള, ഇളംതവിട്ട്, ചാര നിറങ്ങളാണു പൊതുവേ ഈ രോഗത്തിനു കാരണമായ കുടുംബത്തിൽ പെട്ട ഫംഗസുകൾക്കുള്ളത്. എന്നാൽ, ഫംഗസ് ബാധയുണ്ടാകുന്ന ശരീര ഭാഗങ്ങളിലെ കോശങ്ങൾ നശിച്ചു കറുത്ത നിറമാകും. അതുകൊണ്ടാണു
മ്യൂക്കർമൈക്കോസിസിനെ എന്തുകൊണ്ടാണു ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്നത്? ഈ ഫംഗസിന്റെ നിറം കറുപ്പാണോ? വെള്ള, ഇളംതവിട്ട്, ചാര നിറങ്ങളാണു പൊതുവേ ഈ രോഗത്തിനു കാരണമായ കുടുംബത്തിൽ പെട്ട ഫംഗസുകൾക്കുള്ളത്. എന്നാൽ, ഫംഗസ് ബാധയുണ്ടാകുന്ന ശരീര ഭാഗങ്ങളിലെ കോശങ്ങൾ നശിച്ചു കറുത്ത നിറമാകും. അതുകൊണ്ടാണു
മ്യൂക്കർമൈക്കോസിസിനെ എന്തുകൊണ്ടാണു ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്നത്? ഈ ഫംഗസിന്റെ നിറം കറുപ്പാണോ? വെള്ള, ഇളംതവിട്ട്, ചാര നിറങ്ങളാണു പൊതുവേ ഈ രോഗത്തിനു കാരണമായ കുടുംബത്തിൽ പെട്ട ഫംഗസുകൾക്കുള്ളത്. എന്നാൽ, ഫംഗസ് ബാധയുണ്ടാകുന്ന ശരീര ഭാഗങ്ങളിലെ കോശങ്ങൾ നശിച്ചു കറുത്ത നിറമാകും. അതുകൊണ്ടാണു
മ്യൂക്കർമൈക്കോസിസിനെ എന്തുകൊണ്ടാണു ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്നത്? ഈ ഫംഗസിന്റെ നിറം കറുപ്പാണോ? വെള്ള, ഇളംതവിട്ട്, ചാര നിറങ്ങളാണു പൊതുവേ ഈ രോഗത്തിനു കാരണമായ കുടുംബത്തിൽ പെട്ട ഫംഗസുകൾക്കുള്ളത്. എന്നാൽ, ഫംഗസ് ബാധയുണ്ടാകുന്ന ശരീര ഭാഗങ്ങളിലെ കോശങ്ങൾ നശിച്ചു കറുത്ത നിറമാകും. അതുകൊണ്ടാണു മ്യൂക്കർമൈക്കോസിസിനെ ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്നത്. എന്നാൽ, അതിലേറെ കറുപ്പാണ് ഈ ഫംഗസ് സൃഷ്ടിക്കുന്ന ഭീഷണി. അതിവേഗം ശരീരം മുഴുവൻ പടരുമെന്നതും ഏത് അവയവത്തെ വേണമെങ്കിലും ബാധിക്കാമെന്നതും മ്യൂക്കർമൈക്കോസിസ് ആരോഗ്യ രംഗത്ത് ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ചികിത്സ അതീവ ദുഷ്കരം. മരണ നിരക്ക് 50 ശതമാനത്തിലേറെ.
കോവിഡിനു പിന്നാലെ ‘ബ്ലാക്ക് ഫംഗസും’ ഇപ്പോൾ രാജ്യത്തെ ആരോഗ്യ രംഗത്തെ ഭയപ്പെടുത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്തും ‘മ്യൂക്കർമൈക്കോസിസ്’ എന്ന ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഇതു മൂലം മരണവും സംഭവിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞ കോവിഡ് ബാധിതരെയാണ് ബ്ലാക്ക് ഫംഗസും ബാധിക്കുകയെന്നതിനാൽ ചികിത്സ ഏറെ സങ്കീർണമാകുന്നു. മരണനിരക്ക് കൂടാനും ഇതു കാരണമാകും. രോഗം ബാധിച്ച ശരീര ഭാഗം മുറിച്ചു നീക്കുക മാത്രമാണു പോംവഴി. ഈ ഫംഗസ് എളുപ്പം കണ്ണുകളെ ബാധിക്കുമെന്നതിനാൽ പലരിലും ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്യേണ്ട സാഹചര്യവുമുണ്ടാകാറുണ്ട്.
അവസരവാദിയായ ഫംഗസുകൾ
മ്യൂക്കർ ഫംഗസുകൾ അവസരവാദികളാണ്. കാരണം, ഒരാളിന്റെ രോഗപ്രതിരോധ വ്യവസ്ഥ താളം തെറ്റുമ്പോഴാണ് ഈ ഫംഗസ് ആക്രമിക്കുന്നത്. അത്തരം അവസരം കിട്ടാനായി കാത്തിരിക്കുന്ന ഒട്ടേറെ ഫംഗസുകളും ബാക്ടീരിയകളും നമുക്കു ചുറ്റിലും ശരീരത്തിലുമുണ്ട്. സാധാരണ സാഹചര്യത്തിൽ അപകടകാരികളല്ലാത്ത ഈ ഫംഗസുകൾ പ്രതിരോധ ശേഷി തകർന്ന ഒരാളിൽ മാരകമാകും വിധം പടർന്നു കയറും. നമ്മുടെ ശരീരത്തിൽ ഇത്തരത്തിലുള്ള പല ഫംഗസുകളും ബാക്ടീരിയകളും ജീവിക്കുന്നുണ്ട്. ‘കാൻഡിഡ’ എന്ന ഇനം ഫംഗസ് അത്തരത്തിലുള്ളതാണ്. നമ്മുടെ ത്വക്കിലും വായിലും തൊണ്ടയിലുമെല്ലാം ജിവിക്കുന്ന ഈ ഫംഗസ് സാധാരണഗതിയിൽ അപകടകാരിയല്ല. എന്നാൽ, ഏതെങ്കിലും അസുഖം നമുക്കു പിടിപെട്ടാൽ ഈ ഫംഗസ് ‘പണി’ തരും. മ്യൂക്കർ എന്ന ബ്ലാക്ക് ഫംഗസും ഇങ്ങനെയാണ്. കയറിക്കൂടിയ മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധം കുറയുമ്പോൾ ഇവ കോശങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്താൻ തുടങ്ങും.
എന്താണ് ബ്ലാക്ക് ഫംഗസ്?
നമ്മുടെ അന്തരീക്ഷത്തിൽ പല തരത്തിലുള്ള ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമുണ്ട്. ഇതിൽ ഒരു വിഭാഗമാണ് മ്യൂക്കർമൈസെറ്റ്സ് എന്ന ഇനത്തിലുള്ള ഫംഗസുകൾ. ഈ ഫംഗസുകൾ മൂലം ശരീരത്തിലുണ്ടാകുന്ന അണുബാധയാണു മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്. നമ്മുടെ മണ്ണിൽ, വായുവിൽ, ചീഞ്ഞളിഞ്ഞ ജൈവ വസ്തുക്കൾ, മരത്തടികൾ, ഇലകൾ തുടങ്ങിയവയിലെല്ലാം ഈ വിഭാഗത്തിലുള്ള ഫംഗസുകളെ കാണാം. മ്യൂക്കർമൈസെറ്റ്സ് കുടുംബത്തിലുള്ള പലതരം ഫംഗസുകൾ ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്കു കാരണമാകും. പ്രധാന ഇനങ്ങളായ റൈസോപസ്, മ്യൂക്കർ, റൈസോമ്യൂക്കർ, സിൻസെഫലാസ്ട്രം, കണ്ണിങ്ങാമെല്ല ബെർത്തോലെറ്റി, അപോഫൈസോമൈസസ്, ലിച്‌തീമിയ തുടങ്ങിയ ഫംഗസുകൾ മ്യൂക്കർമൈക്കോസിസിനു കാരണമാകുന്നു.
ബ്ലാക്ക് ഫംഗസിനെ കണ്ടിട്ടുണ്ടോ?
ബ്ലാക്ക് ഫംഗസ് എന്ന രോഗം പരത്തുന്ന ഫംഗസുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെന്നു പറയരുത്. നിങ്ങളുടെ തൊട്ടരികിലുണ്ടത്. പഴകിയ ബ്രഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറുപ്പു കലർന്ന ചാരനിറമുള്ള പൂപ്പൽ കാണാത്തവരുണ്ടാകുമോ? ബ്ലാക്ക് ഫംഗസ് എന്ന രോഗബാധയ്ക്കു കാരണമായ ഒരിനം ഫംഗസ് തന്നെയാണത്. റൈസോപസ് എന്ന ഇനത്തിലുള്ള ഫംഗസുകളാണു പഴകിയ ബ്രഡ്, പച്ചക്കറി, പഴങ്ങൾ എന്നിവയ്ക്കെല്ലാം മുകളിൽ കാണുന്നത്. സാധാരണഗതിയിൽ ഇവ അപകടരമാകാറില്ലെന്നു മാത്രം.
ബ്ലാക്ക്ഫംഗസ് പലവിധം
ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്നതിന് അനുസരിച്ച് ബ്ലാക്ക് ഫംഗസ് രോഗബാധ പല രീതികളിലുണ്ട്.
∙ റിനോസെറിബ്രൽ മ്യൂക്കർമൈക്കോസിസ്: സൈനസുകളെ ബാധിക്കുന്ന ഈ അണുബാധ തലച്ചോറിലേക്കു പടരാം. നിയന്ത്രിക്കാൻ കഴിയാത്ത അളവിൽ പ്രമേഹമുള്ളവരിൽ ഈ രോഗബാധ കാണാം. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായവരിലുമുണ്ടാകാം. മുഖത്തിന്റെ ഒരു ഭാഗത്ത് നീർക്കെട്ട്, തലവേദന, മൂക്കിലും സൈനസിലും വരൾച്ച, മൂക്കിന്റെ പാലത്തിലും വായയുടെ മുകൾ ഭാഗത്തും കറുപ്പു നിറം, പനി എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.
∙ പൾമണറി മ്യൂക്കർമൈക്കോസിസ്: ശ്വാസകോശങ്ങളെയാണു ഫംഗസ് ബാധിക്കുക. അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വിധേയരായവരിൽ കാണാം. ലക്ഷണങ്ങൾ: പനി, ചുമ, നെഞ്ചുവേദന, ശ്വാസ തടസ്സം.
∙ ഗ്യാസ്ട്രോ ഇന്റെസ്റ്റിനൽ മ്യൂക്കർമൈക്കോസിസ്: രോഗപ്രതിരോധ ശേഷി കുറഞ്ഞ നവജാത ശിശുക്കളിലാണ് ഈയിനത്തിലുള്ള അണുബാധ കാണുന്നത്. ലക്ഷണങ്ങൾ: വയറുവേദന, തലകറക്കം, ഛർദി, രക്തസ്രാവം.
∙ സ്കിൻ മ്യൂക്കർമൈക്കോസിസ്: ത്വക്കിലുണ്ടാകുന്ന മുറിവിലൂടെയോ പൊള്ളലേറ്റ പാടുകളിലൂടെയോ ശരീരത്തിലെത്തുന്ന ഫംഗസ് അവിടെയുള്ള കോശങ്ങളെ നശിപ്പിക്കുന്നു. ഇതു ത്വക്കിൽ മുഴുവൻ വ്യാപിപ്പിക്കാം. ത്വക്ക് കറുപ്പു നിറമാകും. ത്വക്കിൽ വേദന, നീര്, ചുവപ്പു നിറം, ചൂട് എന്നിവയുണ്ടാകും.
∙ ശരീരത്തിൽ വ്യാപിക്കുന്ന മ്യൂക്കർമൈക്കോസിസ്: ശരീരത്തിലെത്തുന്ന ഫംഗസ് രക്തത്തിൽ കലർന്നു വിവിധ അവയവങ്ങളിലേക്ക് എത്തുകയും അവിടെ നശിപ്പിക്കുകയും ചെയ്യും. തലച്ചോറ്, ഹൃദയം, വൃക്ക, ശ്വാസകോശങ്ങൾ, ത്വക്ക് എന്നിവിടങ്ങളിലെല്ലാം ഫംഗസ് വ്യാപിച്ചു ഗുരുതര സാഹചര്യമുണ്ടാകാം.
ബ്ലാക്ക് ഫംഗസ് ആരെ ബാധിക്കും?
നമ്മുടെ അന്തരീക്ഷത്തിലും ചീഞ്ഞളിഞ്ഞ ജൈവ വസ്തുക്കളിലും നനഞ്ഞു കിടക്കുന്ന മരത്തടികളിലുമെല്ലാം ഈ ഇനങ്ങളിൽ പെടുന്ന ഫംഗസ് ഉണ്ടാകും. വായുവിനേക്കാളേറെ മണ്ണിലാണു ഫംഗസ് കാണാൻ സാധ്യത. വേനൽ കാലത്തും വർഷ കാലത്തും ഈ ഫംഗസിന്റെ സാന്നിധ്യം കൂടാനും സാധ്യതയുണ്ട്. കേരളത്തെ പോലെ ഈർപ്പം നിറഞ്ഞ കാലാവസ്ഥയും ഈ ഫംഗസിനു വളരാനുള്ള സാഹചര്യം നൽകുന്നതാണ്. ശ്വസന വായുവിലൂടെയോ അല്ലാതെയോ ഇതു ചിലപ്പോൾ നമ്മുടെ മൂക്കിലുമെത്താം. പക്ഷേ, രോഗപ്രതിരോധ ശേഷി കൂടുതലുള്ളവരിൽ ഈ ഫംഗസിന് കാര്യമായി ഒന്നും ചെയ്യാനാകില്ല. അതേ സമയം, രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ഈ ഫംഗസ് മാരക പ്രഹര ശേഷിയുള്ളതാണ്. ഡയബറ്റിക് കീറ്റോഅസിഡോസിസ് അവസ്ഥയുള്ള പ്രമേഹ രോഗികൾ, അർബുദം, അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായവർ, സ്റ്റെം സെൽ ചികിത്സ നടത്തിയവർ, അമിതമായ മരുന്നുപയോഗം രോഗപ്രതിരോധ ശേഷിയെ ബാധിച്ചവർ, രക്തത്തിൽ അയണിന്റെ അംശം കൂടുതലുള്ളവർ എന്നിവരെ ഈ ഫംഗസ് ബാധിച്ചാൽ ഗുരുതരമാകാനുള്ള സാധ്യതയേറെ.
കോവിഡ് ബാധിതരെ എങ്ങനെ ബാധിക്കും?
കോവിഡ് ബാധിതരായ വ്യക്തികളിൽ രോഗപ്രതിരോധ ശേഷി പൊതുവേ കുറവായിരിക്കും. പ്രമേഹം ഉയർന്ന നിലയിലായിരിക്കും. കോവിഡ് രോഗികളിൽ ചികിത്സയുടെ ഭാഗമായുള്ള സ്റ്റിറോയ്ഡ് ഉപയോഗവും രോഗപ്രതിരോധ ശേഷിയെ ബാധിക്കും. പ്രമേഹ ബാധിതരായവരിലെ പ്രമേഹം വർധിക്കാൻ സ്റ്റിറോയ്ഡ് ഉപയോഗം കാരണമാകും. സ്റ്റിറോയ്ഡ് ഉപയോഗിക്കുമ്പോൾ കരൾ കൂടുതലായി ഷുഗർ ഉൽപാദിപ്പിക്കുന്നതാണ് ഇതിനു കാരണം. കോവിഡ് ബാധിതരിലുണ്ടാകുന്ന ഡയബറ്റിക് കീറ്റോഅസിഡോസിസ് എന്ന അവസ്ഥയും പ്രശ്നമാണ്. രക്തത്തിലെ കീറ്റോണുകളുടെ ഉൽപാദനം അനിയന്ത്രിതമായി വർധിക്കുന്ന അവസ്ഥയാണിത്.
രക്തത്തിലെ അയൺ സാന്നിധ്യം ഇതോടെ വർധിക്കും. ശരീരത്തിലെത്തുന്ന ഫംഗസുകൾക്കു വളരാൻ പറ്റിയ സാഹചര്യമുണ്ടാകും. പ്രതിരോധ ശേഷി കുറഞ്ഞ ശരീരത്തിന് ഫംഗസിന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയാതെ വരുന്നു. ശ്വസന വായുവിലൂടെ ആദ്യം മൂക്കിലാണു പൊതുവേ ഈ ഫംഗസ് എത്താനുള്ള സാധ്യത കൂടുതൽ. മൂക്കിൽ നിന്ന് രണ്ടു രീതിയിൽ മറ്റു ശരീര ഭാഗങ്ങളിലേക്കു പടരാം. 1. മൂക്കിൽ നിന്നു നേരിട്ടു കണ്ണുകളിലേക്കും മറ്റുമെത്താം. 2. രക്തത്തിൽ കലർന്നു രക്തക്കുഴൽ വഴി ശരീരത്തിന്റെ ഏതു ഭാഗത്തുമെത്താം. അനുകൂല സാഹചര്യമുണ്ടായാൽ അതിവേഗം പടരുമെന്നതാണ് ഈ ഫംഗസിനെ ഭീകരനാക്കുന്നത്.
മൂക്കിൽ നിന്ന് കണ്ണിലേക്ക്
മൂക്കിലെത്തി പടരാൻ തുടങ്ങിയാൽ നാലോ, അഞ്ചോ ദിവസത്തിനുള്ളിൽ കണ്ണുകളിലേക്ക് എത്തും. മൂക്കിന്റെ പാലത്തിലും മറ്റുമുള്ള കറുത്ത പാടുകൾ, മൂക്കിലും സൈനസിലും വരൾച്ച, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ സൂചന നൽകുമെങ്കിലും ചിലപ്പോൾ നമ്മൾ ശ്രദ്ധിച്ചില്ലെന്നു വരാം. കണ്ണുകളിലേക്ക് എത്തിയാൽ കണ്ണിനും തലയോട്ടിക്കും ഇടയിലുള്ള ഓർബിറ്റിൽ കടന്ന് അവിടം നശിപ്പിക്കും. കണ്ണിന്റെ കാഴ്ച ശക്തി മങ്ങുകയും പൂർണമായി ഇല്ലാതാകുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ ഫംഗസ് ബാധിച്ച കണ്ണ് നീക്കം ചെയ്യുകയല്ലാതെ മറ്റു മാർഗമില്ല. എന്നാൽ, ഇത് അപൂർവമായി മാത്രം ഉണ്ടാകുന്ന സാഹചര്യമാണ്. കേരളത്തിൽ അപൂർവമായി മാത്രമാണു മ്യൂക്കർമൈക്കോസിസ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടറും ചീഫ് മെന്ററുമായ ഡോ. എ. ഗിരിധർ പറഞ്ഞു
രക്തക്കുഴലിലൂടെ വ്യാപനം
നേരിട്ടുള്ള വ്യാപനത്തിനു പുറമേ രക്തക്കുഴൽ വഴി ശരീരത്തിന്റെ ഏതു ഭാഗത്തുമെത്താൻ ഈ ഫംഗസുകൾക്കു കഴിയും. ചെന്നെത്തുന്ന ശരീര ഭാഗങ്ങളിലെ രക്തക്കുഴലുകളും കോശങ്ങളും നശിക്കും. രക്തയോട്ടം നിലയ്ക്കുന്ന ഈ ഭാഗം കറുത്ത നിറമായി മാറും. ഫംഗസ് പടരുന്നത് ഒഴിവാക്കാനായി ഈ ഭാഗം മുറിച്ചു നീക്കം ചെയ്യുന്നതാണു പോംവഴി.
ഹൃദയം, കരൾ, വൃക്കകൾ, മസ്തിഷ്കം തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തേക്കു വേണമെങ്കിലും രക്തത്തിലൂടെ ഈ ഫംഗസുകൾക്ക് എത്തിച്ചേരാനാകും. തലച്ചോറിനെ ഇതു ബാധിച്ചു കഴിഞ്ഞാൽ അപസ്മാരം, ബോധക്ഷയം എന്നിവയും സംഭവിക്കാം. വളരെ വേഗം വ്യാപിക്കാനുള്ള കഴിവാണു ഫംഗസ് ഉണ്ടാക്കുന്ന ഏറ്റവും വലിയ പ്രശ്നം. രോഗപ്രതിരോധ ശേഷി കുറഞ്ഞ ഒരാളിൽ ഫംഗസ് പ്രവേശിച്ചു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗി ഗുരുതര സാഹചര്യത്തിലേക്ക് എത്തും.
തുടക്കത്തിലേ കണ്ടെത്തണം
ബ്ലാക്ക് ഫംഗസ് ബാധിതനായ രോഗിയെ ചികിത്സിച്ച അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ ഇഎൻടി വിഭാഗം മേധാവിയും സീനിയർ ഇഎൻടി സർജനുമായ ഡോ. പ്രശോഭ് സ്റ്റാലിൻ പറയുന്നു– ‘ബ്ലാക്ക് ഫംഗസ് രോഗബാധ തുടക്കത്തിലെ കണ്ടെത്തുന്നതു ചികിത്സയിലും രോഗമുക്തിയിലും നിർണായകമാണ്. നിയന്ത്രിതമല്ലാത്ത രീതിയിൽ പ്രമേഹമുള്ളവരും കോവിഡ് ബാധയെ തുടർന്ന് സ്റ്റിറോയ്ഡ് അമിതമായി ഉപയോഗിച്ചവരും അതീവ ജാഗ്രത പുലർത്തണം. മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധിതനാകുന്ന രോഗി വളരെ വേഗത്തിൽ തന്നെ ഗുരുതരമായ അവസ്ഥയിലെത്താം. ആദ്യ ലക്ഷണങ്ങൾ തന്നെ തിരിച്ചറിഞ്ഞു ചികിത്സ തേടണം. വളരെ പെട്ടെന്നു തന്നെ ഫംഗസ് ബാധിച്ച ശരീര ഭാഗം പൂർണമായി നീക്കം ചെയ്യുകയെന്നതു മാത്രമാണു പോംവഴി. കണ്ണിനെയാണു ബാധിക്കുന്നതെങ്കിൽ കണ്ണു തന്നെ പൂർണമായി നീക്കം ചെയ്യേണ്ടി വരും. രക്തത്തിൽ കലർന്ന ഫംഗസുകളെ നീക്കം ചെയ്യാൻ ശക്തമായ ആന്റി ഫംഗൽ ഇൻജക്‌ഷനുകളും മരുന്നുകളും മാസങ്ങളോളം കഴിക്കണം. രോഗം ബാധിച്ചവരിലെ മരണ നിരക്ക് കൂടുതലാണെന്നതും മരുന്നുകൾക്കു ചെലവേറെയാണെന്നുള്ളതുമാണു പ്രശ്നം’’.
ശസ്ത്രക്രിയയും ആന്റി ഫംഗൽ ഇൻജക്‌ഷനും
ഫംഗസ് ബാധിച്ച ശരീര ഭാഗം നീക്കം ചെയ്യുകയെന്നതാണ് ആദ്യ നടപടി. രോഗം കണ്ടെത്തി ഏറ്റവും വേഗത്തിൽ ഇതു ചെയ്യണം. മൂക്കിലെ ഫംഗസ് സാന്നിധ്യം ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയിലൂടെ വളരെ വേഗം കണ്ടെത്താനാകും. ഫംഗസ് ബാധിച്ച ഭാഗം നീക്കം ചെയ്തതുകൊണ്ടു മാത്രം ചികിത്സ തീരുന്നില്ല. രക്തത്തിലെ ഫംഗസ് സാന്നിധ്യം ഇല്ലാതാക്കാനായി ആംഫോടെറിസിൻ– ബി എന്ന ആന്റി ഫംഗൽ ഇൻജക്‌ഷൻ 2 മാസത്തോളം നൽകേണ്ടതായി വരും.
ആംഫോടെറിസിൻ മരുന്നിന്റെ ഉപയോഗം വൃക്കയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ കരുതലോടെ മാത്രമേ ഇത് ഉപയോഗിക്കാനാകൂ. വ്യത്യസ്ത തരങ്ങളിലുള്ള ആംഫോടെറിസൻ– ബി മരുന്നുകൾ ലഭ്യമാണ്. ഇതിൽ പാർശ്വഫലങ്ങൾ പരമാവധി കുറഞ്ഞ മരുന്നു വേണം ഉപയോഗിക്കാൻ. എന്നാൽ, ഇതിനു വില വളരെയേറെ കൂടുതലാണ്.
മരുന്നു ലഭ്യത കുറവാണെന്നതും മ്യൂക്കർമൈക്കോസിസ് ചികിത്സയിൽ വെല്ലുവിളിയാണ്. വളരെ കുറച്ചു ആംഫോടെറിസിൻ മരുന്നു മാത്രമാണ് ആശുപത്രികളിൽ സംഭരിക്കുന്നത്. ഉൽപാദനവും പരിമിതമാണ്. മരുന്ന് ഉൽപാദിപ്പിക്കാനുള്ള ഉയർന്ന ചെലവും രോഗികളുടെ എണ്ണത്തിലുള്ള കുറവുമാണ് ഉൽപാദനം കുറയാൻ കാരണം.
ഫോട്ടോസെൻസിറ്റീവായ മരുന്നായതിനാൽ വെളിച്ചത്തിലേക്കു തുറന്നാൽ ആംഫോടെറിസിൻ ബി മരുന്നിന്റെ ഫലപ്രാപ്തി കുറയുമെന്ന് അബുദബി ബുർജീൽ മെഡിക്കൽ സെന്ററിലെ ഇഎൻടി സ്പെഷലിസ്റ്റ് ഡോ. ജത്തിൻ സാം തെക്കേതിൽ പറഞ്ഞു. അതുകൊണ്ടു തന്നെ മരുന്നിന്റെ ഗതാഗതത്തിലും സംഭരണത്തിലും പരമാവധി ശ്രദ്ധ വേണം. കോവിഡ് ബാധിതരിൽ ബ്ലാക്ക് ഫംഗസ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ആംഫോടെറിസിൻ മരുന്നുകളുടെ സംഭരണത്തിലും സംസ്ഥാന സർക്കാർ ശ്രദ്ധ പുലർത്തണമെന്നു ഡോ. ജത്തിൻ പറഞ്ഞു.
English Summary: How Black Fungus and Mucormycosis Attacks Human Body? All You Need to Know