‘ഇന്ത്യയിലെ ആളുകൾ ജീവനോടെയുള്ളത് വാക്സീൻ എടുത്തതു കൊണ്ട്; വലിയൊരു തരംഗം പ്രതീക്ഷിക്കേണ്ട’
കോവിഡ് എല്ലാം പോയോ? ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ... പിന്നീട് ഒമിക്രോൺ. കോവിഡിന്റെ പല വകഭേദങ്ങൾ ലോകത്തെ ചുറ്റിച്ചു തുടങ്ങിയിട്ട് വർഷം മൂന്നാകാൻ പോകുകയാണല്ലോ. ഒമിക്രോണിന്റെ ഉപശാഖകൾ ബിഎ.1ൽ തുടങ്ങി ബിഎ.5ൽ വരെ എത്തി. ഇനിയും വകഭേദങ്ങൾ വരാനുണ്ടാകണം. ഒമിക്രോണിന്റെ ഉപശാഖകൾ ബാധിച്ചവരെ തന്നെ മറ്റുപശാഖകൾ വീണ്ടും
കോവിഡ് എല്ലാം പോയോ? ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ... പിന്നീട് ഒമിക്രോൺ. കോവിഡിന്റെ പല വകഭേദങ്ങൾ ലോകത്തെ ചുറ്റിച്ചു തുടങ്ങിയിട്ട് വർഷം മൂന്നാകാൻ പോകുകയാണല്ലോ. ഒമിക്രോണിന്റെ ഉപശാഖകൾ ബിഎ.1ൽ തുടങ്ങി ബിഎ.5ൽ വരെ എത്തി. ഇനിയും വകഭേദങ്ങൾ വരാനുണ്ടാകണം. ഒമിക്രോണിന്റെ ഉപശാഖകൾ ബാധിച്ചവരെ തന്നെ മറ്റുപശാഖകൾ വീണ്ടും
കോവിഡ് എല്ലാം പോയോ? ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ... പിന്നീട് ഒമിക്രോൺ. കോവിഡിന്റെ പല വകഭേദങ്ങൾ ലോകത്തെ ചുറ്റിച്ചു തുടങ്ങിയിട്ട് വർഷം മൂന്നാകാൻ പോകുകയാണല്ലോ. ഒമിക്രോണിന്റെ ഉപശാഖകൾ ബിഎ.1ൽ തുടങ്ങി ബിഎ.5ൽ വരെ എത്തി. ഇനിയും വകഭേദങ്ങൾ വരാനുണ്ടാകണം. ഒമിക്രോണിന്റെ ഉപശാഖകൾ ബാധിച്ചവരെ തന്നെ മറ്റുപശാഖകൾ വീണ്ടും
കോവിഡ് എല്ലാം പോയോ? ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ... പിന്നീട് ഒമിക്രോൺ. കോവിഡിന്റെ പല വകഭേദങ്ങൾ ലോകത്തെ ചുറ്റിച്ചു തുടങ്ങിയിട്ട് വർഷം മൂന്നാകാൻ പോകുകയാണല്ലോ. ഒമിക്രോണിന്റെ ഉപശാഖകൾ ബിഎ.1ൽ തുടങ്ങി ബിഎ.5ൽ വരെ എത്തി. ഇനിയും വകഭേദങ്ങൾ വരാനുണ്ടാകണം. ഒമിക്രോണിന്റെ ഉപശാഖകൾ ബാധിച്ചവരെ തന്നെ മറ്റുപശാഖകൾ വീണ്ടും ആക്രമിക്കുന്നു. അതായത് ഒമിക്രോൺ ബിഎ.1 വകഭേദം ബാധിച്ചയാളുകളെ ഒമിക്രോണിന്റെ തന്നെ ബിഎ.4, ബിഎ.5 വകഭേദങ്ങൾ ബാധിക്കുന്നുണ്ട്. ഇതൊന്നും പേടിപ്പിക്കാൻ പറഞ്ഞതല്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ, കോവിഡ് പോയിട്ടില്ലെന്നു മാത്രമല്ല, അത് ഇനിയൊട്ടു പോകുകയുമില്ലെന്നു തന്നെ കരുതണം. 2019ന്റെ അവസാനം തുടങ്ങിയതാണ് ഈ കോവിഡ് ഭീതി. രണ്ടോണങ്ങൾ ഇതിനിടയിൽ കടന്നു പോയി. ഇപ്പോൾ മൂന്നാം ഓണം വന്നെത്തി നിൽക്കുന്നു. ഇനിയും നമ്മൾ കോവിഡിനെ പേടിക്കണോ? കോവിഡിന്റെ തുടക്കം മുതൽ അതിനെ ശാസ്ത്രീയമായി വിലയിരുത്തുന്ന ആരോഗ്യ വിദഗ്ധർ മനോരമ ഓൺലൈന്‍ പ്രീമിയവുമായി സംസാരിക്കുന്നു.
∙ എൻഡമിക് ഘട്ടത്തിലാണോ ഇന്ത്യയിൽ കോവിഡ്?
എന്താണ് എൻഡമിക്? എൻഡമിക് എന്നാൽ ‘എൻഡ്’ എന്നല്ല അർഥം. എൻഡമിക് ഘട്ടമെന്നാൽ വൈറസ് പൂർണമായും ഇല്ലാതാകുന്ന ഘട്ടമാണെന്നതു തെറ്റായ ധാരണയാണ്. ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തുടർന്നും വ്യാപനം ഉണ്ടാകും. എന്നാൽ നേരത്തെയുണ്ടായിരുന്ന മഹാമാരി പോലെ ലോകം മുഴുവനും വ്യാപിക്കാനുള്ള തീവ്രത അതിനുണ്ടാകില്ലെന്നു മാത്രം. മലേറിയ പോലുള്ള അസുഖങ്ങൾ എൻഡമിക് ഘട്ടത്തിലാണ്. കോവിഡ് എൻഡമിക് ഘട്ടത്തിലാണോ എന്നതിൽ ആരോഗ്യ വിദഗ്ധർക്കിടയിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
∙ ഡോ. ടി. ജേക്കബ് ജോൺ: ലോകത്തു രണ്ടു രാജ്യങ്ങളിൽ കോവിഡ് ഇപ്പോൾ എൻഡമിക് ഘട്ടത്തിലാണ്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ജൂൺ മുതൽ കോവിഡ് എൻഡമിക് ഘട്ടത്തിലാണ്. വൈറസിന്റെ വ്യാപനം കൂടുതലായ രാജ്യങ്ങളിൽ കൂടുതൽ പേരിലേക്കു വ്യാപിക്കുകയും അത് എൻഡമിക് ഘട്ടത്തിലേക്കു കടക്കുകയും ചെയ്തു.
∙ ഡോ. രാജീവ് ജയദേവൻ: കോവിഡ് രാജ്യത്ത് എൻഡമിക് ഘട്ടത്തിലാണെന്നു കരുതാനാകില്ല. ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചു മാത്രം വ്യാപനമുണ്ടാകുന്ന അസുഖങ്ങളെയാണ് എൻഡമിക് എന്നതിൽ ഉൾപ്പെടുത്താവുന്നത്. അതായത് ഒരു സ്ഥലത്ത് ഉണ്ടാകും; മറ്റൊരു സ്ഥലത്ത് ഉണ്ടാകില്ല. എന്നാൽ ഏതെങ്കിലും പ്രദേശങ്ങൾ കേന്ദ്രീകരിച്ചല്ല കോവിഡ് വ്യാപനമുണ്ടാകുന്നത്. അത് ഒരു തരംഗമായി വരുന്നതാണ്. അതിനൊരു ചാക്രിക സ്വഭാവമുണ്ട്. ഒരു ഭാഗത്ത് വരുന്നു, രണ്ടോ, മൂന്നോ മാസം തീവ്രമായി നിൽക്കുന്നു. പിന്നീട് കുറയുന്നു. പിന്നീട് രണ്ടോ, മൂന്നോ മാസത്തിനു ശേഷം വീണ്ടും വരുന്നു. അതിനെ എൻഡമിക് എന്നു പറയാനാവില്ല, ‘സൈക്ലിക്കൽ’ എന്നതാണു കൂടുതൽ ഉചിതമായത്.
∙ കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോൺ തന്നെയാണോ?
2021 നവംബറിലാണ് ഒമിക്രോണിന്റെ തുടക്കം. പിന്നീട് പല രാജ്യങ്ങളിലായി ഒമിക്രോണിനു പല ഉപശാഖകളുണ്ടായി. ബിഎ.1 മുതൽ ബിഎ.5 വരെയുള്ള പല ഉപശാഖകളും കണ്ടെത്തി. ഇതിൽ ബിഎ.3 മാത്രമാണ് ആളുകളെ കാര്യമായി ബാധിക്കാതെ പോയത്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോണിന്റെ ബിഎ.4, ബിഎ.5 എന്നീ ഉപ വകഭേദങ്ങളാണെന്നാണു കരുതുന്നത്.
ഇതിൽ തന്നെ ബിഎ.5 ആണ് കൂടുതൽ ഇടങ്ങളിൽ കോവിഡ് വ്യാപനത്തിനു കാരണമായിട്ടുള്ളത്. ഒരിക്കൽ കോവിഡ് ബാധിച്ചവരെ തന്നെ വീണ്ടും വൈറസ് ബാധിക്കുന്നുവെന്നതാണ് ഒമിക്രോണിന്റെ പ്രത്യേകത. അതായത് ഒമിക്രോണിന്റെ ഒരു ഉപവകഭേദം നമുക്കു നൽകുന്ന പ്രതിരോധ ശക്തിയെ മറികടക്കാൻ മറ്റൊരു വകഭേദത്തിനു കഴിയും.
∙ ഡോ. ടി. ജേക്കബ് ജോൺ: ഒമിക്രോൺ തന്നെയാണ് ഇപ്പോഴും കോവിഡ് വ്യാപനത്തിനു കാരണമാകുന്നത്. ഒമിക്രോണിന് ഒട്ടേറെ ഉപവകഭേദങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം പുതിയതായി ഉണ്ടായതായി നമുക്കു മുന്നിൽ തെളിവുകളില്ല. യുഎസിലും യൂറോപ്പിലും കോവിഡ് വ്യാപനത്തിനു കാരണമായത് ഒമിക്രോണിന്റെ ബിഎ.4, ബിഎ.5 എന്നീ ഉപവകഭേദങ്ങളാണ്.
∙ ഡോ. രാജീവ് ജയദേവൻ: കേരളത്തിൽ ഇപ്പോൾ കോവിഡ് വ്യാപനത്തിനു കാരണമാകുന്നത് ഒമിക്രോണിന്റെ ഏതു ഉപവകഭേദമാണെന്നു വ്യക്തമായി പറയാനാകില്ല. കാരണം, അതേ കുറിച്ചുള്ള പഠനങ്ങളില്ല. എന്നാലും കോവിഡ് വ്യാപനത്തിന്റെ സ്വഭാവം വച്ചു നോക്കുമ്പോൾ പുതിയ രോഗ ലക്ഷണങ്ങളൊന്നും പൊതുവേ നോക്കുമ്പോൾ കാണാനില്ല. എല്ലാവർക്കും ഏകദേശം സമാനമായ ലക്ഷണങ്ങളാണുള്ളത്. കോവിഡ് ബാധിക്കുന്നവർക്ക് ഏറെക്കാലം വിശ്രമം ആവശ്യമായി വരുന്നുണ്ട്.
ഇന്ത്യൻ സാർസ് കോവ്– 2ജീനോമിക്സ് കൺസോർഷ്യത്തിന്റെ (ഇൻസാകോഗ്) കണക്കുകൾ പ്രകാരം രാജ്യത്ത് ബിഎ.5ന്റെ വ്യാപനം 15–20% ആണ്. കർണാടകത്തിലും തമിഴ്നാട്ടിലും ബിഎ.5 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒമിക്രോണിനു ശേഷം പുതിയൊരു വകഭേദം വരുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നത്. അത് എന്ന്, എപ്പോൾ, എങ്ങനെ വരുമെന്നു പ്രവചിക്കാനാകില്ല. ഒമിക്രോണിനേക്കാൾ ശേഷി കൂടുതലാകുമോ, കുറവാകുമോയെന്നു പറയാനാകില്ല.
ഒമിക്രോണിന്റെ പ്രത്യേകത എന്തെന്നാൽ, അതിന്റെ തൊട്ടു മുൻപുള്ള ഉപശാഖകൾ കാരണമുണ്ടാകുന്ന അണുബാധയെ തുടർന്ന് ഒരാൾക്കു ലഭിക്കുന്ന പ്രതിരോധ ശേഷിയെ അടുത്തതായി വരുന്ന ഉപശാഖ മറി കടക്കും. അതായത്. ഒമിക്രോൺ ബിഎ.1 ബാധിച്ച ഒരാൾക്ക് അതിൽ നിന്നു സ്വാഭാവികമായി പ്രതിരോധ ശേഷി ലഭിക്കും. എന്നാൽ ഒമിക്രോൺ ബിഎ.2 വിന് ആ പ്രതിരോധ ശേഷിയെ മറികടന്ന് അയാളിൽ രോഗമുണ്ടാക്കാൻ സാധിക്കും.
കോവിഡ് എല്ലായിടത്തും ഒരുമിച്ചു വരില്ല. ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണു വൈറസ് വ്യാപനമുണ്ടാകുന്നത്. ജനങ്ങൾക്കിടയിലെ പ്രതിരോധ ശേഷി, ആളുകളുടെ യാത്രകൾ, വാക്സീൻ എടുത്തിട്ടുണ്ടോയെന്നുള്ളത്, പ്രായം, കാലാവസ്ഥ എന്നിവയെല്ലാം കോവിഡ് വ്യാപനത്തെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്.
∙ കോവിഡിനെ തടയുന്നതിൽ വാക്സീന്റെ പ്രയോജനം
ഓഗസ്റ്റ് 21ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 209.67 കോടി ഡോസ് കോവിഡ് വാക്സീനാണു നൽകിയത്. ഇതിൽ 93.94 കോടി രണ്ടാം ഡോസും 13.52 കോടി കരുതൽ ഡോസുമാണ്. അതായതു രാജ്യത്തെ ജനസംഖ്യയിൽ ഒട്ടുമിക്ക പേർക്കും ഇപ്പോൾ വാക്സീന്റെ പരിരക്ഷയുണ്ട്. എന്നാലും രാജ്യത്തു കോവിഡ് രോഗബാധ വ്യാപകമായുണ്ട്.
കോവിഡ് ബാധിതരായി 99,879 പേർ നിലവിൽ ചികിത്സയിലുണ്ട്. 21ന് 11,539 പേർക്കാണു പുതിയതായി രോഗം ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.75%. വാക്സീൻ എടുത്തിട്ടും ഇപ്പോഴും രോഗം ബാധിക്കുന്നവരുണ്ടല്ലോ എന്നു സംശയം തോന്നാം. എന്നാൽ, രോഗം ഗുരുതരമാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ഗണ്യമായി കുറയ്ക്കാൻ വാക്സീൻ സഹായിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
∙ ഡോ. രാജീവ് ജയദേവൻ: വാക്സീൻ എടുത്തതുകൊണ്ടാണ് ഇന്നു രാജ്യത്തു ഭൂരിപക്ഷം ആളുകളും ജീവനോടെ ഇരിക്കുന്നത്. അല്ലെങ്കിൽ ഇന്ത്യ മൊത്തത്തിൽ ഒരു ശവപ്പറമ്പായി മാറിയേനേ. വാക്സീൻ എടുത്തവരിൽ കോവിഡ് ബാധ മൂലം രോഗം ഗുരുതരമാകുന്നതു വളരെ കുറവാണ്. ഇപ്പോൾ ഭൂരിപക്ഷം ആളുകൾക്കും കോവിഡ് വന്നു കഴിഞ്ഞു. അങ്ങനെ സ്വാഭാവിക പ്രതിരോധ ശേഷി ഭൂരിപക്ഷം പേർക്കും കിട്ടിയിട്ടുണ്ട്.
ഇതിനൊപ്പം തന്നെ വാക്സീൻ മൂലവും പ്രതിരോധ ശേഷി കിട്ടിയിട്ടുണ്ട്. രണ്ടു പ്രതിരോധ ശേഷികളും വേർതിരിച്ചറിയാൻ നമുക്കു മാർഗങ്ങളില്ല. വാക്സീൻ എടുത്തതു മൂലം എത്ര മരണങ്ങൾ ഒഴിവായി എന്നു മനസ്സിലാക്കാനും വഴിയില്ല. വാക്സീൻ എടുത്തതാണ്, കരുതൽ ഡോസ് എടുത്തതാണ്, വന്നു പോയതാണ്– അതുകൊണ്ട് ഇനി വൈറസ് ബാധ വരില്ല എന്നൊരു തെറ്റായ ധാരണ പരക്കെയുണ്ട്. അത് തെറ്റാണ്. നമ്മുടെ പ്രതിരോധശേഷിയെ മറികടക്കാനുള്ള ശേഷി വൈറസിനുണ്ടെങ്കിൽ രോഗബാധയുണ്ടാകും. എന്നാൽ, രോഗം തീവ്രമാകാനുള്ള സാധ്യത കുറവാണ്. കോവിഡ് വാക്സീന്റെ ആദ്യ 2 ഡോസ് എടുത്തവരിൽ മരണ നിരക്ക് വളരെ വളരെ കുറവാണ്. വാക്സീന്റെ ഗുണം ഏറ്റവും കൂടുതൽ കിട്ടിയത് 50 വയസ്സിനു മുകളിലുള്ളവർക്കാണ്. കാരണം അവരിലാണ് അനുബന്ധ രോഗങ്ങൾ കൂടുതലുള്ളത്. കരുതൽ ഡോസ് എടുത്തു കഴിഞ്ഞാൽ 2–3 മാസത്തേക്കെങ്കിലും വൈറസ് ബാധയ്ക്കുള്ള സാധ്യത കുറവാണ്. എന്നാൽ അണുബാധയെ ദീർഘകാലത്തേക്കു ചെറുക്കാൻ ഇതുമൂലം സാധിക്കില്ല. വൈറസ് തുടർന്നും നമുക്കിടയിൽ തന്നെയുള്ളതിനാൽ നമ്മുടെ പെരുമാറ്റ രീതികളിൽ തന്നെ അതിന് അനുസൃതമായ തരത്തിൽ മാറ്റങ്ങളുണ്ടാകണം.
∙ കോവിഡിന്റെ നാലാം തരംഗം
കേരളത്തിൽ കോവിഡിന്റെ 3 തരംഗങ്ങളെ കുറിച്ചു മാത്രമേ കേട്ടിട്ടുള്ളൂ. എന്നാൽ, ജൂൺ– ജൂലൈ മാസങ്ങളിൽ കേരളത്തിൽ കോവിഡ് കേസുകൾ ഉയർന്നിരുന്നു. അതൊരു തരംഗമായിരുന്നുവെന്നു ആരോഗ്യ വകുപ്പ് തുറന്നു സമ്മതിക്കുന്നില്ല. എന്നാൽ, തരംഗത്തിനു സമാനമായ രീതിയിൽ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി ഉയർന്നിരുന്നുവെന്നതു വസ്തുതയാണ്.
എന്നാൽ, നേരത്തേ കോവിഡ് രോഗബാധയുണ്ടായതു മൂലമുള്ള സ്വാഭാവിക പ്രതിരോധ ശേഷിയുമുള്ളതിനാൽ രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറവായിരുന്നു. മരണ നിരക്കും കുറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ഇടക്കാലത്തു വർധനയുണ്ടായെങ്കിലും പിന്നീട് കുറഞ്ഞു.
∙ ഡോ. രാജീവ് ജയദേവൻ: കേരളത്തിൽ ഇപ്പോഴത്തെ തരംഗം അതിന്റെ പീക്കിലെത്തിയത് 4 ആഴ്ചകൾക്കു മുൻപായിരുന്നു. ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിക്കുമ്പോൾ കേരളത്തിൽ കേസുകൾ കുറഞ്ഞു വരുന്നുവെന്നു വ്യക്തമാണ്. കോവിഡ് ബാധിച്ചു ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഓക്സിജൻ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ എന്നിവ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണവും കുറവാണ്. ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ ഇപ്പോൾ കോവിഡ് ബാധിതരുടെ എണ്ണവും, രോഗം തീവ്രമാകുന്നവരുടെ എണ്ണവും കുറഞ്ഞു വരികയാണ്.
∙ ഡോ. പത്മനാഭ ഷേണായി: സ്വാഭാവികമായും ചെറിയ കോവിഡ് തരംഗങ്ങൾ ഉണ്ടാകും. പ്രായം ചെന്നവരെയും മറ്റ് അസുഖങ്ങൾ ഉള്ളവരെയുമാണു പ്രധാനമായും കോവിഡ് ബാധിക്കുന്നത്. എന്നാൽ കോവിഡ് ബാധിച്ചു രോഗം ഗുരുതരമാകുന്നതും മരിക്കുന്നതും കുറവാണ്. 70–80 വയസ്സിനു മുകളിലുള്ളവരിലാണു രോഗം ഗുരുതരമാകുന്നതും മരണമുണ്ടാകുന്നതും. അവരെ സംരക്ഷിക്കാൻ വേണ്ടിയാണു കരുതൽ ഡോസ് ഉൾപ്പെടെ നൽകുന്നത്. പുതിയ വകഭേദങ്ങളോ, ഉപശാഖകളോ വരുമ്പോൾ ചെറിയ തരംഗങ്ങൾ ഉണ്ടാകും. ഒരു വശത്ത് നമുക്ക് പ്രതിരോധ ശേഷിയുണ്ട്; മറുവശത്ത് വൈറസിനു വകഭേദങ്ങളുണ്ടാകുന്നുണ്ട്. ഇതു തമ്മിലുള്ള ബാലൻസിൽ മാറ്റമുണ്ടാകുമ്പോൾ അതു ചെറിയ കോവിഡ് തരംഗങ്ങളായി പ്രതിഫലിക്കും. ചെറിയ തരംഗങ്ങളുണ്ടായതുകൊണ്ടു പ്രശ്നമില്ല. അതു വലിയ തരംഗങ്ങളായി മാറുന്നുണ്ടോ?, രോഗം ഗുരുതരമാകുന്നുണ്ടോ? എന്നീ കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്.
പ്രായം ചെന്നവർ, അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിക്കുമ്പോഴാണു രോഗം ഗുരുതരമാകുന്നതും മരണങ്ങളുണ്ടാകുന്നതും. 8–9 മാസങ്ങൾ കഴിയുമ്പോൾ അവർക്ക് കരുതൽ ഡോസുകൾ നൽകുകയെന്നതും മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധം സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് ഇത് ഒഴിവാക്കാനുള്ള മാർഗങ്ങൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് പരിശോധനകൾ വർധിപ്പിക്കേണ്ട സാഹചര്യമില്ല. നേരത്തേ നമ്മൾ പരിശോധനകൾ നടത്തിയിരുന്നതിന്റെ ഒരു കാരണം രോഗ ബാധിതരെ മറ്റുള്ളവരിൽ നിന്നു മാറ്റി പാർപ്പിക്കാൻ വേണ്ടിയായിരുന്നു. അന്ന് രോഗം വന്നവരിൽ 100ൽ 2 പേർ മരിക്കുന്ന അവസ്ഥയായിരുന്നു. എന്നാൽ ഇപ്പോൾ 2000– 3000 പേർക്ക് വരുമ്പോഴാണ് ഒരാൾക്കു ഗുരുതരമാകുന്നത്.
∙ ഓണക്കാലം എങ്ങനെ
കോവിഡിന്റെ വരവോടെ കഴിഞ്ഞ രണ്ടു വർഷവും ഓണം ശരിയായ രീതിയിൽ നമുക്ക് ആഘോഷിക്കാൻ കഴിഞ്ഞില്ല. ഇത്തവണ നാട്ടുകാരെല്ലാം ആഘോഷ പ്രതീതിയിലാണ്. വിപണി കൂടുതൽ സജീവമാകുകയും ചെയ്തു. എങ്കിലും കോവിഡ് നമുക്കൊപ്പമുണ്ടെന്നു മനസ്സിലാക്കി വേണം ആഘോഷങ്ങളെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
∙ ഡോ. രാജീവ് ജയദേവൻ: ജൂൺ, ജൂലൈ മാസങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ തോത് അൽപം കൂടുതലായിരുന്നു. എന്നാൽ അത് ഇപ്പോൾ കുറഞ്ഞു നിൽക്കുകയാണ്. ഇത്തവണ ഓണക്കാലത്തെ രോഗ വ്യാപനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കുറവാകാനാണു സാധ്യത. തുടർച്ചയായി വൈറസ് ബാധകൾ ഉണ്ടായതു കൊണ്ടു വലിയൊരു തരംഗം പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ, ആഘോഷങ്ങൾക്കായി അടച്ചിട്ട മുറികളിൽ ഒരുമിക്കുമ്പോൾ രോഗ വ്യാപനത്തിനുള്ള സാധ്യതയുണ്ടാകും. അതുകൊണ്ടു തന്നെ അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. ആഘോഷ പരിപാടികൾ തുറസ്സായ സ്ഥലങ്ങളിൽ നടത്താൻ ശ്രദ്ധിക്കണം. ഇത്തരം പരിപാടികളിൽ പങ്കെടുക്കുമ്പോൾ മാസ്ക് വയ്ക്കാൻ മറക്കരുത്. ഇത്തരം ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പ്രായം ചെന്നവരെ കൂടി ഓർക്കണം.
∙ ഡോ. പത്മനാഭ ഷേണായി: പ്രായം ചെന്നവർ, അനുബന്ധ അസുഖങ്ങൾ ഉള്ളവർ എന്നീ വിഭാഗക്കാർ ഒരു റിസ്ക് ഗ്രൂപ്പാണ്. അവരെ സംരക്ഷിക്കാൻ ശ്രമിക്കണം. 65–70 വയസ്സുള്ളവരും കോവിഡ് വന്നു പോകാത്തവരും പ്രത്യേകം ശ്രദ്ധിക്കണം. നേരത്തേ കോവിഡ് വന്നു പോയവർക്കു ഹൈബ്രിഡ് ഇമ്യൂണിറ്റിയുണ്ടായിരിക്കും. കോവിഡ് വന്നിട്ടില്ലാത്തവർ, കോവിഡ് വാക്സീൻ എടുത്ത് 9 മാസം കഴിഞ്ഞിട്ടുണ്ടെങ്കിൽ കരുതൽ ഡോസ് എടുക്കുക. ഓണത്തിനു ശേഷം കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധന പ്രതീക്ഷിക്കാം. എങ്കിലും ഗുരുതര സാഹചര്യമുണ്ടാകാനുള്ള സാധ്യതയില്ലെന്നു തന്നെ വേണം കരുതാൻ.
English Summary: Covid concerns not over yet, have to be extremely careful even now, says experts