പുഞ്ചിരിക്കുന്ന ഒരു മുഖത്തെ അവഗണിക്കാൻ എത്രപേർക്കു കഴിയും? ചുരുക്കമാണ്. ജീവിതംതന്നെയും നഷ്ടപ്പെട്ടുപോയി എന്ന മുഖഭാവവുമായി നടന്നു പോവുന്നവരൊഴികെ അപരിചിതരാണെങ്കിൽ പോലും തിരിച്ച് ഒരു പുഞ്ചിരി ലഭിക്കും. കാരണം ചിരിയെ അവഗണിക്കാൻ നിങ്ങൾക്ക് കഴിയുന്നത് സാമൂഹിക പരമായ കാരണങ്ങളാൽ മാത്രമല്ല.
പുഞ്ചിരി പലപ്പോഴും പകർച്ച വ്യാധിയാകാമെന്ന് പഠനങ്ങൾ പറയുന്നു. കോട്ടുവായും ചിരിയുമൊക്കെ നമ്മെക്കൊണ്ട് പലപ്പോഴും അനുകരിപ്പിക്കുകാണ് തലച്ചോറു ചെയ്യുന്നത്. നാം കണ്ട ചിരിയെ നമ്മുടെ ചുണ്ടിൽ വിടരുന്ന മറുപുഞ്ചിരിയായി സൃഷ്ടിക്കുമെന്ന് ട്രെൻഡ്സ് ഇൻ കോഗ്നിറ്റീവ് സയൻസ് പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
പുഞ്ചിരിച്ചാൽ സന്തോഷാനുഭവവും പിന്നാലെയെത്തുമെന്നതിനാല്‍ ഒരു ചെറുപുഞ്ചിരി ഒരു സമൂഹത്തിലേക്ക് തന്നെ നാമറിയാതെ സന്തോഷം പടർത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചിരിയെന്ന പകർച്ച വ്യാധിയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്.
ചിരിയെന്നതു പോലെ സന്തോഷവും ഒരു പകർച്ച വ്യാധിയാകാമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരും പറയുന്നു. 5000 ആളുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
മറ്റുള്ളവരിലേക്കും പൊസറ്റീവ് എനര്‍ജി പകരാന്‍ സാധിക്കുന്ന ഏറ്റവും എളുപ്പവഴിയാണ് ഒരു പുഞ്ചിരി. അതിനാൽ മുന്നിലെത്തുന്നയാൾക്ക് ഒരു പുഞ്ചിരി നൽകൂ.