നന്നായി ഉറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയോടെയാണ് പലരും രാവിലെ എഴുന്നേൽക്കുന്നത്. ശ്വാസംമുട്ടിക്കുന്ന നഗരത്തിരക്കിനിടയിലെ ഫ്ലാറ്റുകളിൽ അടച്ചുപൂട്ടിക്കിടന്നാൽ എങ്ങനെയുറക്കം കിട്ടാനാണെന്ന മറുചോദ്യമാണ് ഇവരോട് ഡോക്ടർമാർക്കു ചോദിക്കാനുള്ളത്. ബീച്ചിലേക്കോ പാർക്കിലേക്കോ കായലിലേക്കോ തുറക്കുന്ന ജനാലകളുള്ള മുറിയിൽ കിടന്നാലാണത്രേ ഏറ്റവും നന്നായി ഉറങ്ങാൻ കഴിയുക എന്നതാണ് ന്യൂയോർക്കിലെ വൈദ്യശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
ഉറക്കക്കുറവിനു പല കാരണങ്ങളുമുണ്ട്. ഒരാളുടെ അമിതവണ്ണം മുതൽ, അയാൾ അനുഭവിക്കുന്ന മാനസിക സമ്മർദവും ജോലിത്തിരക്കും വരെ ഉറക്കത്തെ സ്വാധീനിക്കുന്നുണ്ടത്രേ. അവയിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകം കിടന്നുറങ്ങുന്ന മുറിയിലെ അന്തരീക്ഷമാണ്. ജനാലകൾ ചേർത്തടച്ച് കൃത്രിമമായ ഒരന്തരീക്ഷമാണ് മുറിയിൽ ഉള്ളതെങ്കിൽ പൊതുവെ ഉറക്കത്തെ ദോഷകരമായി ബാധിക്കും. എല്ലാവർക്കും കടൽത്തീരത്തോ കായൽക്കരയിലോ വീടു വയ്ക്കാൻ കഴിയുമോ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ശ്രമിച്ചാൽ നിങ്ങൾക്കു വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ള ഹരിതാഭമായ ഒരു അന്തരീക്ഷം.
∙ സുരക്ഷിതമാണെങ്കിൽ മുറിയിലെ ജനാലകൾ അൽപം തുറന്നിട്ട് ഉറങ്ങാം.
∙ കാറ്റ് അകത്തേക്കു പ്രവേശിക്കാൻ സഹായിക്കുന്ന ഹാഫ് കർട്ടനുകൾ ഉപയോഗിക്കാം.
∙ ജനലിനോടു ചേർന്ന് വള്ളിച്ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കാം. വെന്റിലേഷൻ ഉറപ്പാക്കണം.
∙ ചെറിയ കുളങ്ങളോ ജലധാരകളോ കിടപ്പുമുറിയോടു ചേർന്നുവരുംവിധം ക്രമീകരിക്കുന്നതു നല്ലതാണ്.
∙ വലിയ ജനാലകൾ വേണം കിടപ്പുമുറികളിൽ. ഇളംനിറങ്ങളിലുള്ള കർട്ടനുകളും ബെഡ്ഷീറ്റുകളും മാത്രം ഉപയോഗിക്കുക.
∙ ശുദ്ധവായു അകത്തുപ്രവേശിക്കുന്ന വിധം വേണം മുറിയുടെ വാതിൽ ജനാലകൾ ക്രമീകരിക്കാൻ.
∙ മനോഹരമായ പൂന്തോട്ടങ്ങളിലേക്കു തുറക്കുന്ന ചില്ലുജനാലകൾ കിടപ്പുമുറിയിലുണ്ടെങ്കിൽ ഉറക്കവും അതിസുന്ദരമാകുമത്രേ.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് മുറിയുടെ അന്തരീക്ഷം ഉറക്കത്തിനു സഹായകമാകുന്നത്. സ്ത്രീകൾ കൂടുതലും സുരക്ഷിതത്വത്തിനാണ് പ്രധാന്യം കൊടുക്കുന്നത്.