പ്രമേഹം: ഓരോ വര്‍ഷവും 67 ലക്ഷം പേരെ കൊന്നൊടുക്കുന്ന നിശ്ശബ്ദ മഹാമാരി
Mail This Article
കോവിഡ് മഹാമാരിയുടെ കാലത്ത് ഓരോ ദിവസവും ആ വൈറസ് മൂലം മരണപ്പെടുന്ന ജനങ്ങളുടെ സംഖ്യ കേട്ട് നാമെല്ലാം ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിന്റെ അത്ര തന്നെ നാശം മനുഷ്യജീവന് വിതച്ചു കൊണ്ടിരിക്കുന്ന നിശ്ശബ്ദ മഹാമാരിയാണ് പ്രമേഹം. ഒരു വര്‍ഷം പ്രമേഹം മൂലം മരണപ്പെടുന്നവരുടെ സംഖ്യ ഏതാണ്ട് 67 ലക്ഷം വരുമെന്നാണ് കണക്ക്. മുതിര്‍ന്നവരില്‍ പത്തിലൊരാള്‍ക്കും പ്രമേഹമുള്ളതായി കണക്കാക്കുന്നു. ആഗോള തലത്തിലെ മനുഷ്യരുടെ മരണകാരണങ്ങളില്‍ ആദ്യ പത്തിലും പ്രമേഹമുണ്ട്.
2045 ഓടെ പ്രമേഹ ബാധിതരുടെ എണ്ണം 780 ദശലക്ഷമായി വര്‍ദ്ധിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്‍(ഐഡിഎഫ്) കണക്കാക്കുന്നു. 2020ല്‍ ഇത് വെറും 151 ദശലക്ഷമായിരുന്നു. 240 ദശലക്ഷം പേര്‍ പ്രമേഹം തിരിച്ചറിയാതെ ജീവിക്കുന്നതായും ഐഡിഎഫ് വ്യക്തമാക്കുന്നു. അതായത് ലോകത്തെ പ്രമേഹ ബാധിതരില്‍ പാതി പേരും ഇത് തിരിച്ചറിയാതെ ജീവിക്കുന്നു. പ്രമേഹം തിരിച്ചറിയാതെ ജീവിക്കുന്നവരില്‍ പത്തില്‍ ഒന്‍പത് പേരും കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നു.
പ്രമേഹം മൂലമുള്ള ആഗോള ചികിത്സ ചെലവ് 2021ല്‍ 966 ബില്യണ്‍ ഡോളറായിരുന്നത് 2045 ഓടെ ഒരു ട്രില്യണ്‍ ഡോളറായി ഉയരുമെന്നും കരുതപ്പെടുന്നു. 2021ലെ കണക്കനുസരിച്ച് 30 ദശലക്ഷത്തിധികം കേസുകളുമായി ചൈന, ഇന്ത്യ, പാകിസ്‌താന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് പ്രമേഹ രോഗ പട്ടികയുടെ മുന്നിലുള്ളത്.
സബ് സഹാറന്‍ ആഫ്രിക്കയില്‍ സ്ഥിതി ഗുരുതരമാണെന്നും 2045 ഓടെ ഇവിടങ്ങളിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ 134 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നും ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നു. മിഡില്‍ ഈസ്റ്റിലെയും വടക്കന്‍ ആഫ്രിക്കയിലെയും പ്രമേഹരോഗികളുടെ എണ്ണം 87 ശതമാനവും തെക്ക് കിഴക്കന്‍ ഏഷ്യയിലെ പ്രമേഹ രോഗികളുടെ എണ്ണം 68 ശതമാനവും ഈ കാലയളവില്‍ വര്‍ദ്ധിക്കുമെന്ന് കരുതുന്നു.
ലോകത്തിലെ പ്രമേഹ ബാധിതരില്‍ 90 ശതമാനത്തിനെയും പിടികൂടിയിരിക്കുന്നത് ടൈപ്പ് 2 പ്രമേഹമാണ്. അമിതവണ്ണം, മോശം ഭക്ഷണക്രമം, ചിലതരം വംശീയ പശ്ചാത്തലങ്ങള്‍ എന്നിവയുമായി ടൈപ്പ് 2 പ്രമേഹം ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണക്രമത്തിലെ മാറ്റം, വ്യായാമം, പുകവലി നിര്‍ത്തല്‍, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തല്‍ എന്നിവയിലൂടെ ടൈപ്പ് 2 പ്രമേഹം കുറേയൊക്കെ നിയന്ത്രിക്കാനാകും.
സംസ്‌കരിച്ച മാംസം ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത 15 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് അടുത്തിടെ പുറത്ത് വന്ന പഠന റിപ്പോര്‍ട്ട് പറയുന്നു. ജീവിതത്തിലെ ആദ്യ രണ്ട് വര്‍ഷങ്ങളിലെ പഞ്ചസാര ചേര്‍ന്ന ഭക്ഷണക്രമം പിന്നീട് ദശകങ്ങള്‍ക്ക് ശേഷം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി മറ്റൊരു പഠനവും വെളിപ്പെടുത്തുന്നു. ജീവിതശൈലി മാറ്റം വഴി വലിയൊരളവില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുന്നതാണ് ടൈപ്പ് 2 പ്രമേഹം.