‘മങ്കിപോക്സ് ബാധിതരിൽ 99.5 ശതമാനവും പുരുഷൻമാർ ; ബ്രേക്ക് ദ് ചെയ്ൻ ഇക്കുറി സാധ്യമായേക്കില്ല’

കൊച്ചി ∙ ഒടുവിൽ കേരളത്തിലും ‘മങ്കിപോക്സ്’ രോഗബാധയെത്തി. ലോകം മുഴുവൻ ഈ വൈറസിനെ സാമാന്യം ഭീതിയോടെ തന്നെയാണു കാണുന്നത്. ഇതുവരെ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത പുതിയ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ ഈ വൈറസ് എത്തിയിരിക്കുന്നത് എന്നതാണ് ഇതിനുള്ള പ്രധാന കാരണം....Monkeypox, Causes, Symptoms, Treatment, Prevention
കൊച്ചി ∙ ഒടുവിൽ കേരളത്തിലും ‘മങ്കിപോക്സ്’ രോഗബാധയെത്തി. ലോകം മുഴുവൻ ഈ വൈറസിനെ സാമാന്യം ഭീതിയോടെ തന്നെയാണു കാണുന്നത്. ഇതുവരെ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത പുതിയ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ ഈ വൈറസ് എത്തിയിരിക്കുന്നത് എന്നതാണ് ഇതിനുള്ള പ്രധാന കാരണം....Monkeypox, Causes, Symptoms, Treatment, Prevention
കൊച്ചി ∙ ഒടുവിൽ കേരളത്തിലും ‘മങ്കിപോക്സ്’ രോഗബാധയെത്തി. ലോകം മുഴുവൻ ഈ വൈറസിനെ സാമാന്യം ഭീതിയോടെ തന്നെയാണു കാണുന്നത്. ഇതുവരെ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത പുതിയ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ ഈ വൈറസ് എത്തിയിരിക്കുന്നത് എന്നതാണ് ഇതിനുള്ള പ്രധാന കാരണം....Monkeypox, Causes, Symptoms, Treatment, Prevention
കൊച്ചി ∙ ഒടുവിൽ കേരളത്തിലും ‘മങ്കിപോക്സ്’ (Monkeypox) രോഗബാധയെത്തി. ലോകം മുഴുവൻ ഈ വൈറസിനെ സാമാന്യം ഭീതിയോടെ തന്നെയാണു കാണുന്നത്. ഇതുവരെ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത പുതിയ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ ഈ വൈറസ് എത്തിയിരിക്കുന്നത് എന്നതാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ, 1980 ൽ ലോകത്തുനിന്നു തുടച്ചു നീക്കിയ വസൂരി പോലെ തീവ്രമല്ല മങ്കിപോക്സെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. രോഗബാധയുടെ തുടക്കത്തിൽത്തന്നെ നിയന്ത്രണങ്ങൾ ശക്തമാക്കിയാൽ മങ്കിപോക്സിനെ പിടിച്ചു കെട്ടാനാകും.
1970 ൽ കോംഗോയിൽ 9 മാസം പ്രായമുള്ള കുഞ്ഞിനാണ് ആദ്യമായി മനുഷ്യരിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. എന്നാൽ അതിനും മുൻപു തന്നെ ആഫ്രിക്കയിലെ ചില മൃഗങ്ങളിൽ ഈ വൈറസ് ബാധയുണ്ടായിരുന്നു. അതു മനുഷ്യരിലേക്ക് എത്തിയിരുന്നില്ലെന്നു മാത്രം. മനുഷ്യരിൽ എത്തുന്നതിന് ഏറെ വർഷങ്ങൾക്കു മുൻപ്, 1958ൽ ഡെൻമാർക്കിലെ ഒരു ലാബിലുള്ള കുരങ്ങുകളിലാണ് ആദ്യമായി മങ്കിപോക്സ് കണ്ടെത്തിയത്.
കേരളത്തിലും മങ്കിപോക്സ് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധൻ ഡോ. രാജീവ് ജയദേവൻ സംസാരിക്കുന്നു.
∙ കേരളത്തിലും മങ്കിപോക്സ്! നമ്മൾ പേടിക്കേണ്ടതുണ്ടോ?
കേരളത്തിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള മങ്കിപോക്സ് ബാധ വ്യക്തിയിൽനിന്നു വ്യക്തിയിലേക്കു പകർന്നതാണ്. ഒരു പുതിയ രോഗം അഥവാ അണുബാധ ഉണ്ടാകുമ്പോൾ ബോധവൽക്കരണവും രോഗിയുടെ സമ്പർക്കങ്ങൾ കണ്ടെത്തുന്നതും ഏറെ പ്രധാനപ്പെട്ടതാണ്. രോഗ വ്യാപനത്തിന്റെ തുടക്കത്തിൽ അതിനെ ശാസ്ത്രീയമായി നേരിടണം. നമ്മുടെ ലക്ഷ്യം, കൂടുതൽ പേരിലേക്ക് എത്താതെ ഈ വൈറസ് ബാധയെ പിടിച്ചു നിർത്തുകയെന്നതാണ്. തുടക്കത്തിൽത്തന്നെ രോഗികളെ കണ്ടെത്തി ഐസലേറ്റ് ചെയ്താൽ വൈറസ് ബാധ നിയന്ത്രിക്കാം.
കോവിഡിന്റെ തുടക്കകാലത്ത് നമ്മൾ അതിനെ നേരിട്ട രീതി വളരെയധികം ഫലപ്രദമായിരുന്നു. പരിശോധന, സമ്പർക്ക പട്ടിക തയാറാക്കൽ, ഐസലേഷൻ തുടങ്ങിയവ വഴി വൈറസിന്റെ പാതയിൽ നാം പല തരം വിലങ്ങു തടികളും ഇട്ടിരുന്നു. വാക്സീൻ ഇല്ലാതിരുന്ന താരതമ്യേന അപകടകരമായ ആദ്യ ഘട്ടത്തിൽ അനിയന്ത്രിതമായ വ്യാപനം ഒഴിവാക്കാനും അങ്ങനെ മരണങ്ങൾ ഏറെ കുറയ്ക്കാനും അതുവഴി നമുക്കു സാധിച്ചു. എന്നാൽ കൊറോണ വൈറസിനെ നമുക്ക് ഒരു പരിധിക്കപ്പുറം പിടിച്ചു കെട്ടാൻ കഴിയുമായിരുന്നില്ല. ആ വൈറസ് വായുവിലൂടെ വേഗത്തിൽ പകരുന്നതായിരുന്നു. എന്നാൽ മങ്കിപോക്സ് വൈറസ് അത്തരത്തിലുള്ളതല്ല. അതുകൊണ്ട് അവയെ നിയന്ത്രിക്കുന്നതു താരതമ്യേന എളുപ്പമാണ്.
തുടക്കത്തിൽ സൂക്ഷിച്ചാൽ ഇത്തരം സാംക്രമിക രോഗങ്ങളെ നമുക്കു തളയ്ക്കാം. യൂറോപ്പിലെ പോലെ എല്ലായിടത്തേക്കും ഗുപ്തമായും അല്ലാതെയും വൻ തോതിൽ വ്യാപിച്ചു കഴിഞ്ഞ ശേഷം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. നമ്മുടെ രാജ്യത്ത് രോഗബാധ കണ്ടെത്തിയ ഉടൻ ശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണു നല്ലത്.
∙ മങ്കിപോക്സ് വൈറസ് ബാധിതരായ എല്ലാവരെയും നമുക്കു കണ്ടെത്താൻ കഴിയുമോ?
ഒരാൾക്ക് രോഗബാധ കണ്ടെത്തിയാൽ അയാളുമായി കാര്യമായ ശാരീരിക സമ്പർക്കമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞ് ഐസലേറ്റ് ചെയ്തു നിരീക്ഷണത്തിലാക്കുകയെന്നതു തന്നെയാണു പ്രതിരോധ തന്ത്രം. അതുവഴി, വൈറസ് ബാധിതരുടെ കണ്ണി മുറിക്കാൻ നമുക്കു കഴിയും (കോവിഡ് കാലത്തെ ബ്രേക്ക് ദ് ചെയിൻ തന്നെയാണ് മറ്റൊരു ലെവലിൽ ഇവിടെയും നടപ്പാക്കേണ്ടത്). പക്ഷേ, നമ്മൾ അറിയാതെ ഈ വൈറസ് ഏതെങ്കിലും നെറ്റ്‌വർക്കിൽ ഇതിന്റെ വ്യാപനം നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഒരാൾക്കു മങ്കിപോക്സ് കിട്ടാനുള്ള ഏറ്റവും വലിയ സാധ്യത പങ്കാളിയിൽ നിന്നാണ്. പങ്കാളിക്കു രോഗമില്ലെങ്കിൽ നമുക്കു രോഗം ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. അഥവാ പങ്കാളിക്ക് എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണം.
∙ മങ്കിപോക്സ് എങ്ങനെയാണു പകരുന്നത്?
വായുവിലൂടെയല്ല മങ്കിപോക്സ് വൈറസ് വ്യാപിക്കുന്നത്. വൈറസ് പ്രവേശിക്കുന്നതു ശരീരത്തിൽനിന്നു ശരീരത്തിലേക്കാണ്. കാര്യമായ ശാരീരിക സമ്പർക്കം (substantial skin to skin contact) വഴി മാത്രമേ മങ്കിപോക്സ് പിടിപെടുകയുള്ളൂ. രണ്ടു വ്യക്തികൾക്കിടയിൽ ഉണ്ടാകുന്ന ഏതു തരത്തിലുള്ള അടുത്ത ശാരീരിക സമ്പർക്കവും ഇതിനു കാരണമാകാം. അത് ലൈംഗിക ബന്ധമോ മസാജ് പോലെയുള്ള ശാരീരിക സമ്പർക്കമോ ആകാം. വൈറസ് ബാധിച്ചവരുടെ ചർമങ്ങളിലും വായ, തൊണ്ട എന്നിവിടങ്ങളിലും ലൈംഗികാവയവങ്ങളിലും കുരുക്കളുണ്ടാകാം. കാഴ്ചയിൽ ചിക്കൻ പോക്സിനു സമാനമായ കുരുക്കളാണിവ. ഈ ഭാഗങ്ങളിൽ സമ്പർക്കമുണ്ടാകുമ്പോൾ വൈറസ് പകരാം.
സാധാരണഗതിയിൽ ജീവിത പങ്കാളികളിലാണ് ഈ വൈറസ് ബാധ പൊതുവേ കണ്ടു വരുന്നത്. ശരീരങ്ങൾ തമ്മിൽ അടുത്ത സമ്പർക്കമുണ്ടാകുന്നതു തന്നെയാണ് ഇതിനു കാരണം. വിദേശ രാജ്യങ്ങളിൽ രോഗികളെ ശുശ്രൂഷിച്ച ചില ആരോഗ്യ പ്രവർത്തകർക്കും മങ്കിപോക്സ് ബാധിച്ചിട്ടുണ്ട്. എന്നാൽ രോഗബാധയുള്ള വ്യക്തിയുമായി ഒരു മുറിയിൽ അൽപ സമയം സംസാരിച്ചതുകൊണ്ടോ ഒരേ വാഹനത്തിൽ യാത്ര ചെയ്തതുകൊണ്ടോ വൈറസ് ബാധിക്കില്ല.
ഈ വർഷം ഇതുവരെയുള്ള അനുഭവങ്ങൾ വച്ചു നോക്കുമ്പോൾ മങ്കിപോക്സ് ബാധിച്ച 99.5% പേരും പുരുഷൻമാരാണ്. സ്വവർഗ ലൈംഗിക ബന്ധവും ഇതിനു കാരണമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രോഗമുള്ള എല്ലാവർക്കും ഈ രീതിയിൽ തന്നെ വൈറസ് ബാധയുണ്ടാകണമെന്നില്ല. നിലവിൽ പുരുഷൻമാരിലാണു രോഗബാധ കൂടുതലെങ്കിലും ക്രമേണ ഇതു സ്ത്രീകളിലേക്കും വ്യാപിക്കും.
∙ ശരീരത്തിൽ മങ്കിപോക്സിന്റെ പ്രവർത്തനം എങ്ങനെയാണ്?
വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഒന്നു മുതൽ മൂന്നാഴ്ച വരെയാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം. പനി, ശരീരവേദന, ഏതു ഭാഗത്താണോ കുരുക്കൾ വരാൻ പോകുന്നത് ആ ഭാഗത്തെ കഴലകളുടെ വീക്കം എന്നിവയാണ് തുടക്കം. തുടർന്ന് ശരീരത്തിൽ ചുവന്ന പാടുകളുണ്ടാകുകയും അതു പഴുത്തു പൊട്ടുകയും പിന്നീട് കരിഞ്ഞുണങ്ങി കൊഴിഞ്ഞു പോകുകയും െചയ്യും.
മങ്കിപോക്സ് ബാധിച്ചുണ്ടാകുന്ന കുരുക്കൾ ചിക്കൻ പോക്സ് ബാധിച്ച് ഉണ്ടാകുന്നതിനു സമാനമാണ്. അതിനാൽ തന്നെ ചിക്കൻപോക്സായി ഇതു തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ചില മങ്കിപോക്സ് ബാധിതരിൽ കൈകാൽ വെള്ളകളിലും കുരുക്കൾ ഉണ്ടാകാം. ചിക്കൻ പോക്സിൽ ഇത്തരത്തിൽ കൈകാൽ വെള്ളകളിൽ കുരുക്കൾ ഉണ്ടാകാറില്ല. കുട്ടികളിലുണ്ടാകുന്ന നിസ്സാരമായ ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസിന്റെ ലക്ഷണങ്ങളും മങ്കിപോക്സുമായി തെറ്റിദ്ധാരണയുണ്ടാക്കാം. ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസിൽ കുരുക്കൾ ഉണ്ടാകില്ല. ശരീരത്തിൽ ചുവന്ന പാടുകളേ ഉണ്ടാകൂ.
∙ മങ്കിപോക്സും കുരങ്ങും തമ്മിൽ എന്താണു ബന്ധം?
കുരങ്ങാണ് മങ്കിപോക്സ് പരത്തുന്നത് എന്ന തെറ്റിദ്ധാരണ പൊതുവേയുണ്ട്. പലരും ചോദിക്കാറുണ്ട് ‘ഈ കുരങ്ങ് ഇതു പരത്തുന്നതായിട്ടാണല്ലോ കേൾക്കുന്നത്. കുരങ്ങ് കടിച്ച പഴങ്ങൾ കഴിച്ചാൽ എന്തെങ്കിലും പറ്റുമോ? മങ്കിപോക്സ് വരുമോ?’. ‘മങ്കി’ എന്ന വാക്കാണ് ആളുകളുടെ മനസ്സിലുള്ളത്. അത് ഒട്ടേറെ തെറിദ്ധാരണകൾക്ക് ഇടയാക്കുന്നുണ്ട്.
ഇപ്പോഴത്തെ മങ്കിപോക്സ് വ്യാപനം മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു ശരീര സമ്പർക്കം മൂലം ഉണ്ടായതാണ്. അല്ലാതെ കുരങ്ങിന് ഇപ്പോഴത്തെ വ്യാപനവുമായി ഒരു ബന്ധവുമില്ല. നമ്മുടെ സാധാരണ വളർത്തു മൃഗങ്ങൾക്കും ഇതു വരാനുള്ള ഒരു സാധ്യതയുമില്ല. വർഷങ്ങൾക്കു മുൻപ് ഡെൻമാർക്കിലെ ഒരു ലാബിലുള്ള കുരങ്ങുകളിലാണ് മങ്കിപോക്സ് എന്ന രോഗം ആദ്യം കാണുന്നത്. അതുകൊണ്ടാണ് ഈ രോഗത്തിനു മങ്കിപോക്സ് എന്നു പേരു വന്നത്. അതാണു കുരങ്ങുമായുള്ള ബന്ധവും.
∙ മൃഗങ്ങളിൽ നിന്നല്ലേ മങ്കിപോക്സ് വൈറസ് മനുഷ്യരിലേക്ക് എത്തിയത്?
കോവിഡ് പോലെ തന്നെ ‘സൂണോസിസ്’ എന്ന വിഭാഗത്തിൽ പെടുന്നതാണു മങ്കിപോക്സും. മൃഗങ്ങളിെല വൈറസ് അവയിൽനിന്നു മനുഷ്യരിലേക്കു വ്യാപിച്ചുണ്ടാകുന്ന അസുഖങ്ങൾക്കു പൊതുവേ പറയുന്നതാണു സൂണോസിസ്. കൊറോണ വൈറസും മൃഗങ്ങളിൽ നിന്നാണു മനുഷ്യരിലേക്ക് എത്തിയത്.
മങ്കിപോക്സിനു കാരണമാകുന്ന വൈറസ് രണ്ടു തരത്തിലുണ്ട്. ഇതിൽ ഒന്ന് കോംഗോ വർഗത്തിലുള്ളതും. രണ്ടാമത്തേത് പശ്ചിമ ആഫ്രിക്കൻ വർഗത്തിലുള്ളതുമാണ്. പശ്ചിമ ആഫ്രിക്കൻ വൈറസാണു പൊതുവേ ഈ വർഷം എല്ലായിടത്തും വ്യാപിക്കുന്നത്. കോംഗോ വൈറസിനെ അപേക്ഷിച്ചു പശ്ചിമ ആഫ്രിക്കൻ വൈറസ് അത്രത്തോളം ഗുരുതരമല്ല.
കോംഗോയിലെ ഗ്രാമങ്ങളിലെ ജനങ്ങൾ കാടുമായി വളരെ അടുത്ത് ഇടപെടുന്നവരാണ്. വേട്ടയാടിയും മറ്റുമാണ് അവരിൽ ചിലർ ഭക്ഷണം കണ്ടെത്തുന്നത്. ഒരിക്കൽ ചത്ത കുരങ്ങിനെ കാട്ടിൽനിന്ന് എടുത്തു കൊണ്ടു വന്നു ഭക്ഷണമാക്കി കഴിച്ചതിനെ തുടർന്ന് ആ വീട്ടിലുള്ള എല്ലാവർക്കും അസുഖം ബാധിച്ചു. അന്നു കുട്ടികൾക്കു ഗുരുതരമായി രോഗം ബാധിക്കുകയും ചിലർ മരിക്കുകയും ചെയ്തു. പിന്നീട് അവരിൽ നിന്നു മറ്റു മനുഷ്യരിലേക്കു വ്യാപിക്കുകയും ചെയ്തു.
ആഫ്രിക്കൻ വനങ്ങളിൽ ഈ വൈറസ് വളരെ സജീവമാണെന്നു വ്യക്തമാണ്. എന്നാൽ ഇന്ത്യയിലെ വനങ്ങളിൽ മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. അതിന്റെ അർഥം ഇന്ത്യയിലെ വനങ്ങളിലും മൃഗങ്ങളിലും ഈ വൈറസ് ഉണ്ടാവാൻ സാധ്യത തീരെ ഇല്ല എന്നതു തന്നെയാണ്.
∙ മങ്കിപോക്സ് വൈറസ് വ്യാപനത്തെ നിയന്ത്രിച്ചു നിർത്താൻ കഴിയുമോ?
2003ൽ യുഎസിലുണ്ടായ മങ്കിപോക്സ് വ്യാപനത്തിൽ ഇതിനുള്ള ഉത്തരമുണ്ട്. അന്ന് യുഎസിൽ മങ്കിപോക്സ് രോഗബാധ പൊട്ടിപ്പുറപ്പെട്ടു. ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത ചില വന്യജീവികളാണ് ഇതിനു കാരണമായത്. ഈ വന്യജീവികളിൽനിന്നു മറ്റു ജീവികളിലേക്കു വൈറസ് പടർന്നു. അണ്ണാൻ ഗണത്തിൽ പെട്ട പ്രെയറി ഡോഗ് എന്ന അരുമ മൃഗത്തിലേക്കും അതിനെ വാങ്ങി വളർത്തിയ ഒരു കുടുംബത്തിലേക്കും ഈ വൈറസ് ബാധിച്ചു. കുടുംബത്തിലെ ഒരു കുഞ്ഞിനാണ് ആദ്യം ഇതു ബാധിച്ചത്. കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായി. പക്ഷേ, മരിച്ചില്ല. അന്ന് അമേരിക്കയിൽ ഈ രോഗബാധ എഴുപതോളം പേരെ മാത്രമാണു ബാധിച്ചത്. മിക്കവർക്കും മൈൽഡ് ആയിരുന്നു. അതിനു ശേഷം അതു കെട്ടടങ്ങി.
മങ്കിപോക്സ് വൈറസിനെ നിയന്ത്രിച്ചു നിർത്താൻ കഴിയുമെന്ന് ഇതിൽനിന്നു വ്യക്തമാണ്. കോവിഡ് പോലെ വളരെ വേഗത്തിൽ വ്യാപിക്കുന്നതല്ല മങ്കിപോക്സ് വൈറസ്. അങ്ങനെയായിരുന്നെങ്കിൽ 2003ൽ യുഎസിലുണ്ടായ വ്യാപനം 72 പേരിൽ ഒതുങ്ങി നിൽക്കുമായിരുന്നില്ല. പക്ഷേ അന്നത്തെ വ്യാപനം ലൈംഗിക നെറ്റ്‌വർക്കുകളിൽ കൂടിയായിരുന്നില്ല എന്നുള്ളതും ഓർക്കേണ്ടതുണ്ട്.
ഒരു കടയിൽനിന്നു വളർത്തു മൃഗങ്ങളെ വാങ്ങിയ കുടുംബങ്ങളെ ട്രാക്ക് ചെയ്യുക അത്ര ബുദ്ധിമുട്ടല്ലല്ലോ. അതിനാൽ സമ്പർക്ക പട്ടിക കണ്ടെത്തുകയെന്നത് എളുപ്പവും പൂർണവുമായി. പക്ഷേ നിർഭാഗ്യവശാൽ ഈ വർഷം മറ്റൊരു ലെവലിൽ ആണു വ്യാപനം നടക്കുന്നത്. അതിനാൽ സ്വാഭാവികമായും എല്ലാവരുടെയും സമ്പർക്ക പട്ടിക കണ്ടെത്തുകയെന്നതു ബുദ്ധിമുട്ടാകും.
ഉദാഹരണത്തിന് ഈ വർഷം യൂറോപ്പിൽ ആയിരക്കണക്കിന് സ്വവർഗാനുരാഗികളും മറ്റും പങ്കെടുത്ത ചില മേളകളിൽ വച്ച് ഒട്ടേറെ പേർക്കു രോഗം പിടിപെട്ടിരുന്നു. അവർ പല രാജ്യങ്ങളിലേക്കു മടങ്ങിപ്പോവുകയും അവിടെയുള്ള അവരുടെ നെറ്റ്‌വർക്കുകളിൽ രോഗം പരത്തുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാവരെയും കണ്ടെത്തി ‘ബ്രേക്ക് ദ് ചെയിൻ’ ഇക്കുറി ഒരു പക്ഷേ സാധ്യമായേക്കില്ല.
∙ മങ്കിപോക്സ് ബാധിച്ചാൽ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയുണ്ടോ?
ഈ വർഷം അമേരിക്ക യൂറോപ്പ് എന്നിവിടങ്ങളിൽ ഈ രോഗം ബാധിച്ച ആറായിരത്തോളം ആളുകളിൽ ആരും മരിച്ചിട്ടില്ല. എന്നാൽ, വൈറസ് ബാധിച്ചാൽ അപൂർവം സാഹചര്യങ്ങളിൽ ഗുരുതര സാഹചര്യമുണ്ടാകാം. ന്യുമോണിയ, മസ്തിഷ്കവീക്കം, കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയുണ്ടാകാം. എന്നാൽ അപൂർവമായി മാത്രമേ ഇങ്ങനെ സംഭവിക്കാനിടയുള്ളൂ. ശരീരത്തിൽ കുരുക്കൾ ഉണ്ടാകുന്നതു മൂലം വേദനയുമുണ്ടാകാം.
∙ കൊറോണ വൈറസ് സൃഷ്ടിച്ച ഭീതിയാണ് ഇപ്പോഴും നമുക്കു മുന്നിലുള്ളത്. മങ്കിപോക്സിനെ കോവിഡുമായി എങ്ങനെ താരതമ്യപ്പെടുത്താം?
കോവിഡും മങ്കിപോക്സും തമ്മിൽ ഒരു താരതമ്യവുമില്ല. കൊറോണ വൈറസ് ആർഎൻഎ വൈറസാണ്. ഇതു ഡിഎൻഎ വൈറസാണ്. കോവിഡ് വായുവിലൂടെയാണു പകരുന്നത്. മങ്കിപോക്സ് ശരീര സമ്പർക്കം വഴിയാണ്. കോവിഡ് ബാധിച്ചു ലക്ഷക്കണക്കിനു മരണങ്ങളുണ്ടാകുന്നുവെങ്കിൽ ഇതു കാര്യമായ പ്രശ്നങ്ങളുണ്ടാക്കുന്നില്ല. മങ്കിപോക്സ് ബാധിച്ചു മരണമുണ്ടാകുന്നത് അപൂർവമാണ്.
∙ മങ്കിപോക്സിനെതിരെയുള്ള പ്രതിരോധ വാക്സീൻ നിലവിൽ ലഭ്യമാണോ?
മങ്കിപോക്സിനെതിരെ രണ്ടു തരത്തിലുള്ള പ്രതിരോധ വാക്സീനുകൾ യുഎസിൽ ലഭ്യമാണ്. എന്നാൽ അത് എല്ലാവർക്കും വ്യാപകമായി നൽകുന്നില്ല. രോഗികളുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായി രോഗ സാധ്യതയുള്ള ‘ഹൈറിസ്ക്’ ഗ്രൂപ്പിൽ പെടുന്നവർക്കാണു നിലവിൽ വാക്സീൻ നൽകുന്നത്.
∙ വസൂരിക്കെതിരെയുള്ള പ്രതിരോധ വാക്സീൻ എടുത്തവർക്കു മങ്കിപോക്സിനെ പ്രതിരോധിക്കാൻ കഴിയുമോ?
40 വർഷം മുൻപു വരെ നൽകി വന്നിരുന്ന വസൂരിക്കുള്ള വാക്സിനേഷൻ എടുത്തവർക്കു മങ്കിപോക്സിനെതിരെ സാമാന്യം നല്ല പ്രതിരോധ ശേഷി ഉണ്ടാകും. രോഗം പിടിപെട്ടാലും ഗുരുതരമാവാൻ ഇക്കൂട്ടരിൽ സാധ്യത കുറവാണ്. കുരുക്കളുടെ എണ്ണവും ഇവരിൽ കുറവായി കാണപ്പെടുന്നു.
∙ ചിക്കൻപോക്സും മങ്കിപോക്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
‘പോക്സ്’ എന്ന പേരിലും ശരീരത്തിലുണ്ടാകുന്ന കുരുക്കളിലും സാമ്യം കണ്ടെത്താമെങ്കിലും ചിക്കൻപോക്സും മങ്കിപോക്സും തമ്മിൽ ഒരു ബന്ധവുമില്ല. ചിക്കൻ പോക്സ് വന്നു പോയവർക്ക് പിന്നീട് ചിക്കൻ പോക്സിന്റെ വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി കിട്ടും. എന്നാൽ മങ്കിപോക്സിനെ പ്രതിരോധിക്കാനാകില്ല. ഇതു രണ്ടിനും വ്യത്യസ്തമായ വൈറസുകളാണു കാരണമാകുന്നത്. ഓർത്തോപോക്സ് വൈറസിൽ പെട്ട വൈറസുകളാണു മങ്കിപോക്സിനു കാരണമാകുന്നത്. ചിക്കൻപോക്സിനു കാരണമാകുന്നതു വെറിസെല്ല വൈറസാണ്.
∙ മങ്കിപോക്സിനു മരുന്നുണ്ടോ?
ഉണ്ട്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ടീക്കൊവിരിമാറ്റ് എന്നു പേരുള്ള ആന്റിവൈറൽ മരുന്ന് ലഭ്യമാണ്. എന്നാൽ, ഇതുവരെ ഇന്ത്യയിൽ ലഭ്യമാണോയെന്നു വ്യക്തമല്ല.
Content Summary : Monkeypox : Causes, Symptoms, Treatment and Prevention