സർവ്വത്രമായം; മഞ്ഞനിറത്തിൽ തിളങ്ങി ചിപ്സ്, ഉപയോഗിച്ച തേയില വീണ്ടും പാക്കറ്റിൽ

തിരുവനന്തപുരം∙ ഭക്ഷ്യവസ്തുക്കളിലെ മായം തടയാനായി ആരംഭിച്ച ഓപ്പറേഷൻ രുചിയിൽ ഏറ്റവും കൂടുതൽ മായം ചേർന്നതായി കണ്ടെത്തിയത് ചില്ലിചിക്കനിലും ബീഫ് ചില്ലിയിലും. രുചിയും നിറവും കൂട്ടാൻ ‌ശരീരത്തെ ദോഷകരമായ ബാധിക്കുന്ന നിറങ്ങൾ അമിതമായി ചേർക്കുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. പഴംപൊരി മഞ്ഞനിറത്തിൽ തിളങ്ങി നിൽക്കുന്നതിന്റെ രഹസ്യവും, ഉപയോഗിച്ച തേയില വീണ്ടും കളർചേർത്ത് ഉപയോഗിക്കുന്ന വിദ്യയുമെല്ലാം ഭക്ഷ്യവകുപ്പിന്റെ ഓപ്പറേഷൻ രുചിയിലൂ‌ടെ പുറത്തായി.

ഒരിക്കൽ ഉപയോഗിച്ച തേയില വീണ്ടും പാക്കറ്റിലെത്തുന്ന വിദ്യ

തിരുവനന്തപുരം ജില്ലയിലെ ഒരു കടയിൽ കേടായ തേയില ഉപയോഗിക്കുന്നു എന്ന് വിവരം ലഭിച്ചതനുസരിച്ചാണ് ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ രഹസ്യമായി സ്ഥലത്തെത്തിയത്. കടക്കാരൻ ഉപയോഗിക്കുന്നത് ഒരിക്കൽ ചായക്കായി ഉപയോഗിച്ച് ഉപയോഗശൂന്യമായ തേയില. പരിശോധിക്കാനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഉദ്യോഗസ്ഥർ തേയില ഇട്ടു. പുതിയ തേയില ആണെങ്കിൽ പതുക്കെ മാത്രമേ കളർ വെള്ളത്തിൽ പടരൂ. ഒരിക്കൽ ഉപയോഗിച്ചശേഷം കളർചേർത്തതാണെങ്കിൽ നിറം വെള്ളത്തിൽ വേഗം പടരും. രണ്ടാമത്തെതാണ് സംഭവിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോൾ എല്ലാം തുറന്നു പറഞ്ഞു.

കടകളിൽ നിന്നും ഉപയോഗിച്ച തേയില ശേഖരിക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ട്. അവർ കളർ ചേർത്ത് ഉപയോഗശൂന്യമായ തേയില തിരികെയെത്തിക്കും. തുച്ഛമായ വില നൽകിയാൽ മതി. വേഗത്തിൽ കണ്ടെത്താനുമാകില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് അധിക കേസുകളും

കടും ചുവപ്പുനിറത്തിലെ ചില്ലിചിക്കനെ സൂക്ഷിക്കണം‍‌

തെക്കൻ കേരളത്തിലെ ഹോട്ടലുകളിലാണ് ചിക്കനിലെയും ബീഫിലെയും തട്ടിപ്പുകൾ കൂടുതലായി കണ്ടെത്തിയത്. കറികളിൽ നിറവും രുചിയും പകരാൻ പല രാജ്യങ്ങളിലും നിരോധിച്ച സുഡാൻ, ടാർടാസിൻ, സൺസെറ്റ് യെല്ലോ തുടങ്ങിയ വസ്തുക്ക‌ളാണ് ചേർക്കുന്നത്. ക്യാൻസർ സാധ്യത കൂട്ടുന്ന കളറുകളാണ് സുഡാൻ പോലുള്ളവ. പഴക്കം ചെന്ന ഇറച്ചി ഫ്രീസറിൽ ദീർഘനാൾ സൂക്ഷിച്ചശേഷം ഉപയോഗിക്കുന്നതായും, പിടിക്കപ്പെടാതിരിക്കാൻ നിറവും മണവും നൽകുന്ന രാസവസ്തുക്കൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മഞ്ഞ നിറത്തിൽ തിളങ്ങി നിൽക്കുന്ന പഴംപൊരി, ചിപ്സ്

തിളങ്ങുന്ന പഴംപൊരിയും ചിപ്സും ഗുണമേന്മയുള്ളതാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. തിളക്കം കൂട്ടാൻ ചേർക്കുന്നത് രാസവസ്തുക്കൾ. മധുരപലഹാരങ്ങളിൽ ചേർക്കുന്നത് എരിത്രോസിന്‍, ടാര്‍ടാസിന്‍, ഇന്റിഗോ കാര്‍മെയിന് തുടങ്ങിയ രാസവസ്തുക്കൾ‍. ലഡുവിലെയും ജിലേബിയിലേയും നിറങ്ങൾക്ക് പിന്നിൽ ഈ രാസവസുക്കളാണ്. അലർജിക്കും, അർബുദത്തിനും, തൊലിപ്പുറത്തെ രോഗങ്ങൾക്കും കാരണമാകുന്നതാണ് ഈ നിറങ്ങൾ. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും മധുരപലഹാരങ്ങളിൽ അധികമായി നിറം ചേർത്ത കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഓണക്കാലമായതിനാൽ ചിപ്സിന്റെ ഗുണനിലവാര പരിശോധന ശക്തമാക്കാനാണ് തീരുമാനം.