ADVERTISEMENT

ചിത്രശലഭത്തിന്‍റെ ആകൃതിയില്‍ കഴുത്തിന്‍റെ മുന്‍വശത്ത് കാണപ്പെടുന്ന അത്യന്തം സംവേദനക്ഷമമായ ചെറു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ മനുഷ്യരുടെ ശാരീരിക, മാനസികാരോഗ്യത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകൾ  ശരീരത്തില്‍ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. 

 

തൈറോയ്ഡ് ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഇതിന്‍റെ ഭാഗമായി അമിതക്ഷീണം, അതിയായ വിശപ്പ്, ഭാരം കുറയല്‍, അമിത ഹൃദയമിടിപ്പ്, വിറയല്‍, അമിതമായ വിയര്‍പ്പ്, ഉറക്കക്കറുവ്, അതിസാരം, ആര്‍ത്തവമുറയിലെ ക്രമക്കേടുകള്‍, കണ്ണ് പുറത്തേക്ക് തള്ളി വരുന്ന അവസ്ഥ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. നേരെ മറിച്ച് ആവശ്യത്തിന് തൊറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാത്ത രോഗാവസ്ഥയെ ഹൈപോ തൈറോയ്ഡിസം എന്ന് വിളിക്കുന്നു. ആര്‍ത്തവപ്രശ്നങ്ങള്‍, അമിതവണ്ണം, വന്ധ്യത, മലബന്ധം, മുടി കൊഴിച്ചില്‍, മുഖത്തും കാലിലും നീരുകെട്ടല്‍ എന്നിവയിലേക്ക് ഹൈപോ തൈറോയ്ഡിസം നയിക്കുന്നു. തൈറോയ്ഡ‍് പ്രശ്നങ്ങള്‍ ഉറക്കത്തെയും മൂഡിനെയുമെല്ലാം ബാധിക്കുന്നു. 

 

നമ്മുടെ ചില ശീലങ്ങള്‍ തൈറോയ്ഡ് പ്രശ്നങ്ങളെ രൂക്ഷമാക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അവ ഇനി പറയുന്നവയാണ്. 

 

1. അമിത സമ്മര്‍ദം

സമ്മര്‍ദ ഹോര്‍മോണുകള്‍ തൈറോയ്ഡിന്‍റെ പ്രവര്‍ത്തനത്തെ അമര്‍ത്തി വച്ച് ഹോര്‍മോണ്‍ ഉത്പാദനം കുറയ്ക്കുന്നു. തൈറോയ്ഡ് രോഗമുള്ളവരില്‍ കാര്യങ്ങള്‍ വഷളാക്കാന്‍ അമിതമായ മാനസിക സമ്മര്‍ദം കാരണമാകും. 

 

2. പുകവലി

പുകവലിയും തൈറോയ്ഡ് പ്രശ്നങ്ങളെ രൂക്ഷമാക്കുന്ന ദുശ്ശീലമാണ്. പുകയിലയിലെ ചില രാസവസ്തുക്കള്‍ തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തെ തടയുന്നു. 

 

3. അമിതഭാരം

തൈറോയ്ഡ് പ്രശ്നങ്ങളുടെ ഭാഗമായി അമിതഭാരം ഉണ്ടാകുന്നവര്‍ അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കാതിരിക്കുന്നതും കാര്യങ്ങള്‍ ഗുരുതരമാക്കും. അമിതവണ്ണം തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തെ കൂടുതല്‍ നിയന്ത്രിക്കാനിടയുണ്ട്. 

 

4. തൈറോയ്ഡ് മരുന്നുകള്‍ സോയ് ഉത്പന്നങ്ങള്‍ക്കൊപ്പം

തൈറോയ്ഡ് മരുന്നുകളുടെ ഒപ്പം സോയ് ഉത്പന്നങ്ങള്‍ കഴിക്കുന്നത് ഈ മരുന്നുകളുടെ ഗുണം കുറയ്ക്കും. മരുന്നുകള്‍ ശരീരത്തിലേക്ക് ശരിയായി വലിച്ചെടുക്കപ്പെടാതെ ഇരിക്കാന്‍ സോയ് ഉത്പന്നങ്ങള്‍ കാരണമാകും. 

 

5. ഉറക്കക്കുറവ്

ആറു മണിക്കൂറില്‍ താഴെ ഒരു ദിവസം ഉറങ്ങുന്നത് തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കും. ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിക്കാനും ഇത് ഇടയാക്കും. 

 

6. രോഗത്തെ അവഗണിക്കുന്നത്

തൈറോയ്ഡ് പ്രശ്നങ്ങളെ അവഗണിക്കുന്നതും മരുന്നുകള്‍ യഥാസമയം കഴിക്കാതിരിക്കുന്നതും സ്ഥിതി കൂടുതൽ മോശമാക്കും.

Content Summary : Habits that can make your thyroid problems worse 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com