Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈഗ്രേനകറ്റാന്‍ മീനും ഇഞ്ചിയും

migraine

വെറും തലവേദന ആണോ എന്നു ചോദിച്ചാല്‍ അല്ല. 24 മുതല്‍ 48 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന തലവേദനയാണു ചെന്നിക്കുത്ത് അഥവാ മൈഗ്രേന്‍. തലച്ചോറിലേക്കുള്ള രക്തചംക്രമണവും രാസപ്രവര്‍ത്തനങ്ങളും വ്യത്യാസപ്പെടുമ്പോഴാണു പ്രധാനമായും മൈഗ്രേന്‍ ഉണ്ടാകുന്നത്. ചില പ്രത്യേക ഭക്ഷണങ്ങളും മൈഗ്രേന്‍ ഉണ്ടാക്കാമെന്നു ഗവേഷണങ്ങള്‍ പറയുന്നു. എല്ലാവരിലും ഭക്ഷണം മൈഗ്രേന്‍ ഉണ്ടാക്കുമെന്നു കരുതരുത്. ഭക്ഷണം എന്ന ഒരൊറ്റ ഘടകം കൊണ്ടു മാത്രം മൈഗ്രേന്‍ വരാമെന്നതും തെറ്റായ ധാരണയാണ്. ചിലര്‍ക്ക് ജനിതകമായിത്തന്നെ മൈഗ്രേന്‍ വരാന്‍ സാധ്യത കൂടുതലുള്ളവരായിരിക്കും. ഇത്തരക്കാരില്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ മൈഗ്രേനു കാരണമാകാം.

ഭക്ഷണവും മൈഗ്രേനും

ഭക്ഷണം എങ്ങനെയാണു മൈഗ്രേനുണ്ടാക്കുന്നത് എന്നു നോക്കാം. ഭക്ഷണപദാര്‍ഥങ്ങളിലെ നൈട്രേറ്റ്, ടൈറമിന്‍ പോലുള്ള രാസഘടകങ്ങള്‍ ജനിതകപരമായി തലവേദന സാധ്യതയുള്ള ഗ്രൂപ്പില്‍ പെട്ടവരുടെ രക്ത-നാഡീ കോശങ്ങളെ ഉത്തേജിപ്പിച്ചാണു തലവേദനയുണ്ടാക്കുന്നത്. ചിലരില്‍ ഭക്ഷണത്തിലെ രാസഘടകങ്ങളുടെ പ്രവര്‍ത്തനം മൂലം രക്തക്കുഴലുകള്‍ ചുരുങ്ങുകയും രക്തചംക്രമണം തടസപ്പെടുകയും ചെയ്യും. ഇതുകൊണ്ടാണു ചിലരില്‍ മൈഗ്രേനോടനുബന്ധിച്ചു കാഴ്ചക്കുറവു വരുന്നത്. തലച്ചോറിനു പുറമെയുള്ള രക്തക്കുഴലുകള്‍ വികസിച്ചു വീങ്ങുമ്പോഴാണ് അസഹ്യമായ വേദന അനുഭവപ്പെടുക.

ഏറ്റവും രസകരമായ വസ്തുത, നമ്മള്‍ നിത്യജീവിതത്തില്‍ സാധാരണ ഉപയോഗിക്കുന്ന ചോക്ളേറ്റ്, വൈന്‍ തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം ഇത്തരം മൈഗ്രേന്‍ ഉത്തേജക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്. ചില ഭക്ഷണങ്ങളെ അലര്‍ജനുകളായി ശരീരം കരുതി പ്രവര്‍ത്തിക്കുമ്പോഴാണു തലവേദനയുണ്ടാകുന്നതെന്നാണു ചില ഗവേഷകരുടെ മതം. അതായതു രാസപദാര്‍ഥം അടങ്ങിയിട്ടില്ലാത്ത ഭക്ഷണവും തലവേദന ഉണ്ടാക്കാം.

ചെന്നിക്കുത്തിന് ഇഞ്ചി

നാട്ടുപ്രയോഗം എന്നതു മാത്രമല്ല ഇഞ്ചിയുടെ പ്രസക്തി. മൈഗ്രേനും മറ്റു തലവേദനകളും കുറയ്ക്കാന്‍ ഇഞ്ചിക്കു കഴിയുമെന്നതിനു നിരവധി പഠനങ്ങളുടെ പിന്‍ബലമുണ്ട്. പാകപ്പെടുത്താത്ത ഇഞ്ചി ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ മൈഗ്രേന്‍ വരുന്ന തവണകളും വേദനയുടെ തീവ്രതയും കുറഞ്ഞതായി കണ്ടത്തിയത്രെ. പഠനങ്ങളനുസരിച്ചു വേദനാസംഹാരിയായ ആസ്പിരിനോടു സമാനമായ പ്രവര്‍ത്തനമാണു ഇഞ്ചിയുടേത്. വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന ഹോര്‍മോണ്‍ സമാന പദാര്‍ത്ഥങ്ങളായി പ്രോസ്റ്റാഗാന്‍ഡിനുകളെ തടഞ്ഞാണ് ഇഞ്ചി മൈഗ്രേന്‍ കുറയ്ക്കുക.

ginger

മീനും മൈഗ്രേനും

മൈഗ്രേന്‍ പ്രതിരോധിക്കാന്‍ മീന്‍ സഹായിക്കും. അയല, മത്തി പോലുള്ള കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങള്‍ ദിവസേന കഴിക്കുന്നത് മൈഗ്രേന്‍ തവണകള്‍ കുറയ്ക്കുമെന്നു ഗവേഷണങ്ങള്‍ പറയുന്നു. മീന്‍ മാത്രമല്ല, മീനെണ്ണയും മൈഗ്രേനിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട്. കടുത്ത മൈഗ്രേന്‍ രോഗികള്‍ക്ക് ആറാഴ്ച മീനെണ്ണ ഗുളികകള്‍ നല്‍കിയപ്പോള്‍ അവരില്‍ 60 ശതമാനം പേരിലും ശമനമുണ്ടായതായി സിന്‍സിനാറ്റി മെഡിക്കല്‍ കോളജില്‍ നടത്തിയ പരീക്ഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ദിവസവു 20 ഗ്രാം വീതം മീനെണ്ണ അടങ്ങിയ ഗുളികകള്‍ കഴിക്കുന്നതു ചില മൈഗ്രേന്‍ രോഗികള്‍ക്കു ആശ്വാസം നല്‍കുന്നതായി കാണുന്നു.

അന്നജം കൂട്ടാം

ധാരാളം ബീകോംപ്ളക്സും പഞ്ചസാരയും അന്നജവും മൈഗ്രേനിന് ആശ്വാസം നല്‍കുന്നുണ്ട്. ആപ്പിള്‍, ചെറി, പച്ചമുന്തിരി എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയര്‍ത്തി മൈഗ്രേന്‍ കുറയ്ക്കും. ഇത്തരം പഴങ്ങള്‍ ഉച്ചഭക്ഷണത്തിനു ശേഷം കഴിക്കുന്നതാണു നല്ലത്. തണ്ണിമത്തന്‍ സത്ത് തണുപ്പിക്കാതെ കുടിക്കുന്നതും നല്ലതാണ്.

seacod-tablet

വേണം പ്രോട്ടീന്‍

രക്തത്തിലെ പഞ്ചസാരയുടെ നില കുറയുന്നതു മൈഗ്രേന്‍ തലവേദനയ്ക്കു കാരണമാകുമെന്നു പറയാറുണ്ട്. ചിക്കന്‍ പോലുള്ള കൊഴുപ്പു കുറഞ്ഞ പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാതെ നിലനിര്‍ത്തും. മുട്ട, ബീഫ്, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. ചിലരില്‍ മൈഗ്രേന്‍ വരുന്നതിനു മുമ്പോ ശേഷമോ മഗ്നീഷ്യത്തിന്റെ നില താഴുന്നതായി കാണാറുണ്ട്. അതുകൊണ്ടു മഗ്നീഷ്യം അടങ്ങിയ ബ്രെഡ്, ഉരുളക്കിഴങ്ങ്, പാല്‍ തുടങ്ങിയവ കഴിക്കുന്നതും മൈഗ്രേന്‍ കുറയ്ക്കും.

മൈഗ്രേന്‍ ഉണ്ടാക്കുന്ന ഭക്ഷണം

എല്ലാ ഭക്ഷണങ്ങളും മൈഗ്രേന്‍ ഉണ്ടാക്കുകയില്ല. അതുകൊണ്ടു തന്നെ ഏതു ഭക്ഷണമാണു പ്രശ്നമാകുന്നതെന്നു തിരിച്ചറിഞ്ഞു ഒഴിവാക്കണം. സാധാരണയായി കാപ്പി, ചായ, കോള തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, ചോക്ളേറ്റ്, അണ്ടിപ്പരിപ്പുകള്‍, ആല്‍ക്കഹോള്‍, പൈന്‍ആപ്പിള്‍, ഓറഞ്ച്, പഴുത്ത മുന്തിരി, നാരങ്ങ, ഉള്ളി, ബീന്‍സ് മുതലായ പച്ചക്കറികള്‍, ചിലതരം ബ്രെഡുകള്‍ കൃത്രിമമധുരം എന്നിവ പൊതുവെ മൈഗ്രേനും തലവേദനയും ഉണ്ടാക്കാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളാണ്. ഇവ ഒരു മാസത്തേയ്ക്ക് ഒഴിവാക്കുക.

coffee-migraine

പതിവായി കാപ്പി, ചായ പോലുള്ള കഫീന്‍ പാനീയങ്ങള്‍ കുടിയ്ക്കുന്നവര്‍ രണ്ടാഴ്ചത്തേയ്ക്കു നിര്‍ത്തുക.

തലവേദന കുറവുണ്ടെങ്കില്‍ പതിയെ ഒഴിവാക്കിയ ഭക്ഷണങ്ങള്‍ ഓരോന്നായി കഴിച്ചു തലവേദന ഉണ്ടാകുന്നോ എന്നു നിരീക്ഷിക്കുക. ഉണ്ടെങ്കില്‍ അവ ഒഴിവാക്കണം. ഭക്ഷണം കഴിച്ചു 24 മണിക്കൂര്‍ കഴിഞ്ഞേ തലവേദന പ്രകടമാവുകയുള്ളൂ എന്നോര്‍ക്കുക.