ഡെങ്കിപ്പനി ∙ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് രോഗം പരത്തുന്നു ശക്തമായ പനി, തലവേദന, തൊലിയുടെ നിറമാറ്റം എന്നിവയാണ് ലക്ഷണങ്ങൾ. രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യും.
എലിപ്പനി ∙ എലി മൂത്രത്തിലൂടെ പുറത്തു വരുന്ന രോഗാണുക്കൾ ജലസ്രോതസ്സുകളിലെത്തുന്നു. അവിടെ നിന്നും മനുഷ്യരുടെ ത്വക്കിലുള്ള മുറിവുകളുടെ ശരീരത്തിൽ കടക്കും. പനി, ശരീരവേദന, കണ്ണിനു ചുവപ്പു നിറം എന്നിവയാണ് ലക്ഷണങ്ങൾ.
കോളറ ∙ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി, ഛർദി, വയറിളക്കം എന്നിവയാണ് ചർമത്തിനു തണുപ്പും ഒപ്പം മുഖവും ചുണ്ടും വിളറുകയും ചെയ്യും.
മഞ്ഞപ്പിത്തം ∙ മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുന്നത്. മൂത്രത്തിനു നിറവ്യത്യാസം, കണ്ണിനു മഞ്ഞനിറം എന്നിവ കണ്ടാൽ എത്രയും വേഗം വൈദ്യസഹായം തേടുക
ജപ്പാൻ ജ്വരം ∙ ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനിയോടൊപ്പം ശക്തിയായ തലവേദന, ഓർമക്കുറവ്, കൈകാൽ തളർച്ച എന്നിവയാണ്.
എച്ച് 1 എൻ 1 ∙ ശക്തിയായ ശരീരവേദന, തൊണ്ട വേദന, ചുമ എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ . ഈ രോഗത്തിനു പ്രതിരോധ മരുന്നുകൾ ലഭ്യമാണ്.
വൈറൽ പനി ∙ പനി, ജലദോഷം, ശരീരവേദന, എന്നിവയാണ് വായുവിൽകൂടി പകരുന്ന ഈ പനിയുടെ ലക്ഷണങ്ങൾ. എളുപ്പം പടർന്നു പിടിക്കും.
ചിക്കൻഗുനിയ ∙ പനി, സന്ധികളിൽ വേദന, നീര് , ചുവന്നതടിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം മാറിയാലും വേദന നിലനിൽക്കും.
ടോൺസിലൈറ്റിസ് ∙ തൊണ്ടവേദനയും പനിയുമാണ് ലക്ഷണങ്ങൾ. ആഹാരമിറക്കാൻ പ്രയാസമായിരിക്കും ചുമയും ഉണ്ടാകും.
ടൈഫോയ്ഡ് ∙ രോഗികളുടെ വിസർജ്യങ്ങൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും പകരും. ഇടവിട്ട പനി , വിശപ്പിലായ്മ എന്നിവ ലക്ഷണങ്ങൾ.
ബ്രോങ്കൈറ്റിസ് ∙ വൈറൽ പനിയുടെ അതേ ലക്ഷണങ്ങൾ, രോഗം മൂർച്ഛിച്ചാൽ ചുമയും ശ്വാസംമുട്ടലും ഉണ്ടാകും
പ്രതിരോധിക്കാൻ ഈ മാർഗങ്ങൾ
∙ നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളം അഞ്ച് മിനിറ്റെങ്കിലും വെട്ടിതിളച്ചാൽ മാത്രമേ മഞ്ഞപ്പിത്തത്തിനു കാരണമായ ഹെപ്പറ്റൈറ്റിസ് എ വൈറസുകൾ ഉൾപ്പെടെയുള്ള രോഗാണുക്കൾ നശിക്കൂ.
∙ ആഹാരപദാർഥങ്ങൾ വേവിച്ച് ചൂടോടെ മാത്രം കഴിക്കുക.
∙ ഭക്ഷണസാധനങ്ങൾ വൃത്തിയുള്ള പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കുക.
∙ പഴങ്ങൾ , പച്ചക്കറികൾ എന്നിവ കഴുകി ഉപയോഗിക്കുക.
∙ പഴകിയതും തുറന്നുവച്ചതും എസെിട്ടതുമായ ഭക്ഷണം ഉപയോഗിക്കരുത്.
∙ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ നന്നായി കഴുകുക.
∙ മലവിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
∙ പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തരുത്.
∙ രോഗികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വം പാലിക്കണം.
∙ മുറിവുകൾ ഉള്ളവർ അഴുക്ക് വെള്ളത്തിൽ ജോലി ചെയ്യരുത്.
∙ പനി അവഗണിക്കരുത്. സ്വയം ചികിത്സയും ചെയ്യരുത്. എത്രയും വേഗം വൈദ്യസഹായം തേടണം.