ഗർഭകാലത്തും പെഗടിക്കാതെ ജീവിക്കാനാകാത്ത അമ്മമാർക്ക് ആശ്വാസവും മുന്നറിയിപ്പുമായി ഒരു പഠനഫലം. മദ്യപിച്ചാണ് ഗർഭപരിചരണം നടത്തിയതെങ്കിൽ കുട്ടി ജനിക്കുമ്പോൾ ഉണ്ണിയുടെ ആദ്യ വിസർജ്യവുമായി ലാബിലേക്ക് പൊയ്ക്കോളൂ. നിങ്ങളുടെ മദ്യപാനം മൂലം കുഞ്ഞിന് ഭാവിയിൽ ബുദ്ധിപരമായ പ്രശ്നങ്ങളുണ്ടോയെന്ന് ആദ്യ മല വിസർജനം ഉപയോഗിച്ച് നടത്തുന്ന പരിശോധനയിലൂടെ അറിയാനാകും. നിങ്ങളുടെ കുഞ്ഞു വാവയ്ക്ക് ബുദ്ധിപരമായി പ്രശ്നങ്ങളുണ്ടോയെന്ന് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇനി മനസിലാക്കാം. കുഞ്ഞിൻറെ ഐക്യു ലെവലും അറിയാം.
കുഞ്ഞിൻറെ മലത്തിൽ ഫാറ്റി ആസിഡ് ഈഥൈൽ എസ്റ്റേഴ്സിൻറെ അളവ് കൂടുതലാണെങ്കിൽ അത് കാര്യങ്ങളെ ഗ്രഹിച്ചെടുക്കുന്നതിൽ വൈകല്യമുണ്ടായേക്കാമെന്നതിന്റെ സൂചനയാണെന്നാണ് കണ്ടെത്തൽ. കുട്ടിയുടെ ശരീരത്തിൽ വെറുതെയങ്ങ് കൂടുന്നതല്ല ഈ FAEE. ഗർഭാവസ്ഥയിൽ അമ്മ മദ്യപിക്കുന്നതു മൂലമാണിതുണ്ടാകുന്നത്. ഗർഭകാലത്ത് മദ്യപിക്കുന്ന അമ്മമാരുടെ കുട്ടികൾക്ക് ഇത്തരത്തിലുള്ള ബുദ്ധിവൈകല്യങ്ങളുണ്ടാകാം. മദ്യം ഒഴിവാക്കാനാവാത്ത അമ്മമാരുടെ കുഞ്ഞുങ്ങളില്‍ ജനിക്കുമ്പോഴേ ഈ പരിശോധന നടത്തിയാൽ ഭാവിയിലുണ്ടാകുന്ന ഈ പ്രശ്നത്തിനെ നേരിടാനുള്ള ഒരുക്കങ്ങൾ നേരത്തേ തുടങ്ങാമെന്നതാണ് ഇതുകൊണ്ടുള്ള ഉപയോഗം. അമേരിക്കയിലെ കേസ് വെസ്റ്റേൺ റിസർവ്വ് സർവ്വകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസറായ മീയങ് മിന്നും സംഘവുമാണ് പഠനം നടത്തിയത്.
ഗർഭകാലത്ത് കുടിക്കുന്ന അമ്മമാരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പഠനം ഗൗരവമേറിയതാകുന്നത്. മദ്യപാനികളായ അമ്മമാരുടെ കുഞ്ഞുങ്ങൾ കുഞ്ഞു തലയും കണ്ണും ഒപ്പം നേര്‍ത്ത മേൽ ചുണ്ടും മേൽ ചുണ്ടിനും മൂക്കിനുമിടയിൽ നേർത്ത വരമ്പുമായിട്ടാണെങ്കിൽ അതും ബുദ്ധിവൈകല്യത്തിന്റെ സൂചനയാണ്. എന്നാലിത്തരം പ്രത്യക്ഷ ലക്ഷണങ്ങളൊന്നും ഇത്തരത്തിലുള്ള മിക്ക കുട്ടികളിലും കാണാനാകില്ല. മദ്യപാനികളായ 191 അമ്മമാരിലാണ് പഠനം നടത്തിയത്. പഠനഫലം ജേണൽ ഓഫ് പീഡിയാട്രിക്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.