മൂളിപ്പാട്ടും പാടി മനുഷ്യരുടെ ഉറക്കം കളയാനെത്തുന്ന കൊതുകിനെ സൂക്ഷി്കകുക. ഡെങ്കിപ്പനിയും മലേറിയയും മുതൽ ഒട്ടേറെ രോഗങ്ങൾ പാട്ടിലൊളിപ്പിച്ചാണ് ആശാന്റെ വരവ്.
കൊതുകുകൾ പലവിധം മൂവായിരത്തിലേറെ വർഗത്തിലുള്ള കൊതുകുകൾ ലോകത്തുണ്ട്. കേരളത്തിലുള്ളതു പ്രധാനമായും നാലിനങ്ങൾ.
1. മലേറിയ പരത്തുന്ന അനോഫിലസ്
2. ജപ്പാൻ ജ്വരവും ഫൈലേറിയാസിസും വെസ്‌റ്റ്‌നൈൽ ഫീവറും പരത്തുന്ന ക്യൂലക്‌സ്
3. ഡെങ്കിപ്പനിക്കും ചിക്കുൻഗുനിയയ്‌ക്കും കാരണമാകുന്ന ഈഡിസ്
4. മന്തിനു കാരണമാകുന്ന മാൻഅനോയ്‌ഡ്‌സ്
കൊതുകിനെ തുരത്താൻ
പകൽ കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ അടുക്കളയുടെ ജനാലകളും സൺഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം. പകൽസമയങ്ങളിൽ പറമ്പിൽ ജോലിചെയ്യുന്നവർ കൊതുകു കടിയേൽക്കാതിരിക്കാൻ ലേപനങ്ങളും ക്രീമുകളും പുരട്ടുന്നതു നല്ലതാണ്.
മഴക്കാലം, സുവർണകാലം
കൊതുകുകളുടെ പ്രജനന കാലമാണു മഴക്കാലം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു കൊതുകുകൾ മുട്ടയിടുന്നത്. കൊതുകിന്റെ ജീവിതത്തിൽ നാലു വ്യത്യസ്‌ത ദശകളുണ്ട്. മുട്ട, കൂത്താടി, സമാധി, മുതിർന്ന കൊതുക്.
14 ദിവസത്തിനുള്ളിൽ കൊതുകു പൂർണവളർച്ചയെത്തും പെൺകൊതുകു 100 ദിവസംവരെ ജീവിച്ചിരിക്കും. ആൺകൊതുകുകളുടെ ആയുസ്സ് പരമാവധി 20 ദിവസം മാത്രം. രാവിലെ 6.30നും ഒൻപതിനും ഇടയിലും വൈകിട്ടു നാലിനും ഏഴിനും ഇടയിലുമാണു കൊതുകിന്റെ ആക്രമണം ഏറ്റവും കൂടുതൽ.
കൊതുകുകൾ വളരുന്നത്
ക്യൂലക്സ്: മാലിന്യം നിറഞ്ഞ വെള്ളക്കെട്ടുകളിൽ
അനോഫിലസ്: ശുദ്ധജലത്തിൽ (കിണറ്റിലും ടാങ്കിലും)
ഈഡിസ്: കപ്പുകളിലും പാത്രങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിൽ
വളർച്ച തടയാൻ
∙ സന്ധ്യാസമയത്തു വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നതു കൊതുകിനെ അകറ്റും.
∙ വീടിനടുത്തുള്ള മലിനജല ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കുക.
∙ വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.
∙ വീടിനു സമീപത്തു മലിനജലം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
കൊതുകു കടിച്ചാൽ ചൊറിയാൻ കാരണമെന്ത്?
കൊതുകു കടിക്കുമ്പോൾ കൊതുകിന്റെ ഉമിനീരിലടങ്ങിയ ഹെപ്പാറിൻ എന്ന പ്രോട്ടീൻ മനുഷ്യരക്‌തത്തിലേക്കു കുത്തിവയ്‌ക്കുന്നു. ഈ പ്രോട്ടീൻ, രക്‌തം കട്ടപിടിക്കാതിരിക്കാനും എളുപ്പത്തിൽ രക്‌തം കുടിക്കാനും കൊതുകിനെ സഹായിക്കുന്നു. ഹെപ്പാറിൻ രക്‌തവുമായി പ്രതിപ്രവർത്തിച്ച്, കൊതുകു കടിച്ച ഇടങ്ങളിൽ അൽപസമയത്തേക്കു ചൊറിച്ചിലും തടിപ്പും ഉണ്ടാക്കുന്നു.
കൊതുകു പാടുമോ?
ഒരു സെക്കൻഡിൽ ഏകദേശം അറുന്നൂറു തവണവരെ കൊതുകു ചിറകടിക്കുന്നുണ്ട്. വിവിധ വർഗത്തിൽപ്പെട്ട കൊതുകുകളിൽ ഈ ചിറകടി വ്യത്യാസപ്പെട്ടിരിക്കും. കൊതുകിന്റെ അതിവേഗത്തിലുള്ള ചിറകടിയാണു നാം മൂളിപ്പാട്ടായി തെറ്റിദ്ധരിക്കുന്നത്.