പനിപ്പാട്ടു മൂളി കൊതുകു പട

കേരളം പനിമഴക്കാലത്തിന്റെ പിടിയിലാണ്. പലതരം പനികളുടെ വരവോടെ ജനങ്ങൾ ഭീതിയിലായി. ഇത്തവണ ഏറ്റവും കൂടുതൽ ജീവനെടുത്തിരിക്കുന്നത് ഡെങ്കിപ്പനിയാണ്. ഓരോ ദിവസവും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി വരികയാണ്. പക്ഷേ, ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ വൈറസ് മൂലമുള്ള അസുഖങ്ങളെ പടിക്കുപുറത്തു നിർത്താം.

ഡെങ്കിപ്പനി മൂന്നു തരം:

  1. സാധാരണ ഡെങ്കിപ്പനി

  2. ഹെമറേജിക് ഡെങ്കി

  3. ഷോക്ക് സിൻഡ്രോം

രണ്ടുതരം കൊതുകുകളാണു ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് ഈജിപ്തിയും ഈഡിസ് ആൽബോ പിറ്റസും. ഈഡിസ് ആൽബോ പിറ്റസിനെയാണ് സാധാരണയായി കണ്ടുവരുന്നത്. രണ്ട്, മൂന്ന് വിഭാഗത്തിൽപ്പെട്ട ഡെങ്കിയാണു മരണത്തിനു കാരണമാകുന്നത്. ഇവയിൽ ആദ്യത്തേത് കൊതുകു കടി മൂലമുള്ള അപകടകരമല്ലാത്ത പനിയാണ്.

ഈ അവസ്ഥയിലുള്ളവരെ വീണ്ടും ഡെങ്കിപ്പനി പകർത്തുന്ന കൊതുകുകൾ കുത്തുമ്പോൾ മറ്റു രണ്ടു വിഭാഗങ്ങളിലേക്കു മാറുന്നു. അതായത് വീണ്ടും ഡെങ്കിപ്പനി വരുമ്പോൾ വൈറസിന്റെ ടൈപ്പ് മാറുകയും ശരീരത്തെ കൂടുതൽ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാണുന്ന ഈഡിസ് ഈജിപ്തി എന്ന കൊതുകു പരത്തുന്ന ആർബോ വൈറസാണ് ഡെങ്കിപ്പനിക്ക് കാരണം. നട്ടെല്ലിന്റെ ഭാഗത്ത് ശക്തമായ വേദന ഉണ്ടാകുന്നതിനാൽ ‘ബാക്ബോൺ ഫീവർ എന്നും ഇതിനെ വിളിക്കാറുണ്ട്. ആന്തരികാവയവങ്ങളിൽ രക്തസ്രാവം ഉണ്ടെങ്കിൽ രോഗം ഗുരുതരമാകും. പക്ഷേ, രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെയും ശ്വേതാണുക്കളുടെയും അളവ് കുറയുന്നു എന്നുള്ളത് കൊണ്ടു മാത്രം ഭയക്കേണ്ടതില്ല. അത് ഈ രോഗത്തിന്റെ സ്വഭാവമാണ്. അത് തുടർന്നുള്ള ദിവസങ്ങളിൽ സ്വാഭാവിക അളവിലേക്ക് ഉയരും. പക്ഷേ, അങ്ങനെ സാധാരണ നിലയിലേക്ക് എത്താതെ വീണ്ടും വീണ്ടും കുറയുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്താൽ ശ്രദ്ധിക്കണം. അത്തരം സാഹചര്യങ്ങളിൽ രോഗിക്ക് പ്ലേറ്റ്ലറ്റ് നൽകേണ്ടി വരും.

ലക്ഷണങ്ങൾ പലവിധം

ശക്തമായ പനി, തലവേദന, കണ്ണുകൾക്കു പിന്നിൽ വേദന, പേശികളിലും സന്ധികളും വേദന, തൊലിയിൽ ചുവന്ന തടിപ്പുകൾ, ഛർദി, ചുമ, ജലദോഷം, നടുവേദന എന്നിവയാണു പൊതുവെയുള്ള ലക്ഷണങ്ങൾ.

വിട്ടുമാറാത്ത വയറുവേദന, മൂക്കിൽനിന്നും വായിൽനിന്നും മോണയിൽനിന്നും രക്തസ്രാവം, രക്തത്തോടു കൂടിയതോ ഇല്ലാതെയോ ഉള്ള ഛർദി, കറുത്ത നിറത്തിൽ മലം പോകൽ, അമിതമായ ദാഹം (വായിൽ വരൾച്ച), നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛാസത്തിനു ബുദ്ധിമുട്ട്, ചർമം വിളറുകയും ഈർപ്പമേറിയതും ഒട്ടിപ്പിടിക്കുന്നതുമാകൽ, അസ്വസ്ഥത, ബോധക്ഷയം തുടങ്ങിയവ ഡെങ്കി ഹെമറാജിക് പനിയുടെ ലക്ഷണങ്ങളാകാം.

കഴുത്തിലും കയ്യുടെയും കാലിന്റെയും സന്ധിഭാഗത്തും മുഴകൾ, ശരീരത്തിനു മരവിപ്പ്, കൈകാലുകളിൽ പെരുപ്പ്, വിശപ്പില്ലായ്മ, രുചിക്കുറവ് എന്നിവയുമുണ്ടാകും.

രോഗിയുടെ ശരീരത്തിനുള്ളിൽനിന്നും തൊലിപ്പുറത്തുനിന്നും രക്തം പുറത്തുവരുന്നതു പോലുള്ള ലക്ഷണങ്ങളും കണ്ടേക്കാം. ഇതോടൊപ്പം നെഞ്ചിലും വയറിലും വെള്ളം കെട്ടിനിൽക്കുകയും രക്തസമ്മർദം പെട്ടെന്നു കുറഞ്ഞു രോഗി മരിക്കാനിടയാകുകയും ചെയ്യും. ഈ അവസ്ഥയാണു ഷോക്ക് സിൻഡ്രോം. 40 മുതൽ 50% വരെ മരണസാധ്യതയുണ്ട്.

രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ഏകദേശം ഒരാഴ്ചയ്ക്കകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. മിക്കവാറും ഒരാഴ്ചയ്ക്കുള്ളിൽ ഭേദമാകുകയും ചെയ്യും. ഒരു വ്യക്തിക്ക് പലതവണ രോഗം പിടിപെടാനും സാധ്യതയുണ്ട്.

കൊതുകിനു പ്രിയം പകൽ

ഡെങ്കി പരത്തുന്ന രണ്ടുതരം ഈഡിസ് കൊതുകുകൾ കടിക്കുക പകൽ സമയത്താണ്, പ്രത്യേകിച്ചു രാവിലെയും വൈകിട്ടും. തലയിലും മുതുകിലും അരിവാൾ പോലെയുള്ള രണ്ട് അടയാളങ്ങൾ ഉള്ളവയാണ് ഈഡിസ് ഈജിപ്തി കൊതുകുകൾ.

കാലുകളിലും കൈകളിലും ഇടവിട്ടു വെള്ളയും കറുപ്പും കാണാം. വെള്ളവരയൻമാരാണ് ഈഡിസ് ആൽബോപിക്റ്റസുകൾ. ശരീരത്തിലും കൈകാലുകളിലുമെല്ലാം വെള്ളവരയുണ്ടാകും. ഇവയിൽനിന്നു രക്ഷനേടാൻ ദേഹം മുഴുവൻ മൂടി നിൽക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മരുന്നുകൾ പുരട്ടാം. ഇതിനു പുറമെ കൊതുകുതിരിയോ കൊതുകുവലയോ ഉപയോഗിക്കാം.

കൊതുകിനെ പുകച്ചു പുറത്തു ചാടിക്കാം

സന്ധ്യാസമയത്ത് വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്ക്കുന്നത് കൊതുകിനെ അകറ്റും.

വീടിനടുത്തുള്ള മലിനജല ഓടകൾ വൃത്തിയായി വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കുക.

വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.

കൊതുകുശല്യം ഏറെയുള്ള സ്ഥലങ്ങളിൽ വെന്റിലേഷനുകൾ ഇഴയടുപ്പമുള്ള കമ്പിവലകൊണ്ട് അടയ്ക്കുക.

പരിസരപ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകു വളരുന്നതു തടയുക

റബർ മരങ്ങളിലെ ചിരട്ടകൾ കമഴ്ത്തിവയ്ക്കുക. ചകിരികൾ കൂട്ടിയിടാതിരിക്കുക.

വീട്ടിലെ എസി, ഫ്രിഡ്ജ് എന്നിവ കൃത്യമായി പരിപാലിക്കണം, കൊതുകിനു വളരാനുള്ള സാഹചര്യം ഉണ്ടാകരുത്.

വീടിനു പുറത്തും അകത്തും സൂക്ഷിച്ചിട്ടുള്ള പൂച്ചട്ടികളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.

ശ്രദ്ധിച്ചേ പറ്റൂ

ഒരിക്കൽ ഡെങ്കിപ്പനി വന്നവർ കൂടുതൽ സൂക്ഷിക്കുക.

രണ്ടാമതു വരുന്ന ഡെങ്കിപ്പനി മാരകമാകും.

പനി ബാധിച്ചവർ കൊതുകുവലയിൽ മാത്രം കിടക്കുക.

പനി എത്ര ചെറുതായാലും സ്വയം ചികിൽസ പാടില്ല.

മൂന്നു ദിവസത്തിനു ശേഷവും പനി കുറയുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ കാണുക.

രക്തസ്രാവ സാധ്യത കൂടുന്നതിനാൽ ഡെങ്കിപ്പനിയുള്ളവർ ആസ്പിരിൻ കഴിക്കരുത്.

വെള്ളം ധാരാളം കുടിക്കണം, ഉപ്പിട്ട കഞ്ഞിവെള്ളവും ഒആർഎസ് ലായനിയും കുടിക്കാം.

ഈഡിസ് കൊതുകുകളെ കരുതിയിരിക്കാം

വൃത്തിയുള്ളതും ഒഴുക്കില്ലാത്തതുമായ വെള്ളത്തിലാണ് ഇവ മുട്ടയിടുക.

താമസ സ്ഥലത്തിനു 150 മീറ്റർ ചുറ്റളവിൽ പറക്കും.

ഒരുവർഷം വരെ മുട്ട കേടാകാതിരിക്കും.

വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യതകളെല്ലാം ഒഴിവാക്കുക.

ചികിൽസ

ഡെങ്കി വൈറസുകൾക്കെതിരെ ആന്റി ബയോട്ടിക്സ് ലഭ്യമല്ല. പനി കുറയാനുള്ള മരുന്നും പൂർണ വിശ്രമവുമാണ് പ്രധാനം. പ്രതിരോധമരുന്ന് ഇല്ലാത്തതിനാൽ രോഗം വരാതെ സൂക്ഷിക്കുക പ്രധാനം; അതിന് കൊതുകു നിയന്ത്രണം അനിവാര്യം. ഹെമറേജിക് പനി, ഷോക്ക് സിൻഡ്രോം എന്നിവയ്ക്ക് കൂടുതൽ വിദഗ്ധ ചികിൽസ വേണം. രക്തസ്രാവമുണ്ടാകാൻ ഇടയുള്ളതുകൊണ്ട് രക്തം നൽകാൻ സൗകര്യമുള്ള ആശുപത്രികളിൽ എത്തിക്കണം.

കറുത്തപനിയെ കരുതിയിരിക്കാം

വിവിധ പകർച്ചപ്പനികൾക്കൊപ്പം ഇത്തവണ മറ്റൊന്നു കൂടി എത്തി. കാലാ അസർഎന്ന കറുത്തപനി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവെ കണ്ടുവരുന്ന ഈ അസുഖം ഇത്തവണ കേരളത്തിൽ തൃശൂർ ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2012നു ശേഷം കേരളത്തിൽ ആദ്യമായാണ് കറുത്തപനി സ്ഥിരീകരിക്കുന്നത്. രോഗാണു ശരീരത്തിൽ കയറിയാൽ തൊലി കറുത്ത നിറമായി മാറും എന്നതിനാലാണ് കറുത്ത പനി എന്നു പേരു വന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം അര ലക്ഷം പേരെങ്കിലും ഈ അസുഖം വന്ന് ലോകത്ത് മരിക്കുന്നുണ്ട്. സാൻഡ് ഫ്ലൈ എന്ന മണൽ ഈച്ചയാണ് രോഗം പരത്തുന്നത്.

രോഗാണു ശരീരത്തിൽ പ്രവേശിച്ചാലും വളരെ വൈകിയേ ലക്ഷണങ്ങൾ പ്രകടമാകൂ എന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രശ്നം. 50 മുതൽ 60 വരെ ദിവസങ്ങൾ കഴിഞ്ഞേ ചിലപ്പോൾ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടൂ. അത്രയും ചികിൽസ വൈകും എന്നതു കൊണ്ടാണ് ഇതു ഗുരുതരമാകുന്നതും മരണത്തിലേക്ക് എത്തുന്നതും. യഥാസമയം കണ്ടെത്തിയാൽ രണ്ടാഴ്ചത്തെ ചികിൽസ കൊണ്ട് രോഗം ഭേദമാക്കാം. രാത്രികാലങ്ങളിലെ ശക്തമായ പനി, രക്തസ്രാവം, ശരീരം ശോഷിക്കൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഇത് പ്രധാനമായും കരൾ, പ്ലീഹ, മജ്ജ, അസ്ഥി എന്നിവയെയാണ് ബാധിക്കുന്നത്. രോഗാണു ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ കരൾ വീങ്ങിവലുതാകും. ഡെങ്കി പോലെ തന്നെ പ്ലേറ്റ് ലെറ്റിലെ അളവ് കുറയും ഈ രോഗത്തിനും. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും പോഷാകാഹാര കുറവുള്ളവരിലും രോഗാണു എളുപ്പം പ്രവേശിക്കും.