ടി വി സ്ക്രീനിൽ പാചകരാജക്കന്മാർ രുചിക്കൂട്ടുകളുമായി അരങ്ങു തകർക്കുന്ന , ഭക്ഷണമേളകൾ ഉത്സവം പോലെ കൊണ്ടാടുന്ന നമ്മുടെ നാട്ടിലും ഉണ്ണാനില്ലാത്തവരുടെ നാട്ടിലെപ്പോലെ വിളർച്ചയോ! സർവത്ര വെള്ളത്താൽ ചുറ്റപ്പെട്ടു കഴിയുന്ന കുട്ടനാട്ടുകാർ കുടിക്കാനൊരിറ്റു വെള്ളമില്ലെന്നു പറയുന്നതുപോലെ എന്തോ പിശകുണ്ടെന്നു കരുതേണ്ട. മൂന്നാമതു നാഷണൽ ഫാമിലി ഹെൽത്ത് സർവേയിൽ കണ്ടെത്തിയത് ഇന്ത്യയിലെ 56 ശതമാനം സ്ത്രീകൾക്കും 70 ശതമാനം കുട്ടികൾക്കും വിളർച്ചയുടെ പ്രശ്നമുണ്ടെന്നാണ്! ആരോഗ്യരംഗത്ത് ഏറെ മുന്നിലാണെന്ന് അഭിമാനിക്കുന്ന നാം അടിസ്ഥാന ആരോഗ്യമാനദണ്ഡങ്ങളിൽ എത്ര പിറകിലാണെന്നു കാണിക്കുന്നതാണ് ഈ കണക്ക് .നമ്മുടെ നാട്ടിൽ 8 മുതൽ 44 ശതമാനം വരെ വൃദ്ധജനങ്ങൾക്കും വിളർച്ചയുണ്ട്. ഓരോ ദശാബ്ദം കഴിയുമ്പോഴും വിളർച്ചയുണ്ടാകാനുള്ള സാധ്യതയും വർധിക്കുകയാണ്. ചുരുക്കത്തിൽ നമ്മുടെ നാട്ടിലെ മുതിർന്ന പൗരന്മാരും സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന ആരോഗ്യപ്രശ്നം വിളർച്ചയാണെന്നു പറയാം.
ലക്ഷണം ഒന്ന്, കാരണം പലത്
വിളർച്ചയുള്ളവരിൽ 50 ശതമാനത്തിലേറെയും ഇരുമ്പിന്റെ അഭാവംകൊണ്ടുള്ളതാണ്. എന്നാൽ പ്രായമേറിയവരിൽ വൃക്കരോഗങ്ങൾ, മറ്റു ദീർഘകാലരോഗാവസ്ഥകൾ, അർബുദം, തൈറോയിഡിന്റെ പ്രവർത്തനമാന്ദ്യം, തുടർച്ചയായ രോഗാണുബാധ തുടങ്ങിയവയാണു വിളർച്ചയ്ക്കുള്ള മറ്റു കാരണങ്ങൾ. ഉദരരക്തസ്രാവം മൂലമുള്ള രക്തനഷ്ടം കൂടാതെ അനാരോഗ്യകരമായ ഭക്ഷണരീതിയും ഇരുമ്പിന്റെ കുറവു മൂലമുള്ള വിളർച്ചയുണ്ടാക്കാം. ഫാസ്റ്റ് ഫുഡിനു പിറകേ പായുമ്പോൾ ഇരുമ്പിന്റെ ആഗിരണത്തെ ത്വരിതപ്പെടുത്തുന്ന ജീവകം സി അടക്കമുള്ള പോഷകഘടകങ്ങൾ നമുക്കു നഷ്ടമാവുന്നു. പൂർണമായും സസ്യഭക്ഷണം മാത്രം കഴിക്കുന്നവരിലും ഇരുമ്പിന്റെ കുറവുണ്ടാകാം. കാരണം പച്ചക്കറിയിനങ്ങളിൽ അടങ്ങിയിരിക്കുന്നത് ആഗിരണം ചെയ്യാൻ താരതമ്യേന ബുദ്ധിമുട്ടുള്ള നോൺ —ഹീം അയണാണ്. എന്നാൽ മത്സ്യം, മാംസം തുടങ്ങിയവയിൽ നിന്നു 30 ശതമാനം അയൺ വരെ ശരീരത്തിന് ഉപയോഗിക്കാനാകും.
ഭക്ഷണം നന്നായി കഴിക്കുന്നവരുടെയിടയിലും വിളർച്ചയുണ്ടാകും. നാം സാധാരണയായി ഉപയോഗിക്കുന്ന പല മരുന്നുകളും ഇരുമ്പിന്റെ ആഗിരണത്തെ തടയാം. ആമാശയത്തിൽ ആവശ്യത്തിന് അമ്ലമുണ്ടായാൽ മാത്രമേ ഫെറിക് രൂപത്തിൽ നിന്നു നന്നായി ആഗിരണം ചെയ്യാൻ കഴിയുന്ന ഫെറസ് രൂപത്തിലേക്ക് അയണിനെ മാറ്റാൻ കഴിയുകയുള്ളൂ. ഉദരസംരക്ഷണത്തിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റേഴ്സ് ആസിഡ് ഉൽപാദനം ഗണ്യമായി കുറയ്ക്കുന്നതുമൂലം ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടാം. ചായയിലും കാപ്പിയിലും ഉള്ള ഫിനോളിക് സംയുക്തങ്ങൾ, തേയിലയിലുള്ള ടാനിൻ, പാലിലടങ്ങിയിരിക്കുന്ന കാത്സ്യം തുടങ്ങിയവയെല്ലാം ഇരുമ്പിന്റെ ആഗിരണത്തെ മന്ദീഭവിപ്പിച്ചുകൊണ്ടു വിളർച്ചയ്ക്കു കാരണമാകുന്ന ഘടകങ്ങളാണ്.
നിശബ്ദനായ എതിരാളി
പ്രകടമായ ലക്ഷണങ്ങളൊന്നും കാണിക്കാതെ പതിയിരുന്ന് ആക്രമിക്കുന്ന എതിരാളിയാണു വിളർച്ച. വിട്ടുമാറാത്ത ക്ഷീണത്തിന്റെയും തളർച്ചയുടെയുമൊക്കെ കാരണങ്ങൾ അന്വേഷിച്ചു പരിശോധനാവഴികളിലൂടെ ഏറെ സഞ്ചരിച്ചു കഴിയുമ്പോഴായിരിക്കും വിളർച്ചയെ കണ്ടെത്തുന്നത്. നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ , തലകറക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കൂടാതെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറുകൾ മൂലം തുടർച്ചയായ രോഗാണുബാധയ്ക്കും സാധ്യതയുണ്ട്. അനീമിയ നിസ്സാരമാണെന്നു തള്ളിക്കളയണ്ട, കാരണം നീണ്ടുനിൽക്കുന്ന വിളർച്ച ഹൃദയത്തിന്റെ ജോലിഭാരം വർധിപ്പിക്കുന്നതുമൂലം ഹൃദ്രോഗത്തിനു കാരണമായേക്കാം. കുട്ടികളുടെ ഏകാഗ്രത, ബൗദ്ധികശേഷി, ശാരീരികവളർച്ച തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കാനും പഠനവൈകല്യങ്ങൾക്കും ഇരുമ്പിന്റെ അഭാവം ഇടയാക്കാം.
ഭക്ഷണസംവരണം വേണം
ഇരുമ്പിന്റെ കുറവുമൂലമുള്ള വിളർച്ചയുടെ പ്രശ്നങ്ങൾ ഏറ്റവും കൂടുതലായി ബാധിക്കുന്നതു സ്ത്രീകളെയാണ്. ആർത്തവവുമായി ബന്ധപ്പെട്ടു മാസംതോറുമുള്ള രക്തനഷ്ടം കൂടാതെ ആർത്തവക്രമക്കേടുകൾ മൂലമുള്ള അമിത രക്തസ്രാവവും വിളർച്ചയുണ്ടാക്കും. ഗർഭകാലത്തു രക്തത്തിന്റെ അളവു വർധിക്കുന്നതുമൂലം ഇരുമ്പിന്റെ ആവശ്യകതയും കൂടുന്നു. കേരളമുൾപ്പെടെയുള്ള ഒമ്പതു സംസ്ഥാനങ്ങളിൽ നടത്തിയ പഠനപ്രകാരം ശുപാർശ ചെയ്തിട്ടുള്ളതിൽ പകുതിയോളം പോഷക അളവുകൾ മാത്രമേ ഭക്ഷണത്തിൽ നിന്നു സ്ത്രീകൾക്കു ലഭിക്കുന്നുള്ളുവെന്നു കണ്ടെത്തി. ഇരുമ്പ്, ജീവകങ്ങൾ, സൂക്ഷ്മാംശമൂലകങ്ങൾ തുടങ്ങിയവയുടെയെല്ലാം കുറവുകൾ സ്ത്രീകളിൽ പ്രകടമായിരുന്നു.
ഉദ്യോഗസ്ഥകളായ സ്ത്രീകളാണു വിളർച്ചയടക്കമുള്ള പോഷക ദാരിദ്യ്രം ഏറെ അനുഭവിക്കേണ്ടിവരുന്നത്. വീട്ടമ്മയുടെയും ഉദ്യോഗസ്ഥയുടെയും ഡബിൾ റോളിൽ അഭിനയിക്കേണ്ടിവരുന്ന നമ്മുടെ സഹോദരിമാർക്ക് പലപ്പോഴും ഭക്ഷണാരോഗ്യത്തിൽ വേണ്ട ശ്രദ്ധ പതിപ്പിക്കുവാൻ കഴിയുന്നില്ല. തൃപ്തികരമായി വീട്ടിലേയും ഓഫിസിലെയും ഉത്തരവാദിത്വങ്ങൾ ചെയ്തുതീർക്കാനാകാതെ ശാരീരിക മാനസിക സമ്മർദങ്ങൾക്കു വിധേയമാകുന്ന സ്ത്രീ കൂടുതൽ ദുർബലയായി മാറുന്നു.
വിപ്ലവത്തിനു സമയമായി
ഹരിതവിപ്ലവവും ധവളവിപ്ലവുംപോലെ ചുവന്ന രക്താണുക്കളെ കൂടുതൽ ചുവപ്പിക്കാനായി അരുണവിപ്ലവം ഉണ്ടാകേണ്ടിയിരിക്കുന്നു. ചുവന്ന രക്തകോശങ്ങളെ ചുവപ്പിക്കുന്ന ഹീമോഗ്ലോബിന്റെ അളവു പുരുഷന്മാരിൽ 13ഗ്രാമിലും സ്ത്രീകളിൽ 12 ഗ്രാമിലും കുറയുമ്പോഴാണു വിളർച്ചയുണ്ടെന്നു പറയുന്നത്. തികച്ചും ലളിതമായ ഒരു പരിശോധനയിലൂടെ കണ്ടെത്തി വളരെ എളുപ്പം ചികിത്സിക്കാവുന്ന പ്രശ്നമാണു വിളർച്ച. പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെ പരിശോധിക്കുന്നതു പോലെ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവും ഇടയ്ക്കിടയ്ക്കു പരിശോധിക്കേണ്ടിയിരിക്കുന്നു. വിളർച്ചയുള്ള കുട്ടികൾക്കു അയൺ ഗുളികകൾ നൽകാം.
മുതിർന്ന പൗരന്മാർക്കായി ജീറിയാട്രിക് ക്ലിനിക്കുകൾ വഴിയും സീനിയർ സിറ്റിസൺ ഫോറം, പെൻഷൻ സംഘടനകൾ തുടങ്ങിയവ മുൻകൈയെടുത്തും വാർഷിക രക്തപരിശോധന നടത്തി ഷുഗറും കൊളസ്ട്രോളും നോക്കുന്നതോടൊപ്പം തന്നെ അനീമിയ ടെസ്റ്റും നടത്തണം. ക്ഷീണവും തളർച്ചയും മറവിയുമുൾപ്പെടെ അലോസരപ്പെടുത്തുന്ന പല വാർധക്യകാലപ്രശ്നങ്ങളും അനീമിയ ടെസ്റ്റിലൂടെ വളരെ സിമ്പിളായി പരിഹരിക്കാമെന്നതാണു നേട്ടം.
ഗർഭിണികളുടെയും പാലൂട്ടൂന്ന അമ്മമാരുടെയും പോഷകപ്രശ്നങ്ങൾ പരിഹരിക്കാൻ നേരത്തെ തന്നെ നമുക്കു പദ്ധതികളുണ്ട്. എന്നാൽ വീട്ടമ്മമാരുടേയും ഉദ്യാഗസ്ഥകളുടെയും വിളർച്ച ഉൾപ്പെടെയുള്ള പോഷകദാരിദ്യ്രത്തിനു പരിഹാരം കാണാനായിട്ടില്ല. അനീമിയയെ നേരിടാനുള്ള ഭക്ഷണപരിഹാരം നാം തേടേണ്ടതാണ്. മാംസവും മത്സ്യവും പച്ചക്കറികളും ഇലക്കറിയുമൊക്കെ അടങ്ങിയ മിശ്രഭക്ഷണമാണു വിളർച്ച പരിഹരിക്കാൻ ഏറ്റവും ഉത്തമം. അതുപോലെ തന്നെ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളുടെ ഉപയോഗം മിതമാക്കണം. ഇരുമ്പും ഒപ്പം ജീവകം ബി 12ഉം ഫോളിക് ആസിഡുമടങ്ങിയ ധാന്യങ്ങൾ ലഭ്യമായതു ഉപയോഗിക്കാം
ഡോ. ബി. പത്മകുമാർ
പ്രഫസർ ഓഫ് മെഡിസിൻ
മെഡിക്കൽ കോളജ്, തിരുവനന്തപുരം