ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും ബാധിക്കുന്ന ഒരു കൂട്ടം മാനസികരോഗങ്ങളാണ് ന്യൂറോട്ടിക് രോഗങ്ങൾ. ഇവ വ്യക്തിയുടെ ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ന്യൂറോട്ടിക്കായ വ്യക്തിക്ക് വ്യക്തികളുമായും സമൂഹവുമായി യോജിച്ചു പോകുന്നതിന് പ്രയാസമായിരിക്കും. ഉത്കണ്ഠാരോഗങ്ങൾ, ഒബ്സസീവ് കംപൽസീവ് ഡിസോർഡർ, സംഘർഷജന്യരോഗങ്ങൾ, കൺവേർഷൻ രോഗം, സോമാറ്റോഫോം ഡിസോർഡർ എന്നിവയാണ് പ്രധാനപ്പെട്ട ന്യൂറോട്ടിക് രോഗങ്ങൾ. ജനസംഖ്യയിൽ 25% ആളുകൾ വിവിധതരത്തിലുള്ള ന്യൂറോട്ടിക് രോഗപീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ചില പഠനങ്ങളിൽ പറയുന്നു. പലരും അമിത ഉത്കണ്ഠയിൽ നിന്നും മറ്റും രക്ഷപ്പെടാൻ പുകവലിക്കും മദ്യപാനത്തിനും അടിമയാകുന്നു.
പ്രധാനപ്പെട്ട ന്യൂറോട്ടിക് രോഗങ്ങളും ലക്ഷണങ്ങളും
ജനറലൈസഡ് ആംഗ്സൈറ്റി ഡിസോർഡർ
ദൈനംദിന പ്രവൃത്തികളിൽ ഓരോന്നിനെ പറ്റിയും അനുഭവപ്പെടുന്ന ആകാംക്ഷയാണ് ഇതിന്റെ പ്രധാന ലക്ഷണം.
മറ്റുചില ലക്ഷണങ്ങൾ
∙അമിതമായ ക്ഷീണവും തളർച്ചയും
∙ എപ്പോഴും വെപ്രാളം
∙ അമിതമായ ഹൃദയമിടിപ്പ്, തലചുറ്റൽ, ചുണ്ടും വായും ഉണങ്ങുക.
ഡിസ്അസോസിയേറ്റീവ് കൺവേർഷൻ ഡിസോർഡർ
വൈകാരികമായ അസ്വസ്ഥയുണ്ടാകുന്ന ചില സംഭവങ്ങൾ ഓർക്കാൻ കഴിയാതെ വരിക, കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുക, കാഴ്ചയില്ലാതാവുക, സംഘർഷവും സങ്കടവും സംഘർഷാവസ്ഥയും സൃഷ്ടിക്കുന്ന ചില കാര്യങ്ങൾ വിവരിക്കാൻ സംസാരശേഷിയില്ലാതെ വരിക എന്നീ ലക്ഷണങ്ങൾ ഇത്തരം രോഗങ്ങളിൽ കാണാറുണ്ട്.
സോമാറ്റോഫോം ഡിസോർഡർ
ഇത്തരം രോഗികൾ ശാരീരികരോഗ ലക്ഷണങ്ങളുമായി തുടർച്ചയായി മാറി മാറി ഡോക്ടർമാരെ കണ്ടുകൊണ്ടിരിക്കും. വിശദമായ പരിശോധനയിൽ ശാരീരികമായ ഒരു കുഴപ്പവും കണ്ടുപിടിക്കാൻ സാധിച്ചെന്നു വരില്ല.
ഹൈപ്പോ കോൺട്രിയാസീസ്
ഗുരുതരമായ രോഗം പിടിപെടുമെന്നുള്ള ഭയമാണ് ഇത്തരം രോഗികളിൽ കാണുക. ശാരീരികമായ ലഘുലക്ഷണങ്ങളെ രോഗികൾ പലപ്പോഴും മാരക രോഗലക്ഷണമെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
അഡ്ജസ്റ്റ്മെന്റ് ഡിസോർഡറുകൾ
തുടർച്ചയായി നിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് വ്യക്തിക്ക് വ്യക്തികളുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടാൻ കഴിയാതെ വരുന്ന മാനസികപ്രശ്നമാണിത്.
അക്യൂട്ട് സ്ട്രെസ്സ് ഡിസോർഡർ
ശാരീരികമോ മാനസികമോ ആയ സംഘർഷാവസ്ഥകളെ തുടർന്നുണ്ടാവുന്ന തുടർച്ചയായി നീണ്ടുനിൽക്കുന്ന സമ്മർദ്ദാവസ്ഥയാണിത്. വിഷാദം, ആകാംക്ഷ, ദേഷ്യം, അമിതമായ വൈകാരികത തുടങ്ങിയ ലക്ഷണങ്ങളും ഇത്തരം രോഗികളിൽ കാണാം.
പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ
അത്യാഹിതം സംഭവിച്ചതിനെ തുടർന്നുണ്ടാകുന്ന അവസ്ഥയാണിത്. ദുരന്തമുണ്ടായ സമയത്തുണ്ടായതുപോലുള്ള അനുഭവങ്ങൾ ആവർത്തിച്ച് ഉണ്ടാവുക. ദുഃസ്വപ്നങ്ങൾ കാണുക, കോപം, വിഷാദം, ഉറക്കമില്ലായ്മ, പേടി, മരവിപ്പ്, എല്ലാറ്റിൽ നിന്നും ഒഴിഞ്ഞുമാറൽ എന്നീ ലക്ഷണങ്ങൾ രോഗികളിൽ കാണും.
പാനിക് രോഗം
അമിതമായ ആകാംക്ഷ, നെഞ്ചുവേദന, തലകറക്കം, ശ്വാസം പുറത്തുകളയാനുള്ള ബുദ്ധിമുട്ട്, പെട്ടെന്ന് മരിച്ചുപോകുമെന്ന തോന്നൽ, വയറുസംബന്ധമായ അസ്വസ്ഥതകൾ എന്നീ ലക്ഷണങ്ങൾ ഇത്തരം അവസ്ഥയിൽ പ്രകടിപ്പിക്കുന്നു.
ഫോബിയ
യുക്തിരഹിതമായ ഭീതിയാണ് ഫോബിയയുടെ പ്രധാന ലക്ഷണം. സാമൂഹ്യമായി ഇടപെടാനുള്ള ഭീതിയെ സോഷ്യൽ ഫോബിയ എന്നുപറയുന്നു. അകാരണമായ ഭയം അനുഭവപ്പെടുന്ന വ്യക്തിക്ക് അതിന്റെ യുക്തിരാഹിത്യം തിരിച്ചറിയാം എന്നുണ്ടെങ്കിൽ തന്നെയും അത്തരം ഭയം അവർ അനുഭവിക്കുന്നു. ഉയർന്ന സ്ഥലങ്ങൾ, വ്യക്തികൾ, ഇൻജക്ഷൻ, ചില ജീവികൾ തുടങ്ങിയ നിരവധി ചേതനവും അചേതനവുമായ വസñുക്കളോട് വ്യക്തിക്ക് ഭയം അനുഭവപ്പെടുന്നു.
ഒബ്സസീവ് കംപൽസീവ് ഡിസോർഡർ
വ്യക്തിയുടെ ഇച്ഛയ്ക്കു പ്രതികൂലമായി ആവർത്തിച്ചു വരുന്ന ചിന്തകളും, പ്രതിബിംബകളും ആശയങ്ങളും കടന്നുവരുന്ന അവസ്ഥയാണ് ഒബ്സഷൻ. ഇത്തരം ചിന്തകൾ അർത്ഥശൂന്യമാണെന്ന് വ്യക്തിക്ക് അറിയാമെങ്കിലും അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്വുന്നു. ഇത് വ്യക്തിയിൽ കൂടുതൽ പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നു.
ഒബ്സഷൻ മൂലമുള്ള ആകാംക്ഷ ഇല്ലാതാക്കുന്നതിനുവേണ്ടി നിർബന്ധപ്രേരണയോടെ ചെയ്യുന്ന പ്രവൃത്തികളെ കംപൽഷനുകൾ എന്നുപറയുന്നു. ഒബ്സഷനുകളും കംപൽഷനുകളും ഒരുമിച്ചുണ്ടാകുന്ന രോഗമാണ് ഒബ്സസീവ് കംപൽസീവ് ഡിസോർഡർ.
കോഗ്നറ്റീവ് ബിഹേവിയറൽ തെറാപ്പി(CBT)
തെറ്റായ ചിന്തകളും വിശ്വാസങ്ങളും ആശയങ്ങളും ന്യൂറോട്ടിക് രോഗികളെ സ്വാധീനിക്കുന്നു. ഇത്തരം അവസ്ഥയിൽ അകപ്പെട്ടുപോകുന്ന മനുഷ്യനിൽ ബോധപൂർവ്വം യുക്തിചിന്ത വളർത്തി അവനെ/അവളെ അതിൽ നിന്ന് രക്ഷപ്പെടുത്താൻ ഉപയോഗിക്കുന്ന ചികിത്സയാണ് കോഗ്നറ്റീവ് ബിഹേവിയറൽ തെറാപ്പി. മനുഷ്യന്റെ യുക്തിചിന്തയെ ഉണർത്തി ആരോഗ്യകരമായ പെരുമാറ്റങ്ങളെ പരിപോഷിപ്പിച്ച് ചെയ്യുന്ന ആധുനിക ന്യൂറോ സൈക്കോളജിയുടെ പിൻബലമുള്ള ശാസ്ത്രീയ പദ്ധതിയാണ് CBT. പെരുമാറ്റ മനശാസ്ത്ര ചികിത്സയും യുക്തിബൗദ്ധിക മനശാസ്ത്ര ചികിത്സയും സമന്വയിപ്പിച്ചു ചെയ്യുന്ന രീതിയാണ് CBTയുടേത്.
ലളിതമായ നാല് തത്വങ്ങളാണ് CBT യുടെ അടിസ്ഥാനം
1. നിങ്ങളുടെ വികാരങ്ങളുടേയും പ്രവൃത്തികളുടേയും ഉത്തരവാദിത്വം നിങ്ങളിൽതന്നെ നിക്ഷിപ്തമാണ്.
2. യുക്തിരഹിതമായ ചിന്തകളാണ് തെറ്റായ വികാരങ്ങളും പെരുമാറ്റങ്ങളും ഉണ്ടാക്കുന്നത്. നിങ്ങളുടെ ചിന്ത, പ്രവൃത്തി, വികാരം ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
3. നിങ്ങൾക്ക് ബോധപൂർവ്വം യുക്തമായ വീക്ഷണങ്ങൾ പഠിക്കാനും നിരന്തര പരിശീലനത്തിലൂടെ അത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനും കഴിയും.
4. വസ്തുനിഷ്ഠമായ വീക്ഷണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലൂടെ സ്വന്തം ജീവിതത്തെ മാനിക്കാനും ജീവിക്കുന്നതിൽ സന്തോഷിക്കാനും കഴിയും.
ന്യായയുക്തമല്ലാത്ത വിശ്വാസങ്ങളും പെരുമാറ്റങ്ങളും രൂപപ്പെടുത്തിയെടുക്കാനുള്ള പ്രവണത മനുഷ്യരിലുണ്ട്. അയുക്തികമായ മനോഭാവങ്ങളും തത്വജ്ഞാനങ്ങളും വെറുതെ മനോരഞ്ജനങ്ങളിൽ ആഴ്ന്നിറങ്ങാനും അനുചിതമായ ധാരണകൾ കരുപിടിപ്പിച്ചു കൊണ്ടുവരാനും ആവശ്യമില്ലാതെ ബദ്ധപ്പെടുന്നതിനും ഇടയാക്കുന്നു. അയുക്തികമായ ആശയങ്ങളാണ് അനാവശ്യമായ വൈകാരിക പ്രതികരണങ്ങൾ സൃഷ്ടിക്കുന്നത്. നമ്മുടെ വികാരങ്ങളുടെയും പ്രവൃത്തികളുടെയും കാരണക്കാർ നമ്മൾ തന്നെയാണ്. മറ്റുള്ളവർ എന്നെ ദേഷ്യം പിടിപ്പിക്കുന്നു എന്നു പരാതി പറയുന്നവർ സ്വന്തം വികാരത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നവരാണ്. മനുഷ്യർ, സംഭവങ്ങൾ, ചുറ്റുപാടുകൾ, എന്നിവ ഇന്നതായിരിക്കണം എന്ന നിർബന്ധബുദ്ധി ഒട്ടനവധി വൈകാരിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു
ചില അയുക്തികമായ ആശയങ്ങൾ
∙ എല്ലാവരും എന്നെ അംഗീകരിക്കണം, ഇഷ്ടപ്പെടണം
(അല്ലെങ്കിൽ അത് എനിക്ക് സഹിക്കാനാവില്ല)
∙ ഞാനെപ്പോഴും വിജയിക്കണം. എന്തിനും പ്രാപ്തിയുള്ളവനാകണം.
(അല്ലെങ്കിൽ ഞാൻ അപൂർണനും അയോഗ്യനും വിലയില്ലാത്തവനുമാകും).
∙ തെറ്റ് ചെയ്യുന്നവർ കഠിനമായി ശിക്ഷിക്കപ്പെടണം.
∙ പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാതിരിക്കുന്നത് എന്നെ നന്നായി വേദനിപ്പിക്കുന്നു. എനിക്കത് സഹിക്കാൻ കഴിയുന്നില്ല.
∙ നിർഭാഗ്യം, മോശമായ സാമൂഹ്യസാഹചര്യങ്ങൾ, മറ്റുള്ളവർ എന്നീ ബാഹ്യഘടകങ്ങളാണ് എന്റെ അസന്തുഷ്ടിക്ക് കാരണങ്ങൾ. എന്നുതന്നെയുമല്ല, അവയെ നിയന്ത്രിക്കാനോ എന്റെ സങ്കടങ്ങൾക്ക് അറുതിവരുത്താനോ എനിക്ക് കഴിയുകയില്ല.
∙ സാഹചര്യങ്ങൾ ആശയറ്റതും മോശമായതുമാണെങ്കിൽ എല്ലാ സമയത്തും വിഷമത്തെ അതിജീവിക്കാൻ എനിക്ക് കഴിയുകയില്ല.
∙ ബദ്ധപ്പാടുണ്ടാക്കുന്ന സാഹചര്യങ്ങളെയോ, പ്രശ്നങ്ങളെയോ കണ്ടില്ലെന്ന് നടിക്കുന്നതോ, അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതോ ആണ് എന്നെ സംബന്ധിച്ചിടത്തോളം ഹിതകരമായിട്ടുള്ളത്.
∙ മറ്റുള്ളവരുടെ സഹായമില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
∙ കാര്യങ്ങൾ കുറേകാലമായി ശുഭകരമല്ലാത്തതിനാൽ അതിനെതിരെ എന്തുചെയ്തിട്ടും കാര്യമില്ല. ഞാൻ ഭാഗ്യദോഷിയാണ്. ഒന്നും നേരെയാവാൻ പറ്റുന്നില്ല.
∙ എന്റെ ആത്മമിത്രങ്ങൾക്ക് തീവ്രമായ പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ ഞാൻ നിസ്സഹായനായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്.
∙ എന്റെ എല്ലാ തോന്നലുകളും ശരിയല്ലെന്ന് എനിക്കു തന്നെ നിശ്ചയമുണ്ട്. പക്ഷേ, എത്ര ശ്രമിച്ചാലും അത് മാറ്റാനാവുന്നില്ല.
∙ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. എന്റെ പ്രശ്നങ്ങൾക്കു മാത്രം യാതൊരു പരിഹാരവുമില്ല.
വ്യക്തിയെ സ്വാധീനിക്കുന്ന ഇത്തരത്തിലുള്ള ആശയങ്ങൾ സ്വയം മനസ്സിലാക്കാനോ നിഷ്പ്രയാസം ഉന്മൂലനം ചെയ്യാനോ കഴിയണമെന്നില്ല. പക്ഷേ, ആരോഗ്യകരമായ ജീവിതശൈലിയും പെരുമാറ്റവും നടപ്പിലാക്കുകയും ചുറ്റുപാടുകളോടും തന്നോടും യുക്തിപൂർവ്വം പ്രതികരിക്കുകയും ചെയ്വുന്നതനുസരിച്ച് പുരോഗതി കൈവരിക്കാൻ കഴിയുന്നതാണ്. യുക്തിരഹിതമായ ആശയങ്ങൾ വ്യക്തിയെ സ്വാധീനിക്കുന്നത് മൂന്ന് കാരണങ്ങൾ കൊണ്ടാണ്.
∙ സംഗതികളുടെ ദോഷവശങ്ങൾ മാത്രം കാണുക.
∙ നല്ല വശങ്ങളെ അവഗണിക്കുക
∙ അസാമാന്യമായി സാമാന്യവൽക്കരിക്കുക
തെറ്റായ വിശ്വാസങ്ങളെ യുക്തിഭദ്രമായ ചോദ്യങ്ങൾ കൊണ്ട് നേരിടണം. ഉദാ: തന്നിലെ വിശ്വാസത്തിന് അനുകൂലമായ തെളിവുകളുണ്ടോ? പ്രതികൂലമായ തെളിവുകളുണ്ടോ?
ഇത്തരം വിശ്വാസങ്ങൾ ഭഞ്ജിച്ചാൽ സംഭവിക്കുന്ന ഏറ്റവും മോശപ്പെട്ടകാര്യം എന്താണ്? ഇല്ലാതാക്കിയാൽ ലഭിക്കുന്ന നല്ല കാര്യം എന്താണ്? യഥാർത്ഥത്തിൽ മറ്റു വ്യക്തികളോ പ്രതികൂല സാഹചര്യങ്ങളോ അല്ല വ്യക്തിയെ വ്യാകുലതപ്പെടുത്തുന്നത്. വ്യക്തി തന്നെയാണ് അത് ചെയ്യുന്നത്.
മൂന്നു തരത്തിലുള്ള പിടിവാശികൾ വ്യക്തികളെ അനാവശ്യ വൈകാരിക പ്രതികരണങ്ങളിലേക്ക് നയിക്കുന്നു.
1. തന്നെക്കുറിച്ചുള്ള നിർബന്ധങ്ങൾ: ഞാൻ എപ്പോഴും നന്നായി പ്രവർത്തിക്കണം. എപ്പോഴും മറ്റുള്ളവരാൽ അംഗീകരിക്കപ്പെടണം അല്ലെങ്കിൽ ജീവിതം വ്യർത്ഥമായിത്തീരും. ഈ നിർബന്ധ ചിന്ത, ഉത്കണ്ഠ, വിഷാദം, അപക്വമായ പ്രതികരണം എന്നിവ രൂപപ്പെടുത്തുന്നു.
2. മറ്റുള്ളവരെക്കുറിച്ചുള്ള നിർബന്ധങ്ങൾ: നിങ്ങൾ എപ്പോഴും എന്നെ യഥോചിതം പരിഗണിക്കണം, സ്നേഹിക്കണം, അല്ലാത്തപക്ഷം നിങ്ങൾ ശരിയല്ല. ഈ പിടിവാശി നിരാശ, ശത്രുത, ആക്രമണത്വര എന്നിവ രൂപപ്പെടുത്തുന്നതിന് കാരണമാകുന്നു.
3. സാഹചര്യങ്ങളെക്കുറിച്ചുള്ള നിർബന്ധങ്ങൾ: ജീവിതം എപ്പോഴും സന്തോഷവും അയവുള്ളതും പ്രശ്നരഹിതവുമായിരിക്കണം. അല്ലെങ്കിൽ ജീവിക്കുന്നതിൽ അർത്ഥമില്ല. ഈ നിർബന്ധങ്ങൾ അനാവശ്യ പിടിവാശി, അശുഭ പ്രതീക്ഷ, കാര്യങ്ങൾ നീട്ടിവെയ്ക്കൽ, ദുഃശ്ശീലങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
മേൽകൊടുത്ത അനാവശ്യ നിർബന്ധങ്ങളെ മറികടന്നാലേ അയവാർന്ന രീതി കൈവരികയുള്ളൂ. അതിന് സഹായിക്കുന്ന CBT സമീപനങ്ങൾ താഴെ കൊടുക്കുന്നു.
1. ഞാൻ നന്നായി പ്രവർത്തിക്കാൻ ശ്രമിക്കും. മറ്റുള്ളവരിൽ നിന്ന് അംഗീകാരവും പ്രതീക്ഷിക്കുന്നു. പരാജയപ്പെടുകയാണെങ്കിൽ തന്നെയും അതിന്റെ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. അതിന്റെ പേരിൽ ഞാൻ അനാവശ്യ സങ്കടം പേറുകയില്ല.
2. മറ്റുള്ളവരിൽ നിന്ന് ദയാവായ്പും സ്നേഹബഹുമാനങ്ങളുമാണ് കാംക്ഷിക്കുന്നത്. പ്രതീക്ഷയ്ക്കൊത്ത പ്രതികരണം മറ്റുള്ളവരിൽ നിന്ന് ലഭ്യമായില്ലെങ്കിൽ തന്നെയും ഞാൻ വ്രണിതനാവുകയില്ല. മറ്റുള്ളവരെ എനിക്ക് നിയന്ത്രിക്കാനാവുകയില്ല. മാത്രമല്ല തെറ്റുകുറ്റങ്ങൾ ജീവിതത്തിന്റെ ഭാഗവുമാണ്.
3. ജീവിതം സന്തോഷകരവും സുഖകരവും പ്രശ്നരഹിതവുമാകണമെന്നാണ് എന്റെയും താൽപര്യം. പക്ഷേ ജീവിതത്തിന്റെ ഭാഗങ്ങളാണ് പരാജയം, ഇച്ഛാഭംഗം എന്നിവ. അതിനെ ആരോഗ്യകരമായി ഉൾകൊണ്ട ് സ്വയം സമാധാനിച്ച് ജീവിതം ആസ്വദിക്കാൻ എനിക്ക് കഴിയും.
മേൽകൊടുത്ത യുക്ത്യാധിഷ്ഠിത സമീപനം, സ്വാംശീകരിക്കുന്നതനുസരിച്ച് ഉൽക്കണ്ഠ, ശത്രുത, അസൂയ, വിഷാദം, മറ്റ് വൈകാരിക കടന്നുകയറ്റങ്ങൾ എന്നിവ ഇല്ലാതാക്കാൻ കഴിയും. പെരുമാറ്റത്തിൽ ഗുണകരമായ മാറ്റം ഉണ്ട ാകുന്നതോടെ ബൗദ്ധിക മസñിഷ്കം അത് സ്വീകരിക്കുന്നു..
ഡോ. പ്രസാദ് അമോർ
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
സോഫ്റ്റ് മൈൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ, അരൂർ