ദാഹിച്ചില്ലെങ്കിലും വെള്ളം കുടിക്കണം; ചൂട് കൂടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗസാധ്യത
Mail This Article
പല സംസ്ഥാനങ്ങളിലും ചൂട് കൂടുന്ന സാഹചര്യത്തില്‍ വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കാനും പ്രതിരോധിക്കാനുമുള്ള നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പല സ്ഥലങ്ങളിലും ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ മുതിര്‍ന്നവരുടെയും രോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പറയുന്നു.
കര്‍ട്ടണുകളും ഷട്ടറുകളും സണ്‍ഷേഡുകളും ഉപയോഗിച്ച് വീടുകള്‍ക്കുള്ളില്‍ വെയിലും ചൂടും കയറാതെ നോക്കണമെന്നും അതിരാവിലെയും രാത്രിയിലും ജാലകങ്ങള്‍ തുറന്നിട്ട് വീടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്തണമെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. പകല്‍ സമയത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പരമാവധി ചെലവഴിക്കണമെന്നും ഫാനും നനഞ്ഞ തുണിയും ഉപയോഗിച്ച് ശരീരത്തിന്റെ താപനില നിയന്ത്രിക്കണമെന്നും മാര്‍ഗ്ഗരേഖ കൂട്ടിച്ചേര്‍ക്കുന്നു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ അമിതമായ ചൂടിനും ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉഷ്ണതരംഗങ്ങള്‍ മൂലം അമിതമായി വിയര്‍ത്ത് ശരീരത്തിന് നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉടനെ കൈകാര്യം ചെയ്തില്ലെങ്കില്‍ നിര്‍ജലീകരണം ഹീറ്റ് സ്ട്രോക്ക് പോലുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകാം. കടുത്ത നിര്‍ജലീകരണം വൃക്ക രോഗം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കാം.
ചൂട് മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നേരിട്ട് വെയില് ഏല്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ദാഹമില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളം കുടിച്ചു കൊണ്ടിരിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കാര്‍ബണ്‍ കയറ്റിയ മധുരപാനീയങ്ങള്‍ക്ക് പകരം തണ്ണീര്‍മത്തന്‍, മോരിന്‍വെള്ളം, ഫ്രഷ് ജ്യൂസ് പോലുള്ള പാനീയങ്ങള്‍ ഉപയോഗിക്കാം. ചായ, കാപ്പി എന്നിവ നിര്‍ജലീകരണത്തിന് കാരണമാകുമെന്നതിനാല്‍ ഒഴിവാക്കാം. അയഞ്ഞതും കാറ്റോട്ടമുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ചൂട് കാലത്ത് ധരിക്കേണ്ടതാണ്.
പുറത്തിറങ്ങേണ്ട സാഹചര്യത്തില്‍ കുടയോ തൊപ്പിയോ കരുതുകയോ സണ്‍സ്ക്രീന്‍ ക്രീമുകള്‍ തേക്കുകയോ ചെയ്യണം. തലകറക്കം, ചൂട് പിടിച്ച ചര്‍മ്മം തുടങ്ങിയ പ്രശ്നങ്ങള്‍ അമിതമായ ചൂടുമായി ബന്ധപ്പെട്ട് ഹൃദയത്തിനുണ്ടാകുന്ന സമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാമെന്നും ഇവ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം വൈദ്യസഹായം തേടണമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.