തലക്കെട്ട് കണ്ടിട്ട് ഏതെങ്കിലും മുറി മരുന്നുകടയുടെ പരസ്യമാണെന്ന് തെറ്റിദ്ധരിക്കരുതേ. കാൻസർ പോലുള്ള രോഗങ്ങൾക്ക് പോലും ഫലപ്രദമായേക്കാവുന്ന പരീക്ഷണത്തെപ്പറ്റിയാണ് പറയുന്നത്. ജൈവപരമായി മാറ്റംവരുത്തിയ മൈക്രോ ആൽഗകളെയുപയോഗിച്ച് കാൻസറിന് പോലും മറുമരുന്നായി ഉപയോഗിക്കാവുന്ന വിലകുറഞ്ഞ മരുന്നുകളുടെ നിർമ്മാണത്തിലാണ് ഒരുകൂട്ടം ഗവേഷകർ.
പലമരുന്നുകളിലുമുപയോഗിക്കുന്ന രാസപദാര്‍ഥങ്ങൾ സസ്യങ്ങളിൽനിന്ന് ശേഖരിക്കുന്നതിന് വലിയ ചെലവാണ് വരുന്നത്. ചെറിയ അളവിലാണ് ഇവ സസ്യങ്ങളിൽനിന്ന് ലഭ്യമാകുകയെന്നതിനാലാണിത്.
കാന്‍സര്‍ രോഗത്തിനായി ഉപയോഗിക്കുന്ന ടാക്സോള്‍ എന്ന വില കൂടിയ മരുന്ന് പസഫിക്ക് യൂ എന്ന മരത്തിന്റെ തൊലിയില്‍ നിന്നാണ് എടുക്കുന്നത്. ഒരു രോഗിയെ ചികിത്സിക്കുവാന്‍ നിരവധി മരങ്ങളില്‍ നിന്നുള്ള തൊലി വേണം. ഇത് ചികിത്സാചിലവ് വര്‍ദ്ധിക്കാനിടയാക്കുന്നു.
ഇ-കോളിയിൽ ജനിതക മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ മരുന്ന് നിർമ്മിക്കാനാകും. ഇത്തരത്തിൽ മൈക്രോ ആൽഗകളുടെയും മറ്റും കോശങ്ങളിലെ വിവിധ പ്രവർത്തനംമൂലമുണ്ടാകുന്ന സ്വാഭാവികമായുള്ള രാസപദാർഥങ്ങളുടെ നിർമ്മാണം വര്‍ദ്ധിപ്പിക്കാനുള്ള ഗവേഷണത്തിലാണ് ഗവേഷകർ.
സൂര്യപ്രകാശത്തിന്റെ സഹായത്തോടെ പ്രകാശസംശ്ലേഷണത്തിലൂടെ ഊർജ്ജം ഉത്പാദിപ്പിക്കുകയെന്നതാണ് സ്വാഭാവിക പ്രക്രിയ. എന്നാൽ ഗ്രീൻഹൗസ് രീതിയിൽ പ്ലാസ്റ്റിക് ക്യാരിബാഗുകളിൽ വളർത്തുന്ന ജൈവപരമായി മാറ്റംവരുത്തിയ മൈക്രോ ആൽഗകളുടെ കോശങ്ങളിൽ രാസവസ്തുക്കൾ കൂടുതൽ നിർമ്മിക്കാനാകുമെന്ന് കരുതുന്നതായി യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗനിലെ ഗവേഷകർ പറയുന്നു. ജേണൽ ഓഫ് മെറ്റബോളിക് എഞ്ചിനിയറിംഗിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.