ADVERTISEMENT

മുതിര്‍ന്നവര്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനായി മരുന്നുകള്‍ കഴിക്കുന്നത്‌ അവരില്‍ മറവിരോഗമുണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുമെന്ന്‌ പഠനം. രക്തസമ്മര്‍ദമുണ്ടായിട്ടും ചികിത്സിക്കാത്ത പ്രായമായവര്‍ക്ക്‌ ആരോഗ്യവാന്മാരായ മുതിര്‍ന്നവരെ അപേക്ഷിച്ച്‌ മറവിരോഗമുണ്ടാകാനുള്ള സാധ്യത 42 ശതമാനം അധികമാണെന്ന്‌ ജാമാ നെറ്റ്‌ വര്‍ക്ക്‌ ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു. മരുന്ന്‌ കഴിച്ച്‌ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നവരെ അപേക്ഷിച്ച്‌ ഇവരിലെ മറവിരോഗ സാധ്യത 26 ശതമാനം അധികമാണെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. 

 

യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യൂ സൗത്ത്‌ വെയ്‌ല്‍സിലെ ഗവേഷകരാണ്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയത്‌. 60നും 110നും ഇടയില്‍ പ്രായമുള്ള 34,000 പേരെ ഉള്‍പ്പെടുത്തിയ 17 മുന്‍ പഠനങ്ങളുടെ ഡേറ്റ പഠനത്തിനായി ഉപയോഗപ്പെടുത്തി. അമേരിക്ക ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്‌ പഠനത്തില്‍ പങ്കെടുത്തത്‌. ഇവരുടെ ശരാശരി പ്രായം 72 വയസ്സായിരുന്നു. ഇവരില്‍ 60 ശതമാനം പേരും സ്‌ത്രീകളുമായിരുന്നു. നാലു വര്‍ഷക്കാലത്തേക്ക്‌ തുടര്‍ച്ചയായി ഇവരെ പഠനവിധേയമാക്കി. 

 

ഗവേഷണത്തില്‍ നിരീക്ഷണ വിധേയമാക്കിയവരെ മൂന്ന്‌ സംഘങ്ങളായി തിരിച്ചു. ആദ്യ സംഘത്തില്‍ രക്തസമ്മര്‍ദമോ രക്തസമ്മര്‍ദ ചികിത്സയുടെ ചരിത്രമോ ഇല്ലാത്ത തികച്ചും ആരോഗ്യവാന്മാരായ മുതിര്‍ന്നവരാണ്‌ ഉള്‍പ്പെട്ടത്‌. രണ്ടാമത്ത സംഘത്തില്‍ രക്തസമ്മര്‍ദത്തിനായി മരുന്ന്‌ കഴിക്കുന്ന മുതിര്‍ന്നവര്‍ ഉള്‍പ്പെട്ടപ്പോള്‍ മൂന്നാമത്തെ സംഘത്തിലുള്ളവര്‍ രക്തസമ്മര്‍ദമുണ്ടായിട്ടും മരുന്നോ ചികിത്സയോ എടുക്കാത്തവരായിരുന്നു. ഇവരുടെ താരതമ്യ പഠനമാണ്‌ രക്തസമ്മര്‍ദത്തിന്‌ ചികിത്സ തേടുന്നത്‌ മറവിരോഗ സാധ്യത കുറയ്‌ക്കുന്നു എന്ന നിരീക്ഷണത്തിലേക്ക്‌ ഗവേഷകരെ എത്തിച്ചത്‌. 

 

എന്നാല്‍ വിവിധ രാജ്യങ്ങളില്‍ എന്തു തരം മരുന്നുകളാണ്‌ രക്തസമ്മര്‍ദ നിയന്ത്രണത്തിനായി ഗവേഷണത്തില്‍ പങ്കെടുത്തവര്‍ കഴിച്ചു കൊണ്ടിരുന്നത്‌ എന്നതിനെ പറ്റിയുള്ള വിവരങ്ങള്‍ ഗവേഷകര്‍ക്ക്‌ ലഭ്യമായിരുന്നില്ല. ഇത്‌ ഗവേഷണറിപ്പോര്‍ട്ടിലെ പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മരുന്നില്ലാതെ തന്നെ രക്തസമ്മര്‍ദം വിജയകരമായി നിയന്ത്രിക്കാന്‍ ചിലര്‍ക്ക്‌ സാധിച്ചോ എന്നതിനെ പറ്റിയും ഗവേഷകര്‍ക്ക്‌ വിവരം ലഭ്യമല്ല. 

 

ജീവിതത്തിന്റെ മധ്യകാലഘട്ടത്തില്‍ രക്തസമ്മര്‍ദ്ധമുണ്ടാകുന്നത്‌ അൽസ്ഹൈമേഴ്‌സ്‌ ഉള്‍പ്പെടെയുള്ള മറവിരോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പല മുന്‍ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഏത്‌ പ്രായത്തിലും രക്തസമ്മര്‍ദം ചികിത്സിക്കുന്നതും നിയന്ത്രണത്തില്‍ നിര്‍ത്തുന്നതും പല ആരോഗ്യ ഗുണങ്ങളും നല്‍കാമെന്നും ഗവേഷണ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നത്‌ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത കുറയ്‌ക്കാനും സഹായകമാണ്‌. 

Content Summary: Taking Medication For High Blood Pressure May Lower Your Dementia Risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com