മനുഷ്യ സ്വഭാവത്തിൽ കാണുന്ന പ്രകടമായ പ്രത്യേകത മറ്റ് മനുഷ്യരോടുള്ള ഭയമാണ്. ആറു മാസമാകുമ്പോഴേക്കും മനുഷ്യ ശിശു അപരിചിതരെ കണ്ടാൽ ഭയക്കുന്നു. അന്ധരായ ശിശുക്കളും ഭയാകുലരാകാറുണ്ട്. ഗന്ധം കൊണ്ട് അപരിചിതരെ തിരിച്ചറിയാൻ ഇവർക്കു കഴിയുമത്രേ. ഏതാണ്ട് ഒരു വയസ് ആകുമ്പോൾ കുട്ടികൾ ചുറ്റുപാടുകളെ ഭയത്തോടു കൂടെ നോക്കുന്നു. അമ്മയെ പിരിഞ്ഞിരിക്കുക എന്നത് കുട്ടിയെ സംബന്ധിച്ചിടത്തോളം അസഹനീയമാണ്. മാതൃസംരക്ഷണമില്ലാതെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ വലുതായാലും പെട്ടെന്ന് ഭയാകുലരാകുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. മനുഷ്യർ എല്ലാം ഭയചകിതരാണ്. രാജ്യങ്ങൾ തമ്മിൽ സൗഹൃദം പുലർത്തുന്നുണ്ടെങ്കിൽ തന്നെയും എല്ലാ രാജ്യങ്ങളും സൈനിക സജ്ജീകരണ കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തുന്നു. പുറമെ ചിരിക്കുന്നുണ്ടെങ്കിലും ഉള്ളാകെ ഭയമാണ്.
മനുഷ്യർ പരസ്പരം ഭയപ്പെടുകയും സംശയം വച്ചുപുലർത്തുകയും ചെയ്യുന്നുണ്ടെങ്കിൽ കൂടി സാമൂഹ്യ ആചാരങ്ങളിലൂടെ സൗഹൃദവും സഹകരണവും വളർത്തപ്പെടുന്നുമുണ്ട്. ആലിംഗനം, തലോടൽ, പുഞ്ചിരി, കൈകൂപ്പൽ, തലകുനിക്കൽ, കൈകുലുക്കൽ തുടങ്ങിയ ആചാരങ്ങൾ പ്രകടിപ്പിച്ചു താൻ കുഴപ്പക്കാരനല്ല എന്ന് ഒരാൾ മറ്റൊരാളെ ബോധ്യപ്പെടുത്തുന്നു. ഒരു സാമൂഹ്യ ജീവിയെന്ന നിലയിൽ മനുഷ്യന്റെ കെട്ടുറപ്പ് ഇത്തരം ഉപചാരങ്ങളിൽ അധിഷ്ഠിതമായാണ് നിലനിൽക്കുന്നത്
അകാരണമായ ഭയങ്ങളെ ഫോബിയ എന്നാണ് പൊതുവെ വിളിക്കുന്നത്, ചില ഫോബിയകളെ നോക്കു
സോഷ്യൽ ഫോബിയ – സമൂഹത്തെ ഭയം
അഗോറോഫോബിയ – തുറന്നതും ഇടുങ്ങിയതും ഉയരംകൂടിയതുമായ സ്ഥലങ്ങളോടു ഭയം
ആക്രോ ഫോബിയ – ഉയർന്ന സ്ഥലങ്ങളെ ഭയം
താനാറ്റോ ഫോബിയ – മരണത്തെ ഭയം
പൈറോ ഫോബിയ – തീയോടുള്ള ഭയം
ഒഫിഡിയോ ഫോബിയ– പാമ്പുകളെ ഭയം
ആസ്ട്രോ ഫോബിയ – പ്രകൃതിക്ഷോഭങ്ങളെ ഭയം
ഡിമെന്റോ ഫോബിയ – ചിത്തഭ്രമത്തെ ഭയം
അമാക്സോ ഫോബിയ – മോട്ടോർ വാഹനങ്ങളെ ഭയം
സൈനോ ഫോബിയ – നായ്ക്കളോടുള്ള ഭയം
അൽഗാ ഫോബിയ – വേദനയോടുള്ള ഭയം
ഹിപ്നോ ഫോബിയ – ഉറക്കത്തോടുള്ള ഭയം
മോണോ ഫോബിയ – ഏകാന്തതയോടുള്ള ഭയം
അന്തോ ഫോബിയ – പൂക്കളോടുള്ള ഭയം
ഫോണോ ഫോബിയ – ഉറക്കെ സംസാരിക്കുന്നതിനുള്ള ഭയം
ഫോബിയകൾ രൂപപ്പെടുത്തുന്നതിൽ ജനിതകത്തിനും പരിതസ്ഥിതിക്കും പങ്കുണ്ട്. അമിതഭയം ഉണ്ടാവാനുള്ള സാധ്യത ചിലരിൽ ജനിതകമായി കൂടുതൽ കാണുന്നു. ഒരു ബിഹേവിയറിസ്റ്റായ ഡോ . വാട്സൺ നടത്തിയ പരീക്ഷണം അമിതഭയം രൂപപ്പെടുന്നതിൽ പരിതസ്ഥിയുടെ സ്വാധീനം എപ്രകാരമാണെന്നു വെളിപ്പെടുത്തുകയുണ്ടായി. ഡോ. വാട്സൺ തന്റെ കുഞ്ഞിന് ഒരു വെള്ള മുയലിനെ ഓമനിക്കാൻ കൊടുത്തു. കുട്ടി, മുയലിനെ മടിയിലിരുത്തി ലാളിച്ചു. ഒരു ദിവസം കുട്ടി, മുയലിന്റെ അടുത്തേക്ക് പോകുകയായിരുന്നു. അപ്പോൾ പേടിപ്പെടുത്തുന്ന ഒരു ശബ്ദം കേൾപ്പിച്ചു. കുട്ടി ഭയന്ന് വിറച്ചു. അടുത്ത ദിവസവും ഇതുതന്നെ ആവർത്തിക്കപ്പെട്ടു. ക്രമേണ കുട്ടി, മുയലിനെ കണ്ട ഉടനെ വിറയ്ക്കാൻ തുടങ്ങി. പിന്നീട് കുഞ്ഞിന് വെള്ളമുയലിനോട് മാത്രമല്ല വെള്ള നിറമുള്ള മറ്റ് വസ്തുക്കളോടും ഭയമായി. ഒരു പ്രത്യേക സാഹചര്യത്തിൽ അനുഭവപ്പെട്ട ഭയം വ്യക്തിയിൽ കണ്ടിഷനിംഗ് ആയാൽ പിന്നീട് ആ സാഹചര്യത്തോടു സാദൃശ്യമുള്ള മറ്റ് സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പഴയ ഭയം തല പൊക്കാം.
വളരെ മോശപ്പെട്ട അനുഭവം ഉണ്ടായ വ്യക്തിയുടെ മുഖത്തിനോട് സാദൃശ്യമുള്ള മറ്റൊരു വ്യക്തിയെ കാണുമ്പോൾ അയാളുമായി സഹകരിക്കാൻ പ്രയാസം ഉണ്ടാവാറുണ്ടല്ലോ. ഒരു യുവതിക്ക് പുരുഷനിൽ നിന്ന് വെറുക്കാനോ ഭയപ്പെടാനോ ഇടയാക്കിയ തിക്താനുഭവങ്ങൾ ഉണ്ടായാൽ അവൾ പുരുഷന്മാരെ മൊത്തത്തിൽ വെറുക്കാം.
പലർക്കും ഫോബിയകൾ സങ്കീർണ്ണമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഭയാശങ്കയാൽ ഉൾവലിഞ്ഞ് ആയാസത്തോടെ അവർ മുന്നോട്ട് പോകുന്നു. എന്നാൽ ചില ആളുകൾക്ക് ഫോബിയകളെ അതിജീവിക്കാൻ കഴിയാറുണ്ട്. ആൾക്കൂട്ടത്തിൽപെടുമ്പോൾ അസ്വസ്ഥനാകുന്ന ആൾ ആൾക്കൂട്ടത്തോടൊപ്പം സഞ്ചരിക്കാം.
മരണത്തെ ഭയപ്പെടുന്ന ആൾ -- ജീവിതത്തെ ഭയത്തോടെ കണ്ട് ഉത്കണ്ഠപ്പെടുന്ന ആൾ ഈ ഭയങ്ങളെ തമസ്ക്കരിച്ചു സമാധാനത്തോടെ ജീവിക്കാം. പ്രസംഗവേദിയിൽ ഭയന്നുവിറച്ച പലരും പിന്നീട് ഉജ്ജ്വലവാഗ്മികളായിത്തീർന്നിട്ടുണ്ടല്ലോ. കൗമാരപ്രായത്തിൽ ഭയപ്പെട്ട സംഗതികൾ യൗവനത്തിൽ ഭയം സൃഷ്ടിക്കണമെന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിലുണ്ടായ ഭയം പിന്നീട് ആ സാഹചര്യം ഉണ്ടാവുമ്പോൾ കടന്നു വരണമെന്നില്ല
എന്നാൽ എല്ലാവർക്കും അതിന് കഴിയണമെന്നില്ല. ഭയപ്പെടുന്ന സാഹചര്യങ്ങളെ ഒഴിവാക്കാനാണ് മിക്കവാറും ശ്രമിക്കുന്നത്. സങ്കീർണമായ ഫോബിയകളുമായി ജീവിക്കുന്ന പലരും ദുഃസ്വപ്നങ്ങൾ കണ്ട് പേടിക്കുന്നു. അനുഭവിക്കുന്ന ഫോബിയകളെ കുറിച്ചു ആരോടും തുറന്ന് പറയാതെ അവർ ജീവിക്കുന്നു.
പെരുമാറ്റത്തെ സ്വാധീനിക്കുന്ന ഫോബിയകളിൽ പ്രധാനപ്പെട്ട ഒരു ഫോബിയ ആണ് സോഷ്യൽ ഫോബിയ. ഈ ഫോബിയ അനുഭവപ്പെടുന്ന ആൾ സാമൂഹ്യ ഇടപെടലുകളിൽ നിന്ന് മാറിനിൽക്കും.ആൾക്കൂട്ടത്തിൽ പെടുമ്പോൾ ഉത്കണ്ഠയോടെ പ്രതികരിക്കും. അപരിചിതരെ കാണുകയും സംസാരിക്കുകയും ചെയുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം അസ്വസ്ഥജനകമാണ്.
സിസ്റ്റമാറ്റിക് ഡി സെൻസിറ്റൈറ്റേഷൻ
ഡോ .ജോസഫ് വോൾപേ വികസിപ്പിച്ചെടുത്ത ഒരു ബിഹേവിയറൽ മെഡിസിൻ ടെക്‌നിക് ആയ സിസ്റ്റമാറ്റിക് ഡി സെൻസിറ്റൈറ്റേഷൻ ഉപയോഗിച്ച് ഫോബിയകളെ ഒഴിവാക്കാൻ കഴിയും. വിശ്രമാവസ്ഥയിൽ പീഡിതമനസിലെ അബദ്ധധാരണകളെ തിരുത്തുവാനോ ഇല്ലാതാക്കാനോ കഴിയും.
നിഷേധാത്മക ഭാവനയിലൂടെ മനസ്സിൽ കുടിയേറിയ അബദ്ധധാരണകളെ ക്രിയാത്മക ഭാവനകൾ ഉപയോഗിച്ച് ഉൻമൂലനം ചെയ്യാൻ കഴിയും. ചിലർക്ക് ചില കാര്യങ്ങളോട് ഭയമാണ്. വിഭാവനപരമായ തെറ്റിദ്ധാരണകൾകൊണ്ട് നടന്ന് സ്വയം പീഡിപ്പിക്കുന്നവരുണ്ട്. ആശയവിനിമയം ചെയ്യാൻ സങ്കോചമുള്ള വ്യക്തികളുണ്ട്. അതുപോലെതന്നെ മേലധികാരികളോടു സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരുണ്ട്. ഇങ്ങനെയുള്ളവർക്കൊക്കെ സിസ്റ്റമാറ്റിക് ഡി സെൻസിറ്റൈറ്റേഷൻ ചെയ്യാം
ആദ്യമായി ഇങ്ങനെയുള്ള നിഷേധാത്മക ചിന്തകൾ (ഭയം, ഉൽക്കണ്ഠ, ആശയവിനിമയ സങ്കോചം) കടന്നു വരുന്ന സന്ദർഭങ്ങൾ എന്തൊക്കെയാണെന്ന് കണ്ടുപിടിച്ച് ഒരു ലിസ്റ്റ് തയാറാക്കുക. ഉദാഹരണത്തിന് നിങ്ങൾ സംസാരിക്കാൻ സങ്കോചപ്പെടുന്ന ഒരു വ്യക്തി ഉണ്ടെന്നു കരുതുക. നിങ്ങൾ രൂപീകരിക്കുന്ന ക്രിയാത്മക ഭാവനയിൽ അധിഷ്ഠിതമായ മാനസിക ചിത്രം വഴി ആ വ്യക്തിയോട് സംസാരിക്കാനുള്ള സങ്കോചം ഒഴിവാക്കാൻ കഴിയും.
ഉദാഹരണത്തിന്,
നിങ്ങൾ സംസാരിക്കാൻ സങ്കോചം ഉള്ള ആ വ്യക്തിയെ നിങ്ങൾ കാണുന്നത്,
ആ വ്യക്തിയുടെ മുഖത്തു നോക്കി സംസാരിക്കുന്നത്,
ആ വ്യക്തിയുടെ മുഖത്തു നോക്കി ചിരിക്കുന്നത്,
ആ വ്യക്തിയോട് തമാശ പറയുന്നത്,
മേൽ കൊടുത്തപോലെ നിങ്ങൾക്ക് അനുഭവപ്പെടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഒരു ലിസ്റ്റ് തയാറാക്കി കഴിഞ്ഞാൽ രചനാത്മകമായ ഭാവനയിലൂടെ അവ ഒഴിവാക്കാൻ പരിശീലിക്കുകയാണ്.
പരിശീലനത്തിനായി സൗകര്യപ്രദമായ ഒരു കസേരയിൽ ഇരിക്കുക. അല്ലെങ്കിൽ നിരപ്പായ തറയിൽ മലർന്നു കിടക്കുക. ശരീരത്തിലെ എല്ലാ മാംസപേശികളും കഴിയുന്നത്ര കടുപ്പിച്ചു പിടിക്കുക. ഏതാണ്ട് പത്തോ പതിനഞ്ചോ സെക്കന്റ് ഈ നിലയിൽ തുടർന്ന ശേഷം മാംസപേശികൾ സാവധാനം അയച്ചിടുക. സുദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിക്കുക, സാവധാനം പുറത്തേക്ക് കളയുക. ശരീരവും മനസും പരിപൂർണ്ണ വിശ്രമാവസ്ഥയിൽ ആകുന്നത് വരെ ഈ റിലാക്‌സേഷൻ രീതി തുടരുക.
വിശ്രമാവസ്ഥയിൽ ആയെന്ന് ഉറപ്പായാൽ ക്രിയാത്മക ഭാവനയിലൂടെ അകാരണ ഭയങ്ങളെ നിങ്ങൾ കീഴടക്കുകയാണ്. ഉത്കണ്ഠ ഉണർത്തുന്ന സന്ദർഭങ്ങളെ അടിസ്ഥാനപ്പെടുത്തി നേരത്തെ തയാറാക്കിയ ലിസ്റ്റ് ഭാവനയിൽ കാണുക. ഉദാഹരണത്തിന്, സംസാരിക്കുമ്പോൾ സങ്കോചം അനുഭവപ്പെടുന്ന വ്യക്തിയെ കാണുന്നത്, അയാളുടെ മുഖത്തു നോക്കി ചിരിക്കുന്നത്, തമാശ പറയുന്നത്.....
ഇങ്ങനെ ഓരോ സന്ദര്ഭങ്ങളെയും ഭാവനയിൽ കണ്ട് അതിൽ നിങ്ങൾ വിജയിക്കുന്നതായി സങ്കൽപ്പിക്കുക. ഇതുപോലെ ഉത്കണ്ഠ ഉണർത്തുന്ന എല്ലാ സന്ദർഭങ്ങളേയും ഉത്കണ്ഠ കൂടാതെ ഭാവനയിൽ നേരിടാനായാൽ നിഷേധാത്മക ഭാവനയിൽ അധിഷ്ഠിതമായ മിഥ്യാധാരണകളെ അതിജീവിക്കാൻ മനസ്സ് കരുത്ത് നേടും.
ഒരു വ്യക്തി വിശ്രമാവസ്ഥയിൽ ആകുമ്പോൾ അയാളെ വൈകാരിക പ്രശ്നങ്ങൾ അലട്ടില്ല അഥവാ അലട്ടിയാൽ തന്നെ ശക്തമായിരിക്കില്ല. വിശ്രമാവസ്ഥയിൽ ലാഘവത്തോടെ കാണുന്ന പ്രശ്നങ്ങൾ യഥാർത്ഥത്തിൽ നേരിടേണ്ടി വരുമ്പോൾ ലളിതമായി നേരിടാൻ കഴിയും .
സ്റ്റോപ്പ് തിങ്കിങ് & എക്സ്പോസ്റർ ടെക്‌നിക്
1. ഭയപ്പെടുത്തുന്ന ചിന്തകളെപ്പറ്റി ബോധവാനാകുക .
2. അത്തരം ചിന്തകൾ വരുമ്പോൾ സ്റ്റോപ്പ് തിങ്കിങ് എന്ന് സ്വയം നിർദേശിക്കുക .
3. അനാവശ്യ ചിന്തകളെ ദീർഘനേരത്തേക്കു നിർത്തിവെക്കുക .
4. ഭയപ്പെടുത്തുന്ന സാഹചര്യങ്ങളെ അഭിമുഖികരിക്കുന്നതിനു തയ്യാറാകുക .
5. ആൾക്കൂട്ടത്തിൽ പെടുമ്പോൾ പേടിക്കുന്നുവെങ്കിൽ , ബോധപൂർവം ദീർഘനേരം ആൾകൂട്ടത്തിൽ നിൽക്കുക.
ഡോ. പ്രസാദ് അമോർ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് സോഫ്റ്റ്മെൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ, അരൂർ