നിസ്സാരമാക്കരുത് പാദപ്രശ്നങ്ങൾ

മനുഷ്യ ശരീരത്തിലെ ഒരത്ഭുത സൃഷ്ടിയാണ് പാദങ്ങൾ! സന്ധികളും പേശികളും എല്ലുകളും ഒത്തൊരുമയോടെ ചേർന്നു പ്രവർത്തിച്ചാണ് പാദത്തിന്റെ കാര്യങ്ങൾ ‘നടക്കുന്നത്’. ശൈശവം മുതൽ വാർധക്യം വരെ മനുഷ്യരുടെ പാദങ്ങൾ ‌മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. എന്നാൽ വേദനയും അസ്വാസ്ഥ്യവും വരുന്നതു വരെ നാം പാദങ്ങളെ ശ്രദ്ധിക്കാറേയില്ല. പാദരക്ഷകളിൽ നിന്നുണ്ടാകുന്ന തടിപ്പും വ്രണങ്ങളും മുതൽ പരന്ന പാദങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്.

തഴമ്പും തടിപ്പും

ശരിയായ അളവിലല്ലാത്ത ചെരിപ്പുകള്‍ ധരിച്ച് അൽപ്പദിവസങ്ങൾ നടക്കുന്നതുപോലും പാദങ്ങൾക്ക് ദോഷകരമാണെന്നു പലർക്കും. അറിയില്ല. ഇതു കാരണം കട്ടിയുള്ള തഴമ്പുകളും ചർമം തടിച്ചുവീർക്കലുമൊക്കെ സംഭവിക്കും. സാധാരണഗതിയിൽ ഇവ ദോഷം ചെയ്യില്ല. പക്ഷേ, ആ ഭാഗത്ത് അണുബാധ ഉണ്ടാകുമ്പോൾ കാര്യങ്ങൾ വഷളാകും. രോഗാവസ്ഥ ശരിയായി മനസിലാക്കി ചേര്‍ന്ന അളവിലുള്ള പാദരക്ഷകൾ ഉപയോഗിക്കുന്നതാണ് ശരിയായ പരിഹാരം. നിസ്സാരമായി തള്ളിക്കളഞ്ഞാൽ നടപ്പിന്റെ രീതിയെയും അതുവഴി മറ്റ് സന്ധികളെയും ഇത് ബാധിക്കും. കോൺ കാപ്സ് (കാലിലെ തടിപ്പിനു മുകളിൽ ഒട്ടിക്കുന്ന ഒരുതരം പ്ലാസ്റ്റർ) പോലുള്ളവ ഈ പ്രശ്നത്തിനും ഉപയോഗിക്കാം. എന്നാൽ തടിപ്പും ‌തഴമ്പും ഇതുകൊണ്ട് സ്ഥിരമായി പരിഹരിക്കില്ല.

ഉപ്പൂറ്റി വേദന

ആളുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഉപ്പൂറ്റിവേദന. ഇതിനെ ‌പ്ലാന്റാർ ഫേഷ്യൈറ്റിസ് എന്നാണ് പറയുന്നത്. തെറ്റായ ജീവിതശൈലിയും കൃത്യമല്ലാത്ത അളവിലുള്ള പാദരക്ഷകളുടെ ഉപയോഗവുമാണ് ഉപ്പൂറ്റിവേദനയുടെ ‌‌‌പ്രധാന ‌കാരണം. കൂടാതെ ഉപ്പൂറ്റിയിലെ പേശികളെ പൊതിഞ്ഞിരിക്കുന്ന കലകളിൽ കീറലുകൾ ഉണ്ടാകുന്നത് ഉപ്പൂറ്റിവേദനയിലേക്ക് നയിക്കാം, കാൽപാദത്തിലുണ്ടാകുന്ന മുറിവും ചതവുമൊക്കെയാണ് ഇതിനു കാരണം. ‌നേരത്തെ തന്നെ തിരിച്ചറിഞ്ഞ് പരിഹരിക്കണം.

ചവിട്ടുന്ന ഭാഗം മൃദുവായതും കൃത്യമായ അളവിലുള്ളതുമായ പാദരക്ഷകൾ ‌ഉപയോഗിക്കുന്നതാണിതിനുള്ള പ്രതിവിധി. ഒപ്പം കാൽപാദത്തിനും മുട്ടിനും ‌വേണ്ട വ്യായാമങ്ങളും ശീലമാക്കണം. പഴയതും കീറിയതുമായ പാദരക്ഷകൾ ‌പ്രശ്നം കൂടുതൽ വഷളാക്കും. സ്തീകളിലാണ് ഇത് കൂടുതലും. ക്രമമല്ലാത്ത ശരീര ഭാരവും പാകമല്ലാത്ത ചെരിപ്പുമാണ് ഇതു വരുത്തുന്നത്. ഉപ്പൂറ്റിയിലേക്ക് വളരുന്ന എല്ലിന്റെ ഭാഗമാണ് വേദനയ്ക്ക് കാരണമെന്ന് ചിലർ തെറ്റിദ്ധരിക്കാറുണ്ട്. ഉപ്പൂറ്റി വേദനയുമായി വരുന്നവരിൽ അഞ്ച് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ശാസ്ത്രക്രിയ വേണ്ടിവരാറുള്ളൂ. താക്കോൽ ദ്വാര ശാസ്ത്രക്രിയയും നിലവിലുണ്ട്.

സന്ധി പുറത്തേക്കു തള്ളുക

പെരുവിരൽ പാദവുമായി ചേരുന്ന ഭാഗത്തുണ്ടാകുന്ന വളവും അതിനോടനുബന്ധിച്ച് ദശയും മറ്റും കട്ടിയുള്ളതായി മാറി ആ ഭാഗത്ത് ഒരു മുഴ രൂപപ്പെടുന്നു. ഈ ‌മുഴയെ ബുനിയൻ (Bunion) എന്നു പറയും. ചില അവസ്ഥകളിൽ പെരുവിരൽ വളഞ്ഞ് അടുത്ത വിരലിന്റെ മുകളിലേക്ക് കയറാറുണ്ട്.

വേദനാജനകമായ അവസ്ഥയാണിത്. ഷൂ ധരിക്കാൻ പോലും ബുദ്ധിമുട്ടാകും. ഇതും സ്ത്രീകളിലാണ് കൂടുതൽ വരാറ്. അറ്റം കൂർത്തതും വളരെ ഇറുകിയിരിക്കുന്നതുമായ ഷൂ സ്ഥിരമായി ധരിക്കുന്നവരിൽ ഈ അവസ്ഥ വരാൻ സാധ്യത വളരെയേറെയാണ്.

നേരത്തെ തിരിച്ചറിഞ്ഞാൽ പരിഹാരം എളുപ്പമാണിതിന്. വിരലുകളെ തമ്മിൽ അകറ്റി നിർത്തുന്ന തരം ബ്രേസുകളും കൃത്യമായ അളവിലുള്ള ഷൂവും ചെരിപ്പുമൊക്കെ ധരിച്ച് പരിഹരിക്കാവുന്നതേയുള്ളൂ. ഏറെ കഴിഞ്ഞാണ് ചികിത്സ നേടുന്നതെങ്കിൽ കാൽപത്തിയിൽ വളവിന് ശാസ്ത്രക്രിയ വേണ്ടി വന്നേക്കും.

ചെറുവിരലുകൾ ശ്രദ്ധിക്കാം

കാലിലെ തള്ളവിരൽ ഒഴികെയുള്ള വിരലുകളെ പ്രത്യേകിച്ച് ചെറുവിരലുകളെ മാത്രം ബാധിക്കുന്ന വൈകല്യങ്ങളുണ്ട്. മാലറ്റ് റ്റോ, ഹാമ്മർ റ്റോ, ക്ലൗ റ്റോ ‌തുടങ്ങിയവയാണ് ചെറുവിരലുകളെ ബാധിക്കാറുള്ള സാധാരണ വൈകല്യങ്ങൾ. ഈ രോഗാവസ്ഥകളിൽ ചെറുവിരലുകൾ വല്ലാതെ വളഞ്ഞുപോകും. റുമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ള രോഗികളിൽ ഇതു കൂടുതലായി കാണാം. വർഷങ്ങളോളം ‌ഇറുകിയ ചെരിപ്പുകൾ ധരിക്കുന്നതാണ് ഈ വൈകല്യത്തിനു കാരണമായി പറയപ്പെടുന്നത്. ഇത്തരം ചെരിപ്പുകൾ ധരിക്കുന്നതിലൂടെ വിരലുകളിലെ പേശികളുടെ ബാലൻസ് നഷ്ടമാകും. കൃത്യമായ ചെരിപ്പ് ധരിക്കുകയാണ് ചികിത്സയുടെ ആദ്യഘട്ടം. ചെരിപ്പിനുള്ളിൽ വിരലുകള്‍ ഇറുകിയിരിക്കാൻ പാടില്ല. ചെരിപ്പ് ധരിച്ചിട്ടും വൈകല്യം മാറാതെ നടക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ശാസ്ത്രക്രിയ ചെയ്യേണ്ടിവരും.

ചിലരിൽ ജന്മനാ പാദങ്ങൾ വളഞ്ഞിരിക്കും. ഈ അവസ്ഥയാണ് ക്ലബ് ഫൂട്ട്. ‌ശാസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്ന വൈകല്യമാണിത്. കുഞ്ഞിന്റെ ‌കാല്‍പ്പാദത്തിന് വൈകല്യമുണ്ടെന്ന് കണ്ടാൽ ഉടനെ തന്നെ ചികിത്സ ആരംഭിക്കണം. കൃത്യമായി പ്ലാസ്റ്ററിടുകയും മറ്റും ചെയ്ത് കുഞ്ഞ് നടക്കാറാകുമ്പോഴേക്കും ഈ വൈകല്യം പരിഹരിക്കാൻ കഴിയും.

പരന്ന പാദങ്ങള്‍

ഫ്ലാറ്റ് ഫീറ്റ് സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ്. അതായത് പാദങ്ങളുടെ അടിയില്‍ വളവ് ഇല്ലാതെ പരന്ന് ഇരിക്കുന്ന അവസ്ഥ. രണ്ടു തരത്തിലുണ്ടിത്. കുട്ടിക്കാലത്തു തന്നെ കാണപ്പെടുന്നതും ‌പ്രായം ചെന്നവരിൽ ‌കാണപ്പെടുന്നതും. മുട്ടിനും നടുവിനും പാദങ്ങളിലുമുണ്ടാകുന്ന വേദനയോടു കൂടി ഫ്ലാറ്റ് ഫൂട്ട് വരാം. അശ്രദ്ധമായും ധൃതിയിലും ഷൂ ധരിക്കുമ്പോൾ കാൽപ്പത്തി ആവശ്യത്തിലധികം വളയ്ക്കുകയും തിരിക്കുകയും ചെയ്യുന്നത് സ്ഥിരമായാലും ഇതു വരാം. എല്ലുകളിലും പേശികളിലും കലകളിലുമുണ്ടാകുന്ന കുഴപ്പങ്ങളും ഇതിലേക്ക് നയിച്ചേക്കാം.

പാദങ്ങളിൽ വേദന അസാധാരണമായി തോന്നുക. ഷൂ എളുപ്പത്തിൽ അഴിഞ്ഞു പോകുക, പാദം പരന്നതായി തന്നെ ദൃശ്യമാകുക, വളരെ ബലം കുറയുക ‌തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ ‌അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ വൈദ്യസഹായം തേടേണ്ടതുണ്ട്.

കൃത്യമായ രീതിയിൽ വളവുള്ള പാദരക്ഷകൾ ധരിക്കുകയാണ് ഇതിനുള്ള പോംവഴി. ശാസ്ത്രക്രിയ വഴിയും ഇത് സുഖപ്പെടുത്താൻ കഴിയും. പാദങ്ങളുടെ അവസ്ഥയനുസരിച്ച് ശാസ്ത്രക്രിയാ രീതിയും വ്യത്യാസപ്പെട്ടിരിക്കും.

മുതിർന്നവരിലുണ്ടാകുന്ന ഫ്ലാറ്റ് ഫീറ്റ് അല്പം വ്യത്യാസപ്പെട്ടിരിക്കും. അമിതവണ്ണമുള്ള മധ്യവയസ്കരിലാണ് ഇത് പ്രത്യക്ഷപ്പെടാൻ സാധ്യത കൂടുതൽ. കാലൽപ്പാദത്തിൽ വേദനയും വീക്കവുമാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചെരിപ്പ് എളുപ്പം അഴിഞ്ഞു പോകുന്നതും ലക്ഷണമാണ്. വളവുള്ള സോൾ ഘടിപ്പിച്ച ചെരിപ്പ് ധരിച്ച് ആദ്യഘട്ടങ്ങളിൽ ഇതു പരിഹരിക്കാം. എന്നാൽ പഴകുന്നതിനനുസരിച്ച് ‌ശാസ്ത്രക്രിയ വേണം.

പ്രമേഹരോഗികൾക്ക്

പ്രമേഹരോഗികളിൽ നല്ലൊരു ശതമാനം പേരിലും പാദപ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഞരമ്പിനുണ്ടാകുന്ന തകരാർ കാരണം കാലില്‍ വ്രണമുണ്ടായാൽ അത് ഉണങ്ങാൻ കാലതാമസമെടുക്കും. ചെറിയ മുറിവു പോലും വലിയ വ്രണമായി മാറും. ഞരമ്പി‍‌ലെ തകരാർ കാരണം പാദങ്ങളിൽ സംവേദനശേഷിയും കുറയും. ഇത്തരം സാഹചര്യങ്ങളിൽ പ്രമേഹരോഗികളിൽ പാദസംരക്ഷണം വളരെ പ്രാധാന്യമേറിയ വിഷയമാണ്. പാദത്തിലെ എല്ലുകൾ മുഴച്ചു നിൽക്കുന്ന ഭാഗങ്ങളിൽ അധികമർദം വരാത്ത രീതിയിൽ ചെരിപ്പുകള്‍ ധരിക്കണം. പ്രമേഹരോഗികൾക്ക് ചേരുന്നതരം സോളുകൾ കൊണ്ടു നിർമിക്കുന്ന തരം ചെരിപ്പുകൾ വാങ്ങണം. കല്ലോ ആണിയോ ചെരിപ്പിനടിയിലൂടെ തറഞ്ഞു കയറാത്ത തരത്തിലുള്ള ചെരിപ്പുകളുമാകണം. ‌പ്രമേഹരോഗികൾക്ക് വൈകുന്നേരങ്ങളിൽ നീരുണ്ടാകുന്നത് സാധാരണമാണ്. അതിനാൽ പാദരക്ഷ വൈകുന്നേരം തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

ഉളുക്കിന് ‘റൈസ്’

കണങ്കാല്‍ ഉളുക്കിനുള്ള പ്രാഥമിക ചികിത്സാരീതി ഇംഗ്ലീഷിൽ റൈസ് (Rice) എന്ന വാക്കുകൊണ്ട് എളുപ്പത്തിൽ ഓർക്കാം. ആർ എന്ന അക്ഷരം കൊണ്ട് റെസ്റ്റ് അഥവാ വിശ്രമം ആണുദ്ദേശിക്കുന്നത്. വേദനയും വളയലും ഉള്ള കാൽപാദത്തിലെ ‌സന്ധിക്ക് ആവശ്യമായ വിശ്രമം നൽകുക. ഐ എന്നാൽ ഐസ്. അതായത് വേദനയുള്ള ‌ഭാഗത്ത് ഐസ് ‌പാക്ക് വയ്ക്കുക. ചൂടു വയ്ക്കുന്നതും എണ്ണ ഉപയോ‌ഗിച്ച് മസാജ് ചെയ്യുന്നതും ഒഴിവാക്കണം. ബാൻഡേജ് ഉപയോഗിച്ച് കുഴപ്പമുള്ള സന്ധി നന്നായി വരിഞ്ഞു കെട്ടുന്നതാണ് അടുത്തത്. കംപ്രഷൻ കൊടുക്കുന്നതിനെ സി എന്ന അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്. തുടർന്ന് നീർക്കെട്ടുണ്ടാകാത്ത വിധം കാല്പാദം ശരിയായി ഉയർത്തിവയ്ക്കണം. എലിവേഷന്‍ എന്ന വാക്കിനാണ് ഇ.

പാദങ്ങളിലെ വളവ്

നമ്മളെല്ലാം ജനിക്കുന്നത് പരന്ന കാല്‍പ്പാദങ്ങളുമായിട്ടാണ്. ‌നടക്കാൻ തടങ്ങുന്നതോടെയാണ് കാൽപ്പാദത്തിനടിയിൽ വളവ് ദൃശ്യമായിത്തുടങ്ങുക. ചിലപ്പോൾ‍ ഈ വളവ് ചിലരിൽ വന്നില്ലെന്ന് വരാം. വളവില്ലെങ്കിൽ ശരീരഭാരം മുഴുവൻ പാദത്തിന്റെ അടിവശത്തിന്റെ എല്ലാ ഭാഗത്തും ‌അനുഭവപ്പെടും.

ഡോ. രാജേഷ് സൈമൺ
സീനിയർ കൺസൽറ്റന്റ്
ഫൂട്ട് & ആങ്കിൾ സർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി
സെക്രട്ടറി, ഇന്ത്യൻ ഫൂട്ട് & ആങ്കിൾ സൊസൈറ്റി