ഉരുളക്കിഴങ്ങിലെ അപകടങ്ങൾ

ഉരുളക്കിഴങ്ങു വിഭവങ്ങൾ പലർക്കും പ്രിയപ്പെട്ടതാണ്. ഫ്രൈയും വറ്റലും കുറുമയുമായൊക്കെ പല രൂപത്തിൽ ഉരുളക്കിഴങ്ങ് കഴിക്കാറുമുണ്ട്. എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് എത്രത്തോളം സുരക്ഷിതമാണെന്നു ചിന്തിച്ചിട്ടുണ്ടോ? മാർക്കറ്റിൽനിന്നു വാങ്ങി വീട്ടിൽ ആഴ്ചകളോളം സൂക്ഷിച്ചിട്ടാകും ചിലപ്പോൾ പാചകത്തിനെടുക്കുക. അപ്പോഴേക്കും ചിലപ്പോൾ അവ ചുക്കി വാടിപ്പോയിക്കാണും, അല്ലെങ്കിൽ അതിൽ നിന്ന് ചിലപ്പോൾ മുള പൊങ്ങിയിട്ടുമുണ്ടാകും. അതൊന്നും വക വയ്ക്കാതെ വൃത്തിയാക്കി നേരേ ചീനച്ചട്ടിയിലേക്ക് ഇടുകയാണു പലരും ചെയ്യുന്നത്. എന്നാൽ രോഗങ്ങളില്ലാത്ത ഒരു ശരീരമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ കൂടി ഒന്നു ശ്രദ്ധിക്കണം. ശേഷം ഉപയോഗയോഗ്യമാണെങ്കിൽ മാത്രം കഴിക്കാനെടുക്കുക.

ഉരുളക്കിഴങ്ങ് ചീത്തയാകാനുള്ള സാഹചര്യം വളരെക്കൂടുതലാണ്. സൊളാനൈൻ എന്നു വിളിക്കുന്ന ന്യൂറോടോക്സിൻ ഉരുളക്കിഴങ്ങിലുണ്ട്. ഇവ ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത് ആരോഗ്യത്തിനു ദോഷകരമാണ്. 

ഉരുളക്കിഴങ്ങ് ദീർഘകാലം സൂക്ഷിക്കുമ്പോൾ ഇവ വാടി പുതുമ നഷ്ടപ്പെട്ട് ചുക്കിച്ചുളി‍ഞ്ഞിട്ടുണ്ടാകും. ഇവ കഴിക്കുന്നത് ശരീരത്തെ വിഷമയമാക്കും. അതുപോലെ സൂര്യപ്രകാശം ഏൽക്കുമ്പോൾ ഇവയിൽ സൊളാനൈൻ കൂടുതലായി ഉണ്ടാകുന്നു. ഇതും അപകടകരമാണ്.

മുളച്ചു വന്ന ഉരുളക്കിഴങ്ങിന്റെ തോൽ കളഞ്ഞ് കറി വയ്ക്കാനെടുക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ ഇനി അങ്ങനെയുള്ള ഉരുളക്കിഴങ്ങ് ദൂരെ കളഞ്ഞേക്കൂ. കാരണം മുള വന്ന ഉരുളക്കിഴങ്ങ് വിഷമയമാണത്രേ. സൊളാനൈൻ, ചാക്കോനൈൻ എന്നീ ഗ്ലൈക്കോ ആൽക്കലോയ്ഡുകൾ ഇത്തരം ഉരുളക്കിഴങ്ങിലുണ്ട്. ഇവ രണ്ടും നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുന്നു. 

ചില ഉരുളക്കിഴങ്ങ് എടുക്കുമ്പോൾത്തന്നെ പുറമേ ചെറിയൊരു പച്ച നിറം കാണാറുണ്ട്. ഇതിനർഥം ഇവയിൽ കൂടുതലായി സൂര്യപ്രകാശം ഏറ്റിട്ടുണ്ടെന്നാണ്. അതായത് ഇവയിൽ സൊളാനൈൻ കൂടിയ അളവിലുണ്ട്. അത്തരം ഉരുളക്കിഴങ്ങിന്റെ പച്ചനിറം വന്ന ഭാഗം മുറിച്ചു കളഞ്ഞിട്ട് ബാക്കിയുള്ളവ ഉപയോഗിക്കാവുന്നതാണ്.

Read more: Healthy Food