ADVERTISEMENT

ഭിന്നശേഷിക്കാർക്കും മറ്റുള്ളവരോടൊപ്പം എല്ലാ മേഖലയിലും പ്രവർത്തിക്കാനുള്ള ഒരിടം ഉണ്ടാകുകയെന്നതാണ് പുരോഗമിച്ച സമൂഹത്തിന്റെ ലക്ഷണം. നമ്മളിൽ ഓരോരുത്തരിലും ഉണ്ടായി വരേണ്ട ഈ കാര്യം ഓർമിപ്പിക്കുകയാണ് ഓരോ ഭിന്നശേഷി ദിനവും.

 

മൂന്നു തവണ ഇതു നമ്മോടു ചോദിക്കണം– എന്താണ് ഉൾക്കൊള്ളേണ്ടത്?, എന്തിന് ഉൾക്കൊള്ളണം?, എങ്ങനെ ഉൾക്കൊള്ളണം?

 

നമ്മുടെ സമയവും ഇടവും അവർക്കുവേണ്ടിക്കൂടി വിപുലപ്പെടുത്തണം, സമർപ്പിക്കണം. ആ ഇടങ്ങളിൽ പൂർണ സ്വാതന്ത്ര്യത്തോടെ അവർക്ക് സന്തോഷിക്കാനും കളിക്കാനും പിണങ്ങാനുമൊക്കെ പറ്റണം. നമ്മുടെ നാട്ടിൽ അവർക്കു നമ്മോടൊപ്പം കഴിയുന്നതിന് നമ്മുടെ സൗകര്യങ്ങൾ മാറ്റുക എന്നതാണ് ഇത് അർഥമാക്കുന്നത്. നമ്മുടെ ജീവിതത്തെ നിർവചിക്കുന്നത് സാമൂഹിക ബന്ധങ്ങളാണ്. കുടുംബബന്ധങ്ങളും സുഹൃദ്,  സ്നേഹ ബന്ധങ്ങളുമാണ് ഒരു വ്യക്തിയുടെ സാമൂഹിക ബന്ധത്തെ അടയാളപ്പെടുത്തുന്നത്.

 

വിദ്യാലയങ്ങളും തൊഴിലിടങ്ങളും സാമൂഹിക, മത, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങളും വിനോദ, കായിക മേഖലകളുമാണ് സാമൂഹിക ബന്ധങ്ങൾ രൂപപ്പെടുത്തുന്നത്. കുടുംബ സൗഹൃദങ്ങളും കുടുംബ ആഘോഷങ്ങളും ചടങ്ങുകളും തീർക്കുന്ന മാനസിക അടുപ്പം നൽകുന്ന ആത്മവിശ്വാസമാണ് ഓരോ വ്യക്തിയുടെയും കരുത്ത്. എന്നാൽ ഭിന്നശേഷിയുള്ളവർക്ക് ഇത് നിഷേധിക്കപ്പെടുകയാണ്. ഇത്തരം സാമൂഹിക ബന്ധങ്ങളും സ്നേഹബന്ധങ്ങളും നഷ്ടപ്പെടുമ്പോൾ ഒരാൾ അനുഭവിക്കുന്ന മാനസിക അവസ്ഥയാണ് ശരിയായ ദാരിദ്ര്യവും നിസ്സഹായതയും.

 

പല കാരണങ്ങളാലാണ് സാമൂഹിക, പൊതു ഇടങ്ങൾ അവർക്കു നിഷേധിക്കപ്പെടുന്നത്. യാത്ര ചെയ്യുവാനുള്ള അസൗകര്യം, ഭിന്നശേഷി സൗഹൃദമല്ലാത്ത പൊതുഇടങ്ങൾ, കെട്ടിടങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, കായിക മൈതാനങ്ങൾ തുടങ്ങിയവയാണ് ഭൗതിക തടസ്സങ്ങൾ. പൊതു ഇടങ്ങളിൽ സമൂഹത്തിന് ഇവരോടുള്ള മുൻവിധികളുള്ള സമീപനവും ബൗദ്ധിക തടസ്സങ്ങളേക്കാൾ വലിയ പ്രശ്നം ആണ്.

ഇത് രണ്ടും ഇവരുടെ സാമൂഹിക ഇൻക്ലൂഷൻ സങ്കീർണമാക്കുന്നു. സമൂഹത്തിലെ ഏതൊരാളെയും പോലെ സൗഹൃദങ്ങൾ ഉണ്ടാക്കാനും തൊഴിൽ രംഗത്ത് വരാനും സമൂഹ ഇടങ്ങളിൽ പങ്കാളിയാവാനുമുള്ള തുല്യ അവസരവും ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള പ്രോത്സാഹനവും ഇവർക്കു നാം നൽകേണ്ടതുണ്ട്.

 

ഗവൺമെന്റ് സംവിധാനങ്ങളും നിയമങ്ങളും ഇവരുടെ ഉന്നമനത്തിന് ഉണ്ടെങ്കിൽക്കൂടി അത് ശരിയായ രീതിയിൽ ഇവരിലേക്ക് എത്താൻ നാം ഓരോരുത്തരുടെയും മനോഭാവം മാറേണ്ടതുണ്ട്. എത്ര പറഞ്ഞാലും തീരാത്തത്ര പരിഭവങ്ങളും ദുഃഖങ്ങളും വിഷമങ്ങളും ബുദ്ധിമുട്ടുകളും, ഒറ്റപ്പെടലും ഇവർ അനുഭവിക്കുന്നുണ്ട് ഇതിന് പരിഹാരമാകണമെങ്കിൽ നാം ഓരോരുത്തരും ആത്മാർഥമായി അവരവരുടെ മനോഭാവത്തിൽ മാറ്റം വരുത്താനുള്ള ഒരു ഉറച്ച തീരുമാനം എടുത്താൽ മതിയാവും. ഇവരെ കാണാനും കേൾക്കാനും ഇവർക്ക് വേണ്ടി ശബ്ദിക്കാനുമുള്ള മനസ്സുണ്ടായാൽ, അവർക്കുള്ള ആനുകൂല്യങ്ങളും സൗകര്യങ്ങളും അവർക്ക് എത്തിക്കാൻ അവരോടൊപ്പം ചേർന്ന് നിന്നാൽ തീർച്ചയായും സാമൂഹിക മുഖ്യധാരയിൽ ഇവരുടെ സംഭാവനകൾ നമുക്ക് കാണാൻ കഴിയും. നമുക്ക് ഓരോരുത്തർക്കും അതിൽ പ്രധാന റോളുണ്ട്.

 

എങ്ങനെ?

നമ്മുടെ നാട്ടിൽ, അയൽപക്കത്ത്, കുടുംബത്തിൽ ഉള്ള ഇത്തരമൊരാളെ കുറിച്ച് ഓർത്തു നോക്കൂ, അവരെങ്ങനെയാണ് അവരുടെ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്, അവരനുഭവിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എന്തൊക്കെയാണ്, ഈ കാര്യങ്ങളിൽ വ്യക്തി / സമൂഹം എന്ന നിലയിൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും. നാട്ടിലെ ഉത്സവങ്ങൾ, സമ്മേളനങ്ങൾ, വിനോദങ്ങൾ, ആഘോഷങ്ങൾ, കല്യാണ, സൽക്കാര ചടങ്ങുകൾ തുടങ്ങിയവയിൽ അവരെ നാം എപ്പോഴാണ് കണ്ടത് എന്നൊന്ന് ഓർത്തുനോക്കൂ. ഇനിയുള്ള ചടങ്ങുകളിൽ അവരുണ്ടാവണം, അവർക്കുള്ള ഇടം നാമൊരുക്കണം. കാരണം ഭിന്നശേഷിക്കാരും ഈ സമൂഹത്തിന്റെ ഭാഗമാണ്, അല്ലെങ്കിൽ അവർ കൂടി ഉൾപ്പെടുന്നതാണ് ഈ സമൂഹം.

 

അവരുടെ ആഗ്രഹങ്ങൾ നമുക്ക് അറിയാൻ ശ്രമിക്കാം

കളിക്കളത്തിൽ അവരുടെ സാന്നിധ്യം ഉറപ്പുവരുത്താം, അമ്പലങ്ങളിലും പള്ളികളിലും പ്രാർഥനയ്ക്ക് അവരെ കൂടി കൊണ്ടുവരാം,  അവർക്ക് താങ്ങും തണലുമായി സുഹൃദ്‌വലയങ്ങൾ തീർക്കാം, അവർക്കിഷ്ടമുള്ള ഇടങ്ങളിൽ ഒപ്പം യാത്ര പോകാം, നമ്മളോടൊപ്പം വൈകുന്നേരങ്ങളിൽ കഫ്റ്റീരിയകളിലും മാളിലും ബീച്ചിലും അവർക്കു കൂടി ഇടം നൽകാം. അവരെ കുറിച്ചുള്ള നമ്മുടെ മുൻധാരണകളും അജ്ഞതകളും നമുക്ക് തിരുത്താം. അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂവണിയാൻ അവസരങ്ങൾ ഒരുക്കാം, അവരെ നമുക്ക് ചേർത്തു നിർത്താം. 

 

അവരുടെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്. പ്രാഥമിക കൃത്യങ്ങൾക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ ഉൾക്കൊള്ളാൻ സാധിക്കണം. ഇത്തരം സന്ദർഭത്തിൽ അവർക്ക് തോന്നുന്ന മാനസിക പ്രയാസങ്ങൾക്ക് അപ്പുറത്താണ് സമൂഹം അടിച്ചേൽപ്പിക്കുന്ന മാനസിക സംഘർഷങ്ങൾ. സ്വയം നീങ്ങാൻ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമ്പോൾ സമൂഹം കാണിക്കുന്ന അവഗണന അവരുടെ ആത്മാഭിമാനത്തിന് ഏൽപ്പിക്കുന്ന മുറിവ് ഒരിക്കലും മാറില്ല.

 

സങ്കീർണമാണ് ഇവരുടെ ആരോഗ്യസ്ഥിതി

‘‘മോള് അങ്ങനെ ആയിപ്പോയില്ലേ, മരുന്നു കൊടുത്തു സുഖമാകുന്നില്ല അല്ലേ, വേറെ എവിടെയെങ്കിലും കാണിച്ചുകൂടേ’’ ഇങ്ങനെയൊക്കെ പറഞ്ഞു കടന്നു പോകുന്നവരായി നാം മാറരുത്. അവർക്ക് ഒരു ആശ്വാസമായി മാറാൻ സാധിക്കണം. ആഘോഷങ്ങളിലും ചടങ്ങുകളിലും ഇത്തരം കുഞ്ഞുങ്ങളെയും അമ്മമാരെയും തുറിച്ചു നോക്കുന്നത് അവരെ സമൂഹത്തിൽനിന്ന് ഉൾവലിയാൻ ഇടയാക്കും. ഇവരെ പരിശീലന കേന്ദ്രത്തിലേക്കു കൊണ്ടു പോകുന്നത് നിത്യവും കാണുന്നവർ ‘‘ഇങ്ങനെ പോകുന്നതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ’’ എന്ന് ദിവസേന ചോദിക്കുന്നത് എത്ര അസഹനീയമാണ്!  നമ്മുടെ കാഴ്ചപ്പാടിൽ ഉള്ള മാറ്റമല്ല ആ അമ്മ പ്രതീക്ഷിക്കുന്നത്. ഒന്ന് വിരൽ അനങ്ങുന്നതു തന്നെ അവരെ സംബന്ധിച്ച് വലിയ മാറ്റമാണ്. 

 

സമാധാനവും സന്തോഷങ്ങളും 

ഇവരുടെ വിഷയങ്ങളെക്കുറിച്ച് അറിയാതെ തെറ്റായ നിർദ്ദേശങ്ങൾ നൽകുന്ന പ്രവണതകളും സമൂഹത്തിൽ ഉണ്ട്. അന്ധവിശ്വാസത്തിലേക്ക് ഇവരെ നയിക്കുന്നത് ഇവരുടെയും കുഞ്ഞുങ്ങളുടെയും ജീവിതം കൂടുതൽ ദുഷ്കരമാക്കും.

 

ഈ അമ്മമാർ ആഗ്രഹിക്കുന്നത് ഇവരെ സാധാരണ കുഞ്ഞിനെപ്പോലെ സമൂഹം കാണണം എന്നണ്. അവരുടെ പരിമിതികൾ കൃത്യമായി അമ്മമാർക്ക് അറിയാം. സാധാരണ കുഞ്ഞുങ്ങളെയെന്നപോലെ സമൂഹം അവരെയും കാണണമെന്നും കളിപ്പിക്കണമെന്നും ഇടപെടണമെന്നുമാണ് ഈ അമ്മമാരുടെ ആഗ്രഹം.

Content Summary: International day of disabled persons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com