അപകടകാരിയായ ഈ ബാക്ടീരിയ 24 മണിക്കൂറിനുള്ളിൽ തലച്ചോറിൽ കയറും

തലച്ചോറിനെ അപകടകരമായി ബാധിക്കുന്ന ബാക്ടീരിയയാണ് ബർഖോൽഡെറിയ സ്യുഡോമല്ലെ. ഈ ബാക്ടീരിയ ഉണ്ടാക്കുന്ന മെലിയോഡോസിസ് എന്ന രോഗം കാരണം ഓരോ വർഷവും 89,000 പേർ മരിക്കുന്നുവെന്നാണ് കണക്ക്. ഈ ബാക്ടീരിയയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇത്രവേഗം തലച്ചോറിലേക്കും സ്പൈനൽ കോഡിലേക്കും അതു പ്രവേശിക്കുന്നതെങ്ങനെയെന്നു കണ്ടെത്തിയിരുന്നില്ല.

ബർഖോൽഡെറിയ സ്യുഡോമല്ലെ മൂക്കിലൂടെയാണ് തലച്ചോറിലേക്കും സ്പൈനൽ കോഡിലേക്കുമെത്തുന്നതെന്ന് ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞു. 24 മണിക്കൂർകൊണ്ടാണ് തലച്ചോറിൽ കടക്കുന്ന ബാക്ടീരിയ വ്യാപിക്കുന്നത്. മൂക്കിലൂടെ ട്രൈജമിനൽ നാഡി വഴി കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് എത്തുകയാണു ചെയ്യുന്നതെന്ന് ഓസ്ട്രേലിയയിലെ ഗ്രിഫിത് സർവകലാശാലാ പ്രഫസർ ബെക്ഹാം പറഞ്ഞു. എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഇതു വ്യക്തമായത്. ജേണൽ ഓഫ് ഇമ്യൂണിറ്റി ആൻഡ് ഇൻഫെക്‌ഷനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അഞ്ചാംപനി, എലിപ്പനി, ഡെങ്കി എന്നിവയേക്കാള്‍ ഭീഷണിയാണ് മെലിയോഡോസിസ്. മൈക്രോബയോളജി ലാബിൽ മാത്രമേ ബർഖോൽഡെറിയ ബാക്ടീരിയയെ തിരിച്ചറിയാന്‍ കഴിയൂ എന്നതിനാലും മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാലും രോഗനിർണ്ണയം പലപ്പോഴും ബുദ്ധിമുട്ടാകുന്നു.

നിലവിലുള്ള പല ആന്റി ബാക്ടീരിയൽ ഔഷധങ്ങളും ബർഖോൽഡെറിയയ്‌ക്കെതിരെ വിഫലമാണ്. മാത്രമല്ല, പലപ്പോഴും ഇത്തരം ഔഷധപ്രയോഗം മരണനിരക്ക് കൂടാൻ കാരണമാകുകയും ചെയ്യുന്നു. പ്രമേഹരോഗികൾ, വൃക്കരോഗികൾ‍, അമിത മദ്യപാനികൾ എന്നിവരെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുക.