ഡോക്ടർ പറഞ്ഞതു കേട്ടില്ലേ അമ്മേ... ഒന്നും പേടിക്കേണ്ടെന്ന്. അപ്പോഴും തലപൂഴ്ത്തി കണ്ണടച്ചു രണ്ടു കസേരകൾക്കപ്പുറം വിട്ടുമാറിയിരിക്കുന്ന അമ്മയെ നോക്കി ലക്ഷ്മി പറഞ്ഞു. ലക്ഷ്മിക്കു തൈറോയ്ഡ് കാൻസറാണെന്നു കണ്ടെത്തിയതിന്റെ ഷോക്കിലായിരുന്നു ആ അമ്മ. പേടിക്കേണ്ടതില്ലെന്ന് ആശ്വസിപ്പിക്കാനായി മാത്രം പറഞ്ഞതല്ല അമ്മ, ലക്ഷ്മിയുടെ അസുഖം പൂർണമായും നമുക്ക് മാറ്റാൻ കഴിയും. മാത്രമല്ല ശസ്ത്രക്രിയയോ അനുബന്ധ ചികിത്സകളോ ലക്ഷ്മിക്കു കാര്യമായ ബുദ്ധിമിട്ടൊന്നും ഉണ്ടാക്കില്ല. ഞാനതു പറഞ്ഞുകഴിഞ്ഞപ്പോഴാണ് അമ്മയ്ക്കു ശരിക്കും ആശ്വാസമായത്. പപ്പില്ലറി തൈറോയ്ഡ് കാൻസർ എന്നത് ഹെഡ് ആൻഡ് നെക്ക് കാൻസറുകളിൽ ഏറ്റവും മികച്ച ചികിത്സാഫലം ലഭിക്കുന്ന ഒന്നാണ്.
വർധിക്കുന്നതിന്റെ കാരണം
ആഗോളതലത്തിൽ കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ഏറ്റവുമധികം വർധന കാണിച്ച അർബുദങ്ങളിലൊന്നാണ് തൈറോയ്ഡ് കാൻസർ. കേരളത്തിൽ തന്നെ കഴിഞ്ഞ മൂപ്പതോളം വർഷങ്ങൾ കൊണ്ടു മൂന്നിരട്ടിയോളം വർധനയാണ് തൈറോയ്ഡ് കാൻസറിന്റെ കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്. ഇതിനുള്ള യഥാർഥ കാരണം വ്യക്തമല്ലെങ്കിലും സ്കാനിങ്ങുകളും കുത്തിപ്പരിശോധനകളും (ഫൈൻ നീഡിൽ ആസ്പിരേഷൻ) മറ്റു രോഗങ്ങൾക്കായുള്ള പരിശോധനകൾക്കിടയിൽ അവിചാരിതമായി കണ്ടെത്തുന്ന തൈറോയ്ഡ് മുഴകളുമാണ് അസുഖത്തെ നിർണയിക്കുക.
വശങ്ങളിലെ മുഴ
കഴുത്തിനു മുമ്പിലുള്ള മുഴയാണ് ഏറ്റവും സാധാരണയായി കാണുന്ന ലക്ഷണം. എന്നാൽ കഴുത്തിനു മുമ്പിലുണ്ടാകുന്ന മുഴകളിൽ ഭൂരിഭാഗവും കാൻസർ അല്ലാത്ത സാധാരണ (ബിനൈൻ) തൈറോയ്ഡ് മുഴകളാണ്. കഴുത്തിന്റെ വശങ്ങളിൽ കഴലകളിൽ വരുന്ന ഉറപ്പുകൂടിയ മുഴകളായും തൈറോയ്ഡ് കാൻസർ പ്രത്യക്ഷപ്പെടാം. ചിലപ്പോൾ ഇതുമാത്രവുമാകാം തൈറോയ്ഡ് കാൻസറിന്റെ ലക്ഷണം. അസുഖത്തിന്റെ കാഠിന്യവും തൈറോയ്ഡ് മുഴകളുടെ വലുപ്പവ്യത്യാസവുമനുസരിച്ചു ശബ്ദവ്യതിയാനം, ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസതടസ്സം, ഭാരക്കുറവ് എന്നിവയും തൈറോയ്ഡ് കാൻസറിന്റെ ലക്ഷണങ്ങളാകാം.
മുഴയുടെ വലുപ്പം അറിയാൻ സ്കാനിങ്
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടുന്നപക്ഷം ഒരു ഹെഡ് ആൻഡ് നെക്ക് കാൻസർ വിദഗ്ധനെയോ ഇഎൻടി, ജനറൽ സർജറി വിദഗ്ധനെയോ സമീപിച്ച് അഭിപ്രായം തേടണം. പ്രഥമിക പരിശോധനകൾക്ക് ശേഷം ഡോക്ടർ നിർദേശിക്കുകയാണെങ്കിൽ ലബോറട്ടറി, സ്കാനിങ് പരിശോധനകൾ വേണ്ടിവരും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം വിലയിരുത്തുന്ന രക്തപരിശോധനയാണ് തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ് എന്നറിയപ്പെടുന്നത്. ആൾട്രാസൗണ്ട് സ്കാനിങ് വഴി മുഴുയുടെ വലുപ്പത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഏകദേശധാരണ ലഭിക്കും. ഡോക്ടറുടെ ക്ലിനിക്കൽ പരിശോധന, രക്തപരിശോധന, അൾട്രാസൗണ്ട് സ്കാനിങ് എന്നിവയുടെ പഠനത്തെ അടിസ്ഥാനമാക്കിയാണ് സൂചിയും സിറിഞ്ചുമുപയോഗിച്ചുള്ള കുത്തിപ്പരിശോധന (ഫൈൻ നീഡിൽ ആസ്പിരേഷൻ, സൈറ്റോളജി) നിശ്ചയിക്കുന്നത്. കുത്തി പരിശോധിക്കേണ്ട ഭാഗം കൃത്യമായി നിർണയിക്കാൻ പലപ്പോഴും അൾട്രാസൗണ്ട് സഹായിക്കും. കുത്തിപ്പരിശോധനയിൽ കാൻസർ അല്ല അഥവാ ആണ് എന്ന റിപ്പോർട്ട് മാത്രമാണു ലഭിക്കുന്നത്. അതിനാൽ തുടർചികിത്സയ്ക്ക് ഒരു കാൻസർ സർജന്റെ ഉപദേശം തേടണം.
പരിഹാരം ശസ്ത്രക്രിയ
തൈറോയ്ഡ് കാൻസറുകളുടെ ചികിത്സാമാർഗങ്ങളിൽ ശസ്ത്രക്രിയ തന്നെയാണ് പ്രധാനം. മുഴയുടെ വലുപ്പവും എണ്ണവും അനുസരിച്ചാണു തൈറോയ്ഡ് ഗ്രന്ഥി പകുതിയായോ മുഴുവനായോ നീക്കണമെന്നു തീരുമാനിക്കുന്നത്. പാപ്പില്ലറി, ഫോളിക്ക്യുലാർ കാൻസറുകളിൽ സർജറിക്ക് ശേഷം റേഡിയോ അയോഡിൻ ചികിത്സയും ആവശ്യമായി വന്നേക്കാം.
ചില സാഹചര്യങ്ങളിൽ റേഡിയേഷനും കഴുത്തിലെ കഴലകളിലേക്ക് അസുഖം പടർന്ന രോഗികളുടെ കാര്യത്തിൽ കഴലകൾ നീക്കം ചെയ്യുന്ന നെക്ക് ഡിസ്സെക്ഷ്ൻ എന്ന ശസ്ത്ര ക്രിയയും ആവശ്യമാണ്.
സൂക്ഷ്മ ശസ്ത്രക്രിയ
ശബ്ദത്തിന്റെ ഞരമ്പായ റെക്കറന്റ് ലാരിഞ്ചൽ നെർവും ശരീരത്തിലെ കാൽസ്യത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന പാരാ തൈറോയ്ഡ് ഗ്രന്ഥിയും തൈറോയ്ഡ് ഗ്രന്ഥിയോടു വളരെ അടുത്തു സ്ഥിതി ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ്ക്കുശേഷം ശബ്ദം നഷ്ടപ്പെടുമോ എന്ന ഭയം മിക്കവാറും എല്ലാ രോഗികളിലും കാണാം. എന്നാൽ ഇത്തരം സങ്കീർണതകൾ വിരളമാണ്.
കഴുത്തിന്റെ മടക്കിൽ നിന്നു തുറന്നുകൊണ്ടുള്ള തൈറോയ്ഡ് ശസ്ത്രക്രിയയിൽ കഴുത്തിലെ പാട് മിക്കവാറും രോഗികളിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ശ്രദ്ധയിൽ പെടാത്ത വിധത്തിൽ അപ്രത്യക്ഷമാകാറുണ്ട്. തൈറോയ്ഡ് മുഴകൾക്ക് എൻഡോസ്കോപ്പി വഴിയുള്ള സർജറി സാധാരണ കീഹോൾ ശസ്ത്രക്രിയകളിൽ നിന്നു വ്യത്യസ്തമാണ്. കഴുത്തിലെ മടക്കിൽ ഉണ്ടാകുന്ന വരപോലെയുള്ള പാട് കക്ഷങ്ങളിലോ ചെവിക്കു പുറകിലേക്കോ മാറുമെന്നതാണ് ഇത്തരം കീഹോൾ തൈറോയ്ഡ് സർജറിയുടെ ഗുണം. തൈറോയ്ഡ് ഗ്രന്ഥി കഴിയുന്നതും ഒട്ടും മിച്ചം വയ്ക്കാതെയും ആർ. എൽ.എൻ. പാരാ തൈറോയ്ഡ് ഗ്രന്ഥികൾ സംരക്ഷിച്ചു കൊണ്ടും ചെയ്യേണ്ട തൈറോയ്ഡ് കാൻസർ ചികിത്സയിൽ ഇക്കാരണങ്ങൾ കൊണ്ടുതന്നെ പലപ്പോഴും എൻഡോസ്കോപ്പിക് സർജറി തിരഞ്ഞെടുക്കാറില്ല.
റേഡിയേഷൻ ചികിത്സ
ശസ്ത്രക്രിയ, റേഡിയോ അയോഡിൻ ചികിത്സ (റേഡിയേഷൻ) എന്നിവയോടൊപ്പം അഞ്ചു വർഷത്തോളമുള്ള തുടർപരിശോധനയും തൈറോയ്ഡ് കാൻസറിന്റെ കാര്യത്തിൽ ആവശ്യമായി വരും തൈറോഗ്ലോബുലിൻ, ആന്റി തൈറോഗ്ലോബുലിൻ, ആന്റിബോഡി, തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ്, അൾട്രാസൗണ്ട് സ്കാനിങ് എന്നിവയാണു പരിശോധനാകാലയളവിൽ പിന്തുടരേണ്ട പ്രധാന പരിശേധനകൾ.
ജീവിതകാലം മുഴുവൻ മരുന്ന്
തൈറോയ്ഡ് ഗ്രന്ഥി പൂർണമായും നീക്കം ചെയ്ത വ്യക്തിക്ക് ഈ ഗ്രന്ഥിയുടെ ധർമം ശരീരത്തിനു തുടർന്നും ലഭിക്കുന്നതിനു തൈറോയ്ഡ് ഹോർമോണായ തൈറോക്സിൻ അടങ്ങിയ മരുന്നു ജീവിതകാലം മുഴുവനും കഴിക്കേണ്ടിവരാ. മെഡുല്ലറി തൈറോയ്ഡ് കാൻസർ പാരമ്പര്യരോഗത്തിന്റേതായ സ്വഭാവം പ്രകടിപ്പിക്കുന്നതിനാൽ ജനറ്റിക് പരിശോധനകളും തുടർപരിശോധനാകാലയളവിൽ ആവശ്യമായി വരാം.
രോഗം ആവർത്തിക്കാനുള്ള സാധ്യത
പാപ്പില്ലറി, ഫോളിക്ക്യുലാർ എന്നീ തൈറോയ്ഡ് കാൻസറുകൾക്ക് സർജറി കഴിഞ്ഞ വ്യക്തികളെ സംബന്ധിച്ചിടത്തോളം രോഗം ആവർത്തിക്കാതിരിക്കാനാണ് 90 ശതമാനത്തോളം സാധ്യത. എന്നാൽ അസുഖം പുനരാവർത്തിക്കുന്ന സാഹചര്യത്തിൽ ചിലർക്ക് തുടർന്നും സർജറിയും റേഡിയോ അയോഡിൻ ചികിത്സയും ആവശ്യമായി വന്നേക്കാം.
മെഡുല്ലറി തൈറോയ്ഡ് കാൻസറിന്റെ സർജിക്കൽ ചികിത്സയും ഫലപ്രദമാണ്. എന്നാൽ അസുഖം ആവർത്തിക്കുന്ന പക്ഷം തുടർചികിത്സ അത്രതന്നെ മികച്ച ഫലം തരണമെന്നില്ല. ജനിതകപരിശോധനകൾ നടത്തി മക്കളിലും മറ്റും അസുഖം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക. ഇങ്ങനെ മെഡുല്ലറി തൈറോയ്ഡ് കാൻസറിനെ ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്.
തൈറോയ്ഡ് ഗ്രന്ഥിയും കാൻസറും
ശബ്ദനാളത്തിന്റെ തരുണാസ്ഥികൾക്കു മുമ്പിലായി ചിറകുവിരിച്ച പൂമ്പാറ്റയുടെ രൂപത്തിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ശരീത്തിലെ മെറ്റാബോളിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഗ്രന്ഥിയാണ്. ഫോളിക്ക്യുലാർ, പാരാഫോളിക്ക്യുലാർ എന്നിങ്ങനെ രണ്ടുതരം കോശങ്ങളാണ് തൈറോയ്ഡ് ഗ്രന്ഥിയിലുള്ളത്. ഇതിൽ ഫോളിക്ക്യുലാർ കോശങ്ങളിൽ നിന്നുണ്ടാവുന്ന പാപ്പില്ലറി, ഫോളിക്ക്യുലാർ എന്നീ കാൻസറുകളാണ് തൈറോയ്ഡ് കാൻസറുകളിൽ കൂടുതൽ സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ പാപ്പില്ലറി തൈറോയ്ഡ് കാൻസറുകൾ ഈ വിഭാഗത്തിൽ 80 ശതമാനത്തോളം പ്രതിനിധാനം ചെയ്യുന്നു.
ഡോ. ഷോൺ ടി. ജോസാഫ്
സർജിക്കൽ ഒങ്കോളജിനെക്ക് ആൻഡ് ഹെഡ്, വിപിഎസ് ലോക്ഷോർ ഹോസ്പിറ്റൽ, കൊച്ചി