മൂന്നാം തവണയും ക്ഷയം വന്നപ്പോൾ മരിക്കാൻ ഉറപ്പിച്ചു; പക്ഷേ തോറ്റില്ല, തോൽക്കുകയുമില്ല
ഒന്നും രണ്ടുമല്ല, മൂന്നുവട്ടം– അതെ മൂന്നുവട്ടമാണ് അവൻ ആക്രമിച്ചത്. അടിച്ചോടിക്കുക തന്നെ ചെയ്തു. എളുപ്പമേ ആയിരുന്നില്ല, കരഞ്ഞും മരിച്ചെങ്കിലെന്ന് ആശിച്ചും, ഇല്ല ഇനിയും ജീവിക്കുമെന്ന് ഉറപ്പിച്ചും ശരിക്കും യുദ്ധം തന്നെയായിരുന്നു. ഒന്നു പോകൂ, എന്നലറിയിട്ടും പിന്നാലെ വന്ന് ദ്രോഹിച്ച വില്ലന്റെ
ഒന്നും രണ്ടുമല്ല, മൂന്നുവട്ടം– അതെ മൂന്നുവട്ടമാണ് അവൻ ആക്രമിച്ചത്. അടിച്ചോടിക്കുക തന്നെ ചെയ്തു. എളുപ്പമേ ആയിരുന്നില്ല, കരഞ്ഞും മരിച്ചെങ്കിലെന്ന് ആശിച്ചും, ഇല്ല ഇനിയും ജീവിക്കുമെന്ന് ഉറപ്പിച്ചും ശരിക്കും യുദ്ധം തന്നെയായിരുന്നു. ഒന്നു പോകൂ, എന്നലറിയിട്ടും പിന്നാലെ വന്ന് ദ്രോഹിച്ച വില്ലന്റെ
ഒന്നും രണ്ടുമല്ല, മൂന്നുവട്ടം– അതെ മൂന്നുവട്ടമാണ് അവൻ ആക്രമിച്ചത്. അടിച്ചോടിക്കുക തന്നെ ചെയ്തു. എളുപ്പമേ ആയിരുന്നില്ല, കരഞ്ഞും മരിച്ചെങ്കിലെന്ന് ആശിച്ചും, ഇല്ല ഇനിയും ജീവിക്കുമെന്ന് ഉറപ്പിച്ചും ശരിക്കും യുദ്ധം തന്നെയായിരുന്നു. ഒന്നു പോകൂ, എന്നലറിയിട്ടും പിന്നാലെ വന്ന് ദ്രോഹിച്ച വില്ലന്റെ
ഒന്നും രണ്ടുമല്ല, മൂന്നുവട്ടം– അതെ
മൂന്നുവട്ടമാണ് അവൻ ആക്രമിച്ചത്.
അടിച്ചോടിക്കുക തന്നെ ചെയ്തു.
എളുപ്പമേ ആയിരുന്നില്ല, കരഞ്ഞും
മരിച്ചെങ്കിലെന്ന് ആശിച്ചും, ഇല്ല
ഇനിയും ജീവിക്കുമെന്ന് ഉറപ്പിച്ചും
ശരിക്കും യുദ്ധം തന്നെയായിരുന്നു.
ഒന്നു പോകൂ, എന്നലറിയിട്ടും
പിന്നാലെ വന്ന് ദ്രോഹിച്ച
വില്ലന്റെ പേര് ക്ഷയം.
തോൽക്കില്ലെടോ എന്ന്
ജയിച്ചു കയറിയ
നായികയുടെ പേര് ദിവ്യ സോജൻ.
2011; ക്ഷയവുമായി ആദ്യം നേർക്കുനേർ
ഇരുപത്തിമൂന്നാം വയസ്സ്. ജീവിതം അതിന്റെ സകല പ്രതീക്ഷകളോടും കൂടി നിറഞ്ഞുനിൽക്കുകയാണ്. അന്നു മുംബൈയിൽ നഴ്സിങ് പഠിക്കുകയാണ് പത്തനംതിട്ടക്കാരി ദിവ്യ. ചുറുചുറുക്കോടെ ജോലി ചെയ്യണം, പിജിയെടുക്കണം, വിദേശത്തുപോകണം – സ്വപ്നങ്ങളുണ്ട്, ഒരുപാട്. പൊടുന്നനെ ഒരുനാൾ നെഞ്ചിനകത്ത് കുത്തിക്കുത്തി വേദന. എക്സ് റേ എടുത്തപ്പോൾ ശ്വാസകോശത്തിൽ നേരിയ പാട (പാച്ച്) പോലെ അണുബാധ. ‘‘ ക്ഷയം ആണെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ വലിയ ഭയമോ ആശങ്കയോ തോന്നിയില്ല. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിക്ക് മരുന്നുകളോ പ്രതിരോധിക്കുന്ന തരം (ഡ്രഗ് റെസിസ്റ്റന്റ്) ടിബി വന്നിരുന്നു. അവൾ ചികിത്സയിലൂടെ സുഖപ്പെട്ടതും ചുറ്റും കാണുന്ന പല രോഗികളും ക്ഷയത്തെ തോൽപിച്ചതുമൊക്കെ അറിയാവുന്നതു കൊണ്ട് കൂളായാണു കാര്യങ്ങളെ നേരിട്ടത്. 6 മാസത്തെ ചികിത്സയിൽ മരുന്നുകൾ കൃത്യമായി കഴിച്ചു. അതിനിടയിൽ ജോലിയും നോക്കി. കടുപ്പമേറിയ ജോലികൾ തരാതെ സഹപ്രവർത്തകർ സഹായിച്ചു. മാറ്റിനിർത്തലോ, കളിയാക്കലോ, വിവേചനമോ ഒന്നും നേരിട്ടില്ല. എല്ലാവരെയും പോലെ തന്നെ ഞാനും മുന്നോട്ടുപോയി. 6 മാസം കഴിഞ്ഞുള്ള എക്സ് റേയിലും പാച്ച് പോയില്ലെന്നു കണ്ടതോടെ 3 മാസം കൂടി മരുന്നു തുടർന്നു. ഒടുവിൽ ലക്ഷണങ്ങളെല്ലാം മാറിയപ്പോൾ മരുന്നു നിർത്തുകയും ചെയ്തു. ഹോ, അതങ്ങനെ തീർന്നല്ലോ എന്ന വലിയ ആശ്വാസമായിരുന്നു അപ്പോൾ, ’’ ദിവ്യ പറയുന്നു.
ഒരുമാസം ആശുപത്രിയിൽ; അന്നു കണ്ടു മാലാഖമാരെ
2012ൽ ഡൽഹിയിൽ ജോലിക്കെത്തിയ ദിവ്യ എൻട്രൻസ് വിജയിച്ച് എയിംസിൽ എംഎസ്‌സി നഴ്സിങ് കോഴ്സിനു ചേർന്നതു 2014ലാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നിൽ ആവേശത്തോടെ പഠനം തുടങ്ങിയ കാലം. പക്ഷേ, കുറച്ചുനാൾ പിന്നിട്ടപ്പോൾ വീണ്ടും പഴയ ക്ഷീണം, നെഞ്ചിലെ വേദന... ആശങ്കയ്ക്കൊടുവിൽ എക്സ് റേയിൽ വീണ്ടും കണ്ടു മുൻപത്തേക്കാൾ വലിയ അണുബാധ. ‘‘ പിന്നെയും ക്ഷയം ബാധിച്ചെന്നറിഞ്ഞപ്പോൾ ഉൾക്കൊള്ളാൻ വലിയ വിഷമം തോന്നി. ആദ്യത്തെ തവണ മരുന്നുകൾ മാത്രമായിരുന്നല്ലോ. പക്ഷേ, ഇത്തവണ മരുന്നും കുത്തിവയ്പും ഉണ്ടായിരുന്നു. പിന്നെ, ഒന്നിടവിട്ട ദിവസങ്ങളിൽ ശ്വാസകോശത്തിൽ നിന്ന് ഫ്ലൂയിഡ് (ദ്രവം) കുത്തിക്കളയുകയും വേണമായിരുന്നു. ആഴ്ചയിൽ പലവട്ടം ഫ്ലൂയിഡ് കുത്തിയെടുക്കുന്നതിനു പകരം ട്യൂബ് ഇടാമെന്നു ഡോക്ടർമാർ നിർദേശിച്ചു. പക്ഷേ, അന്ന് എന്നെ നോക്കിയിരുന്ന ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു– അവൾക്കു ക്ലാസിൽ പോകണം, പഠിക്കണം ട്യൂബ് ഇടേണ്ട എന്ന്. ഇപ്പോൾ അദ്ദേഹം എയിംസിന്റെ ഡയറ്കടർ ആണെന്നറിയാമല്ലോ. ക്ലാസും പഠനവും ക്ലിനിക്കൽ പരിശീലനവും ഒപ്പം ചികിത്സയുമായി ഞാൻ പരമാവധി പിടിച്ചു നിന്നു. പക്ഷേ, ഒന്നരമാസം പിന്നിട്ടപ്പോഴേക്കും തളർന്നുപോയി. ഒരു മാസം അഡ്മിറ്റാകേണ്ടി വന്നു. അന്ന് വീട്ടിലെ ചില പ്രശ്നങ്ങൾ കൊണ്ട് അച്ഛനും അമ്മയ്ക്കും എത്താൻ പറ്റിയില്ല. ഒറ്റയ്ക്ക് ആശുപത്രിയിൽ കിടക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞൊഴുകും.
പക്ഷേ അന്നു ഞാൻ കുറെ മാലാഖമാരെ കണ്ടു കേട്ടോ. ഒറ്റയ്ക്കാണെന്നു കേട്ടറിഞ്ഞ് ആഹാരവുമായി എത്തിയവർ, രാത്രിയിൽ പോലും സഹായത്തിനായി ഒപ്പം നിന്നവർ. അവരൊന്നും എന്റെ ബന്ധുക്കളോ പരിചയക്കാരോ ആയിരുന്നില്ല. സ്നേഹവും കാരുണ്യവുമുള്ള കുറെ മനുഷ്യർ. അല്ല മനുഷ്യർക്കിടയിലെ മാലാഖമാർ. 8 മാസത്തിനു ശേഷമാണ് ക്ഷയരോഗം മാറിയതും ചികിത്സ നിർത്തിയതും. അക്കാലം ആലോചിക്കാൻ ഇന്നും എളുപ്പമല്ല. കൂടെയുള്ളവരും അധ്യാപകരും ഒത്തിരി സഹായിച്ചു. എങ്കിലും ചിലരൊക്കെ ചോദിച്ചു പഠിത്തം നിർത്തിക്കൂടേ എന്ന്. ’’ ടിബിയുമായുള്ള രണ്ടാം വട്ട ഏറ്റുമുട്ടലിനെക്കുറിച്ച് ദിവ്യയുടെ വാക്കുകൾ.
വീണ്ടും രോഗത്തിന്റെ ആക്രമണം, ഇക്കുറി എംഡിആർ ടിബി
എയിംസിൽ ജോലി ചെയ്യുന്നതിനിടെ 2019ലാണ് വിദേശത്തു പോയാൽക്കൊള്ളാമെന്നു ദിവ്യ ചിന്തിച്ചത്. അതിനു മുന്നോടിയായി പരിശോധിച്ചപ്പോൾ അതാ വീണ്ടും ക്ഷയത്തിന്റെ ക്രൂരമായ ആക്രമണം. ‘‘ചുമയും കഫവും എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് കഫ പരിശോധന നടത്താൻ പറ്റാതെ വന്നതോടെ ബ്രോങ്കോസ്കോപി ചെയ്യേണ്ടി വന്നു. സീനിയറായ ഒരാളോട് ചേച്ചി എനിക്ക് ഈ ടെസ്റ്റിനുള്ള ഫോം ബന്ധുവിന്റെ സ്ഥാനത്തു നിന്ന് ഒപ്പിട്ടു തരുമോ എന്നു ചോദിച്ചതോർക്കുമ്പോൾ ഇപ്പോഴും തൊണ്ടയിലേക്ക് ഒരു തേങ്ങൽ വരും. ഇക്കുറി സാധാരണ ക്ഷയം ആയിരുന്നില്ല. മരുന്നുകളെ പ്രതിരോധിക്കുന്ന തരം (മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് –എംഡിആർ) ടിബി ആണെന്നായിരുന്നു കണ്ടെത്തൽ. തകർന്നു തരിപ്പണമായിപ്പോയി. എല്ലാ പ്രതീക്ഷകളും അവിടെ തീർന്നതുപോലെ. മനസ്സും ശരീരവും തകർന്നടിഞ്ഞാണു ഞാൻ ലീവ് എടുത്ത് നാട്ടിലേക്കു പോന്നത്,’’ ടിബിയുമായി മൂന്നാമത്തെ നേർക്കുനേർ പോരാട്ടത്തെക്കുറിച്ച് ദിവ്യ.
ദിവസം 22 ഗുളികകൾ, കുത്തിവയ്പ്; മാറ്റിനിർത്തൽ, മരിക്കാൻ തോന്നിപ്പോയി
‘‘ ഡൽഹിയിൽ നിന്നു നാട്ടിലെത്തിയതു വലിയ ആശ്വാസമായിരുന്നു. കോഴഞ്ചേരി ആശുപ്രതിയിലായിരുന്നു ചികിത്സ. രാവിലെ വല്ല ബിസ്കറ്റോ ചായയോ കുടിച്ച് ആശുപത്രിയിൽ ചെന്ന് കുത്തിവയ്പെടുക്കും. കടുത്ത ക്ഷീണത്തിലാണു തിരിച്ചുവരവ്. പച്ചവെള്ളം കുടിച്ചാൽ പോലും ഛർദിക്കും. ദിവസം 22 ഗുളികകൾ കഴിക്കണം. ഛർദിയുള്ളതുകൊണ്ട് അതിനുള്ള മരുന്ന് വേറെ. ചികിത്സ തുടങ്ങിയതോടെ ചുമ തുടങ്ങി. അതും വല്ലാത്ത ചുമ. ചുറ്റും താമസിച്ചിരുന്ന ചിലരൊക്കെ അതോടെ വീട്ടിലേക്കു വരാതായി. അതേസമയം എന്തിനും ഞങ്ങളുണ്ട് കൂടെ എന്നു പറഞ്ഞു കയറിവന്നവരുമുണ്ട്. പലപ്പോഴും എന്തിനെന്നറിയാതെ ഞാൻ കരയും. ഒരു കാര്യവുമില്ലാതെ തേങ്ങും. എന്തിനു ജീവിക്കണമെന്നോർക്കും. മരിക്കാമെന്നു ചിന്തിക്കും. ഇപ്പോൾ മനസ്സിലാകുന്നുണ്ട് അന്നു ഞാൻ കടുത്ത വിഷാദത്തിൽ ആയിരുന്നെന്ന്.
കോഴഞ്ചേരിയിലെ ഡോക്ടറും ആരോഗ്യപ്രവർത്തകരും ഒരുപാട് സഹായിച്ചു. എന്നാൽ, എയിംസിൽ നിന്ന് തിരികെച്ചെല്ലാൻ ആവശ്യപ്പെട്ട് മെമ്മോ വന്നു തുടങ്ങിയതോടെ തിരിച്ചുപോകേണ്ടി വന്നു. പക്ഷേ, അവിടെ കാര്യങ്ങളത്ര നല്ലതായിരുന്നില്ല. ചിലരെല്ലാം മാറ്റിനിർത്താനും വിവേചനം കാട്ടാനും തുടങ്ങി. അടുത്തേക്കു ചെല്ലുമ്പോൾ അവർ മാറിപ്പോകും. ഞാൻ ഭക്ഷണം കഴിക്കുന്നിടത്തു നിന്ന് എഴുന്നേറ്റുമാറും. മരുന്നു മുടങ്ങാതെ കഴിക്കാനായി നൈറ്റ് ഡ്യൂട്ടിയിൽ നിന്ന് ഒന്നു മാറ്റിത്തരുമോ എന്നു ചോദിച്ചു പുറകെ നടന്നിട്ടുണ്ട് പലപ്പോഴും. കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. വീട്ടുകാർ അടുത്തില്ലാത്തപ്പോൾ വീട്ടുകാരായി മാറുന്ന കൂട്ടുകാരുണ്ട്. അവരായിരുന്നു എന്റെ ഏക ബലം. മുൻപ് 2014ൽ ആശുപത്രിൽ കിടന്ന സമയത്ത് ചില സഹപ്രവർത്തകർ പനി പരിശോധിക്കാനായി മുറിയിലേക്കു കടക്കില്ല. പുറത്തു നിന്ന് തെർമോമീറ്റർ നീട്ടിത്തരും. ഒറ്റപ്പെട്ട് ആശുപത്രി മുറിയിൽ കഴിയുന്ന ക്ഷയരോഗിയുടെ വേദന പറഞ്ഞറിയിക്കാനാകില്ല. കോവിഡ് കാലത്ത് ഐസലേഷനിൽ കിടന്നപ്പോൾ പലരും ആ ഒറ്റപ്പെടലിന്റെ മറ്റൊരു രൂപം പരിചയപ്പെട്ടു കാണും,’’ ദിവ്യ പറയുന്നു. രോഗത്തിന്റെ കടുപ്പവും ചികിത്സയുടെ ഭാരവും പേറി ജോലി ചെയ്യുമ്പോൾ സഹായിച്ചില്ലെങ്കിലും തളർത്തിക്കളയരുത് എന്ന ഓർമപ്പെടുത്തൽ കൂടിയുണ്ട് ആ വാക്കുകളിൽ.
ക്ഷയവും സ്ത്രീകളും ‘ദ് യൂണിയനും’
ക്ഷയം, മറ്റു ശ്വാസകോശ രോഗങ്ങൾ എന്നിവയെ നേരിടാനായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് ദ് യൂണിയൻ. 2020ലെ യൂണിയൻ ലോക സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ ദിവ്യ സോജൻ തന്റെ അനുഭവങ്ങൾ പങ്കിട്ടു. ‘‘ ലോകവേദിയിൽ തലയുയർത്തിപ്പിടിച്ചു സംസാരിച്ചപ്പോഴാണ് എനിക്ക് ഇത്തരം കാര്യങ്ങളെല്ലാം തുറന്നു പറയാനാകുമെന്ന ധൈര്യം അനുഭവപ്പെട്ടത്. ഉൾക്കരുത്ത് തോന്നിയത്. നമ്മുടെ വാക്കുകൾ രോഗം മൂലം വലയുന്ന ഒട്ടേറെപ്പേർക്കു തുണയാകുമെന്നു മനസ്സിലായത്.,’’ ദിവ്യ പറയുന്നു.
ക്ഷയം ബാധിക്കുന്ന എല്ലാവർക്കും വിഷമങ്ങൾ പലതുണ്ടങ്കിലും സ്ത്രീകൾക്ക് അവിടെയും ചില സങ്കടങ്ങൾ കൂടുതലുണ്ടെന്ന് ദിവ്യ ഓർമിപ്പിക്കുന്നു. ‘ പീരീഡ്സിനു മുൻപുള്ള മൂഡ് പ്രശ്നങ്ങൾ (പ്രീ മെൻസ്ട്രുവൽ സിൻഡ്രോം– പിഎംഎസ്) നന്നായിട്ട് ഉള്ളയാളാണു ഞാൻ. രോഗവും മരുന്നുകളും കൂടിയായപ്പോൾ പിഎംസ് വല്ലാതെ കൂടി. മൂഡ് മാറി മറിയുന്ന അവസ്ഥയിൽ ശരിക്കു കഷ്ടപ്പെട്ടു. അതുപോലെ, പല സ്ത്രീകളിലും വന്ധ്യതാ പ്രശ്നം കാണാറുണ്ട്. മറ്റൊന്ന്, വിവാഹാലോചന നടക്കുമ്പോൾ രോഗവിവരം പറയാനുള്ള പ്രയാസമാണ്. സ്ത്രീകൾക്കു ക്ഷയം ബാധിക്കുന്നത് ഇപ്പോഴും പലർക്കും എന്തോപോലെയാണ്. മരുന്നുകൾ ഉള്ളിൽച്ചെലുമ്പോൾ നല്ല ആഹാരം കഴിക്കണം. പക്ഷേ പലപ്പോഴും സ്ത്രീകൾക്കു പോഷകഗുണമുള്ള ഭക്ഷണം കിട്ടാൻ അത്ര എളുപ്പമല്ല. മിക്ക സ്ത്രീകളും വീട്ടുകാരെ നല്ല വണ്ണം ഊട്ടി, സ്വയം ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവരാണ്. ഡൽഹിയിൽ കണ്ട ചില ക്ഷയരോഗികൾ പറഞ്ഞത് ഭർത്താവിന്റെ വീട്ടിൽ കഴിയുമ്പോഴുള്ള പ്രശ്നങ്ങളെക്കുറിച്ചാണ്. സ്വന്തം വീട്ടിൽ കിട്ടുന്ന ശ്രദ്ധ മരുമകളായി ചെല്ലുന്നിടത്തു കിട്ടില്ലല്ലോ എന്ന്. ചിലരാകട്ടെ ചികിത്സക്കാലത്തു കിട്ടുന്ന 500 രൂപ പോലും ഭർത്താവിന്റെയും കുട്ടികളുടെയും ആവശ്യത്തിനു മാറ്റിവയ്ക്കുന്നതു കണ്ടു.’
പഠിച്ചതെന്ത്, പറയാനുള്ളതെന്ത്; ദിവ്യ മനസ്സു തുറക്കുന്നു
∙ ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടം എന്നെ കൂടുതൽ കരുത്തയാക്കി. ചുറ്റുമുള്ളവർക്ക് ആത്മവിശ്വാസം പകരാനും അവർക്കു വേണ്ട നിർദേശങ്ങൾ കൊടുക്കാനുമാകുന്നുണ്ട്.
∙ കട്ടയ്ക്കു കൂടെ നിൽക്കാൻ ആളുണ്ടെങ്കിൽ ഏതു വെല്ലുവിളിയെയും നമുക്കു നേരിടാം. ക്ഷയരോഗിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതു മനസ്സിലാക്കുമല്ലോ.
∙ ക്ഷയം നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് എല്ലാവരും ജാഗ്രതയോടെ, ശുചിത്വത്തോടെ, നല്ല പ്രതിരോധശേഷിയോടെ ജീവിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തുകയും മുറ്റത്തും പൊതുസ്ഥലത്തും തുപ്പാതിരിക്കുകയും വേണം. നമ്മുടെ നാട്ടിൽ ഇക്കാര്യങ്ങൾ കുറേയേറെ പാലിക്കപ്പെടുന്നുണ്ടെന്നതാണ് ആശ്വാസം.
∙ ആരോഗ്യപ്രവർത്തകർ സ്വന്തം ആരോഗ്യം നോക്കണം. എനിക്ക് മൂന്നാമതു ടിബി വന്ന സമയത്ത് വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം ഞാൻ നന്നായി ആഹാരം കഴിക്കുന്നുണ്ടായിരുന്നില്ല. അതു പ്രതിരോധ ശേഷിയെ ബാധിച്ചിരിക്കണം. ആരോഗ്യപ്രവർത്തകർ കൃത്യമായി പോഷകാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്.
∙ ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം അതതു സ്ഥാപനങ്ങളുടെ കൂടി കടമയല്ലേ? ജോലി സ്ഥലത്തു നിന്ന് രോഗങ്ങൾ പിടിപെടുമ്പോൾ അവരെ സംരക്ഷിക്കാനുള്ള പദ്ധതികളും ചട്ടങ്ങളും ഉണ്ടാകണം. ചികിത്സയ്ക്കായുള്ള എല്ലാ സൗകര്യവും ഒരുക്കണം.
∙ ടിബി ചികിത്സ തേടുന്നവർക്ക് കൗൺസലിങ്ങും മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ലഭ്യമാക്കണം.
∙ ടിബി ചികിത്സയ്ക്കിടെ വരുമാനം മുടങ്ങുന്നവർക്കും കൈത്താങ്ങേകാൻ സർക്കാരിനും സമൂഹത്തിനുമായില്ലെങ്കിൽ അവർ തകർന്നുപോകും.
∙ ടിബിയുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനങ്ങൾ അവസാനിപ്പിക്കാൻ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും അവബോധമുള്ളവരാകുകയും നല്ല ചികിത്സ തേടുകയും വേണം.
ഇന്നലെകളെക്കുറിച്ചു പറയുമ്പോൾ പലപ്പോഴും ദിവ്യയുടെ ഒച്ചയിടറി, വാക്കുകളിലേക്കു സങ്കടം ഇരച്ചെത്തി. ‘സോറി’ എന്നു പറഞ്ഞുകൊണ്ട് ദിവ്യ ചിരി വീണ്ടെടുത്തു എന്നിട്ടു പറഞ്ഞു നിർത്തി, ‘മാറ്റിനിർത്തലും ഒറ്റപ്പെടുത്തലുമൊക്കെ എത്ര വേദനയുള്ളതാണെന്നു കോവിഡ് കാലത്തു പലർക്കും മനസ്സിലായിട്ടുണ്ടാകും. മാസ്കിട്ടു വരുന്ന ക്ഷയരോഗിയോടു വിവേചനം കാട്ടിയ ലോകത്ത് ഇന്ന് എല്ലാവരും മാസ്കിട്ടു നടക്കുന്നു. ജീവിതം ഇത്രയൊക്കെയേ ഉള്ളൂ എന്ന വലിയ പാഠവും കോവിഡിലൂടെ ലോകം പഠിച്ചു കാണും. അതെ, ജീവിതം ഒന്നേയുള്ളൂ. അതു സന്തോഷത്തോടെ നമുക്കു ജീവിച്ചു തീർക്കാം. സ്നേഹമുള്ളവരെയും വീഴ്ചയിൽ കൈവിടാത്തവരെയും മാത്രം ഒപ്പം കൂട്ടാം. സങ്കടപ്പെട്ട് മനസ്സിനെ തളർത്തിയും ശരീരത്തെ അവഗണിച്ചും രോഗങ്ങളെ വിളിച്ചു വരുത്താതിരിക്കാം. Let us live life to the fullest!’’
Content Summary : Divya shares her TB Experience, World TB Day