Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ ഒരു നിർഭാഗ്യമോ?

cancer-pavithran

രോഗം അര്‍ബുദമാണ് എന്ന് അറിയുന്ന ഒരു നിമിഷമുണ്ട്. എത്ര മനക്കരുത്തുള്ളയാളും തകര്‍ന്നു പോകുന്ന നിമിഷം. ഒരാളുടെ ജീവിതത്തിലെ ഏറ്റവും അപ്രിയ സത്യങ്ങളിലൊന്ന് പറയാന്‍ നിയോഗിക്കപ്പെടുന്ന ഡോക്ടറുടെ മനസ്സിന്റെ ഭാരവും ചെറുതല്ല. "സാരമില്ല, ചെറിയൊരു പ്രശ്നമുണ്ട് നമുക്ക് ചികിത്സിച്ചു മാറ്റാം" എന്ന മുഖവുരയോടെയായിരിക്കും രോഗിയോട് തുറന്നു പറയുക.

ചിലര്‍ പൊട്ടിക്കരയും മറ്റു ചിലര്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നിശ്ശബ്ദമായിരിക്കും. മറ്റു ചിലര്‍ ഒന്നും മിണ്ടാതെ, അലക്ഷ്യമായ നോട്ടത്തോടെ ഇറങ്ങിപ്പോകും..... ആ നിമിഷത്തെ അതിജീവിച്ചുകഴിഞ്ഞ ഓരോ കാന്‍സര്‍ രോഗിയുടെയും ഉള്ളില്‍ ആവര്‍ത്തനപട്ടികപോലെ പെരുക്കപ്പെടുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് എനിക്കീ രോഗം?

ചിലര്‍ ഡോക്ടറോടു തന്നെ ചോദിക്കും. ഞാന്‍ പുക വലിക്കാറില്ല, മദ്യപിക്കാറില്ല, വറുത്തത്തും പൊരിച്ചതുമൊന്നും വാരിവലിച്ചു കഴിച്ചിട്ടുമില്ല. പിന്നെന്തേ ഡോക്ടര്‍ എനിക്കു വന്നു? വലിയ ശാസ്ത്രീയ വിശകലനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമൊന്നും ആ നിമിഷങ്ങളില്‍ പ്രസക്തിയില്ലെന്ന് ഡോക്ടര്‍ക്കറിയാം. അപ്പോള്‍ ആശ്വാസത്തിന്റെ ഒരു മൃദു സ്പര്‍ശത്തോടെ അദ്ദേഹം പറയും അത് ചിലപ്പോള്‍ അങ്ങനെയാണ്, അങ്ങനേയും സംഭവിക്കാം. പക്ഷേ ചികിത്സയുണ്ട് പേടിക്കേണ്ടതില്ല.

ഒടുവില്‍ രോഗി ഒരു തീരുമാനത്തിലെത്തും, ഇത് എന്റെ ഭാഗ്യക്കേട് ബാഡ് ലക്ക്. പല കാന്‍സര്‍ രോഗങ്ങളുടെയും കാര്യത്തില്‍ ഡോക്ടര്‍മാരും സ്വയം ചോദിക്കും - ഇറ്റ്സ് എ ബാഡ് ലക്ക്? അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. പവിത്രന്‍ വിലയിരുത്തുന്നു. കാന്‍സര്‍ ഒരു നിര്‍ഭാഗ്യമോ?

പുറത്തുചാടിയ ഭൂതം

അര്‍ബുദത്തെ സംബന്ധിച്ച് ഈ വര്‍ഷം ആരംഭിച്ചത് കുടത്തില്‍ നിന്നും പുറത്ത് ചാടിയ ഒരു ഭൂതത്തിനോടൊപ്പമായിരുന്നു. ഏതാണ്ട് 65 ശതമാനം അര്‍ബുദരോഗങ്ങളും ഉണ്ടാകുന്നത് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ്. എന്ന വാര്‍ത്തയാണ് ആ ഭൂതം. ജനുവരി രണ്ടിനു ലോകപ്രശസ്തമായ സയന്‍സ് മാസികയിലൂടെയാണ് അമേരിക്കന്‍ ഗവേഷകരായ പ്രഫ. ബെര്‍ട്ട് വോഗള്‍സ്റ്റീനും ഡോ. ക്രിസ്റ്റ്യന്‍ ടൊമാസെറ്റിയും ചേര്‍ന്ന് ആ വാര്‍ത്ത ലേകത്തോടും പറഞ്ഞത്. മാധ്യമങ്ങള്‍ അത് വിപുലമായി ഏറ്റെടുത്തതോടെ കുടത്തില്‍ നിന്നു ചാടിയ ഭൂതത്തെപോലെ കാര്യങ്ങള്‍ കൈവിട്ടുപോയി.

കാന്‍സര്‍ പ്രതിരോധിക്കാന്‍ എന്തു ചെയ്തിട്ടും കാര്യമില്ല, അതും നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് ഭൂരിഭാഗം കാന്‍സറുകളും വരുന്നത് എന്ന് വ്യാഖ്യാനിക്കപ്പെട്ടു. അര്‍ബുദമടക്കമുള്ള രോഗങ്ങളെയെല്ലാം പ്രതിരോധിക്കുന്നതില്‍ ആരോഗ്യകരമായ ഭക്ഷണ ശീലവും ജീവിതരീതിയും കൊണ്ട് കാര്യമായ ഗുണമൊന്നുമില്ല എന്നു പറയാന്‍ തുടങ്ങിയതോടെ ലോകാരോഗ്യ സംഘടന കടുത്ത ആശങ്കയിലായി.

ആയിരക്കണക്കിനു കോടി രൂപ ചെലവഴിച്ചുള്ള കാന്‍സര്‍ പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ നിഷ്പ്രഭമായി. പ്രതിരോധ പരിശോധനകളുടേയും വാക്സിനേഷനുകളുടെയും പ്രയോജനങ്ങളെപോലും അപ്രസക്തമാക്കുന്നതായിരുന്നു ആ വ്യാഖ്യാനങ്ങള്‍. അപകടം മണത്ത ലോകാരോഗ്യ സംഘടന ഒട്ടും വൈകാതെ ഈ വിവാദത്തെ തടയാന്‍ മുന്നിട്ടിറങ്ങി. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) രംഗത്തുവന്നു. കാന്‍സര്‍ രോഗങ്ങളില്‍ ഏറ്റവും സാധാരണമായവയില്‍ ഭൂരിഭാഗവും ഉണ്ടാകുന്നതിനു പിന്നില്‍ ജീവിതശൈലി-പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൊണ്ടാണെന്ന സത്യം അവര്‍ ഒന്നു കൂടി വിശദീകരിച്ചു. അതായത് അത്തരം അര്‍ബുദരോഗങ്ങളെ തടയാവുന്നതേയുള്ളൂ എന്നു ചുരുക്കം

നിര്‍ഭാഗ്യമാണോ കാന്‍സറിനു കാരണം?

കാന്‍സര്‍ പ്രതിരോധശ്രമങ്ങളും ചികിത്സയും ഒരു ഭാഗ്യപരീക്ഷണമാണോ? നിര്‍ഭാഗ്യം മൂലമാണോ കാന്‍സര്‍ വരുന്നത് എന്ന് കേരളീയ സാഹചര്യത്തില്‍ കൂടി ചിന്തിക്കേണ്ടതുണ്ട്. ജനിതക പരിവര്‍ത്തനം മൂലം സംഭവിക്കുന്ന അര്‍ബുദ രോഗങ്ങളെ നിര്‍ഭാഗ്യമെന്ന പട്ടികയില്‍ പെടുത്താം. എന്നാല്‍ നമ്മുടെ നാട്ടിലെ കാന്‍സര്‍ രോഗികളില്‍ ഭൂരിഭാഗം പേരുടേതും പ്രതിരോധിക്കാനാകുമായിരുന്ന വിഭാഗത്തില്‍ പെട്ടതാണ്. എന്ന് ഈ വിഷയം വിശകലനം ചെയ്തുകൊണ്ട് കൊച്ചി അമൃത ഹോസ്പിറ്റലിലെ കാന്‍സര്‍ വിഭാഗം മേധാവി ഡോ. കെ. പവിത്രന്‍ പറയുന്നു.

സാധാരണയായി കാന്‍സര്‍ ഉണ്ടാകുന്നത് കോശങ്ങളുടെ അനിയന്ത്രിതമായ വിഘടനം മൂലമാണ്. മൂലകോശങ്ങള്‍ കൂടുതല്‍ പ്രാവശ്യം വിഘടിക്കുമ്പോള്‍ ഡിഎന്‍എയുടെ ഘടനയില്‍ മാറ്റം വന്ന് കോശപരിവര്‍ത്തനം വരാനുള്ള സാധ്യത കൂടുതലാണ്. ജീവിതദൈര്‍ഘ്യം കൂടുന്തോറും അനിയന്ത്രിത വിഘടനത്തിനും സാധ്യത കൂടും. സാധാരണയായി ശരീരത്തില്‍ തന്നെ, കോശത്തിലെ ഈ വ്യതിയാനത്തെ പരിഹരിക്കാനുള്ള കഴിവുണ്ട്. എന്നാല്‍പ്രായം കൂടുന്തോറും ഈ ശേഷി കുറയുന്നതിനോടൊപ്പം മറ്റ് അനവധി കാരണങ്ങളും ചേരുമ്പോള്‍ ജീനുകളുടെ പിഴവില്ലാത്ത പുനര്‍നിര്‍മിതിക്കുള്ള സാധ്യത കുറയ്ക്കുന്നു. അങ്ങനെ മ്യൂട്ടേഷന്‍ സംഭവിച്ച കോശങ്ങള്‍ പെരുകുന്നത് കാന്‍സറിലേക്ക് നയിക്കും. ഇതു തെളിയിക്കപ്പെട്ടതാണ്.

ജീവിതശൈലി പ്രധാനം

അമേരിക്കന്‍ ഗവേഷകര്‍ പഠനവിധേയമാക്കിയതില്‍ കൂടുതലും അപൂര്‍വമായി കണ്ടുവരുന്ന കാന്‍സറുകളിലാണ്-പാന്‍ക്രിയാറ്റിക് കാന്‍സർ, ചെറുകുടലിലെ കാന്‍സര്‍, ഓസ്റ്റിയോസാര്‍കോമ, മെഡുല്ലറി തൈറോയ്ഡ് കാന്‍സര്‍ എന്നിവ. ഇവയിലാണ് മൂലകോശവിഭജനവും മ്യൂട്ടേഷനുമായി കൂടുതല്‍ ബന്ധം കണ്ടത്. ജനിതക വ്യതിയാനങ്ങളുടെ കാര്യത്തില്‍ നമുക്ക് നിലവില്‍ ഒരു നിയന്ത്രണവുമില്ല. ഈ കാന്‍സറുകള്‍ക്ക് ജീവിതശൈലിയുമായി ബന്ധമില്ല. അതുകൊണ്ട് നിര്‍ഭാഗ്യം എന്നു വിളിക്കാം. പക്ഷേ ഈ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മറ്റെല്ലാ കാന്‍സറുകളും ഇതുപോലെയാണ് എന്ന് സമര്‍ത്ഥിക്കുന്നത് അര്‍ഥശൂന്യമാണ്. നമുക്ക് കാരണം കണ്ടെത്താന്‍ കഴിയാത്ത പലതരം കാന്‍സറുകള്‍ക്കും ഒരു കാരണം ഇതാവാമെന്നല്ലാതെ, എല്ലാ കാന്‍സറിനും കാരണം ഇതല്ല.

ശ്വാസകോശാര്‍ബുദം, വായിലെ കാന്‍സര്‍, കുടലിലെ കാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങി കേരളത്തിലെ ബഹുഭൂരിപക്ഷം രോഗികളെ ബാധിക്കുന്ന കാന്‍സറുകള്‍ മിക്കതും ജീവിതശൈലിയുടെയും മറ്റും പരിണിത ഫലം കൊണ്ടു കൂടി വരുന്നതാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ തുടരുന്ന ആരോഗ്യകരമല്ലാത്ത ജീവിതശൈലിയിലുള്ള മാറ്റങ്ങളും കാന്‍സറിന്റെ മുന്‍കൂട്ടിയുള്ള പരിശോധനകളും തുടരുകതന്നെ വേണം. അവയുടെ ഗുണഫലങ്ങള്‍ നമ്മള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട് -ഡോ. പവിത്രന്‍ പറയുന്നു.

ചികിത്സ കൂട്ടായ്മയുടെ വിജയം

കാന്‍സര്‍ ചികിത്സ എന്നത് ഒരു കൂട്ടായ്മയുടെ ഫലമാണ്. അതായത് വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെയെല്ലാം കൂട്ടായ പ്രയത്നം കൊണ്ടുമാത്രമേ ഒരു രോഗിക്കു പൂര്‍ണവും ഫലപ്രദവുമായ ചികിത്സ നല്‍കാന്‍ സാധിക്കുകയുളളൂ. പ്രാഗത്ഭ്യമുള്ള കാന്‍സര്‍ ചികിത്സകനെ രോഗിയും ബന്ധുക്കളും അന്വേഷിച്ചു നടക്കാറുണ്ട്. അതിനു പകരം മേല്‍ പറഞ്ഞ വിദഗ്ധരുടെ കൂട്ടായ്മയുള്ള കാന്‍സര്‍ സെന്ററുകളേയോ കാന്‍സര്‍ ചികിത്സാ സ്ഥാപനങ്ങളെയോ ആശ്രയിക്കുന്നതാണ് നല്ലത്.

പാശ്ചാത്യ രാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലും ഒട്ടുമിക്ക കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലും മള്‍ട്ടി ഡിസിപ്ളിനറി ട്യൂമര്‍ ബോര്‍ഡ് ഉണ്ട്. ഓരോ രോഗിയുടെയും രോഗാവസ്ഥയും മറ്റ് കാര്യങ്ങളും ഇത്തരം ട്യൂമര്‍ ബോര്‍ഡുകളില്‍ ചര്‍ച്ച ചെയ്താണ് രോഗിക്കു ചികിത്സ നല്‍കുന്നത്. ഡോക്ടറുടെ അനുഭവവും വൈദഗ്ധ്യവും ഒരു ഘടകമാണെങ്കിലും ലഭ്യമായിട്ടുള്ള ശാസ്ത്രീയ വിവരങ്ങളുടെയും ട്യൂമര്‍ ബോര്‍ഡില്‍ നിന്നുള്ള അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണു മിക്കപ്പോഴും ചികിത്സ തീരുമാനിക്കുന്നത്. അതിനാല്‍ ചികിത്സ കേരളത്തിലായാലും ഡല്‍ഹിയിലായാലും വിദേശത്തായാലും ഏതാണ്ട് ഒരേ തരത്തിലായിരിക്കും.

അര്‍ബുദം : രോഗവും രോഗികളും

നമ്മുടെ നാട്ടിലെ നൂറ് കാന്‍സര്‍ രോഗികളെ എടുത്താല്‍ അവരില്‍ അറുപതുപേര്‍ക്കു വന്ന രേഗവും പ്രതിരോധിക്കാവുന്നതാണ്. ഇവിടെയാണ് നമ്മുടെ ആശ്വാസം. ഇവിടെ രണ്ട് വിശകലനങ്ങള്‍ കൂടി വേണ്ടതുണ്ട്. ഒന്ന് ജനിതകവ്യതിയാനം വരുന്ന കോശങ്ങളെല്ലാം അര്‍ബുദമായി മാറുന്നുണ്ടോ? ആ കോശങ്ങള്‍ അര്‍ബുദകോശങ്ങളായി മാറുന്നതിനെ ജീവിതശൈലിയോ സാഹചര്യങ്ങളോ ത്വരിതപ്പെടുത്തുന്നുണ്ടോ? ഉണ്ട് എന്നുതന്നെയാണ് നിഗമനം.

നമ്മുടെ നാട്ടില്‍ എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു സംശയമാണ് രണ്ടാമത്തെ കാര്യം. പുകവലിയെ ഉദാഹരണമായെടുത്താല്‍, പുകവലിക്കുന്ന എല്ലാവര്‍ക്കും വായിലോ ശ്വാസകോശത്തിലോ കാന്‍സര്‍ വരുന്നില്ല. എന്നാല്‍ പുകവലി തീരെയില്ലാത്ത സ്ത്രീകള്‍ക്കുപോലും വരാറുമുണ്ട്. അപ്പോള്‍ പുകവലി ഉപേക്ഷിക്കല്‍ കാന്‍സര്‍ തടയുമെന്നു പറയുന്നതില്‍ എന്താണ് പ്രസക്തി? എന്നാല്‍ നമ്മുടെ നാട്ടില്‍ പുകവലിയും പുകയില ഉപയോഗത്തിലും വരുത്തിയ നിയന്ത്രണം വായിലേയും ശ്വാസകോശത്തിലേയും അര്‍ബുദബാധിരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം.

ചിലരുടെ ജനിതകമായ പ്രത്യേകതകള്‍ ഇത്തരത്തിലുള്ള പുകയിലയുടെ ദോഷങ്ങളെ പോലുള്ള അപായഘടകങ്ങളെ നിര്‍വീര്യമാക്കാം. മാത്രമല്ല അര്‍ബുദം ഒരു ഒറ്റ കാരണത്താല്‍ വരുന്ന രോഗമല്ല. പല പല സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോഴാണ് അത് പ്രത്യക്ഷപ്പെടുക. അതില്‍ ചിലത് ശക്തമോ ദുര്‍ബലമോ ആകാം. ദുര്‍ബലമായ ഘടകങ്ങള്‍ എണ്ണത്തില്‍ കൂടുതലായാലും അത് ശക്തമായ സാധ്യതയാകാം. മറിച്ച് പാരമ്പര്യം പോലുളള ശക്തമായ ഒരു ഘടകമുണ്ടെങ്കില്‍ പോലും മറ്റ് സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ രോഗസാധ്യത കുറയാനും ഇടയുണ്ട്. അവിടെയാണ് അര്‍ബുദം ഭാഗ്യക്കേടാണ് എന്നു ചിന്തിച്ച് നിഷ്ക്രിയരാകുന്നതിന്റെ അപകടം. പ്രതിരോധവും രോഗം മുന്‍കൂട്ടി അറിയാനുമുള്ള ശ്രമങ്ങളും തുടരുകതന്നെ വേണം. അവയുടെ പ്രയോജനം തര്‍ക്ക വിഷയം പോലുമല്ല.

പാരമ്പര്യത്തിലും പ്രതിരോധം

അഞ്ചു മുതല്‍ 10 ശതമാനം വരെ കാന്‍സറുകള്‍ പാരമ്പര്യമായി വരാം. ഇവിടെ കാന്‍സര്‍ അല്ല പാരമ്പര്യമായി ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് പകര്‍ന്നു കിട്ടുന്നത്. മ്യൂട്ടേഷന്‍ സംഭവിച്ച ജീന്‍ മാത്രമാണ്. ഇതു കിട്ടിയ ആളില്‍ കാന്‍സര്‍ ഉണ്ടാകാന്‍ വര്‍ഷങ്ങളെടുക്കും. ഉദാ: വന്‍കുടലിലെ കാന്‍സറിനു കാരണമായ എപിസി ജീന്‍. ‌‌‌‌‌‌‌‌‌‌‌‌‌‌‌ഈ ജീന്‍ ഉള്ളവരില്‍ സാധാരണ 40 വയസ്സിനു ശേഷമാണു കാന്‍സറിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമാവുന്നത്. കാന്‍സര്‍ പാരമ്പര്യമായി ഉണ്ടാകുന്നതാണ് എന്നു സംശയിക്കേണ്ടത് താഴെപ്പറയുന്ന സന്ദര്‍ഭങ്ങളിലാണ്. 1.ഒരു കുടുംബത്തില്‍ തന്നെ പലര്‍ക്കും അപൂര്‍വമായ കാന്‍സര്‍ കണ്ടുവരിക. ഉദാ: തൈറോയ്ഡ് കാന്‍സർ 2.ചെറുപ്രായത്തില്‍ കാന്‍സര്‍ വരിക 3.ഒരാളില്‍ തന്നെ പല അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാവുക. 4.ഒന്നിലധികം ബന്ധുക്കള്‍ക്ക് ഒരേതരം കാന്‍സര്‍ ഉണ്ടാവുക. പ്രധാനമായും ഒന്നാം തലമുറയിലും രണ്ടാം തലമുറയിലും.

കാന്‍സര്‍ പരമ്പരാഗതമാണെന്നു കണ്ടാലും പ്രതിരോധ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഏതു തരം ജനിതക വ്യതിയാനമാണ് കാന്‍സറിനു കാരണമായിട്ടുള്ളത് എന്നാണ് കണ്ടെത്തേണ്ടത്. മറ്റു ബന്ധുക്കളില്‍ പരിശോധന നടത്തിയാല്‍ കാന്‍സര്‍ വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്നറിയാന്‍ പറ്റും. ഉദാ : സ്തനാര്‍ബുദത്തിന് കാരണമായ BRCA 1, BRCA 2 എന്നീ ജീനുകള്‍ കണ്ടത്തിയാല്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത 45 മുതൽ 65 % ആണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്തനങ്ങള്‍ നേരത്തെ തന്നെ നീക്കം ചെയ്യുക എന്നു മാത്രമാണ് ഏക പോം വഴി. ഹോളിവുഡ് സിനിമാനടി ആഞ്ജലീന ജോളി നടത്തിയതും ഇതു തന്നെ. അത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായി. ലോകത്താകമാനം സ്ത്രീകളില്‍ ജനിതക പരിശോധന നിരക്ക് ഇരട്ടിയായി വര്‍ധിക്കാനും അത് കാരണമായി.

കാന്‍സറിന് കൃത്യമായ മരുന്ന്, കൃത്യ അളവില്‍

അര്‍ബുദം ബാധിച്ചാല്‍ പരിഹാരമില്ല എന്നു കരുതിയിരുന്ന കാലം കഴിഞ്ഞിട്ട് ഏറെ നാളായി. മിക്ക രോഗങ്ങള്‍ക്കും മികച്ച ചികിത്സയുണ്ടിപ്പോള്‍. സംസ്ഥാനത്തെ വിവിധ കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളില്‍ നിന്നും രോഗം പൂര്‍ണമായി ഭേദമായി മടങ്ങുന്നവരുടെ എണ്ണം വളരെ വര്‍ധിച്ചിട്ടുണ്ട്. എങ്കിലും ഈ രോഗത്തോടുള്ള ഭയത്തിനു കുറവുവന്നിട്ടില്ല. കീമോതെറപ്പിയുടെ ബുദ്ധിമുട്ടുകള്‍ മുതല്‍ ചികിത്സാ ദൈര്‍ഘ്യവും രോഗം സങ്കീര്‍ണ ഘട്ടങ്ങളിലേക്കു കടന്നവരിലെ ചികിത്സാ പരാജയവുമൊക്ക ആ ഭയം നിലനിര്‍ത്തുന്നു. അതിനൊരു പരിഹാരമായാണ് കൃത്യതയുള്ള മരുന്ന്. ഒരു രോഗിയിലെ കാന്‍സറിനെ വിശദമായി പഠിച്ച് ജനിതക മ്യൂട്ടേഷന്‍ കൃത്യമായി മനസ്സിലാക്കിയാല്‍ അതനുസരിച്ച് അതിനുമാത്രമായി കൃത്യമായ മരുന്ന് നല്‍കാം. കീമോതെറപ്പിയുടെ പാര്‍ശ്വഫലങ്ങളില്ലാതെ ചികിത്സ ഫലപ്രദമായി നല്‍കാന്‍ കഴിയുന്നു. അങ്ങനെയുള്ള മരുന്നുകള്‍ നമ്മുടെ നാട്ടിലും ഉപയോഗിച്ചു വരുന്നുണ്ട്. ക്രോണിക് മൈലോജെനസ് ലുക്കീമിയക്കു നല്‍കുന്ന ഇമാട്ടിനിബ് ആണ് ഈ മരുന്നുകളില്‍ ആദ്യമെത്തിയത്. 10 വര്‍ഷമായി കേരളത്തില്‍ ഈ മരുന്ന് ഉപയോഗിച്ചുവരുന്നു. ഇത്തരത്തിലുള്ള കുറച്ചു മരുന്നുകള്‍ മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളൂ. മാത്രമല്ല മരുന്നുകളുടെ ചെലവും കൂടുതലാണ്. ഇത്തരം മരുന്നുകള്‍ക്കായി വന്‍തോതിലുള്ള ഗവേഷണങ്ങളാണ് ഇന്നും ലോകത്ത് നടന്നു വരുന്നത്. ഇവയൊക്കെ സമീപഭാവിയില്‍ കാന്‍സര്‍ ചികിത്സയുടെ മുഖഛായ മാറ്റുമെന്നതില്‍ സംശയം വേണ്ട. അപ്പോള്‍ ഇന്ന് നിര്‍ഭാഗ്യപ്പട്ടികയിലുള്ള കാന്‍സര്‍ രോഗങ്ങളോടുള്ള ഭയവും അകന്നുപോകാം.