തളരരുത് മാനസികാരോഗ്യം; ഭയപ്പാടില്ലാതെ മനസ്സിന്റെ രോഗത്തെ ചികിത്സിക്കാം
സർക്കാർ ആശുപത്രികളെല്ലാം ഏകദേശം ഒരു ജയിലുപോലെയാണ് ജനങ്ങൾക്കു തോന്നുന്നത്. ആളുകൾക്ക് സ്വാതന്ത്ര്യത്തോടെ വന്നു പോകാനോ കയറാനോ ഇറങ്ങാനോ പറ്റുന്ന സാഹചര്യം ഉണ്ടാകണം.
സർക്കാർ ആശുപത്രികളെല്ലാം ഏകദേശം ഒരു ജയിലുപോലെയാണ് ജനങ്ങൾക്കു തോന്നുന്നത്. ആളുകൾക്ക് സ്വാതന്ത്ര്യത്തോടെ വന്നു പോകാനോ കയറാനോ ഇറങ്ങാനോ പറ്റുന്ന സാഹചര്യം ഉണ്ടാകണം.
സർക്കാർ ആശുപത്രികളെല്ലാം ഏകദേശം ഒരു ജയിലുപോലെയാണ് ജനങ്ങൾക്കു തോന്നുന്നത്. ആളുകൾക്ക് സ്വാതന്ത്ര്യത്തോടെ വന്നു പോകാനോ കയറാനോ ഇറങ്ങാനോ പറ്റുന്ന സാഹചര്യം ഉണ്ടാകണം.
ഇന്ന് ലോക മാനസികാരോഗ്യ ദിനം. മാനസികാരോഗ്യത്തിന് എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്നത് ഓരോരുത്തരും അവനവനോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണ്. ഒരു ജലദോഷമോ പനിയോ ഉണ്ടാകുമ്പോൾ ഡോക്ടറെ കാണാൻ പോകുന്നതുപോലെ മനസ്സിന്റെ രോഗമാണെന്നു മനസ്സിലാക്കിയാലുടൻതന്നെ ശരിയായ ചികിത്സ എടുക്കുന്നവർ എത്ര പേരുണ്ടാകും?
കോവിഡ് മഹാമാരി മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിക്കുന്നതിന് കരണമായെങ്കിലും മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധവും ഒരു പരിധി വരെ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും വിദ്യാഭ്യാസമുളളവർക്കിടയിൽ പോലും മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഇപ്പോഴും കുറവ് തന്നെയാണ്. പലപ്പോഴും മാതാപിതാക്കൾക്കു പോലും കുട്ടികളിൽ ഒരു മാനസികപ്രശ്നം ഉണ്ടായാല്‍ പെട്ടെന്ന് തിരിച്ചറിയുന്നില്ലെന്നു പറയുകയാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് കേരള ഘടകം സെക്രട്ടറി ഡോ. ബിജി വി. കഴിഞ്ഞ ദിവസം വന്ന ഒരു സ്ത്രീ പറഞ്ഞത് അവർക്ക് വീട്ടിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല, പക്ഷേ മാനസികമായി വളരെയധികം പിരിമുറുക്കം അനുഭവിക്കുന്നുണ്ട് . ഭർത്താവും മക്കളുമൊക്കെ നല്ല സ്നേഹത്തോടെ പോകുന്നു. അവരുടെ പിരിമുറുക്കം സങ്കടമായിട്ടാണ് പ്രകടമായത്. ചെറിയ കാര്യങ്ങൾക്കു പോലും കരയുന്നത് പതിവായി. കുടുംബാംഗങ്ങൾ അതത്ര കാര്യമാക്കിയില്ല. അവർക്ക് അതിയായ മാനസിക സമ്മർദമുണ്ടെന്ന് സുഹൃത്തുക്കളോടു പറഞ്ഞപ്പോഴും അതൊന്നും കുഴപ്പമില്ല എന്ന രീതിയിലായിരുന്നു പ്രതികരണം. എന്നാൽ തനിക്ക് രോഗമാണെന്നു മനസ്സിലാക്കി അവർ ചികിത്സ ചെയ്യാൻ തയാറാവുകയായിരുന്നു. അപ്പോഴാണ് അവർ അറിയുന്നത് താൻ കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന്. മാനസികാരോഗ്യം ഇല്ലായ്മ ഏതെല്ലാം രീയിൽ ഒരു വ്യക്തിയെ ബാധിക്കാമെന്നും ചികിത്സ തേടേണ്ട സാഹചര്യങ്ങൾ എങ്ങനെ മനസ്സിലാക്കാമെന്നും വിശദമാക്കുകയാണ് ഡോ.ബിജി.
∙ മാനസികാരോഗ്യത്തെക്കുറിച്ച് സമൂഹം എത്രത്തോളം ബോധവാൻമാരാണ്?
വിദ്യാഭ്യാസമുളളവർക്കിടയിൽ പോലും മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളരെ കുറവാണ്. പലപ്പോഴും മാതാപിതാക്കൾ പോലും കുട്ടികളിൽ ഒരു പ്രശ്നം ഉണ്ടായാല്‍ പെട്ടെന്ന് തിരിച്ചറിയുന്നില്ല. പല മാറ്റങ്ങളും കാണുമ്പോഴും ഇതൊരു മാനസികാരോഗ്യ പ്രശ്നം ആണെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ദിനംപ്രതിയുള്ള സ്ട്രെസ് ഒക്കെ നമ്മൾ അനുഭവിക്കുന്നതാണ്. അങ്ങനെ വരുമ്പോൾ ഇതൊക്കെ സാധാരണമാണ് അതങ്ങു മാറും എന്നു കരുതി കുറച്ചു നാളുകൾ നോക്കിയതിനു ശേഷമാണ് മാസികാരോഗ്യ വിദഗ്ധരുടെ അടുത്തേക്ക് എത്തുന്നത്. കോവിഡ് മഹാമാരിക്കു ശേഷം ഈ സ്ഥിതി കുറച്ചു മെച്ചമായിട്ടുണ്ട്. മാനസികമായി എന്തോ ഒരു പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സ തേടാൻ പലരും തയാറാകുന്നുവെന്നത് ഒരു നല്ല കാര്യമാണ്.
∙ കോവിഡ് മഹാമാരിക്കു ശേഷം മാറ്റങ്ങളുണ്ടായെന്നു പറഞ്ഞല്ലോ? മാനസികമായി ഈ സമയത്ത് ഏറ്റവും തളർന്നതു കുട്ടികളായിരുന്നു. ഓൺലൈൻ എന്ന പുതിയ പഠന സമ്പ്രദായത്തിലേക്ക് കുട്ടികൾ എത്തി. ഇതൊക്കെ പല കുട്ടികളയെും ദോഷകരമായി ബാധിച്ചിട്ടില്ലേ?
കോവിഡിന്റെ സമയത്ത് ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരായ കുട്ടികളെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇതൊരു അഡിക്‌ഷനായി മാറിയ നിരവധി കുട്ടികളുണ്ട്. പല വ്യാജ വാട്സാപ് ഗ്രൂപ്പുകളിലും ചേർന്ന് ഗെയിമുകളിൽ അഡിക്റ്റായി മാനസികമായി തകർന്ന കുട്ടികൾ അനവധിയാണ്. ഗെയിം ആപ്പുകൾ ഡൗൺലോഡ് ചെയ്യാനായി വലിയ തുകകൾ ചെലവഴിക്കുകയും വീട്ടുകാരറിയാതെ അവരിൽനിന്ന് പണമെടുത്ത് നൽകുകയുമൊക്കെ ചെയ്ത് തകർന്ന കുട്ടികൾ ചികിത്സയ്ക്കെത്തിയിട്ടുണ്ട്. കുട്ടികളിൽ എന്ന പോലെ മുതിർന്നവർ പോലും ഗെയിമുകളിൽ തോറ്റ് പണം അടയ്ക്കാൻ ഇല്ലാതെ ഡിപ്രഷനിലേക്ക് പോകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഇങ്ങനെ ഓരോന്നിലും അടിമപ്പെടുമ്പോൾ ആദ്യമേ തന്നെ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുന്നതാണ് ഉചിതം. ഇത്തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ നിയന്ത്രണാതീതമാകുമ്പോഴാണ് ഇതിന്റെ തീവ്രത മനസ്സിലാകുന്നത്. അപ്പോഴേക്കും മനസ്സ് കൈവിട്ട് ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നവരുമുണ്ട്.
∙ ചികിത്സ തേടേണ്ട ആവശ്യമുണ്ടെന്ന് എങ്ങനെയാണ് മനസ്സിലാക്കാൻ സാധിക്കുക?
കുട്ടികളുടെ പെരുമാറ്റത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, ഒറ്റപ്പെട്ടിരിക്കുക, പഠനത്തിലുള്ള ശ്രദ്ധ പെട്ടന്ന് നഷ്ടപ്പെടുക, ദിനചര്യകളിൽ ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയ സ്വഭാവ മാറ്റങ്ങൾ പ്രകടമാക്കുമ്പോൾ ശ്രദ്ധിക്കണം. ഇതൊരു രോഗത്തിന്റെ തുടക്കമാകാം. പുറമേ നിന്നു നോക്കുന്ന ഒരാൾക്ക് ചിലപ്പോൾ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചെന്നു വരില്ല, പക്ഷേ കുടുംബാംഗങ്ങൾക്ക് ഈ മാറ്റങ്ങൾ പെട്ടെന്നു ശ്രദ്ധിക്കാൻ സാധിക്കും
∙ മാനസികാരോഗ്യം ഇല്ലായ്മ ഏതെല്ലാം തരത്തിൽ ഒരു വ്യക്തിയെ ബാധിക്കാം?
മാനസിക രോഗം ഒരു വ്യക്തിയുടെ ജീവിതത്തെ പല രീതിയിൽ ബാധിക്കുന്നു. അയാളുടെ ദൈനംദിന പ്രവർത്തികളെയും സാമൂഹിക ഇടപെടലുകളെയും ബന്ധങ്ങളെയും സാരമായി ബാധിക്കുന്നു. കൂടാതെ അവരുടെ തൊഴിൽ ജീവിതത്തെയും ബാധിക്കും.
സാധാരണ ദിനംപ്രതിയുള്ള മാനസിക പിരിമുറുക്കം കുറച്ചു ദിവസം കഴിയുമ്പോൾ മാറുന്ന പോലെ ഇപ്പോഴത്തെ അവസ്ഥയും മാറുമെന്ന ധാരണയിലാണ് മനോരോഗത്തിന്റെ പ്രാരംഭത്തിൽ പലരും കരുതുന്നത്. അതുകൊണ്ടുതന്നെ ചികിത്സയും വൈകിയാണ് തുടങ്ങുന്നത്. രോഗം മൂർച്ഛിക്കാൻ ഇത് കാരണമാകും.
ഇപ്പോൾ മാനസികരോഗം മൂലം ജോലിക്കു പോകാൻ പറ്റാത്ത ഒരു വ്യക്തി കുടുംബത്തില്‍ ഉണ്ടെങ്കിൽ ആ വ്യക്തിയുടെ വരുമാനം ഇല്ലാതാവുകയാണ്. ഇനി ആ വ്യക്തിയുടെ കാര്യങ്ങൾ ശ്രദ്ധിക്കുവാൻ മറ്റൊരാളുടെ സേവനം കൂടി വേണ്ടി വന്നാൽ ആ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അവതാളത്തിലാവും. ഇത്തരത്തിലുള്ള പല കുടുംബങ്ങളാകുമ്പോൾ അത് നമ്മുടെ നാടിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ ബാധിക്കും. ഒരു പനി വന്നാൽ ഡോക്ടറെ കാണുന്ന അതേ പ്രാധാന്യത്തോടെ ഒരു സ്ട്രെസ് വന്നാൽ ഞാൻ ഒരു ഡോക്ടറിനെ കാണാൻ പോകുമെന്നോ കൗൺസലിങ്ങിനു പോകുമെന്നോ പറയാൻ പറ്റുന്ന തലത്തിലേക്ക് വളരണം.
∙ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും?
മാനസികാരോഗ്യം എന്താണെന്നും, അതെങ്ങനെ സംരക്ഷിക്കാമെന്നും, ഏതെല്ലാം ചികിത്സകളാണ് മനോരോഗത്തിന് കൈക്കൊള്ളേണ്ടതെന്നും ജനങ്ങളെ ബോധവൽക്കരിക്കുക. പുതിയ മാനസികാരോഗ്യ നിയമങ്ങളെക്കുറിച്ചുള്ള അറിവുകൾ നൽകുക. മെന്റൽഹെൽത്ത് കെയർ ആക്റ്റ് 2017 രോഗിയുടെ അവകാശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാണ്.
മാനസികാരോഗ്യത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ കുറച്ചധികം മാറ്റങ്ങൾ നൽകാൻ കോവിഡ് മഹാമാരിക്ക് സാധിച്ചെങ്കിലും മാനസികാരോഗ്യ രംഗത്ത് ഇനിയും മാറ്റങ്ങൾ അനിവാര്യമാണ്. മാനസികാരോഗ്യ ചികിത്സകൾ എല്ലാപേർക്കും ലഭ്യമാക്കണം, അവബോധ ക്ലാസുകൾ സംഘടിപ്പിച്ച് സമൂഹത്തെ ബോധവത്കരിക്കണം, നിലവിലുള്ള സർക്കാർ മനസികാരോഗ്യകേന്ദ്രങ്ങളിൽ പുതിയ മാനസികാരോഗ്യ നിയമങ്ങൾ നടപ്പിലാക്കണം, മുൻവിധികളില്ലാതെ ഭയപ്പാടില്ലാതെ തെറ്റിദ്ധാരണകൾ ഇല്ലാതെ പൊതുജനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടണം, മാനസികാരോഗ്യ പുനരധിവാസ പരിപാടികൾ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കണം.
∙ സർക്കാർ തലത്തിൽ പരിപാടികൾ ആസൂത്രണം ചെയ്യുമ്പോഴും മാനസികരോഗത്തോടു സമൂഹത്തിനുള്ള കാഴ്ചപ്പാട് ചികിത്സ തേടുന്നതിൽ പലപ്പോഴും വിലങ്ങുതടി ആകുന്നില്ലേ? ഇതെങ്ങനെ മാറ്റിയെടുക്കാം
മുൻപുണ്ടായിരുന്ന കാഴ്ചപ്പാടിൽ നിന്ന് സമൂഹം ഏറെ മുന്നോക്കം പോയെങ്കിലും മാനസികരോഗത്തെക്കുറിച്ചുള്ള ഒരു സ്റ്റിഗ്മ ഇപ്പോഴുമുണ്ട്. മറ്റു ഡോക്ടർമാരെ കാണാൻ പോകുന്നതു പോലെയല്ല ഒരു മെന്റൽ ഹെൽത്ത് പ്രൊഫഷണലുകളെ പലരും സമീപിക്കുന്നത്. മറ്റാരും അറിയാതെ വളരെ രഹസ്യമായി ചെയ്യേണ്ട ഒന്നാണെന്ന ധാരണ പലരിലുമുണ്ട്. ഇതു മാറ്റാൻ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കണം.
∙ ബോധവത്കരണ പരിപാടികളിലൂടെ രോഗത്തോടുള്ള കാഴ്ചപ്പാട് മാറ്റിയാലും മാനസികരോഗ്യ ആശുപത്രികളെ ഒരു ഭയപ്പാടോടെ അല്ലേ ഏവരും കാണുന്നത്? അതു മാറ്റാനും ഒരു ശ്രമം വേണ്ടതല്ലേ?
മാനസികരോഗ ആശുപത്രികളെക്കുറിച്ച് ജനങ്ങൾക്കുള്ളിൽ ഒരു ഭയമുണ്ടെന്നത് സത്യമാണ്. അതും ഒരു തരത്തിലുള്ള സ്റ്റിഗ്മയാണ്. സർക്കാർ ആശുപത്രികളെല്ലാം ഏകദേശം ഒരു ജയിലുപോലെയാണ് ജനങ്ങൾക്കു തോന്നുന്നത്. ആളുകൾക്ക് സ്വാതന്ത്ര്യത്തോടെ വന്നു പോകാനോ കയറാനോ ഇറങ്ങാനോ പറ്റുന്ന സാഹചര്യം വേണ്ടതാണ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനായി പല പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും, ആവശ്യത്തിന് വേണ്ട മെന്റൽ ഹെൽത്ത് പ്രൊഫഷണലുകളെ നിയമിക്കുകയും, കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത് പരിപാടികളും പുനരധിവാസ പദ്ധതികളും നടപ്പിലാക്കുകയും ചെയ്താൽ തന്നെ ഇത്തരത്തിലുള്ള സ്റ്റിഗ്മ കുറയ്ക്കാൻ സാധിക്കും. സ്റ്റിഗ്മ ഉണ്ടാക്കുന്നതിലും മാറ്റുന്നതിലും സിനിമ, സാമൂഹിക മാധ്യമങ്ങൾ എന്നിവയ്ക്ക് നല്ലൊരു പങ്കുണ്ട്.
∙ മാനസികരോഗികളുടെ പുനരധിവാസം എത്രത്തോളം സാധ്യമാണ്?
മാനസികരോഗികൾക്ക് ശരിയായുള്ള പുനരധിവാസ കേന്ദ്രങ്ങൾ ഉണ്ടാകണം. ഈ രോഗികൾക്ക് റീഹാബിലിറ്റേഷനുള്ള സൗകര്യം കൊടുത്തു കഴിഞ്ഞാൽ പലർക്കും ജോലി ചെയ്യാൻ സാധിക്കും. ജനറൽ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എല്ലാം തന്നെ മെന്റൽ ഹെൽത്ത് പ്രൊഫഷണലുകളുടെ സേവനം ലഭ്യമാക്കണം.
മാനസികാരോഗ്യ വിദഗ്ധരുടെ കുറവും പുനരധിവാസ ചികിത്സകൾക്ക് തടസ്സമാകാറുണ്ട്. ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിനും ഒരു പ്രാധാന്യം നമ്മുടെ ഗവൺമെന്റ് കൊടുക്കേണ്ടതാണ്. അതുവഴി ഒത്തിരി പേർക്ക് സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും..
∙ ഏതൊക്കെ അവസ്ഥയിൽ ഒരാളുടെ മാനസികാരോഗ്യം നഷ്ടമാകാം?
ഏത് ഇമോഷനും അമിതമായിട്ട് കൺട്രോൾ ചെയ്യാൻ പറ്റാതെ വന്നാൽ മാനസിക പ്രശ്നമായി മാറാം. ദേഷ്യം അതൊരു ഇമോഷനാണല്ലോ. വയലന്റ് ആയിക്കഴിഞ്ഞാൽ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റാതെ ആയാൽ അതൊരു മെന്റൽ ഹെൽത്ത് ഇഷ്യൂ ആയി മാറും. ഡിപ്രഷനാകാം. അതായത് സാധാരണയിൽ നിന്ന് ഏതൊരു ഇമോഷന്‍ കൂടുതലായി അവരുടെ ജോലിയെയും ദിനചര്യയെയും ബാധിക്കുന്ന തരത്തിൽ വന്നു കഴിഞ്ഞാൽ അതൊരു മെന്റൽ ഹെൽത്ത് ഇഷ്യൂ ആകാം. ഇത് പല തലത്തിലുണ്ട്, മൈൽഡ് ലെവലിലും സൈക്കോട്ടിക് ലെവലിലേക്കും പോകുന്നവരും ഉണ്ട്. ഏതൊരു ഇമോഷനിലേക്കും പോകാം. ഒരുദാഹരണം പറഞ്ഞാൽ അടുത്തുവന്ന ഒരു കുട്ടി നാലു ദിവസമായി ആരോടും മിണ്ടുന്നില്ല. ആഹാരം കഴിക്കുന്നില്ല. പേടിച്ചിങ്ങനെ ഇരിക്കുകയാണ്. അവളുടെ കൂട്ടുകാരി ആത്മഹത്യ ചെയ്തു. അതിനു ശേഷമാണ് കുട്ടിക്ക് ഈ അവസ്ഥ ഉണ്ടായത്. ഇത് ആരുടെയും കുറ്റമല്ല. ഇങ്ങനെയൊക്കെയുള്ള ട്രോമാ സ്റ്റേജുകൾ എങ്ങനെയാണ് നേരിടേണ്ടത് എന്ന് കുട്ടികളെ പഠിപ്പിക്കണം. വളരെ സ്ട്രെസ് ഫുൾ ആയ സിറ്റുവേഷനും അഭിമുഖീകരിക്കാനുള്ള മാനസികാരോഗ്യം കുട്ടികളിൽ വളർത്തിയെടുക്കണം. ഇതിനുള്ള ക്ലാസുകൾ സ്കൂളുകളിൽ ലഭ്യമാക്കണം.
Content Summary: World Mental Health Day 2022