എന്താണെന്ന് അറിയില്ല, കടുത്ത ക്ഷീണം, ഒന്നും ചെയ്യാനും പറ്റുന്നില്ല... ഇങ്ങനെ ഏതെങ്കിലും സുഹൃത്തുക്കളോ ബന്ധുക്കളോ പറ.ുകയാണെങ്കിൽ അവരെ ഓരോന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്താതെ എത്രയും പെട്ടെന്ന് ഒരു ഡോക്ടറുടെ അടുത്തേക്കു കൊണ്ടു പോകുക. ചിലപ്പോൾ ഇത് അനീമിയയുടെ ലക്ഷണമാകാം.
എന്താണ് അനീമിയ?
രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥയാണ് അനീമിയ. വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ. ശരിയായ അളവിൽ ഇരുമ്പിന്റെ അംശം ശരീരത്തിൽ ഇല്ലാതെ വന്നാൽ ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുകയും അനീമിയ ഉണ്ടാവുകയും ചെയ്യും. സൂക്ഷിച്ചില്ലെങ്കിൽ മരണത്തിനു വരെ അനീമിയ കാരണമായേക്കും. രക്തസ്രാവം, ശോണരക്താണുക്കളുടെ ഉത്പാദനത്തിലെ അപര്യാപ്തത, ശോണരക്താണുക്കളുടെ നാശം എന്നിവയാണ് അനീമിയ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍.
അനീമിയ ലക്ഷണമുള്ളവർ ചെയ്യേണ്ടത്?
അനീമിയ ലക്ഷണമുള്ളവർ അയേൺ അഥവാ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഹീമോഗ്ലോബിന്റെ ഉൽപാദനത്തിന് അയേണും പ്രോട്ടീനും ആവശ്യമാണ്. അതുപോലെ തന്നെ ഫോളിക് ആസിഡിന്റെ കുറവും അനീമിയയ്ക്ക് കാരണമാകുന്നുണ്ട്. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ഓറഞ്ച്, തക്കാളി, കൈതച്ചക്ക, സ്ട്രോബറി എന്നിവയും കഴിക്കുന്നത് വളരെ നല്ല ഫലം നൽകും.
വിവരങ്ങൾക്കു കടപ്പാട് : തൈറോകെയർ