മഴക്കാലം എത്തി; രോഗം വരാതെ കുട്ടികളെ കാക്കാം

മഴക്കാലം രോഗങ്ങളുടെയും കാലമാണ്. ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ രോഗം ഉറപ്പ്. കുട്ടികളെയാണ് മഴക്കാലരോഗങ്ങൾ ഏറ്റവും എളുപ്പം പിടികൂടുന്നത്. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾക്ക് പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത ഏറെയാണ്. രോഗങ്ങൾ വരുന്നതിനേക്കാൾ വരാതിരിക്കാനാണ് മുൻകരുതൽ വേണ്ടത്. രോഗങ്ങളെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

* മഴക്കാലത്തു വെള്ളത്തിലൂടെയുള്ള രോഗങ്ങൾ പകരാൻ സാധ്യത കൂടുതലാണ്. മലിനിമായ ജലവും ഭക്ഷണവും മഞ്ഞപ്പിത്തം വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവും. അതിനാൽ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുട്ടികൾക്ക് കുടിക്കാൻ നൽകുക.

* സ്കൂളിൽ പോകുമ്പോൾ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുത്തു വിടാൻ പ്രത്യേകം ശ്രദ്ധിക്കുകയും കടകളിൽ നിന്നുള്ള വെള്ളമോ ജ്യൂസോ വാങ്ങിക്കുടിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയും വേണം. മഴക്കാലത്ത് ചൂട് അനുഭവപ്പെടില്ലെങ്കിലും ശരീരത്തിൽ ജലാംശം ആവശ്യമാണ് അതിനാൽ ദാഹമില്ലെങ്കിൽ പോലും ദിവസവും ആവശ്യത്തിനു വെള്ളം കുടിക്കാൻ കൊടുക്കണം.

* അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക്തണുത്ത വെള്ളം കുടിക്കാൻ കൊടുക്കരുത്.മഴയുടെ തണുപ്പിനൊപ്പം തണുത്ത ഭക്ഷണപദാർഥങ്ങളും കൂടി ഉള്ളിൽ ചെന്നാൽ ഫാരിൻജൈറ്റിസ് പോലെയുള്ള തോണ്ടയുമായി ബന്ധപ്പെട്ട രോഗങ്ങളും ജലദോഷളും വരാം. അതിനാൽ മഴിക്കാലത്ത് കുട്ടികൾക്കു ചൂടുള്ള ഭക്ഷണപദാർഥങ്ങൾ നൽകാം. ഇളം ചൂടുവെള്ളവും സൂപ്പും ഉത്തമാണ്.

* തുറന്നു വച്ച ഭക്ഷണപദാർഥങ്ങൾ കഴിക്കാൻ നൽകരുത്. തെരുവിൽ നിന്നു കിട്ടുന്ന ഭക്ഷണം വാങ്ങിക്കഴിക്കരുതെന്ന് കുട്ടികേളാട് നിർബന്ധമായും പറയണം.

* കൈകൾ വൃത്തിഹീനമായാൽ രോഗം പിടിപെടുമെന്ന് ഉറപ്പ്. കൈ നന്നായി കഴുകിയതിനു ശേഷം മാത്രം ആഹാരം കഴിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. ചെറിയ കുട്ടികൾ മലിനമായ വസ്തുക്കളിലും മറ്റും പിടിക്കാൻ സാധ്യതയുള്ളതുകൊണ്ട് ആഹാരം നൽകുന്നതിനു മുൻപ് സോപ്പിട്ട് നന്നായി കൈകഴുകിക്കാൻ ശ്രദ്ധിക്കണം.

* മഴക്കാലത്ത് രോഗപ്രതിരോധശേഷി പൊതുവേ കുറയും. നല്ല പോഷകങ്ങളടങ്ങിയ ഭക്ഷണം നൽകണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

* അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെ ഒരു കാരണവശാലും ചെളിവെള്ളത്തിൽ കളിക്കാൻ അനുവദിക്കരുത്. നനഞ്ഞ കാലുകൾ എപ്പോഴും തുടച്ചു വൃത്തിയാക്കി സൂക്ഷിക്കണം.

* മഴക്കാലത്ത് ചെറിയ ചൂടുവെള്ളത്തിൽ മാത്രമേ കുട്ടികളെ കുളിപ്പിക്കാവൂ. മഴനനഞ്ഞ് സ്കൂളിൽ നിന്നും എത്തുന്ന കുട്ടികളെ ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ച് തല നന്നായി തോർത്തിക്കൊടുക്കുകയും ശരീരത്തിലെ നനവ് നന്നായി ഒപ്പിയെടുക്കുകയും വേണം. പല പ്രതലത്തിൽ തട്ടി വീഴുന്ന മഴവെള്ളത്തിൽ നിന്ന് ശരീരത്തിൽ പറ്റിപ്പിടിക്കുന്ന അഴുക്ക് കഴുകിക്കളായാനും ശരീരത്തിെൻറ താപനിലയിൽ പെട്ടെന്നു നേരിട്ട വ്യത്യാസത്തെ കുറേ കൂടി സാവധാനത്തിൽ തിരികെ കൊണ്ടുവരാനും ഈ കുളി സഹായിക്കും.

* നനഞ്ഞതും ഇറുകിയതുമായ വസ്‌ത്രങ്ങൾ ഉപയോഗിക്കരുത്. വ‍ത്തിയുള്ളതും ഉണങ്ങിയതുമായ വസ്ത്രങ്ങൾ, സോക്സ് ഷൂസ് എന്നിവ അണിയാൻ ശ്രദ്ധിക്കണം. ചെരിപ്പിടാതെ നടക്കരുത്.

* വയറിളക്കം കണ്ടാൽ ഒ.ആർ.എസ്. പാനീയം കുടിക്കാൻ നൽകുക. മഴക്കാലത്തു കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതു കടുത്ത പനിയും ജലദോഷവുമാണ്അ. സുഖങ്ങൾ വന്നാൽ സ്വയം ചികിൽസിച്ചു ഗുരുതരമാക്കാതെ വൈദ്യസഹായം തേടണം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. നിർമൽ ഭാസ്കർ,
അസോഷ്യേറ്റ് പ്രഫസർ, പീഡിയട്രിക് വിഭാഗം, ഗവ: മെഡിക്കൽ കോളജ്, തൃശൂർ.